പിണറായി വിജയൻ മത്സരിച്ച് ജയിച്ചു. ഭൂരിപക്ഷം കിട്ടിയിരുന്നേൽ അദ്ദേഹം മുഖ്യമന്ത്രിയാണ്. അത്തരത്തിൽ ഭൂരിപക്ഷം കിട്ടാത്തതിനാൽ പ്രതിപക്ഷ നേതാവാകുന്നു. അത് സ്വാഭാവിക രീതിയാണ്.

തളിപ്പറമ്പിലെ വിജയം തന്റെ ആശയങ്ങളോടുള്ള ജനങ്ങളുടെ പിന്തുണയെന്ന് നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ. ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും ഗോവിന്ദൻ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. ശൈലജ ടീച്ചറെ അടിച്ചമർത്താൻ പാർട്ടി ശ്രമിക്കുകയാണെന്നും ഇത്തവണ അവർ മത്സരിക്കാൻ പാടില്ലായിരുന്നുവെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. കോടിയേരിയുടെ കുടുംബത്തെ സന്ദർശിക്കുക എന്നത് തന്റെ കടമയാണ്. കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. താൻ പാർട്ടിക്കെതിരായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ പിണറായി വിജയൻ ഒന്ന് വിളിച്ചിരുന്നെങ്കിൽ താൻ തീരുമാനം മാറ്റിയേനെ എന്നും ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ജനങ്ങൾ വൻ വിജയം നൽകി യുഡിഎഫിനെ അധികാരത്തിൽ എത്തിച്ചിരിക്കുകയാണ്. പുതിയ സർക്കാരിലുള്ള പ്രതീക്ഷകൾ എന്തെല്ലാമാണ് ?
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിന് ശേഷം യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. കഴിഞ്ഞ സർക്കാരിനെതിരായ വികാരം ഉള്ളതുകൊണ്ടാണ് യുഡിഎഫിന് ഈ വിജയം ഉണ്ടായിട്ടുള്ളത്. അപ്പോൾ സ്വാഭാവികമായിട്ടും കഴിഞ്ഞ സർക്കാരിന്റെ തെറ്റുകൾ തിരുത്തിക്കൊണ്ട് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് യുഡിഎഫ് മാറും എന്നാണ് ഞാൻ കരുതുന്നത്.
സർക്കാർ വിരുദ്ധ വികാരം നല്ലതുപോലെ ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്. വലിയ വികസനങ്ങൾ ഒക്കെ ഉണ്ടായി എന്ന തോന്നൽ ജനങ്ങൾക്കുണ്ട്. പക്ഷേ, അത് ജനങ്ങളുടെ സാധാരണ ജീവിതത്തിനെ ബാധിക്കുന്ന രീതിയിലുള്ള വികസനം അല്ല. സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടതല്ല വികസനം എന്നൊരു തോന്നൽ ജനങ്ങൾക്ക് ഉണ്ടായിട്ടുണ്ട്.
ക്ഷേമ പെൻഷൻ, കൈത്തറി തൊഴിലാളികളുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും സർക്കാർ ജീവനക്കാരുടെ ചില പ്രശ്നങ്ങൾ എന്നിവയൊക്കെ വലിയ തോതിൽ അസംതൃപ്തി ജനങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്. ഈ അസംതൃപ്തിയാണ് ഒരു പരിധിവരെ എൽഡിഎഫ് പരാജയപ്പെടാൻ ഇടയായിട്ടുള്ളത്. അപ്പോൾ സ്വാഭാവികമായിട്ടും ഈ അസംതൃപ്തി എല്ലാം പരിഹരിക്കുന്നതിന് ആവശ്യമായ പ്രാഥമിക നടപടികൾ യുഡിഎഫ് സ്വീകരിക്കേണ്ടി വരും. അവർ അത് ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
ആറ് റൗണ്ടുവരെ പിണറായി വിജയൻ പിന്നിലായി. പാർട്ടി കോട്ടകളിൽ വിള്ളലുകൾ. പൊളിച്ചെഴുത്ത് അത്യാവശ്യമല്ലേ ?
മുഖ്യമന്ത്രിയും സിപിഎമ്മിന്റെ ഏറ്റവും വലിയ നേതാവുമായിട്ടുള്ള പിണറായി വിജയൻ സ്വന്തം മണ്ഡലത്തിൽ ആറു റൗണ്ട് പിറകിൽ പോകുക എന്ന് പറയുന്നത് വലിയ ഒരു തിരിച്ചടി തന്നെയാണ്. ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ പിണറായി തോറ്റുപോകുമോ എന്ന നെഞ്ചിടിപ്പായിരുന്നു എനിക്ക്. വളരെ വലിയ ഒരു തിരിച്ചടി തന്നെയാണിത്. ഈ തിരിച്ചടിയിൽ നിന്ന് അവർ പാഠം ഉൾക്കൊള്ളാൻ തയ്യാറാവണം.
