കോട്ടയം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള കടമ സർക്കാർ നിർവഹിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കുകയാണ് ചെയ്യാനുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ ശരിയായ രീതിയിലുള്ള മുന്നറിയിപ്പ് നൽകാനുള്ള നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ചൊവ്വാഴ്ച രണ്ടുപേർ മരിച്ചതിന്റെ പശ്ചാത്തലത്തിൽ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി സംസ്ഥാനത്തെ മലയോര മേഖലയില്‍ വന്യജീവി ആക്രമണങ്ങള്‍ മൂലം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകും. ഇത് 48 മണിക്കൂറിനുള്ളിൽ നൽകാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനുള്ള നടപടകൾ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട്ടും വാഴച്ചാലിലുമാണ് വന്യമൃഗ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം (അവറാച്ചൻ-70) ആണ് മരിച്ചത്. തൃശ്ശൂര്‍ വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തിൽ വാച്ചുമരത്തെ ഊരു മൂപ്പന്‍ രാജന്റെ ഭാര്യ വത്സ (62)യും മരിച്ചു.
കൃഷിയിടത്തിൽവെച്ചാണ് അബ്രഹാമിനുനേരെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. കക്കയം ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിൽ കൃഷിയിടത്തിൽവെച്ചാണ് കാട്ടുപോത്ത് കുത്തിയത്. കക്ഷത്തിൽ ആഴത്തിൽ കൊമ്പ് ഇറങ്ങിയാണ് അബ്രഹാമിന് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
വാച്ചുമരത്ത് കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് 3.30-നായിരുന്നു സംഭവം. വാഴച്ചാലിനും പെരിങ്ങല്‍കുത്ത് അണക്കെട്ടിനും ഇടയിലായി വനത്തിനുള്ളിലാണ് വാച്ചുമരം കോളനി.
Content Highlights: ak saseendran says government will protect peoples life and property
Published: 05 Mar 2024, 08:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented