
കോട്ടയം: കേരള ഷിപ്പിങ് കോര്‍പ്പറേഷന്റെ സ്വന്തം ചരക്കുകപ്പല്‍, എംവി കൈരളി നടുക്കടലില്‍നിന്ന് അപ്രത്യക്ഷമായിട്ട് ജൂലായ് മൂന്നിന് 46 വര്‍ഷം തികയുന്നു. കപ്പല്‍ കാണാതായതോടെ അതിലുണ്ടായിരുന്ന 51 ജീവനക്കാരുടെ കുടുംബങ്ങളും ഒരുനിമിഷത്തില്‍ ശൂന്യതയിലേക്ക് വലിച്ചെറിയപ്പെട്ടു. കടന്നുപോന്ന നാള്‍വഴിയിലെ നീറുന്ന ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ്, കൈരളിയുടെ ക്യാപ്റ്റനായിരുന്ന മരിയാദാസ് ജോസഫിന്റെ ഇളയമകന്‍ ജോസഫ് ജോസഫ്.
പുതിയ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കുശേഷമാണ് മരിയാദാസ് ജോസഫ് കപ്പലില്‍ യാത്രതിരിച്ചത്. കുറച്ചു ദിവസത്തിനുശേഷം ഷിപ്പിങ് കോര്‍പ്പറേഷനില്‍ ജോലിചെയ്തിരുന്ന ഒരു പരിചയക്കാരനില്‍നിന്ന് അദ്ദേഹത്തിന്റെ ഭാര്യ മേരിക്കുട്ടിക്ക് ഒരു അറിയിപ്പ് ലഭിച്ചു: എംവി കൈരളി കടലില്‍നിന്ന് കാണാതായിരിക്കുന്നു. വേവലാതിയോടെ മേരിക്കുട്ടി ഷിപ്പിങ് കോര്‍പ്പറേഷനിലെത്തി. പക്ഷേ, കോര്‍പ്പറേഷന്‍ അധികൃതര്‍ എല്ലാം നിഷേധിച്ചു. പിന്നീട് ദിവസങ്ങള്‍ക്കിപ്പുറം അവരും സ്ഥിരീകരിച്ചു, 51 ജീവനക്കാരുമായി കപ്പല്‍ കാണാതായിരിക്കുന്നു.
ഞെട്ടിക്കുന്ന വാര്‍ത്തയോട് പൊരുത്തപ്പെടാന്‍ നാളുകള്‍ വേണ്ടിവന്നു. പക്ഷേ, അതിനെക്കാള്‍ പ്രയാസപ്പെട്ടത്, ഏകവരുമാനം ഇല്ലാതായതോടെ വീട്ടിലുണ്ടായ കഷ്ടപ്പാടിനോട് പൊരുത്തപ്പെടാനാണ്-ജോസഫ് പറയുന്നു. കപ്പല്‍ കാണാതായ വിവരം അന്വേഷിക്കാന്‍ തയ്യാറാകാതിരുന്ന ഷിപ്പിങ് കോര്‍പ്പറേഷന്‍, കപ്പല്‍ കാണാതായതിനു തൊട്ടുപിന്നാലെ കൈരളിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും ശമ്പളം സ്തംഭിപ്പിച്ചു. ഇതോടെ ആ വരുമാനത്തെമാത്രം ആശ്രയിച്ചിരുന്ന കുടുംബങ്ങള്‍ ദുരിതക്കയത്തിലായി.
കപ്പലിന്റെ തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മരിയാദാസിന്റെ കുടുംബം തലസ്ഥാനത്തെ വിവിധ ഓഫീസുകളില്‍ കയറിയിറങ്ങി. 1980-ല്‍ ആവശ്യവുമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സമീപിച്ചു. അന്വേഷണം നടത്താന്‍ ഉത്തരവ് നല്‍കിയെങ്കിലും ഷിപ്പിങ് കോര്‍പ്പറേഷന്‍ ഒരു കുലുക്കവുമില്ലാതെയിരുന്നു. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് ശമ്പളം നിഷേധിക്കപ്പെട്ടപ്പോള്‍, ഇല്ലാത്ത കപ്പലിന്റെപേരില്‍ ഓഫീസ് ജീവനക്കാര്‍ മുടങ്ങാതെ ശമ്പളം വാങ്ങി. ദിവസങ്ങളോളം ഷിപ്പിങ് കോര്‍പ്പറേഷന്റെ മുന്‍പില്‍ മരിയാദാസിന്റേതടക്കം നിരവധി കുടുംബങ്ങള്‍ ധര്‍ണയിരുന്നു. പോലീസിനെ വിളിച്ചുവരുത്തി കോര്‍പ്പറേഷന്‍ അധികൃതര്‍ അക്രമികളെപ്പോലെ അവരെ ആട്ടിയോടിച്ചു. അഞ്ചുവര്‍ഷം കേസ് നടത്തിയശേഷമാണ് ഇന്‍ഷുറന്‍സ് തുക ലഭിച്ചത്. അപ്പോഴേക്കും കടബാധ്യതകള്‍ ലഭിച്ച തുകയിലും ഇരട്ടിയായിരുന്നു.
അച്ഛനൊപ്പം കപ്പലില്‍ ജോലിചെയ്തിരുന്ന ഒരു സുഹൃത്തിന്റെ മകനായിരുന്നു തന്റെ സമപ്രായക്കാരനായിരുന്ന ഗോഡ്‌വിന്‍. ഏഴാമത്തെ വയസ്സില്‍ അച്ഛന് എന്ത് സംഭവിച്ചെന്നുപോലും തിരിച്ചറിയാനാകാതിരുന്ന പ്രായത്തില്‍ വരുമാനം നിലച്ചതോടെ ഗോഡ്‌വിനും മൂന്ന് സഹോദരിമാരും അമ്മയും അടങ്ങുന്ന ആ കുടുംബം ആശ്രയമില്ലാതെ ഒറ്റപ്പെട്ടു. മേരിക്കുട്ടിയെപ്പോലെയുള്ള അമ്മമാരുടെ നിശ്ചയദാര്‍ഢ്യത്തന്റെ ഫലമായാണ് ഓരോ കുടുംബവും അതിനെ അതിജീവിച്ചത്.
രണ്ടുമക്കളെ കപ്പലിലേക്ക് ജോലിക്ക് പറഞ്ഞയയ്ക്കുമ്പോഴും, അച്ഛന്റെ തിരിച്ചുവരവായിരുന്നു അമ്മയുടെ മനസ്സില്‍-ജോസഫ് പറയുന്നു. എല്ലാ പ്രതീക്ഷകളും ബാക്കിയാക്കി 2010-ല്‍ മേരിക്കുട്ടിയും മരണത്തിന് കീഴടങ്ങി.
Content Highlights: 46th anniversary of mv kairali ship disappearance
Published: 03 Jul 2025, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented