കണ്ണൂര്‍: തലശ്ശേരി പാലയാട് കാമ്പസിലെ സംഘർഷത്തിൽ അലന്‍ ഷുഹൈബിനെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടു. ഷുഹൈബിനെതിരെ റാഗിങ് കേസില്ല. മർദിച്ചുവെന്ന പരാതിയിലാണ് അലനെതിരെ കേസെടുത്തിരിക്കുന്നത്. ധര്‍മടം പോലീസാണ് അലനെ കസ്റ്റഡിയില്‍ എടുത്തത്.

To advertise here,

ബുധനാഴ്ച രാവിലെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും അലന്‍ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി ഐക്യമുന്നണിയുമായാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. എസ്.എഫ്.ഐക്കാരായ ഒന്നാം വര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥികളെ അലന്റെ നേതൃത്വത്തില്‍ റാഗ് ചെയ്തുവെന്നായിരുന്നു പരാതി. ഇതിന്റെ ഭാഗമായി അലന്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ധര്‍മടം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അലന്‍ ഷുഹൈബ്, ബദറുദ്ദീന്‍, നിഷാദ് എന്നീ വിദ്യാര്‍ഥികള്‍ക്ക് എതിരേയാണ് റാഗിങ് ആരോപണം. 

കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ഥിയെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ റാഗ് ചെയ്തിരുന്നു. ഇതിനെ അലനും സംഘവും ചോദ്യം ചെയ്യുകയും വലിയ പ്രശ്‌നത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. അതിന് പകരം വീട്ടാനാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും തന്നെ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെടുത്തി നിലവില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ജാമ്യം റദ്ദുചെയ്യിക്കാനാണ് എസ്.എഫ്.ഐ. നീക്കമെന്നും അലന്‍ പറഞ്ഞു.

റാഗിങ് പരാതി ലഭിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കാനാണ് അലനെയും കൂട്ടരെയും കസ്റ്റഡിയില്‍ എടുത്തതുമെന്ന് ധര്‍മടം പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ കസ്റ്റഡിയിൽ എടുത്ത അലനെ പിന്നീട് മർദിച്ചുവെന്ന പരാതിയിൽ മാത്രം കേസെടുക്കുകയായിരുന്നു. തുടർന്ന് ജാമ്യത്തിൽ വിട്ടു.