പിണറായുടെ വോട്ടിൽ ഉണ്ടായിട്ടുള്ള തിരിച്ചടി, തളിപ്പറമ്പിൽ ഉണ്ടായിട്ടുള്ള പരാജയം, പയ്യന്നൂരിൽ ഉണ്ടായിട്ടുള്ള പരാജയം, മട്ടന്നൂരിലെ വോട്ട് ചോർച്ച തുടങ്ങിയവയെല്ലാം പരിശോധിക്കണം. ഇത് കേവലം വോട്ട് ചോർച്ച, സിപിഎമ്മിന്റെ അണികൾ ആകെ എൽഡിഎഫിന് എതിരായി വോട്ട് രേഖപ്പെടുത്തി എന്നുള്ളതാണ് കാണാൻ കഴിയുന്നത്. ഈ അനുഭവങ്ങളിൽ നിന്നാണ് പാഠം പഠിക്കേണ്ടത്. സിപിഎം അടിമുടി മാറ്റം വരുത്തിയിട്ടില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ല. പൊളിച്ചെഴുത്തുകൾ വളരെ അത്യാവശ്യമാണ്.
ഇത്രയും നാൾ പ്രവർത്തിച്ച പ്രസ്ഥാനത്തിനെതിരെ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ വിജയത്തെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നോ?
ഞാൻ ഉയർത്തിപ്പിടിച്ച ആശയത്തിന്റെ അംഗീകാരമാണ് എന്റെ വിജയം. ആ ആശയങ്ങളെ മുറുകെ പിടിച്ച് മുന്നോട്ട് പോകും. സുതാര്യമായും സത്യസന്ധമായിട്ടുമായിരിക്കും എന്റെ എല്ലാ പ്രവർത്തനങ്ങളും. ആ ഒരു ഉറപ്പ് ഞാൻ ജനങ്ങൾക്ക് നൽകുന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിലാണ് മത്സരിക്കാൻ ഇറങ്ങുന്നതെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. ഒത്തിരി വർഷങ്ങളായി അവിടുത്തെ സിപിഎം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന ആളാണല്ലോ ഞാൻ. ആ മണ്ഡലത്തിന്റെ സ്ഥിതിയെക്കുറിച്ച് അറിവുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ജയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലായിരുന്നു.
ആന്തൂരും, പരിയാരവും ഉൾപ്പടെയുള്ള പാർട്ടിയുടെ ശക്തികേന്ദ്രങ്ങളാണ്. പാർട്ടി വിട്ട് യുഡിഎഫിന്റെ പിന്തുണയോടെ മത്സരിക്കുമ്പോൾ എളുപ്പത്തിൽ ജയിച്ചു വരാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിട്ടേയില്ല. പക്ഷേ ജയിച്ചാലും തോറ്റാലും ജനങ്ങളോട് ഈ കാര്യം തുറന്ന് പറയാം എന്നുള്ളതാണ് കരുതിയത്. ഞാൻ പാർട്ടിയിൽ പറഞ്ഞിട്ട് നടക്കാത്ത കാര്യം ജനങ്ങളോട് പറയുമെന്ന് തീരുമാനിച്ചു. ഇനി ജനങ്ങൾ പാർട്ടിയെ തിരുത്തിക്കോട്ടെ എന്ന് കരുതി.
എത്രത്തോളം പ്രയാസകരമായിരുന്നു പാർട്ടിക്കെതിരെ മത്സരിക്കാനുള്ള തീരുമാനം ?
വളരെ പ്രയാസമുള്ള തീരുമാനമായിരുന്നു. 10-60 വർഷക്കാലം ഈ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച ആളാണ് ഞാൻ. പെട്ടെന്നാണ് ഇത്തരം തീരുമാനത്തിലേക്ക് പോകേണ്ടി വന്നത്. അതിൽ വളരെയേറെ പ്രയാസമുണ്ട്. ഇപ്പോഴും ഹൃദയ വേദന അനുഭവിക്കുന്ന കാര്യം തന്നെയാണത്. പക്ഷേ പാർട്ടിയെ തകർക്കുന്നതിന് വേണ്ടിയിട്ടുള്ള ശ്രമം നടക്കുമ്പോൾ എന്ത് പറഞ്ഞിട്ടും പാർട്ടി തിരുത്താൻ തയാറാകുന്നില്ല. തിരുത്താൻ തയാറാകാത്ത വിഷയത്തിൽ ഞാൻ ശക്തമായ നിലപാട് എടുത്തു എന്നേയുള്ളൂ.
എന്നെങ്കിലും മടങ്ങി പോകണം എന്നുള്ള ആഗ്രഹം മനസ്സിൽ ഇപ്പോഴും ഉണ്ടോ? കുറച്ചുപേരിലേയ്ക്ക് ചുരുങ്ങുകയാണോ പാർട്ടിയിപ്പോൾ?
പാർട്ടിയിലേയ്ക്ക് മടങ്ങിപ്പോകണം എന്ന ആഗ്രഹമല്ല വിഷയം. പാർട്ടി അടിമുടി തിരുത്തപ്പെടണം. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തകർന്നു പോകണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാവണം. പക്ഷേ അത് ശരിക്കും കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരിക്കണം. ഏകാധിപത്യവും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാതലായിട്ടുള്ള ഭാഗം ഉൾപാർട്ടി ജനാധിപത്യമാണ്. ആ ജനാധിപത്യം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകും. ജനാധിപത്യം ഇല്ലെങ്കിൽ പിന്നെ അത് കമ്മ്യൂണിസ്റ്റ് പാർട്ടി അല്ല, അതൊരു ഫാസിസ്റ്റ് സംഘടനയായി മാറും.
പാർട്ടിയിൽ പറയുന്നത് കേട്ട് തീരുമാനം എടുക്കുക എന്നതാണ് ജനാധിപത്യം. കുറച്ച് ആളുകൾ അവരുടെ തീരുമാനം അടിച്ചേൽപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല, അതൊരു ഫാസിസ്റ്റ് രീതിയാണ്. ആ ഫാസിസ്റ്റ് രീതി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് മാറണം. ഉൾപാർട്ടി ജനാധിപത്യത്തിന്റെ രീതിയിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി എത്തണം. ബ്രാഞ്ചിൽ നിന്നും ലോക്കലിൽ നിന്നും ഏരിയയിൽ നിന്നും എല്ലാം ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങൾ കേൾക്കുകയും ആവശ്യമായ തിരുത്തലുകൾ അതിന്റെ അടിസ്ഥാനത്തിൽ നടത്താൻ കഴിയുകയും ചെയ്താൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭാവിയുണ്ട്.
ഇപ്പോൾ അധികാരകേന്ദ്രങ്ങളാണ് ഉള്ളത്. ഈ അധികാര കേന്ദ്രങ്ങൾ ഉള്ളതുകൊണ്ട് തന്നെ പാർട്ടിക്ക് എതിരായിട്ടുള്ള വിമർശനത്തിന് വിലയുണ്ടായില്ല. പാർട്ടി സംഘടനയ്ക്ക് ഒരു പരിഗണന കൊടുത്തില്ല. പാർട്ടിയിൽ ഗവൺമെന്റിനെ കുറിച്ചുള്ള വിമർശനങ്ങൾക്ക് അവസരം കൊടുത്തിട്ടില്ല. ഗവൺമെന്റ് പ്രവർത്തനങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. അതിന്റെയൊക്കെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഇതെല്ലാം ഇവർ തിരുത്തുകയും പാർട്ടി ജനാധിപത്യവത്കരിക്കുകയും ചെയ്താൽ പാർട്ടിക്ക് ഭാവിയുണ്ട്.
ഇനിയും പഴയ രീതിയിൽ മുകളിൽ നിന്ന് കെട്ടിപ്പടുക്കുന്ന പാർട്ടി ആണെന്നും ജനാധിപത്യ കേന്ദ്രീകരണ തത്വത്തിന്റെ പാർട്ടി ആണെന്നും പറഞ്ഞുകൊണ്ട് അതിനെ ദുരുപയോഗം ചെയ്ത് തെറ്റായി വ്യാഖ്യാനിച്ച് ഏകാധിപത്യ രീതിയിൽ അടിച്ചേൽപ്പിക്കുകയാണെങ്കിൽ പാർട്ടി ഇനിയും ഇനിയും ഇല്ലാതാവും.
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ പ്രതിപക്ഷ നേതാവായി എത്തുന്നതിനെ എങ്ങനെ കാണുന്നു, പാർട്ടിക്ക് എത്തരത്തിൽ ഈ തീരുമാനം ഗുണം ചെയ്യും ?
പിണറായി വിജയൻ മത്സരിച്ച് ജയിച്ചു. ഭൂരിപക്ഷം കിട്ടിയിരുന്നേൽ അദ്ദേഹം മുഖ്യമന്ത്രിയാണ്. അത്തരത്തിൽ ഭൂരിപക്ഷം കിട്ടാത്തതിനാൽ പ്രതിപക്ഷ നേതാവാകുന്നു. അത് സ്വാഭാവിക രീതിയാണ്. അദ്ദേഹം പ്രതിപക്ഷ നേതാവാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്.
താങ്കളുൾപ്പടെയുള്ള മുതിർന്ന നേതാക്കളെ പാർട്ടി വിലകുറച്ചുകണ്ടു, ശൈലജ ടീച്ചറിന്റെ പരാജയത്തെ എങ്ങനെയാണ് വിലയിരുത്തുന്നത് ?
ശൈലജ ടീച്ചർ മത്സരിക്കാൻ പാടില്ലായിരുന്നു. കാരണം ശൈലജ ടീച്ചർ വലിയ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലമാണ് മട്ടന്നൂർ. ടീച്ചറെ എംഎൽഎ ആക്കണം എന്നുണ്ടെങ്കിൽ അവിടെ തന്നെ തുടരാൻ അനുവദിച്ചാൽ മതിയല്ലോ. ഇനി അതല്ല മണ്ഡലം മാറണമെന്നുണ്ടെങ്കിൽ ജയിക്കാൻ പറ്റുന്ന തളിപ്പറമ്പോ പയ്യന്നൂരോ കൊടുക്കാമായിരുന്നല്ലോ. എന്നിട്ട് ടീച്ചർക്ക് കൊടുത്തത് എവിടെയാ? കെപിസിസി പ്രസിഡന്റ് മത്സരിക്കുന്ന, പാർട്ടിക്ക് ജയിക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത പേരാവൂർ മണ്ഡലത്തിലാണ് ടീച്ചറെ മത്സരിപ്പിക്കുന്നത്.
