അമ്പലപ്പുഴ: 'നീ പത്താംക്ലാസ് കഴിഞ്ഞിട്ട് ശരിക്ക് ഉറങ്ങിയിട്ടില്ലല്ലോ. അങ്ങനെയിരുന്നു പഠിച്ചവനല്ലേ. ഇനി നിനക്ക് സുഖമായി ഉറങ്ങാമല്ലോ...' മെഡിക്കല്‍ കോളേജിന്റെ പ്രവേശനമുറിയില്‍ ചേതനയറ്റ മകനെ ചേര്‍ത്തുപിടിച്ച് അമ്മ വാവിട്ടു നിലവിളിക്കുമ്പോള്‍ ഈറനണിയാത്ത ഒരു കണ്ണുകളുമില്ലായിരുന്നു. കളര്‍കോട്ട് അപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി ആല്‍വിന്‍ ജോര്‍ജിന്റെ പുതപ്പും പഠനവേഷമായ വൈറ്റ് കോട്ടും നെഞ്ചോടുചേര്‍ത്തുപിടിച്ച് അമ്മ കരയുമ്പോള്‍ കാംപസ് മരവിച്ചുനിന്നു.

To advertise here,

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് എടത്വാ സ്വദേശി ആല്‍വിന്‍ ജോര്‍ജിന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചത്. അച്ഛന്‍ കൊച്ചുമോന്‍ ജോര്‍ജും അമ്മ മീനയും സഹോദരന്‍ കെല്‍വിനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. രാവിലെ എട്ടരയോടെ ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഒന്‍പതരയോടെ പൂര്‍ത്തിയായി.

മോര്‍ച്ചറിയുടെ പുറത്തെ മുറിയില്‍ മൃതദേഹം കിടത്തിയപ്പോള്‍ പുറക്കാട് മാര്‍സ്ലീവാ ഫൊറോന വികാരി ഫാ. സിറിയക് പഴയമഠം, ഫാ. തോമസ് ചൂളപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒപ്പീസുചൊല്ലി.

പ്രിയപ്പെട്ടവനെ യാത്രയാക്കാന്‍ കൂട്ടുകാരും സഹപാഠികളും മുതിര്‍ന്ന വിദ്യാര്‍ഥികളുമെല്ലാം കാത്തിരുന്നു. ഒരേ ബാച്ചിലെ ആറുപേര്‍ അപകടത്തില്‍ മരിച്ചതിന്റെ ഞെട്ടലില്‍നിന്ന് ആരും മോചിതരായിട്ടില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു വെള്ളിയാഴ്ചത്തെ കാഴ്ചകള്‍. ആല്‍വിന്റെ ഉറ്റസൃഹൃത്തായ അമ്പലപ്പുഴ സ്വദേശി ജോയല്‍ ഷാജി വാണിയപുരയ്ക്കല്‍ പ്രാര്‍ഥന ചൊല്ലി. മന്ത്രി പി. പ്രസാദ്, എച്ച്. സലാം എം.എല്‍.എ., കളക്ടര്‍ അലക്‌സ് വര്‍ഗീസ്, എ.എം. ആരിഫ് തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. മന്ത്രി വീണാ ജോര്‍ജിനുവേണ്ടി എച്ച്. സലാം പുഷ്പചക്രമര്‍പ്പിച്ചു.

സംസ്‌കാരം തിങ്കളാഴ്ച

എടത്വായിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച രണ്ടുമണിയോടെ അമ്മയുടെ കുടുംബവീടായ തലവടി കറുകപ്പറമ്പ് വീട്ടിലെത്തിക്കും. തിങ്കളാഴ്ച രാവിലെ ഒന്‍പതരയ്ക്കു സംസ്‌കാരശുശ്രൂഷ തുടങ്ങും. ആല്‍വില്‍ പഠിച്ച എടത്വാ സെയ്ന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 11-ന് പൊതുദര്‍ശനത്തിനുവെക്കും. സംസ്‌കാരം 12.30-ന് എടത്വാ സെയ്ന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍.