ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഷെബി ചൗഗട്ട്. വേദനയോടും ഞെട്ടലോടും കൂടിയാണ് താന്‍ ഈ വാര്‍ത്ത കേട്ടതെന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. താന്‍ ഒടുവില്‍ സംവിധാനം ചെയ്ത കാക്കിപ്പട എന്ന ചിത്രം സമാനമായ ഒരു വിഷയമാണ് സംസാരിക്കുന്നതെന്നും ഈ സംഭവം നടന്നതിന് ശേഷം തന്റെ സിനിമയെക്കുറിച്ചുള്ള പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നതെന്നും നിയമത്തിന്റെ പഴുതിലൂടെ കൊടും കുറ്റവാളികളെ നീതിന്യായ വ്യവസ്ഥ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും ഷെബി കൂട്ടിച്ചേര്‍ത്തു.

To advertise here,

ഷെബി ചൗഗട്ടിന്റെ കുറിപ്പ്

ഞാന്‍ കാക്കിപ്പട എന്ന സിനിമയുടെ സംവിധായകന്‍ ഷെബി ചൗഗട്ട്.

കഴിഞ്ഞ ദിവസം ആലുവയിലുണ്ടായ അഞ്ചു വയസുകാരിയുടെ  കൊലപാതകം കേരള മനസാക്ഷിയെ കുറച്ചൊന്നുമല്ല പൊള്ളിച്ചത് . അന്യ സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പാലത്തിനു ചുവട്ടിലെ ഒഴിഞ്ഞ സ്ഥലത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതിയായ അഷ്ഫാബ് ആലം എന്ന ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍മക്കളുള്ള ഏതൊരു പിതാവിനെയും പോലെ ഞാനും വേദനയോടെയും ഞെട്ടലോടെയുമാണ് ഈ വാര്‍ത്ത കേട്ടത്.ഇനിയൊരു മകള്‍ക്കും ഇത് സംഭവിക്കരുതേയെന്ന് ഹൃദയമുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള ഭൂരിഭാഗം കേസുകളിലും ലഹരിയുടെ ഉപയോഗമാണ് കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രേരകശക്തിയായി പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത കാക്കിപ്പട എന്ന സിനിമയുടെ കഥ തന്നെ എട്ടു വയസുകാരിയായ ഒരു പെണ്‍കുട്ടിയെ ഒരു യുവാവ് പീഡിപ്പിച്ചു കൊലപ്പെടുത്തതും, തെളിവെടുപ്പിന് ആ ക്രിമിനലിനെ കൊണ്ടുവരുമ്പോള്‍ സംരക്ഷണമൊരുക്കാന്‍ പോലീസ് സംഘം എത്തുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. തിയേറ്ററിലും ഒടിടി റിലീസിലും മികച്ച പ്രതികരണമാണ് കാക്കിപ്പടക്ക് ലഭിച്ചത്. അതു കൊണ്ട് തന്നെ സാമൂഹ്യ പ്രതിബദ്ധതയുള്ള മറ്റൊരു സിനിമയെക്കുറിച്ചുള്ള ആലോചനകളിലും പ്രാരംഭ ചര്‍ച്ചകളിലുമായിരുന്നു ഞാന്‍. ലഹരിയുടെ അമിത ഉപഭോഗത്തിനെതിരെയുള്ള പുതിയ സിനിമയുടെ എഴുത്തു ജോലികളുമായി ഇരിക്കുമ്പോഴാണ് ഇന്നലെ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് ശ്രദ്ധയില്‍ പെട്ടത്. 'മകളേ മാപ്പ്' എന്ന ആ പോസ്റ്റിനു കീഴെ എന്റെ സിനിമയെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇത്തരം ക്രൂരമായ കൊലപാതക വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഓരോ പൗരനും ആഗ്രഹിക്കുന്നതായിരുന്നു കാക്കിപ്പടയുടെ ക്ലൈമാക്‌സ്. വൈകുന്ന നീതി, നീതി നിഷേധമാണെന്ന ടാഗ് ലൈനും അത്തരം ഒരു ചിന്തയുടെ ഭാഗമായാണ് പോസ്റ്ററില്‍ ചേര്‍ത്തത്. നമ്മുടെ നീതിന്യായ വ്യവസ്ഥയെ താഴ്ത്തി കെട്ടാനുള്ള ശ്രമമല്ല ഞങ്ങള്‍ നടത്തിയത്, മറിച്ച് നിയമത്തിന്റെ താക്കോല്‍ പഴുതിലൂടെ രക്ഷപ്പെടാന്‍ കൊടും കുറ്റവാളികള്‍ക്ക് അവസരമൊരുക്കാതെ, അവരെ ഇല്ലായ്മ ചെയ്യാനുള്ള നിയമം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരോടൊപ്പമായിരുന്നു ഞങ്ങളും.

ഇന്നലെ കേരള പോലീസിന്റെ പോസ്റ്റിനടിയിലെ കമന്റുകളില്‍ ഭൂരിഭാഗവും നിയമത്തോടും വ്യവസ്ഥിതിയോടുമുള്ള രോഷം പ്രകടിപ്പിക്കുന്നവ ആയിരുന്നു. നമ്മുടെ നിയമം ഈ പ്രതിയെ ജയിലില്‍ അടച്ച് തീറ്റിപ്പോറ്റുന്നതിലുള്ള പ്രതിഷേധ മാണ് പലരും പങ്കു വെച്ചത്. ചില കമന്റുകളില്‍ കാക്കിപ്പട എന്ന സിനിമയിലെപ്പോലെ ചെയ്യാമോ എന്ന് പോലീസിനോട് ചോദിക്കുന്നവരുണ്ട്. ആ ക്ലൈമാക്‌സ് നടപ്പിലാക്കിയാല്‍ പോലീസിന് സല്യൂട്ട് തരുമെന്ന് മറ്റു ചിലര്‍ പറയുന്നു.ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എന്റെ സിനിമ പ്രേക്ഷകരില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചോര്‍ത്ത് സന്തോഷമുണ്ടെങ്കിലും അതിനെക്കാളൊക്കെ വലുതാണ് ചാന്ദ്‌നി എന്ന അഞ്ചു വയസുകാരിയുടെ മരണം ഉണ്ടാക്കുന്ന ദു:ഖം. ചാന്ദ്‌നിമാര്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നിയമം കര്‍ശനമായേ തീരൂ. ഈ കെട്ട കാലത്ത് നമ്മുടെ നീതിന്യായ വ്യവസ്ഥ അതിനു തയ്യാറാവുമോ എന്നതാണ് ഞാനുള്‍പ്പടെ പലരും ചോദിക്കുന്നത്.