ടീച്ചർ ജയിക്കാൻ പാടില്ല എന്നുള്ളതാണ് അതിന്റെ അർത്ഥം. പക്ഷേ, ടീച്ചർക്ക് അതിൽ അസംതൃപ്തി ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ ടീച്ചറോട് പറഞ്ഞു, 'ടീച്ചറെ നിങ്ങൾ നിൽക്കരുത്. അവിടെ ജയിക്കില്ല. പിന്നെ എന്തിനാണ് ആ തോൽക്കുന്ന സ്ഥലത്ത് പോയി നിൽക്കുന്നത്'. എംഎൽഎ ആവണം എങ്കിൽ ജയിക്കുന്ന മണ്ഡലങ്ങൾ ഉണ്ടല്ലോ ഇവിടെ. ടീച്ചർക്ക് അതിൽ നല്ല അസംതൃപ്തി ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
പക്ഷേ ഒരിക്കൽപ്പോലും ടീച്ചറുടെ എതിർസ്വരം കേട്ടിട്ടില്ല, അസംതൃപ്തി പുറത്തുകാണിച്ചിട്ടില്ല ?
പാർട്ടി നേതാവാകുമ്പോൾ സ്വാഭാവികമായിട്ടും അത് ഉള്ളിൽ ഒതുക്കി പറയുകയേയുള്ളൂ. ഒരു കമ്മ്യൂണിസ്റ്റ് നേതാവാകുമ്പോൾ സ്വാഭാവികമായിട്ടും അതിന്റെതായ വിലക്കുകൾ ഉണ്ടാകും. അതുകൊണ്ട് ടീച്ചർ ഒന്നും പുറത്തു പറയില്ല. പക്ഷേ ടീച്ചറിന് ഹൃദയ വേദനയുണ്ട്. കേരളത്തിൽ നല്ല പേരും പ്രശസ്തിയും ഉണ്ടായിരുന്ന ഒരാളെ അവസാനം കൊണ്ടുപോയി തോൽപ്പിച്ചു എന്ന വേദന ടീച്ചർക്കും അവരെ സ്നേഹിക്കുന്ന ആളുകളുടേയും മനസ്സിലുണ്ട്. പാർട്ടി നേതൃത്വം ടീച്ചറോട് ചെയ്തത് ഏറ്റവും വലിയ ക്രൂരതയാണ്. ടീച്ചറെ കുറിച്ച് നല്ല അഭിപ്രായമാണല്ലോ പൊതുവേ ഉള്ളത്. അങ്ങനെയുള്ള ഒരാളെ തോൽക്കാൻ ഇടയാക്കാൻ പാടില്ലായിരുന്നു. പാർട്ടി ടീച്ചറോട് ചെയ്തത് ക്രൂരമായ നടപടിയാണ്.
പാർട്ടിക്കുള്ളിലെ അതൃപ്തികൾ വേഗത്തിൽ പരിഹരിക്കപ്പെടേണ്ട ഒന്നല്ലേ, തദ്ദേശത്തിലെ തിരിച്ചടിയിൽ നിന്ന് പാർട്ടി പാഠം ഉൾക്കൊള്ളാൻ തയാറായില്ലേ?
പാർട്ടിയിൽ അസംതൃപ്തരായ ഒരു വിഭാഗം ഇപ്പോൾ ഉണ്ട്. സംതൃപ്തരായ അണികൾ ഉണ്ടായാൽ മാത്രമേ പാർട്ടിയും പാർട്ടി പ്രവർത്തനവും വിജയിക്കുകയുള്ളൂ. ജനങ്ങൾ ആകെ അസംതൃപ്തരാണെന്ന് പാർട്ടി കമ്മിറ്റിയിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ഭരണത്തിന്റെ കാര്യത്തിലും പാർട്ടി നേതൃത്വം സ്വീകരിക്കുന്ന നിലപാടിലും അസംതൃപ്തി ഉണ്ടായിരുന്നു. പാർട്ടി നേതാക്കളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും അസംതൃപ്തി ഉണ്ട്.
