തിരുവനന്തപുരം: കേരളം വൈരം പതിച്ച തങ്കക്കിരീടമാണ് മുഖ്യമന്ത്രിക്കു നൽകിയതെങ്കിലും അതു മുൾക്കിരീടമാണെന്ന് അദ്ദേഹത്തിന് അറിയാമെന്ന് നടി ഷീല. ഫിലിം റിസ്റ്റോറേഷൻ അന്താരാഷ്ട്ര ശില്പശാലയുടെ ഉദ്ഘാടനവേദിയിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അവർ.

To advertise here,

സ്‌നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണ്. ഹേമാ കമ്മിഷൻ റിപ്പോർട്ടിന്റെപേരിൽ എത്ര വിമർശനമുണ്ടായി. എല്ലാം പക്വതയോടെ കണ്ട് ഒരു പടയാളിയെപ്പോലെ അദ്ദേഹം എതിർത്തുനിൽക്കുന്നു- ഷീല പറഞ്ഞു.

സയ്യിദ് അഖ്തർ മിർസ, നടി ജലജ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മുൻ ചീഫ് സെക്രട്ടറി ഡോ. വി.വേണു, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ.കരുൺ, ഇന്ത്യയിൽ ആധുനിക സിനിമാ റിസ്റ്റോറിങ്ങിനു തുടക്കംകുറിച്ച ശിവേന്ദ്രസിങ് തുടങ്ങിയവർ പങ്കെടുത്തു. സിനിമാ ചരിത്രകാരൻ എസ്.തിയോഡർ ഭാസ്‌കരനെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു. 14വരെ വൈലോപ്പിള്ളി സംസ്‌കൃതിഭവൻ മൾട്ടി പർപ്പസ് കൾച്ചറൽ കോംപ്ലക്‌സിൽ നടക്കുന്ന ശില്പശാല യു.എസ്., ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 20 ആർക്കൈവിസ്റ്റുകൾ, കൺസർവേറ്റേഴ്‌സ് തുടങ്ങിയവർ നയിക്കും. ക്ലാസുകൾക്കുശേഷം തമ്പാനൂർ ശ്രീ തിയേറ്ററിൽ റീസ്റ്റോർചെയ്ത ലോകസിനിമകളുടെ പ്രദർശനമുണ്ടായിരിക്കും.