ന്യൂഡൽഹി: മധ്യപ്രദേശിലെ ഇന്ദോറിലെ മലിനജല വിതരണത്തെ തുടർന്ന് 10 പേർ മരിച്ച സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെള്ളത്തിനു പകരം വിഷമാണ് വിതരണം ചെയ്തതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ചെളിയും ദുർഗന്ധവുമുള്ള വെള്ളത്തെക്കുറിച്ച് നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും ഭരണകൂടം നടപടി എടുത്തില്ലെന്നും രാഹുൽ പറഞ്ഞു.

To advertise here,

'ഇന്ദോറിലെ പൈപ്പുകളിൽ കുടിവെള്ളമല്ല ഒഴുകിയത്. കുഭകർണനെപ്പോലെ ഭരണകൂടം ഉറങ്ങിക്കിടക്കുമ്പോൾ വിഷമാണ് വിതരണം ചെയ്തത്. പാവപ്പെട്ടവർ നിസ്സഹായരാണ്. അവർക്ക് സാന്ത്വനമായിരുന്നു വേണ്ടത്. എന്നാൽ, ബിജെപി നേതാക്കൾ അഹങ്കാരം നിറഞ്ഞ പ്രസ്താവനകളാണ് പകരം നൽകിയത്. സർക്കാരിന്റേത് ധാർഷ്ട്യം മാത്രമാണ്.' രാഹുൽ എക്‌സിൽ കുറിച്ചു.

അഴുക്കുവെള്ളം കുടിവെള്ളത്തിൽ കലരാൻ എങ്ങനെ അനുവദിച്ചുവെന്നും എന്തുകൊണ്ട് യഥാസമയം വിതരണം നിർത്തിവെച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. 'ശുദ്ധജലം ലഭിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശമാണ്. ഈ അവകാശം നിഷേധിച്ചവർ, ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ, ഈ അവസ്ഥയ്ക്ക് പൂർണ്ണമായും ഉത്തരവാദികളാണ്.' രാഹുൽ പറഞ്ഞു.

ഇന്ദോർ സംഭവത്തെ മധ്യപ്രദേശിലെ മറ്റ് കേസുകളുമായി രാഹുൽ ബന്ധപ്പെടുത്തിയും ‘എക്‌സി’ൽ കുറിപ്പിട്ടു. സംസ്ഥാനത്തെ ദുർഭരണത്തിന്റെ കേന്ദ്രമായി വിശേഷിപ്പിച്ചു. സർക്കാർ ആശുപത്രികളിലെ മരുന്നുമായി ബന്ധപ്പെട്ട മരണങ്ങളും എലികൾ കുട്ടികളെ കൊല്ലുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും അദ്ദേഹം ഉദ്ധരിച്ചു. 'പാവപ്പെട്ടവർ മരിക്കുമ്പോഴെല്ലാം മോദി, പതിവുപോലെ, നിശബ്ദനായിരിക്കുന്നു.'

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇന്ദോറിൽ ഭഗീരഥ്പുര മേഖലയിലെ മലിനമായ കുടിവെള്ളവുമായി ബന്ധപ്പെട്ട വയറിളക്കരോഗ വ്യാപനത്തെ തുടർന്ന് 10 പേർ മരിക്കുകയും 1400 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മാലിന്യം നറഞ്ഞ സ്ഥലത്ത് പൈപ്പ് പൊട്ടി അതിലൂടെ മലിനജലം കുടിവെള്ളവുമായി കലരുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ഭഗീരഥ്പുരയിൽ ഒരു പോലീസ് ഔട്ട്‌പോസ്റ്റിനടുത്തുള്ള പ്രധാന കുടിവെള്ള വിതരണ പൈപ്പ് ലൈനിൽ ടോയ്ലറ്റ് നിർമ്മിച്ച സ്ഥലത്ത് ചോർച്ച കണ്ടെത്തിയതായി അധികൃതർ നേരത്തെ പറഞ്ഞിരുന്നു.