മുംബൈ: മുംബൈയിലെ ബൈക്കുളയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ. 15,000 പേരെ കൊല്ലുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതിയായ ഫയാസ് പ്രേംജി പോലീസ് മൊഴി നൽകി.

To advertise here,

റീ റോഡിലെ റഹ്മതാബാദ് സെമിത്തേരിക്ക് സമീപം നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. വേദനസംഹാരികളാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ആളുകൾക്ക് ഗുളികകൾ നൽകിയത്. ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ മൂന്ന് വനിതാ വോളന്റിയർമാരുടെ സംശയമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്‌. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇവർ ഗുളികകൾ പരിശോധിക്കുകയും ഉള്ളിൽ പൊടിരൂപത്തിലുള്ള പദാർഥം കണ്ടെത്തുകയും ചെയ്തു.

തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും ഗുളികകൾ കഴിക്കരുതെന്ന് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഗുളിക കഴിച്ച 11 പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

പ്രതിയുടെ പക്കൽനിന്ന് 14,900 ഗുളികകളാണ് പോലീസ് പിടിച്ചെടുത്തത്. കൂടാതെ, 30,000 ഒഴിഞ്ഞ ക്യാപ്‌സ്യൂളുകൾക്കും 50 കിലോ ഫോസ്ഫറസിനും ഇയാൾ ഓർഡർ നൽകിയിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജയന്ത് മീന അറിയിച്ചു.

എലിവിഷത്തിൽ അടങ്ങിയിരിക്കുന്ന അതീവ അപകടകാരിയായ സിങ്ക് ഫോസ്ഫൈഡ് എന്ന രാസവസ്തുവാണ് ഗുളികകളിൽ അടങ്ങിയിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. ഇത് വയറ്റിലെ ആസിഡുമായി കലരുമ്പോൾ ഫോസ്ഫിൻ വാതകം ഉത്പാദിപ്പിക്കുകയും ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.

പ്രതിക്ക് ഭീകരവാദികളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 123 പ്രകാരം കേസെടുത്തു. കോടതി പ്രതിയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.