ന്യൂഡൽഹി: പി.വി. അൻവർ എം.എൽ.എ. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്ന് സി.പി.എം. നേതാവ് എ.കെ. ബാലൻ. അഞ്ച് നേരം നിസ്കരിക്കുന്നതിനാലാണ് അൻവറിനെതിരെ ആരോപണങ്ങളുണ്ടാകുന്നത് എന്നത് കള്ളപ്രചാരണം. ഈ തുറുപ്പുചീട്ട് അദ്ദേഹം ഉപയോഗിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'മലപ്പുറം ജില്ലാ സെക്രട്ടറി ആർ.എസ്.എസ്സുകാരനാണ് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അച്ഛൻ സർക്കസിലെ കോമാളിയാണെന്നുവരെ പറഞ്ഞു. നെഹ്‌റു താമസിച്ച ഒരു വീടിന്റെ പാരമ്പര്യമുള്ള പിതാവിന്റെ മകന് യോജിച്ചതാണോ ഈ പ്രയോഗം. അത് അദ്ദേഹം ഓർക്കണം. എന്താണ് അൻവറിന് സംഭവിച്ചതെന്ന് അറിയില്ല.
തന്നെ കള്ളനാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു എന്നാണ് ഇപ്പോൾ പറയുന്നത്. അൻവർ പറഞ്ഞ കാര്യങ്ങളിലെല്ലാം അന്വേഷണം പുരോഗമിക്കുകയാണ് എന്നതാണ് വസ്തുത. രണ്ട് ടീമുകൾ നാല് കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണ്. അതിന്റെ റിപ്പോർട്ട് ഉടൻ വരും. അപ്പോൾ, അദ്ദേഹത്തിന്റെ ആവശ്യം സമഗ്ര അന്വേഷണമല്ല.
അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. മലപ്പുറത്തെ സംബന്ധിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 43 ശതമാനമാണ് വോട്ടുവിഹിതം. മുസ്ലിം ജനതയിൽ നിന്നും വലിയ തള്ളിച്ച ഇടതുപക്ഷത്തിലേക്കുണ്ടായി. അതിനുള്ള പ്രധാനപ്പെട്ട മർമം പിണറായി വിജയന്റെ ഇടപെടലാണ്.
മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മത ന്യൂനപക്ഷങ്ങൾക്കിയില്‍ തകർക്കാൻ അദ്ദേഹം ആർ.എസ്.എസിന്റെ ചാരനാണെന്ന പ്രചാരണം വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ്. ന്യൂനപക്ഷത്തിനൊപ്പം നിന്ന വ്യക്തിയാണ് പിണറായി. തലശ്ശേരി, മാറാട് കലാപങ്ങളിൽ അദ്ദേഹം കൃത്യമായ ഇടപെടൽ നടത്തി.
ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ തകർക്കുകയെന്നത് യു.ഡി.എഫ് അജണ്ടയാണ്. ആ അജണ്ട നടപ്പിലാക്കാൻ കുറേ കാര്യങ്ങൾ കഴിഞ്ഞ എട്ട് വർഷമായി നടത്തുകയാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇത്. ഇതുകൊണ്ട് ഇടതുപക്ഷത്തെയോ പിണറായിയെയോ തകർക്കാൻ കഴിയില്ല', എ.കെ. ബാലൻ പറഞ്ഞു.
Content Highlights: ak balan against pv anvar mla
Published: 30 Sept 2024, 11:12 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented