
വെള്ളിയാമറ്റം: പുതുവർഷത്തിലെ ആദ്യദിനം വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ കുടുബത്തിന് സമ്മാനിച്ചത് വൻ ദുരന്തം. തീറ്റയായി നൽകിയ കപ്പത്തൊലിയിൽനിന്ന് വിഷബാധയേറ്റ് അഞ്ച് കറവപ്പശുക്കളക്കം 13 കന്നുകാലികളാണ് ചത്തത്.
പശുക്കളും കിടാരികളും ഒന്നിനുപിറകേ ഒന്നായി ജീവൻ വെടിയുമ്പോൾ ഒന്നും ചെയ്യാനാകാതെ നോക്കി നിൽക്കാൻ മാത്രമേ കുട്ടിക്കർഷകൻ മാത്യു ബെന്നിക്കും കുടുംബാംഗങ്ങൾക്കും സാധിച്ചുള്ളൂ. സങ്കടം സഹിക്കാനാകാതെ വന്നതോടെ മാത്യുവും അമ്മ ഷൈനിയും സഹോദരി റോസ്‌മേരിയും തളർന്നുപോയി. ശാരീരികാസ്വസ്ഥത ഉണ്ടായതോടെ ഇവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചത്ത കന്നുകാലികളെ പോസ്റ്റുമോർട്ടം നടത്തി മണ്ണുമാന്തിയന്ത്രംകൊണ്ട് വലിയ കുഴിയെടുത്ത് ഇതിലിട്ട് മൂടി. സയനൈഡ് അമിത അളവിൽ ഉള്ളിലെത്തിയതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ജെസി, ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. സാനി തോമസ്, പി.ആർ.ഒ. ഡോ. നിഷാന്ത് എം.പ്രഭ, ഡോ. ശരത്, ഡോ. ഗദ്ദാഫി എന്നിവർ പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകി.
കൂട്ടുകാരെപ്പോലെ പേരുചൊല്ലി വിളിക്കും
കൂട്ടുകാരെപ്പോലെ ഓരോ പശുവിനെയും കിടാരിയെയും പേരുചൊല്ലിയാണ് മാത്യു വിളിച്ചിരുന്നത്. കൊച്ചുറാണിയും ഐശ്വര്യറാണിയും മഹാറാണിയും, ഇരട്ടകളായ പൊന്നുവും മിന്നുവും, മറിയാമ്മയും മർത്തയും കണ്ണാപ്പിയുമെല്ലാം മാത്യുവിനും സഹോദരൻ ജോർജിനും പ്രയപ്പെട്ടവരായിരുന്നു. വെറും വളർത്തുമൃഗങ്ങൾക്കപ്പുറം കുടുംബാംഗങ്ങളെപ്പോലെയാണ് ഇവർ പരിഗണിച്ചിരുന്നത്. ഇവയിൽ പലതും ഇനി ഓർമമാത്രമാണെന്ന് ഓർക്കുമ്പോൾ മാത്യുവിന്റെ കണ്ണുകൾ വീണ്ടും ഈറനണിയും.
വിൽക്കാൻ സമ്മതിക്കാതെ കുട്ടിക്കർഷകൻ
മാത്യുവിന് 13 വയസ്സുള്ളപ്പോഴാണ് അച്ഛൻ ബെന്നി മരിക്കുന്നത്. മരണശേഷം പശുക്കളെ വിൽക്കാൻ തീരുമാനിച്ചെങ്കിലും മാത്യുവിന്റെ കടുംപിടുത്തത്തിനുമുൻപിൽ വീട്ടുകാർക്ക് വഴങ്ങേണ്ടിവന്നു. പശുക്കളെ വിറ്റില്ല. മാത്യുവാണ് അന്നുമുതൽ പ്രധാന പശുപരിപാലകൻ. ജ്യേഷ്ഠൻ ജോർജും അമ്മ ഷൈനിയും സഹോദരി റോസ്‌മേരിയും സഹായിക്കും. നല്ലനിലയിൽ ഫാം നടന്നുവരുമ്പോഴാണ് പച്ചക്കപ്പ ഉണക്കിനൽകുന്ന സ്ഥലത്തുനിന്ന് കപ്പത്തൊലിവാങ്ങി ഇവയ്ക്കുനൽകിയത്. ഇത് ദുരന്തത്തിന് കാരണമാകുമെന്ന് ഇവർ കരുതിയില്ല. ഇത് കഴിച്ചതോടെ പശുക്കൾ ഒന്നൊന്നായി കുഴഞ്ഞുവീണു. നുരയും പതയും വായിലും മൂക്കിലും വന്ന്, കൈകാലിട്ടടിച്ചു ഓരോന്നായി ചത്തുവീണു.

താങ്ങാനാകാത്ത ഇൻഷുറൻസ്
ഇൻഷുറൻസ് തുകയിലുണ്ടായ ഭീമമായ വർധന കാരണം കന്നുകാലികളെ ഇൻഷുർ ചെയ്യാൻ മാത്യുവിനും കുടുംബത്തിനും സാധിച്ചിരുന്നില്ല. ഇത്തരമൊരു ദുരന്തം അവർ പ്രതീക്ഷിച്ചിരുന്നുമില്ല. 800 രൂപ ആയിരുന്ന ഇൻഷുറൻസ് തുക 6000 ആക്കി ഉയർത്തിയതാണ് ഇവർക്ക് തിരിച്ചടിയായത്. ഇത്രയുംവലിയ തുക ചെറുകിട കർഷകർക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. പശുക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ സാഹചര്യത്തിൽ കുടുബത്തിന് ഉപാധിരഹിതമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് കർഷകസംഘം ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് സജി ആലയ്ക്കാത്തടം ആവശ്യപ്പെട്ടു.
മന്ത്രിയും പ്രതിപക്ഷനേതാവും വിളിച്ചു
ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാത്യു ബെന്നിയെ തിങ്കളാഴ്ച ഉച്ചയോടെ മന്ത്രി ജെ.ചിഞ്ചുറാണി വിളിച്ച് അശ്വസിപ്പിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിളിച്ച് സഹായങ്ങൾ ഉറപ്പുനൽകി. പി.ജെ.ജോസഫ് എം.എൽ.എ. വീട്ടിലെത്തി അശ്വസിപ്പിച്ചു. മിൽമ എറണാകുളം മേഖലാ ചെയർമാൻ ജയൻ നേരിട്ടത്തി വീട്ടിലുണ്ടായിരുന്ന സഹോദരൻ ജോർജിനെ കാണുകയും ആദ്യഘട്ട സഹായവും വാഗ്ദാനം ചെയ്തു. മിൽമയുടെ കമ്മിറ്റി യോഗംചേർന്ന് കൂടുതൽ സഹായം ഉറപ്പാക്കുമെന്നും അറിയിച്ചു. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, ജില്ലാ പഞ്ചായത്തംഗം എം.ജെ.ജേക്കബ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു, വെള്ളിയാമറ്റം പഞ്ചായത്തംഗങ്ങളായ സോമി, വി.കെ.കൃഷ്ണൻ എന്നിവരും ഫാമിലെത്തിയിരുന്നു.
കത്തോലിക്കാ കോൺഗ്രസിന്റെ അനുബന്ധസംഘടനയായ ഹാർട്ട് ലിങ്‌സിന്റെ നേതൃത്വത്തിൽ മാത്യു ബെന്നിക്കും കുടുംബത്തിനും ഒരു പശുവിനെ വാങ്ങിക്കൊടുക്കാമെന്നും തുടർന്നും സഹായങ്ങൾ ചെയ്യുമെന്നും അഡ്വ. ബിജു പറയനിലം അറിയിച്ചു.
കുട്ടിക്കർഷകർക്കിത് വേദനയുടെ പുതുവത്സരം
വെള്ളിയാമറ്റം (ഇടുക്കി): കുട്ടിക്കർഷകരായ കിഴക്കേപ്പറമ്പിൽ മാത്യുവിനും ജോർജിനും പുതുവർഷപ്പുലരി സമ്മാനിച്ചത് തീരാനഷ്ടവും നെഞ്ചുതകരുന്ന വേദനയും. ഇവർ അരുമയായി വളർത്തിയിരുന്ന 13 കന്നുകാലികളാണ് ഒറ്റദിവസംകൊണ്ട് കുഴഞ്ഞു വീണുചത്തത്. ഇതിൽ കറവയുണ്ടായിരുന്ന അഞ്ച് പശുക്കളും ഉൾപ്പെടും.
ഞായറാഴ്ച വൈകീട്ട് തീറ്റയായി നൽകിയ കപ്പത്തൊലിയിൽ നിന്ന് വിഷബാധയേറ്റാണ് പശുക്കളെല്ലാം ചത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തൽ. കന്നുകാലികൾ ചത്ത വിഷമം താങ്ങാനാവാതെ തളർന്നുവീണ മാത്യു, അമ്മ ഷൈനി, സഹോദരി റോസ്‌മേരി എന്നിവർ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ചവരെ 25 ലിറ്റർ പാൽ ഉത്പാദിപ്പിച്ചിരുന്ന ഫാമിൽ തിങ്കളാഴ്ചമുതൽ വിൽക്കാൻ പാലുമില്ല, പശുക്കളുമില്ല. ഇതോടെ കർഷക കുടുംബത്തിന്റെ വരുമാനം നിലച്ചു. ചത്ത കന്നുകാലികളെ ഫാമിന് സമീപമെടുത്ത ഒറ്റ കുഴയിൽ സംസ്കരിച്ചു. പശുക്കളെ ഇൻഷുർ ചെയ്തിരുന്നില്ല. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
ഇളംദേശം ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന ക്ഷീരവികസന വകുപ്പും മിൽമയും ഇവർക്ക് സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മാത്യുവിനെ ഫോണിൽ ബന്ധപ്പെട്ടു.
അഞ്ച് കന്നുകാലികളുടെ നില ഗുരുതരം
വിഷബാധയേറ്റ അഞ്ച് കന്നുകാലികളുടെ നില ഗുരുതരമായി തുടരുകയാണ്. മൂന്നെണ്ണത്തിന്റെ നിലയിൽ പ്രതീക്ഷയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എട്ട് പശുക്കളും എട്ട് കിടാരികളും ആറ് മൂരികളും ഉൾപ്പെടെ ആകെ 22 കന്നുകാലികളാണ് ഫാമിൽ ഉണ്ടായിരുന്നത്.
ഇനിയെന്ത്...?
20 വർഷമായി കുടുംബത്തിന്റ ഉപജീവനം പശുവളർത്തലാണ്. പിതാവ് ബെന്നിയുടെ മരണത്തോടെ നാലുവർഷം മുമ്പാണ് മാത്യുവും ജോർജും ചേർന്ന് ഫാമിന്റെ ചുമതല ഏറ്റെടുത്തത്. ഭർത്താവിന്റെ മരണത്തോടെ പശുക്കളെ വിൽക്കാൻ ഷൈനി തീരുമാനിച്ചിരുന്നു. എന്നാൽ, മാത്യുവാണ് എതിര് നിന്നത്.
അറക്കുളം സെയ്ന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് മാത്യു. ജോർജ് ഐ.എൽ.ടി.എസ്. വിജയിച്ച് വിദേശ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. മാത്യുവിന്റെ കാലിവളർത്തലിലെ വൈദഗ്ധ്യം ‘മാതൃഭൂമി’ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlights: 13 cows die due to poisoning in Idukki
Published: 02 Jan 2024, 07:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented