ഷിപ്പിങ്, ലോജിസ്റ്റിക്‌സ്, മാരിടൈം ലോ, ബ്ലൂ ഇക്കോണമി, കസ്റ്റംസ്, അധ്യാപനം തുടങ്ങിയ മേഖലകളില്‍ മുപ്പതു വര്‍ഷത്തെ അനുഭവപരിചയമുള്ള അന്താരാഷ്ട്ര മാരിടൈം വിദഗ്ധനാണ് നാണു വിശ്വനാഥന്‍. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ബ്ലൂ ഇക്കോണമി ഡിവിഷന്‍ ഗ്ലോബല്‍ ചെയര്‍മാനാണ്. വിഴിഞ്ഞം തുറമുഖം തുറന്നു തരുന്ന സാധ്യതകളെക്കുറിച്ചും അവ ഉപയോഗപ്പെടുത്താന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
വിഴിഞ്ഞം തുറമുഖം തുറക്കുന്ന സാധ്യതകള്‍.
ലോകത്തിന്റെ എല്ലാ ഭാഗത്തും ഷിപ്പിംഗ് സേവനം കൊടുക്കാന്‍ പറ്റുന്ന തന്ത്രപരമായ സ്ഥാനത്താണ് വിഴിഞ്ഞം തുറമുഖം. ലോകത്ത് ഇന്ന് നിര്‍മ്മിക്കപ്പെടുന്ന ഏറ്റവും വലിയ കപ്പലുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന പ്രകൃതിദത്തമായ തുറമുഖമാണെന്നത് വിഴിഞ്ഞത്തിന്റെ വലിയ മെച്ചങ്ങളിലൊന്നാണ്. മാരിടൈം മേഖലയില്‍ കഴിവ് തെളിയിച്ച അദാനി ഗ്രൂപ്പ് ഒരു ലോകോത്തര തുറമുഖത്തിന് വേണ്ട എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. സൗകര്യങ്ങള്‍, സാങ്കേതികമേന്മ, ഭൂമിശാസ്ത്രപരമായ മെച്ചം തുടങ്ങിയവ നോക്കിയാല്‍ ലോകത്തെ ഏത് തുറമുഖത്തോടും കിടപിടിക്കുന്ന സൗകര്യങ്ങളാണ് വിഴിഞ്ഞത്തുള്ളത്.
വിഴിഞ്ഞം തുറമുഖത്ത് കപ്പലുകള്‍ക്ക് ചരക്കിറക്കി തിരിച്ചുപോകാന്‍ വേണ്ട സമയം (ടേണ്‍ എറൗണ്ട് സമയം) മറ്റു പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളെക്കാള്‍ കുറവാണെന്നു പറയുന്നു. അത് എത്ര പ്രധാനമാണ്.
എത്ര വേഗത്തില്‍ യാത്രക്കാരെ അല്ലെങ്കില്‍ ചരക്കിനെ ഇറക്കി തിരിച്ചുപോകാമെന്നാണ് ഓരോ ഷിപ്പിങ് കമ്പനിയും നോക്കുന്നത്. ഇക്കാര്യത്തില്‍ സിംഗപ്പൂര്‍, ചൈനീസ്, ബുസാന്‍, ജബലാലി തുടങ്ങിയ തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അല്പം പിന്നിലായിരുന്നു ഇന്ത്യ. പക്ഷേ ലോകത്ത് ഏറ്റവും മികച്ച തുറമുഖങ്ങളുമായി മത്സരിക്കാവുന്ന തരത്തിലാണ് വിഴിഞ്ഞം മുന്നോട്ടു പോവുന്നത്. വളരെ സന്തോഷകരമാണത്.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പകരച്ചുങ്കയുദ്ധം കാരണം ലോകത്തെ സപ്ലൈ ചെയിനുകള്‍ സമ്മര്‍ദത്തിലാണ്. അത് വിഴിഞ്ഞത്തിന് ഗുണകരമാവുമോ.
ചൈനയില്‍ നിന്നും നേരത്തേ തന്നെ സപ്ലൈചെയിനുകള്‍ മാറിത്തുടങ്ങിയിരുന്നു. ഈ മാറ്റം ഇന്ത്യയ്ക്ക് അനുകൂലമാക്കാന്‍ വേണ്ട സംവിധാനങ്ങള്‍ വിഴിഞ്ഞത്തുണ്ട്. പാശ്ചാത്യലോകം ചൈനയില്‍ നിക്ഷേപം നടത്തുന്നതില്‍ വിമുഖത കാണിക്കുന്ന സമയമാണ്. ചൈനയില്‍ നടന്നുകൊണ്ടിരുന്ന നിക്ഷേപത്തിന്റെയും ഉല്‍പാദനത്തിന്റെയും വലിയൊരു ശതമാനം ഇന്ത്യയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ലോകരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് സമാധാനപരമായി നിക്ഷേപം നടത്താന്‍ കഴിയുന്ന, മനുഷ്യവിഭവ ശേഷിയുള്ള പ്രധാന രാജ്യം ഇന്ത്യയാണ്. അവസരങ്ങള്‍ ഭാരതത്തിലേക്ക് വരുന്ന സമയത്ത് നമ്മുടെ ലോകത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കുന്ന തുറമുഖമാണ് വിഴിഞ്ഞം. ആഗോള സപ്ലൈചെയിനിന്റെ കേന്ദ്രബിന്ദുവായി വിഴിഞ്ഞം മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ ജി-20 സമ്മേളനത്തില്‍ ഇന്ത്യ പ്രഖ്യാപിച്ച ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐമെക്) വലിയൊരു കാഴ്ചപ്പാടാണ്. വിഴിഞ്ഞത്തിന്റെ സാധ്യതകളെ ആഗോള കാഴ്ചപ്പാടില്‍ കാണുകയും അതനുസരിച്ചുള്ള പദ്ധതികള്‍ കൊണ്ടുവരികയും ചെയ്താല്‍ മാത്രമേ ലോകത്തെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിയൂ.
ഉദ്ഘാടനത്തിന് മുമ്പ് തന്നെ വിഴിഞ്ഞത്ത് അഞ്ചര ലക്ഷത്തോളം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു കഴിഞ്ഞു. പക്ഷേ വെറും കയറ്റിറക്ക് തുറമുഖം മാത്രമായി തുടര്‍ന്നാല്‍ മതിയോ.
വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ സൗകര്യങ്ങള്‍ ശൈശവാവസ്ഥയിലാണ്. ഇപ്പോള്‍ അതില്‍നിന്നും നമുക്കു വരുന്ന വരുമാനം ട്രാന്‍സ്ഷിപ്പ്‌മെന്റ് ഡ്യൂട്ടി എന്ന നിലയ്ക്കാണ്. തുറമുഖം തരുന്ന അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തി വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം, പ്രൊഫഷണല്‍ എന്നിങ്ങനെയുള്ള മറ്റു മേഖലകളിലൊക്കെ അതിവേഗത്തില്‍ വളര്‍ച്ച സാധ്യമാക്കണം. എങ്കില്‍ മാത്രമേ പ്രാദേശിക, സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ അവസരങ്ങളെ- വാണിജ്യം, വ്യവസായം, വ്യാപാരം, മറ്റ് സേവനങ്ങള്‍- പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ. അക്കാര്യത്തില്‍ ചെറിയ കാലതാമസം ഉണ്ടായിട്ടുണ്ട്. ഗ്രാമീണതലം മുതല്‍ മാരിടൈം മേഖലയ്ക്ക് ആവശ്യമായ വിദ്യാഭ്യാസം, തൊഴില്‍ നൈപുണ്യം, വ്യവസായവല്‍ക്കരണം എന്നിവ കൊണ്ടു വന്നാല്‍ കാലതാമസത്തെ മറികടന്ന് മുന്നോട്ടുപോകാന്‍ നമുക്ക് കഴിയും.
തുറമുഖത്തിന്റെ മെച്ചങ്ങള്‍ ഉപയോഗപ്പെടുത്താനായി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പരിചയസമ്പത്തുള്ള ആള്‍ക്കാരുടെ നേതൃത്വം അനിവാര്യമാണ്. അത്തരം ആള്‍ക്കാരെ കൊണ്ടുവന്ന് പുതിയൊരു ഒരു നിരയെ പരിശീലിപ്പിച്ച് മുന്നോട്ടു കൊണ്ടുവരണം. അദാനിക്ക് വിഴിഞ്ഞത്ത് ഒന്നാന്തരം ഒരു തുറമുഖം കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞു. അതേ മാതിരിയുള്ള വൈദഗ്ധ്യം തുടര്‍ന്നുള്ള ഷിപ്പിങ് പ്രവര്‍ത്തനങ്ങളിലും ആവശ്യമുണ്ട്. കാര്‍ഗോ മാനേജ്‌മെന്റ്, പാക്കിങ്ങ്, ലേബലിങ്, മാര്‍ക്കിങ്, കയറ്റിഅയക്കല്‍, കണ്ടെയ്‌നര്‍ മാനേജ്‌മെന്റ്, ഡോക്യുമെന്റേഷന്‍, കസ്റ്റംസ്, മറ്റു രാജ്യങ്ങളുടെ വിദേശ വ്യാപാരനയം മനസ്സിലാക്കല്‍, അന്താരാഷ്ട്ര നിയമങ്ങള്‍ മനസ്സിലാക്കല്‍, ഏതെല്ലാം ഉല്‍പ്പന്നങ്ങള്‍ക്ക് ഏതെല്ലാം രാജ്യങ്ങളില്‍ ഡിമാന്‍ഡ് ഉണ്ടെന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത എന്തെന്നും മനസ്സിലാക്കല്‍ തുടങ്ങി ഒരുപാട് മേഖലകളിലെ വൈദഗ്ധ്യം ആവശ്യമുണ്ട്.
ഉദാഹരണത്തിന്, ഒരുകാലത്ത് ആഫ്രിക്കയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കശുവണ്ടി വാങ്ങി കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ അത് സംസ്‌കരിച്ച് ഉയര്‍ന്ന നിലയ്ക്ക് കയറ്റുമതി ചെയ്തിരുന്നു. അത് രാജ്യത്തിന് വിദേശനാണ്യം നേടിത്തരുക മാത്രമല്ല, നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് തൊഴിലും നല്‍കി. തുറമുഖത്തിന്റെ സാധ്യതകളെ കൃത്യമായി മനസ്സിലാക്കി അന്തര്‍ദേശീയ വ്യാപാരത്തിന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി അവ നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കുവാനുള്ള മറ്റ് ഘടകങ്ങളെ കോര്‍ത്തെടുക്കണം. അപ്പോള്‍ നമ്മുടെ നാട്ടില്‍ എന്‍ജിനീയറിങ്, ഡിജിറ്റല്‍, ഐ.ടി, മാധ്യമമേഖല, കയറ്റിറക്ക് തുടങ്ങി നിരവധി മേഖലകളില്‍ എണ്ണമറ്റ തൊഴിലുകളുണ്ടാകും.
ഒരുമയോടെ ഒറ്റമനസ്സോടെ മുന്നോട്ടു പോയാല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മുടെ കൂടെ കാണും, അവര്‍ നാടുവിട്ടുപോകില്ല. നമ്മുടെ നാട് വികസിത രാജ്യമാകും. ഒരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത്.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ വിഴിഞ്ഞം വലിയ മാറ്റം വരുത്തുമെന്നാണ് പറയുന്നത്. അതിന് എത്ര വര്‍ഷം എടുക്കും.
പ്രവചിക്കുക ബുദ്ധിമുട്ടാണ്. ഒരു തുറമുഖത്തിന്റെ വികസനത്തില്‍ 95, 96 ഘടകങ്ങള്‍ പങ്കു വഹിക്കുന്നുവെന്നാണ് പഠനത്തില്‍ ബോധ്യമായത്. ഒരു രാജ്യത്തിന്റെ വ്യാപാരനയം, വ്യാപാരച്ചുങ്കം, ലോകരാജ്യങ്ങളുമായി നമ്മുടെ രാജ്യം ഉണ്ടാക്കുന്ന വ്യാപാരക്കരാറുകള്‍, അന്താരാഷ്ട്ര സാഹചര്യം, സംഘര്‍ഷങ്ങള്‍, നാം കൊടുക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം, മറ്റു തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിഴിഞ്ഞത്ത് ഈടാക്കുന്ന പണം എത്ര കുറവാണ്, ടേണ്‍ എറൗണ്ട് സമയം, നമ്മുടെ കസ്റ്റമര്‍ സര്‍വീസ് എത്ര നല്ലതാണ്, തുറമുഖത്തെ തിരക്ക് എത്രത്തോളം അങ്ങനെ നിരവധിയായ ഘടകങ്ങള്‍.
വിനോദസഞ്ചാര രംഗത്ത് വിഴിഞ്ഞം വളരെയധികം അവസരങ്ങള്‍ തുറക്കും. നമുക്ക് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉണ്ട്, 17 ചെറുകിട തുറമുഖങ്ങള്‍ ഉണ്ട്. 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍ത്തീരമുണ്ട്, അതിമനോഹരമായ ഭൂപ്രകൃതിയുണ്ട്. കപ്പല്‍ നിര്‍മ്മാണത്തില്‍ ലോകനിലവാരമുള്ള കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഉണ്ട്. അവിടെത്തന്നെ കണക്ടിവിറ്റിക്കായി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉണ്ട്. ഇതിനൊക്കെ പുറമേ മതസൗഹാര്‍ദമുണ്ട്. ലോകത്തിന്റെ എല്ലായിടങ്ങളിലും മലയാളി സാന്നിദ്ധ്യമുള്ളതും അനുഗ്രഹമാണ്. തൊഴിലാളികള്‍ മാത്രമല്ല, തൊഴില്‍ദായകരായും ബിസിനസ് ഉടമകളായും നിരവധി മലയാളികളുണ്ട്.
ടൂറിസം മേഖലയില്‍ വലിയ കുതിച്ചുകയറ്റം ഉണ്ടാവും. കപ്പല്‍മാര്‍ഗമുള്ള വിനോദസഞ്ചാരം വരുമ്പോള്‍ ഹോട്ടല്‍ ബിസിനസ്, മെഡിക്കല്‍ ടൂറിസം, മാരിടൈം വിദ്യാഭ്യാസം എന്നീ മേഖലകളിലും വളര്‍ച്ചയുണ്ടാവും. സര്‍ട്ടിഫിക്കറ്റില്‍ ഒതുങ്ങുന്ന വിദ്യാഭ്യാസമല്ല നമ്മള്‍ കൊടുക്കേണ്ടത്. അക്കാദമിക് യോഗ്യതയെക്കാള്‍ പ്രായോഗിക പരിചയത്തിന് പ്രാമുഖ്യം കൊടുക്കുന്ന കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യണം. കേരളത്തെ മാരിടൈം വിദ്യാഭ്യാസത്തിന്റെ വലിയൊരു ഹബ്ബാക്കി മാറ്റാനുള്ള എല്ലാ സൗകര്യവും നമുക്കുണ്ട്. നിര്‍മിതബുദ്ധിയുടെ കാലത്ത് സിദ്ധാന്തവും മറ്റ് വിവരങ്ങളും നിമിഷാര്‍ദ്ധത്തിനുള്ളില്‍ ലഭ്യമാകും, പക്ഷേ വൈദഗ്ധ്യവും അനുഭവസമ്പത്തും അങ്ങനെ കിട്ടില്ല. അതിനാല്‍ കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യുന്നവരും അത്തരത്തില്‍ വൈദഗ്ധ്യം ഉള്ളവര്‍ ആയിരിക്കണം. യു.ജി.സി സമീപകാലത്ത് കൊണ്ടുവന്ന പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് പോലെ അക്കാദമിക് യോഗ്യത നിര്‍ബന്ധമല്ലാത്ത വിദഗ്ധര്‍. വളരെ വൈദഗ്ധ്യം വേണ്ടുന്ന ജോലിയായ ആര്‍ബിേ്രടഷനില്‍ പോലും അക്കാദമിക് യോഗ്യത നിര്‍ബന്ധമല്ല. ലോകം മാറുകയാണ്.
തുറമുഖത്തിന്റെ റോഡ്, റെയില്‍ കണക്ടിവിറ്റി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.
അതു നടന്നുകൊള്ളും. നമുക്ക് ബദലായി ചെയ്യാന്‍ പറ്റുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. ലോജിസ്റ്റിക്‌സ് പാര്‍ക്കുകളും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും അതിവേഗം വരണം. ഷിപ്പിങ്ങുമായി ബന്ധപ്പെട്ട മറ്റു നിരവധി ബിസിനസുകള്‍ ഉണ്ട്, കപ്പലുകള്‍ ചാര്‍ട്ടര്‍ ചെയ്യുന്നതുപോലെ. അതിനുവേണ്ടുന്ന അടിത്തറയുണ്ടാക്കണം.
വളരെ വലിയ മേഖലയാണ് ഷിപ്പിങ്. ഹൈഡ്രോഗ്രഫി, നേവല്‍ ആര്‍ക്കിടെക്ചര്‍, ഓഷ്യനോഗ്രഫി, എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട്, ലോജിസ്റ്റിക്‌സ്, സപ്ലൈചെയിന്‍ മാനേജ്‌മെന്റ് എന്നിങ്ങനെ. അതതു മേഖലകളില്‍ വിദഗ്ധരായവരുണ്ടെങ്കില്‍ മാത്രമേ അവസരങ്ങള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനാവൂ. ഈ മേഖലകളിലെല്ലാം വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ള മലയാളികള്‍ ലോകരാജ്യങ്ങളില്‍ വിവിധയിടങ്ങളിലായി വ്യാപിച്ചുകിടപ്പുണ്ട്, കേരളത്തിലുമുണ്ട്. അവരെ കണ്ടെത്തി അവര്രെ വൈദഗ്ധ്യമുള്ള മേഖലകളില്‍ നിയോഗിക്കുന്ന ഒരു സംസ്‌കാരം നിര്‍ഭാഗ്യവശാല്‍ നമുക്ക് ഉണ്ടായിവന്നിട്ടില്ല.
35 മുതല്‍ 40 ശതമാനം വരെ ചെലവ് കുറവാണ് ജലഗതാഗതം വഴിയുള്ള ചരക്കുകടത്തിന്. ആ മേഖലയിലെ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയും വേഗം കൂട്ടുകയും വേണം. വിഴിഞ്ഞം തുറമുഖം വിജയിച്ച സാഹചര്യത്തില്‍ നമ്മുടെ മാരിടൈം മേഖലയെ പുനര്‍രൂപകല്‍പ്പന ചെയ്യണം. എല്ലാ സേവനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ നമുക്ക് സാധിക്കണം. നിലവില്‍ കസ്റ്റംസ്, കോസ്റ്റല്‍ ഷിപ്പിങ്, ഹൈഡ്രോഗ്രാഫി, എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട്, വിദേശനാണ്യം തുടങ്ങിയവയൊക്കെ വ്യത്യസ്ത മന്ത്രാലയങ്ങള്‍ക്കു കീഴിലാണ്. ഇതെല്ലാം ഏകോപിപ്പിക്കുന്ന ഏകജാലക സംവിധാനം നമുക്ക് ആവശ്യമുണ്ട്.
അതിശക്തമായ മാരിടൈം നയങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഇത്രയും വലിയ മാരിടൈം മേഖലയെ കൈകാര്യം ചെയ്യാന്‍ നമ്മുടെ സിവില്‍ സര്‍വീസില്‍ ഐ.എ.എസും ഐ.പി.എസും പോലെ ഇന്ത്യന്‍ മാരിടൈം സര്‍വീസ് (ഐ.എം.എസ്) ഉണ്ടാക്കണമെന്ന് കേന്ദ്ര, സംസ്ഥാന ഭരണാധികാരികളോട് അഭ്യര്‍ഥിക്കുകയാണ്.
Content Highlights: Vizhinjam Port global supply chain maritime shipping logistics India Kerala port development trade
Published: 30 Apr 2025, 07:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented