കുട്ടനാട്: കളിക്കുന്നതിനിടെ കാൽവഴുതി ആറ്റിൽ വീണ ആറു വയസ്സുകാരി സഹോദരി കൈകാലിട്ടടിച്ച് മുങ്ങിത്താഴുന്നതുകണ്ട ഏഴു വയസ്സുമാത്രമുള്ള ശിവപ്രിയ ഒന്നുമാലോചിക്കാതെ ആറ്റിലേക്ക് ചാടി. നീന്തൽ വശമായതു കാരണം ആത്മവിശ്വാസത്തിന് ഒട്ടും കുറവും ഉണ്ടായിരുന്നില്ല. മുടിയിൽ പിടിച്ചു വലിച്ച് കരയിലേക്ക് കയറ്റിക്കഴിഞ്ഞാണ് വീട്ടുകാർപോലും ഓടിയെത്തുന്നത്. സമയോചിതമായ ഇടപെടൽ മൂലം ഒരു ജീവൻ രക്ഷപ്പെട്ടു.

To advertise here,

കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. നെടുമുടി പഞ്ചായത്ത് നാലാം വാർഡിൽ പൊള്ളയിൽ ചിറവീട്ടിൽ ഉണ്ണിയുടെയും സബിതയുടെയും മകളാണ് ഏഴു വയസ്സുകാരി മകൾ ശിവപ്രിയ. അച്ഛന്റെ സഹോദരി സന്ധ്യയുടെ മകൾ ആറു വയസ്സുകാരി അഭിനന്ദയെ ആണ് ശിവപ്രിയ രക്ഷിച്ചത്.

പുളിങ്കുന്ന് സ്വദേശിയായ അഭിനന്ദ അമ്മ വീട്ടിൽ ഓണത്തിനു വന്നതായിരുന്നു. കളിക്കുന്നതിനിടയിൽ കാലുതെന്നി പമ്പയാറ്റിലേക്ക് വീണു. കുട്ടികളുടെ കരച്ചിൽകേട്ട് രക്ഷാകർത്താക്കൾ എത്തിയപ്പോൾ ശിവപ്രിയ അഭിനന്ദയെ കരയിൽ എത്തിച്ചിരുന്നു. പൊങ്ങ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ശിവപ്രിയ.