കണ്ണൂർ: പോലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിൽ കഴിയുന്ന പയ്യന്നൂരിലെ ഡി.വൈ.എഫ്.ഐ. നേതാവ് വി.കെ.നിഷാദിന് വീണ്ടും പരോൾ. ജയിൽ സൂപ്രണ്ട് അപേക്ഷ നിരസിച്ചതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് നിഷാദ് വീണ്ടും ജയിലിന് പുറത്തിറങ്ങിയത്. നവംബർ 25-നാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി നിഷാദിനെ 20 വർഷം കഠിനതടവിന് ശിക്ഷിച്ചത്. അരിയിൽ ഷുക്കൂർ വധവുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ ഭാഗമായി പോലീസ് ജീപ്പിനുനേരേ സ്റ്റീൽബോംബെറിഞ്ഞ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
ശിക്ഷിക്കപ്പെട്ട് ഒരുമാസം കഴിഞ്ഞ് ഡിസംബർ 26-ന് ആറുദിവസത്തെ അടിയന്തര പരോൾ നേടി പുറത്തിറങ്ങിയിരുന്നു. ഇത് മൂന്നുതവണയായി ജനുവരി 26 വരെ നീട്ടി. ആഭ്യന്തരവകുപ്പ് ഇടപെട്ടാണ് ഒരുഘട്ടത്തിൽ പരോൾ നീട്ടിയത്. ഒരുമാസം ജയിലിൽ കിടന്നപ്പോൾ ഒരുമാസം പുറത്തും കഴിഞ്ഞതോടെ പരോൾ അനുവദിക്കുന്നത് വിവാദമായിരുന്നു. തിരിച്ച് ജയിലിലെത്തി മൂന്നാഴ്ചയായപ്പോഴാണ് വീണ്ടും പരോൾ കിട്ടിയത്. അച്ഛന്റെ ചികിത്സയ്ക്കുവേണ്ടിയാണ് പരോളിന് അപേക്ഷ നൽകിയത്.
ഇതിനിടെ ധനരാജ് രക്തസാക്ഷി ഫണ്ടിൽ തിരിമിറി ആരോപിച്ചതിന് സി.പി.എം. പുറത്താക്കിയ വി.കുഞ്ഞിക്കൃഷ്ണനെതിരേ നടന്ന പ്രകടനത്തിലും പാർട്ടി പരിപാടികളിലും പങ്കെടുത്തതായി ആരോപണമുണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രതി ടി.സി.വി.നന്ദകുമാറിനും പരോൾ കിട്ടിയിരുന്നു. ഡി.വൈ.എഫ്.ഐ. പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയായ നിഷാദ് ജയിലിൽക്കിടന്ന് പയ്യന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ 46-ാം വാർഡിൽ മത്സരിച്ച് ജയിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടതിനാൽ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ ചട്ടപ്രകാരം അംഗത്വം നഷ്ടപ്പെടേണ്ടതാണ്.
ഇതുസംബന്ധിച്ച് പയ്യന്നൂർ നഗരസഭാ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.
Content Highlights: dyfi leader parole payyannur police case
Published: 18 Feb 2026, 07:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented