ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു കുടുംബത്തിലെ രണ്ടുപേരടക്കം മൂന്നുപേർ മരിച്ച സംഭവം ഭക്ഷ്യവിഷബാധയല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കണ്ടെത്തൽ. മധ്യപ്രദേശിലെ ഛിന്ദ്വാര സ്വദേശികളായ ഖുശ്ബു കത്തൂരിയ(22) ഇവരുടെ 72-കാരിയായ മുത്തശ്ശി, പ്രദേശവാസിയും സെക്യൂരിറ്റി ജീവനക്കാരനുമായ ധശ്രു യദുവംശി എന്നിവരുടെ മരണമാണ് വിഷം ഉള്ളിൽച്ചെന്നുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്. എലിവിഷം കലർത്തിയ മധുരപലഹാരം കഴിച്ചാണ് മൂവരും മരിച്ചതെന്നും യുവതിയുടെ ഭർതൃവീട്ടുകാരാണ് സംഭവം ആസൂത്രണംചെയ്തതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ഖുശ്ബുവിന്റെ ഭർതൃപിതാവ് ഝാധു കസാർ, ഭർതൃസഹോദരൻ ശുഭം, ഭർതൃസഹോദരി ശിവാനി എന്നിവരെ പോലീസ് അറസ്റ്റ്‌ചെയ്തു.
ജനുവരി 9-നാണ് ഖുശ്ബുവിന്റെ പിതാവിന്റെ കടയുടെ സമീപത്തായി പച്ചക്കറികളും മധുരപലഹാരമായ പേടയും അടങ്ങിയ ഒരു കവർ കണ്ടെത്തിയത്. ഏറെനേരം കഴിഞ്ഞിട്ടും ആരും വരാതിരുന്നതോടെ സമീപത്തെ സെക്യൂരിറ്റി ജീവനക്കാരനായ ധശ്രു യദുവംശി ഈ കവർ തുറന്നുനോക്കി. തുടർന്ന് കവറിലുണ്ടായിരുന്ന മധുരപലഹാരപ്പെട്ടി തുറന്ന് പേടയും രുചിച്ചു. എന്നാൽ, പിന്നാലെ ഇദ്ദേഹത്തിന് കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 11-ന് ഇദ്ദേഹം മരിച്ചു. ഭക്ഷ്യവിഷബാധ കാരണമാണ് ധശ്രു യദുവംശി മരിച്ചതെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ഇദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടവും നടത്തിയിരുന്നില്ല.
ഇതേസമയം തന്നെ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ ഇതേ മധുരപലഹാരപ്പെട്ടി കടയുടമയായ ഖുശ്ബുവിന്റെ പിതാവ് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. തുടർന്ന് ഖുശ്ബുവും മറ്റുള്ളവരും ഇതിലുണ്ടായിരുന്ന മധുരം കഴിച്ചു. പിന്നാലെ ഖുശ്ബു ഉൾപ്പെടെ നാലുപേരുടെ ആരോഗ്യനില വഷളായി. ചികിത്സയിലിരിക്കെ ഖുശ്ബുവും മുത്തശ്ശിയും മരണത്തിന് കീഴടങ്ങി. അമ്മയും സഹോദരിയും അപകടനില തരണംചെയ്തു.
ഒരുകുടുംബത്തിലെ രണ്ടുപേരും സമീപവാസിയായ മറ്റൊരാളും ഒരുപോലെ മരിച്ചതിൽ സംശയം തോന്നിയതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ഖുശ്ബുവിന്റെ മരണത്തിൽ വിഷാംശം ഉള്ളിൽച്ചെന്നതായി കണ്ടെത്തി. തുടർന്ന് ഇവർ കഴിച്ച മധുരപലഹാരം പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ഇതിൽ ഉയർന്ന അളവിൽ വിഷാംശം കണ്ടെത്തിയത്. ഇതോടെ പോലീസ് അന്വേഷണം നടത്തുകയും മധുരപലഹാരം ഉപേക്ഷിച്ചവരെ കണ്ടെത്തുകയുമായിരുന്നു.
2024-ലായിരുന്നു ഖുശ്ബുവിന്റെ വിവാഹം. ഇതിനുപിന്നാലെ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഉപദ്രവിച്ചിരുന്നതായും ഖുശ്ബു പരാതിപ്പെട്ടിരുന്നു. യുവതി ഇക്കാര്യം പുറത്തുപറഞ്ഞത് ഭർതൃവീട്ടുകാരെ അപമാനിതരാക്കി. ഇതിന്റെ പകയിൽ ഖുശ്ബുവിനെയും വീട്ടുകാരെയും വകവരുത്താനാണ് മധുരപലഹാരത്തിൽ വിഷം കലർത്തി പ്രതികൾ കൊലപാതകം ആസൂത്രണംചെയ്തത്.
ഖുശ്ബുവിന്റെ പിതാവിന്റെ കടയ്ക്ക് സമീപം മധുരപലഹാരം ഉപേക്ഷിച്ചാൽ ഇവർ അത് പരിശോധിക്കുമെന്നും കഴിച്ചുനോക്കുമെന്നും പ്രതികൾ കരുതിയിരുന്നു. എന്നാൽ, പ്രതികളുടെ കണക്കുക്കൂട്ടലുകൾ തെറ്റിച്ച് സെക്യൂരിറ്റി ജീവനക്കാരനായ ധശ്രു യദുവംശിയാണ് ആദ്യം പലഹാരം കഴിച്ചത്. ഇതോടെ പ്രതികളുടെ ക്രൂരതയ്ക്ക് ധശ്രുവും ഇരയാകുകയായിരുന്നു. സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച ബൈക്കും ഇവരുടെ മൊബൈൽഫോണുകളും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
Content Highlights: Tragic incident in MP: 3 dead after eating poisoned sweets. Police suspect pre-planned murder, not food poisoning. Investigation underway.
Published: 02 Feb 2026, 09:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented