കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി അസ്ഫാഖ് ആലമിനെതിരേ കൊലപാതകം, പോക്‌സോ ഉള്‍പ്പെടെ 10 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളം അഡീഷണല്‍ പോക്‌സോ കോടതിയില്‍ വെള്ളിയാഴ്ചയാണ് കുറ്റപത്രം സമർപിച്ചത്. കൊല നടന്ന് 35-ാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്.

To advertise here,

ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് പ്രതി അസ്ഫാഖ് ആലമിനെതിരേ പ്രധാനമായുള്ളത്. ഡി.എന്‍.എ. പ്രൊഫൈല്‍ അടക്കമുള്ള തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. 800 പേജുള്ള കുറ്റപത്രത്തില്‍ 99 സാക്ഷികളും 62 തെളിവുരേഖകളുമുണ്ടെന്നും പോലീസ് അറിയിച്ചു.

കേസില്‍ 35 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാനായതായി പോലീസ് അറിയിച്ചു. അതേ മാതൃകയില്‍ കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയും അതുമായി ബന്ധപ്പെട്ട ഒരു അപേക്ഷ ഇന്ന് പോലീസ് സമര്‍പ്പിക്കുകയും ചെയ്യും.

ബിഹാര്‍ സ്വദേശികളുടെ മകളായ പെണ്‍കുട്ടിയെ ബിഹാര്‍ സ്വദേശിയായ അസ്ഫാഖ് ആലം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ജൂലായ് 28-നാണ് സംഭവം. കുട്ടിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിനു പിറകിലെത്തിച്ച് പീഡിപ്പിക്കുകയും ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.