മണ്ണാർക്കാട് : പാലക്കാട്-കോഴിക്കോട് നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി ജില്ലയിൽ സ്ഥലമേറ്റെടുത്തതിന്റെ നഷ്ടപരിഹാര വിതരണം 85 ശതമാനവും പൂർത്തിയായി. ദേശീയപാത അതോറിറ്റി വൈകാതെ ദർഘാസ് ക്ഷണിക്കും.

To advertise here,

1,755.88 കോടി രൂപയാണ് നഷ്ടപരിഹാരം നൽകാനായി കേന്ദ്രം ജില്ലയ്ക്ക് അനുവദിച്ചത്. മരുതറോഡ് മുതൽ എടത്തനാട്ടുകരവരെയുള്ള 21 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുക. 61.3 കിലോമീറ്ററാണ് ദൂരം. രേഖകൾ കൃത്യമായി ഹാജരാക്കാത്തതും വൈകി നൽകിയതുമായ അപേക്ഷകൾ, പാതയ്ക്കായി ഏറ്റെടുക്കേണ്ട വനഭൂമി എന്നിവയാണ് ശേഷിക്കുന്ന 15 ശതമാനത്തിലുൾപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു.

അകത്തേത്തറ, മുണ്ടൂർ, അലനല്ലൂർ പഞ്ചായത്തുകളിലാണ് ഗ്രീൻഫീൽഡ് പാത വനാതിർത്തി പങ്കിടുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർവേ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദേശീയപാതാ വിഭാഗത്തിന് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രാനുമതി ലഭ്യമാകുന്നതോടെ ഇവിടെയും ഭൂമി ഏറ്റെടുക്കൽ പൂർണമാകും. റവന്യൂ, സാമൂഹിക വനവത്കരണം, പൊതുമരാമത്ത് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയിട്ടുള്ളത്.

പാലക്കാട് മരുതറോഡ് മുതൽ കോഴിക്കോട് ജില്ലയിലെ ഇരിങ്ങല്ലൂർവരെ 121 കിലോമീറ്റർ ദൂരമാണ് ഗ്രീൻഫീൽഡ് പാതയ്ക്കുള്ളത്. 45 മീറ്റർ വീതിയിലാണ് സ്ഥലമേറ്റെടുപ്പ്.

നഗരപരിധിയിൽനിന്നു ഏറ്റെടുക്കുന്ന സ്ഥലത്തിലേക്കുള്ള ദൂരപരിധി, സ്ഥലത്തിന്റെ കിടപ്പ്, നിലവിലെ വിപണിവില എന്നിവയെല്ലാം കണക്കാക്കിയാണ് സ്ഥലവും വീടും വിട്ടുനൽകിയവർക്ക് തുക വിതരണം ചെയ്തിട്ടുള്ളത്.

ആധാരമുൾപ്പെടെയുള്ള എല്ലാവിധ രേഖകളും പകർപ്പുകളും ഉടമകൾ റവന്യൂ അധികൃതർക്ക് കൈമാറുകയും ചെയ്തു. വീട് പൂർണമായി നഷ്ടപ്പെടുന്നവർക്ക് പുനരധിവാസപദ്ധതിപ്രകാരം 2.86 ലക്ഷംരൂപ അധികമായും നൽകുന്നുണ്ട്. മലമ്പുഴ, അകത്തേത്തറ, കോട്ടോപ്പാടം, അലനല്ലൂർ, മണ്ണാർക്കാട്, പൊറ്റശ്ശേരി ഭാഗങ്ങളിലൂടെയാണ് പാത ഏറെയും കടന്നുപോകുന്നത്.