കാഞ്ഞങ്ങാട്: യു.ഡി.എഫ്. സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾ പരോളിൽ. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളിൽ ആറു പേർക്കാണ് പരോൾ അനുവദിച്ചത്. ഇടത് സർക്കാരിൻ്റെ അവസാന കാലത്താണ് പരോൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവുണ്ടായത്. പരോൾ ഉത്തരവുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് ആരെയും പോകാൻ അനുവദിക്കാറില്ലെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഉത്തരവ് നടപ്പാക്കിയെന്നേയുള്ളൂവെന്നുമാണ് ജയിൽ അധികൃതർ നല്കുന്ന വിശദീകരണം.
ഒന്നാം പ്രതി സി.പി.എം. മുൻ പെരിയ ലോക്കൽ കമ്മിറ്റിയംഗം എ.പീതാംബരൻ, രണ്ടാം പ്രതി സജി സി. ജോർജ്,, നാലാം പ്രതി കെ.അനിൽകുമർ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വൻ,15-ാം പ്രതി എ.സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് പരോൾ അനുവദിച്ചത്. പീതാംബരൻ മൂന്നാം തവണയാണ് പരോളിലിറങ്ങുന്നത്. മറ്റുള്ളവർ രണ്ടാം തവണയും .

To advertise here,

മുൻപ് പരോളിലിറങ്ങിയവർക്കൊന്നും ഹോം സ്റ്റേഷനായ ബേക്കൽ പോലീസ് പരിധിയിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. തൊട്ടടുത്ത അമ്പലത്തറ പോലിസ് സറ്റേഷൻ പരിധിയിൽ എവിടെയെങ്കിലും താമസിച്ച് ബന്ധുക്കളെ അങ്ങോട്ടേക്ക് വിളിക്കുകയാണ് ചെയ്തിരുന്നത്.
ഇക്കുറി അത്തരം തടസങ്ങളൊന്നുമില്ല. പ്രതികൾ ആറുപേരും ബേക്കൽ സ്റ്റേഷൻ പരിധിയിലുള്ള അവരവരുടെ വീടുകളിലേക്ക് തന്നെ വന്നു. 15 മുതൽ 20 ദിവസം വരെയാണ് ഇവരുടെ പരോൾ കാലയളവ്. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനേയും അതിക്രൂരമായി കൊലപ്പെടുത്തിയത്. ലോക്കൽപോലിസിൻ്റെ പ്രത്യേക അന്വേക്ഷണ സംഘവും ക്രൈംബ്രാഞ്ചും ഒടുവിൽ സി.ബി.ഐ.യുമാണ് കേസന്വേഷിച്ചത്. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എം.എൽ.എ.യുമായ കെ.വി.കുഞ്ഞിരാമനുൾപ്പെടെ 24 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

കഴിഞ്ഞ വർഷം ജനുവരി മൂന്നിനാണ് എറണാകുളം സി.ബി.ഐ.കോടതി ശിക്ഷവിധിച്ചത്. 10 പേർക്ക് ഇരട്ട ജീവപര്യന്തവും കുഞ്ഞിരാമൻ ഉൾപ്പെടെ നാലു പേരെ അഞ്ചു വർഷം തടവിനുമാണ് ശിക്ഷിച്ചത്. ഈ നാലുപേർക്കും ഹൈക്കോടതി ജാമ്യം നല്കിയിരുന്നു. ബാക്കി 10 പേരെ വെറുതെ വിടുകയും ചെയ്തു. പെരിയ ഇരട്ടക്കൊല നടന്ന ശേഷം യു.ഡി.എഫ്.ഭരണത്തിലേറുന്നത് ഇതാദ്യമാണ്. പ്രതികളെ കണ്ണൂർ ജയിലിൽ നിന്ന് മാറ്റണമെന്നതടക്കമുള്ള ആവശ്യവുമായി സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് കാസർകോട് ഡി.സി.യും ഇരകളുടെ കുടുംബങ്ങളും.