പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി രോഗിക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ക്ക് പകരം മുസംബി ജ്യൂസ് നല്‍കിയെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ വിശദീകരണവുമായി ജില്ലാ മജിസ്‌ട്രേറ്റ്. പ്ലേറ്റ്‌ലെറ്റിന് പകരം മുസംബി ജ്യൂസോ മറ്റെന്തോ പഴത്തിന്റെ ജ്യൂസോ ആണ് കുത്തിവെച്ചത് എന്നായിരുന്നു രോഗിയുടെ ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ രോഗി മരിച്ചിരുന്നു. ഡെങ്കിപ്പനി ബാധിച്ച് മരിച്ച രോഗിക്ക് മുസമ്പി ജ്യൂസ് അല്ല നല്‍കിയിരുന്നത് എന്നാണ് പ്രയാഗ് രാജ് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് ഖാത്രിയുടെ വിശദീകരണം. മോശമായ അവസ്ഥയില്‍ സൂക്ഷിച്ച പ്ലേറ്റ്‌ലെറ്റാണ് ഡെങ്കി ബാധിച്ചയാള്‍ക്ക് കുത്തിവെച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

To advertise here,

പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയില്‍ ഡെങ്കിബാധിച്ച് 32-കാരന്‍ കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. പ്ലേറ്റ്‌ലെറ്റുകള്‍ക്ക് പകരം മുസംബി ജ്യൂസ് നല്‍കിയെന്നും ഇതേ തുടര്‍ന്ന് രോഗിമരിച്ചെന്നുമുള്ള ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് ആശുപത്രി അടച്ചുപൂട്ടിയിരുന്നു. അനധികൃതമായിട്ടാണ് ആശുപത്രി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി യുപി സര്‍ക്കാര്‍ കെട്ടിടം പൊളിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

'സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങള്‍ മൂന്നംഗ സംഘത്തെ രൂപീകരിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടില്‍ രോഗിക്ക് മോശമായി സൂക്ഷിക്കപ്പെട്ട പ്ലേറ്റ്‌ലെറ്റുകള്‍ നല്‍കിയിരുന്നതായി കണ്ടെത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ നടപടിയെടുക്കുന്നത്'  സഞ്ജയ് ഖാത്രി പറഞ്ഞു.