അങ്ങനെ പാർട്ടി അണികളാകെ വലിയ തോതിൽ അസംതൃപ്തിയിലാണ് ഉണ്ടായിരുന്നത്. ഈ അസംതൃപ്തി പരിഹരിക്കണമെന്നും അസംതൃപ്തി പരിഹരിച്ചിട്ടില്ലെങ്കിൽ പാർട്ടിക്ക് മുമ്പോട്ട് പോകാൻ കഴിയില്ലെന്നും അത് വലിയ ഒരു പൊട്ടിത്തെറിയിലേക്ക് എത്തുമെന്ന് ഒരു ഘട്ടത്തിൽ ഞാൻ ചർച്ചയിൽ പറഞ്ഞിരുന്നു. പക്ഷേ അതൊന്നും പാർട്ടി കേട്ടില്ല. അതിനിടയ്ക്ക് തിരഞ്ഞെടുപ്പുകൾ വന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധി സിപിഎം പരിശോധിക്കണമായിരുന്നു. എത്രമാത്രം അസംതൃപ്തിയാണ് ഉണ്ടായതെന്ന് ആ വിധി തെളിയിക്കുന്നുണ്ട്. പാർട്ടിയുടെ വളരെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ പോലും തോറ്റു. പാർട്ടി കണ്ണൂർ ജില്ല സെക്രട്ടറി ജീവിക്കുന്ന വാർഡ് വരെ തോറ്റു. ഈ ജനവികാരം എല്ലാം നേതൃത്വത്തിന് എതിരായിരുന്നു. പക്ഷേ അത് തിരുത്താൻ നേതൃത്വം തയ്യാറായില്ല.
എവിടെ നിന്നാണ് മാറ്റങ്ങൾ തുടങ്ങേണ്ടത്, തലപ്പത്തെ അഴിച്ചുപണി അത്ര എളുപ്പമുള്ള കാര്യമാണോ ?
പാർട്ടി തിരുത്താൻ തയ്യാറാകുന്നുണ്ടെങ്കിൽ സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം സധൈര്യം ഇടപെടണം. സംസ്ഥാന നേതൃത്വത്തെയും പരാജയത്തിന് കാരണമായ ജില്ലാ നേതൃത്വത്തിനെയും ഒക്കെ മാറ്റി പകരം ജനങ്ങൾക്ക് ഒരു ആത്മവിശ്വാസം നൽകുന്ന നേതൃത്വത്തെ കൊണ്ടുവരണം. എങ്കിലേ ഈ പാർട്ടി രക്ഷപ്പെടുകയുള്ളൂ. ആദ്യം മാറേണ്ടത് പാർട്ടി സെക്രട്ടറിയാണ്. പാർട്ടി നന്നാവണമെങ്കിൽ മുകളിൽ നിന്ന് തിരുത്താൻ തുടങ്ങണം. ഏറ്റവും കൂടുതൽ അവിശ്വാസം ഉള്ളത് പാർട്ടി സെക്രട്ടറിയെക്കുറിച്ചാണ്. ജനങ്ങളുടെ വികാരം ഏറ്റവും എതിരായി കിടക്കുന്നത് ഈ പാർട്ടി സെക്രട്ടറിയെക്കുറിച്ചാണ്. അയാളുടെ പെരുമാറ്റവും അയാളുടെ സ്വഭാവവും ശരീരഭാഷയും രീതിയും ഒക്കെയാണ് ജനങ്ങൾ ചർച്ച ചെയ്യുന്നത്. അവിടുന്ന് മാറ്റം തുടങ്ങണം. എന്നിട്ട് ആ മാറ്റം താഴെ വരെ എത്തണം. അതിന് തയ്യാറായാൽ സിപിഎമ്മിന് ഭാവിയുണ്ട്. അതല്ല ഇതെല്ലാം അടിച്ചേൽപ്പിച്ച് ന്യായീകരിച്ചാൽ കാര്യമുണ്ടാകില്ല.
ഇപ്പോൾ തന്നെ തളിപ്പറമ്പിൽ വോട്ടൊന്നും ചോർന്നിട്ടില്ല എന്നാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്. അപ്പോൾ ഈ നിലപാട് ആണെങ്കിൽ ഈ പാർട്ടി രക്ഷപ്പെടാൻ പോകുന്നില്ല. ഇവരുടെ കാലത്തോടു കൂടി ഇതും ഇല്ലാണ്ടാവും. ജനങ്ങൾക്ക് എന്നോട് ഒരു പരിഹാസം ഒന്നും ഉണ്ടായിട്ടില്ല. പോളിംഗ് ദിവസം വൈകുന്നേരം ചിലയാളുകളെ കൊണ്ട് പരിഹസിച്ചു, കൂകിവിളിച്ചു. പക്ഷേ ആ ബൂത്തിൽ എനിക്ക് 420 വോട്ട് കിട്ടി. മറ്റയാൾക്ക് 230 വോട്ടാണ് കിട്ടിയത്. വലിയ ഭൂരിപക്ഷമാണ് എന്റെ ബൂത്തിൽ എനിക്ക് കിട്ടിയത്. അതായത് കൂകിവിളിച്ചവർ പോലും എനിക്കാണ് വോട്ട് ചെയ്തത്. അല്ലെങ്കിൽ എനിക്ക് ഇത്രയും വോട്ട് കിട്ടില്ലല്ലോ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രമായ മലപ്പട്ടത്ത് അഞ്ച് ബൂത്തിൽ ഭൂരിപക്ഷമുണ്ട്. എന്റെ നാട്ടിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം 600 വോട്ട് മാത്രമാണ്. ആ നിലയിലേക്ക് ജനങ്ങൾ ചിന്തിക്കുന്നു.
തിരഞ്ഞെടുപ്പിന് ശേഷം എന്നെ പാർട്ടി സഹപ്രവർത്തകർ ആരും വിളിച്ചിട്ടില്ല. സാധാരണക്കാരായ ലോക്കൽ കമ്മിറ്റി നേതാക്കളെല്ലാം വിളിക്കാറുണ്ട്. നേതൃത്വ നിരയിൽ നിന്ന് ആരും എന്നെ ഇതുവരെ വിളിച്ചിട്ടില്ല. എന്തുകൊണ്ട് തളിപ്പറമ്പ് ഉണ്ടായി? എന്തുകൊണ്ട് പയ്യന്നൂർ ഉണ്ടായി? എന്തുകൊണ്ട് അമ്പലപ്പുഴ ഉണ്ടായി എന്നൊക്കെ പാർട്ടി പരിശോധിക്കണം. ഇതേപോലുള്ള സ്ഥലങ്ങളിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച നേതാക്കൾ എന്തുകൊണ്ട് പാർട്ടിക്ക് എതിരായി മത്സരിക്കാൻ ഇടയായി എന്ന കാര്യം നിഷ്പക്ഷമായി പരിശോധിക്കാൻ സിപിഎം നേതൃത്വം തയ്യാറാകുമോ എന്നാണ് കാണേണ്ടത്. ആ തെറ്റ് തിരുത്താൻ അവർ തയ്യാറുണ്ടോ? ആ തെറ്റ് ജനങ്ങളോട് തുറന്നു പറയാൻ അവർ തയ്യാറുണ്ടോ?
തളിപ്പറമ്പിലെ ജനതയോട് സിപിഐ നേതൃത്വം മാപ്പ് പറയണം. തളിപ്പറമ്പിൽ എൽഡിഎഫ് നിശ്ചയിച്ച സ്ഥാനാർഥി പറ്റില്ല എന്ന് പറഞ്ഞതാണ്. ആ സ്ഥാനാർഥിയെ അടിച്ചേൽപ്പിച്ചതാണ്. അതിന്റെ ഫലമായിട്ടാണ് നിരവധിയായ പാർട്ടി സഖാക്കൾ പാർട്ടിക്ക് എതിരായി വോട്ട് ചെയ്യാൻ ഇടയായത്. ഇത് പരിശോധിക്കാൻ പാർട്ടി നേതൃത്വം തയ്യാറാവണം. പാർട്ടി അണികളെ കൊണ്ട് പാർട്ടിക്ക് എതിരായി വോട്ട് ചെയ്യിക്കാൻ ഇടയാക്കിയ സാഹചര്യം സൃഷ്ടിച്ച നേതൃത്വം തിരുത്തുന്നില്ലെങ്കിൽ കണ്ണൂർ ജില്ലയിലെ പാർട്ടിയും ദുർബലപ്പെടും.
കോടിയേരി സഖാവിന്റെ വീട്ടിലേക്കുള്ള സന്ദർശനം പെട്ടെന്ന് എടുത്ത തീരുമാനമാണോ, അതോ ഒരു നിലപാടിന്റെ ഭാഗമാണോ ?
കോടിയേരിയുടെ കുടുംബവും എന്റെ കുടുംബവും വളരെ അടുത്ത് കഴിഞ്ഞവരാണ്. കോടിയേരി ഉള്ളപ്പോൾ തന്നെ കുടുംബപരമായി അടുപ്പം ഉള്ളവരാണ് ഞങ്ങൾ. കോടിയേരി എന്റെ വീട്ടിൽ നടക്കുന്ന എല്ലാ പരിപാടിയിലും ഉണ്ടാകും, ഞങ്ങൾ അങ്ങോട്ടും അങ്ങനെതന്നെ. ഞങ്ങളുടെ മക്കളും പരസ്പരം അങ്ങനെ തന്നെ. അത്രയും അടുത്ത ബന്ധമുള്ള രണ്ട് കുടുംബങ്ങളാണ് ഞങ്ങൾ. ജയിച്ചപ്പോൾ കോടിയേരി ഇല്ല, കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്നത് വേറെ കാര്യം. കോടിയേരിയുടെ കുടുംബത്തെ ചെന്ന് കാണുക എന്നത് എന്റെ മര്യാദയല്ല, അത് എന്റെ കടമയാണ്. ഞങ്ങൾ കണ്ടു, സംസാരിച്ചു, രാഷ്ട്രീയത്തിന് അപ്പുറമായിട്ടുള്ള സന്ദർശനമാണ് അത്. ഞങ്ങൾ സ്നേഹം പുതുക്കി പിരിഞ്ഞു.
കോടിയേരിയുടെ വിടവ് നികത്താൻ പാർട്ടിക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. അത് നികത്താൻ സാധിക്കില്ല. നികത്താൻ പറ്റാത്ത നഷ്ടം തന്നെയാണ് അത്. കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഈ കാര്യങ്ങൾ ഒന്നും നടക്കില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പാർട്ടിക്ക് അകത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുകയോ അസംതൃപ്തി ഉണ്ടാകുകയോ ചെയ്യുകയാണെങ്കിൽ അതെല്ലാം കണ്ടെത്താനും പരിഹാരം കാണാനുള്ള ചില രീതിയുണ്ട് കോടിയേരിക്ക്, സംഘടന രീതിയുണ്ട് അദ്ദേഹത്തിന്. അത് വളരെ സ്നേഹത്തോടുകൂടി അദ്ദേഹം ഉപയോഗിക്കും. ഇനി എന്തെല്ലാം ഉണ്ടായാലും കോടിയേരി ഒരു വാക്ക് പറഞ്ഞാൽ അതിനപ്പുറം പറയാൻ എനിക്ക് കഴിയില്ല, കുഞ്ഞികൃഷ്ണനും ആവില്ല.
പക്ഷേ അത്തരം ഒരു സമീപനം പാർട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഇനി അതൊന്നും വേണ്ട. പിണറായി പറഞ്ഞോട്ടെ. പിണറായി പറഞ്ഞു കഴിഞ്ഞാൽ നമ്മൾ ആരെങ്കിലും എതിർക്കുമോ. കാണുകയൊന്നും വേണ്ട, ഒന്ന് വിളിച്ചാൽ പോരെ. അങ്ങനെ ചെയ്യരുത് എന്ന് പിണറായി പറഞ്ഞാൽ എനിക്ക് തള്ളാനാകുമോ. പിണറായി ജില്ലാ സെക്രട്ടറി ആയതുമുതൽ പാർട്ടി ഏരിയ സെക്രട്ടറി ആയി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. എനിക്ക് പിണറായി തള്ളാൻ പറ്റുമോ? പക്ഷേ അത്തരം ഒരു നിലപാടുകളും സ്വീകരിച്ചില്ല. അഹന്തയാണ്. നേതൃത്വത്തിന്റെ അഹന്തയാണ്. പോകുന്നവർ പോയിക്കോട്ടെ എന്ന സമീപനം. നേതൃത്വം ഇടപെടും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എം.വി. ഗോവിന്ദൻ മാഷും ഞാനും ഒരേ കമ്മിറ്റിയിൽ നിന്ന് പ്രവർത്തനം ആരംഭിച്ചതാണ്. അയാൾക്ക് ഒന്ന് വിളിക്കാമായിരുന്നല്ലോ. അദ്ദേഹവും സംസാരിച്ചില്ലല്ലോ. തിരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാം മാറിക്കോളും, ശ്യാമള തന്നെയാണ് സ്ഥാനാർഥി എന്ന് പറയുന്നു. അഹന്തയോട് കൂടി പോയാൽ നിങ്ങൾ പോയി പണി നോക്കൂ എന്ന് ജനങ്ങൾ പറയും. അതാണ് ഇപ്പോൾ സംഭവിച്ചത്.
ടി.കെ. ഗോവിന്ദനാണ് ശരി എന്നതിലാണല്ലോ എത്തിയത്. അതിലേയ്ക്ക് എത്തിക്കാൻ പാടുണ്ടായിരുന്നോ. ഒരു പാർട്ടി നേതാവ് ജനങ്ങളോട് സാധാരണക്കാരന്റെ ഇടയിൽ കാണിക്കേണ്ട സൗഹൃദവും വിനയവും സ്നേഹവും പാർട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അത് സിപിഎം നേതാക്കളുടെ ശൈലിയായി മാറുകയാണ്. ജനങ്ങളെ അംഗീകരിക്കാതെ, ജനങ്ങളെ പരിഗണിക്കാതെ എല്ലാവരെയും നിസ്സാരന്മാരായി കാണുന്നു. ജനപിന്തുണ ഉള്ള ആളാണ് താനെന്നും താനാണ് ഇതെല്ലാം തീരുമാനിക്കുന്നതെന്നും ചിന്തിക്കുന്നു. പാർട്ടി നേതാക്കളിൽ പലർക്കും ഈ ചിന്തയുണ്ട്. അതാണ് ഏറ്റവും കൂടുതൽ വെറുക്കുന്നതെന്ന് ഈ പാർട്ടി നേതാക്കൾ തിരിച്ചറിയണം.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വേളയിൽ യുഡിഎഫ് നേതാക്കളുടെ പിന്തുണ എങ്ങനെയായിരുന്നു?
രമേശ് ചെന്നിത്തലയും കെ.സി വേണു ഗോപാലും തമ്മിൽ നേരത്തെ മുതലുള്ള ബന്ധമാണ്. അത്രയ്ക്ക് അടുപ്പം ഇല്ലാത്തത് വി.ഡി സതീശനുമായിട്ടാണ്. രമേശ് ചെന്നിത്തല എന്നെ വിളിക്കുകയും അന്വേഷിക്കുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു, പ്രചാരണത്തിനും വന്നിട്ടുണ്ട്. കെസി ആദ്യമേ തന്നെ വേണ്ട എല്ലാ സഹായങ്ങളും ചെയ്യാറുണ്ടായിരുന്നു. വി.ഡി സതീശനുമായും സംസാരിച്ചിട്ടുണ്ട്. കെ. സുധാകരൻ എല്ലാ സഹായവും നൽകാം എന്ന് പറഞ്ഞിട്ട് എന്നെ വിളിച്ചറിയിച്ചിട്ടുണ്ട്.
എല്ലാ നേതാക്കന്മാരും എന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവരും അതിനായി മുൻകൈ എടുത്തിട്ടുണ്ട്. ചെന്നിത്തല നേരത്തെ ആഭ്യന്തര ആയിരുന്ന ആളാണ്. കെ.സി വേണുഗോപാലും മന്ത്രിയായി ഇരുന്നയാളാണ്. വി.ഡി സതീശൻ ആണല്ലോ ആദ്യമായിട്ട് മന്ത്രി ആകുന്നത്. കെ.സി വേണു ഗോപാൽ മന്ത്രി ആയിരുന്ന ഘട്ടത്തിൽ ജനങ്ങളോട് നല്ല സ്നേഹം കാണിച്ചിട്ടുണ്ട്. കഴിവുള്ള നേതാക്കളാണ് ഇവരൊക്കെ.
ആഡംബരം ഒഴിവാക്കുക എന്നതാണ് നിയുക്ത മുഖ്യമന്ത്രി ആദ്യം കെെക്കൊള്ളുന്ന തീരുമാനങ്ങൾ. വി.ഡി. സതീശൻ എന്ന മുഖ്യമന്ത്രിയിലുള്ള പ്രതീക്ഷകൾ ?
ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കുന്നത് നല്ലതാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞാൽ ഗവൺമെന്റിനെ കുറിച്ച് നല്ല അഭിപ്രായങ്ങൾ ഉണ്ടാകും. വലിയ തോതിലുള്ള ആഡംബരമുള്ള ഭരണമാണ് ജനങ്ങൾ ഇപ്പോൾ കണ്ടുവന്നത്.
അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കുകയും അത്യാവശ്യമായിട്ടുള്ള കാര്യങ്ങൾ മാത്രം വെച്ച് പോകുകയുമാണ് ഇന്നത്തെ നിയുക്ത മുഖ്യമന്ത്രിയുടെ നയമെങ്കിൽ അത് ജനങ്ങൾ സ്വീകരിക്കും.
ഇടതുപക്ഷം കെെക്കൊണ്ട പല നിലപാടുകളും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായില്ലേ ?
ഇടതുപക്ഷം സ്വീകരിച്ച പല നിലപാടുകളും തിരിച്ചടിയായി. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ബാധിച്ചു. ശബരിമല യുവതി പ്രവേശനത്തിൽ നിലപാട് മാറ്റേണ്ടി വന്നു. ആദ്യം സ്വീകരിച്ച നിലപാട് ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുന്നതിന് ഇടയാക്കി. അപ്പോൾ നിലപാടിൽ മാറ്റം വരുത്തി. അതുപോലെ തന്നെ പിഎംശ്രീ ഒക്കെ ജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. പാർട്ടിയിലൊക്കെ അന്ന് രൂക്ഷമായ ചർച്ച ആയിരുന്നു. ഇത്തരത്തിലുള്ള ചില പ്രവർത്തനങ്ങൾ ഈ കഴിഞ്ഞ കാല സർക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതിൽ ജനങ്ങളിൽ അതൃപ്തി ഉണ്ടാക്കാൻ ഇടയാക്കിയിട്ടുണ്ട്.
എസ്ഡിപിഐ ആയി ബന്ധപ്പെട്ട പരാമർശങ്ങളും വെള്ളാപ്പള്ളി ഒക്കെ ആയിട്ട് ബന്ധപ്പെട്ടുള്ള പരാമർശങ്ങളും ഇതിൽ ഉൾപ്പെടുന്നു. അനവസരത്തിലുള്ള ചില പരാമർശങ്ങളും അനിയന്ത്രിതമായിട്ടുള്ള വാക്കുകളും പാർട്ടിക്ക് വലിയ ദോഷം ചെയ്തിട്ടുണ്ട്. അതൊക്കെ അവർ വിലയിരുത്തുമായിരിക്കും. ആ സമയങ്ങളിലൊക്കെ പാർട്ടിയിൽ ഉണ്ടായിരുന്ന ഒരാൾ എന്നുള്ള നിലക്ക് ആ പാർട്ടിക്കകത്ത് നടക്കുന്ന വികാരം എനിക്ക് മനസ്സിലാക്കാൻ കഴിയും. ഇതിനെതിരെ ശക്തമായ വികാരം പാർട്ടിയിൽ ഉണ്ടായിരുന്നു. ആ വികാരം സ്വാഭാവികമായിട്ടും വോട്ടായി മാറിയിട്ടുണ്ടാകും.
ഇനി അഞ്ചു കൊല്ലം തളിപ്പറമ്പിലെ മണ്ഡലത്തിന്റെ വികസനത്തിനു വേണ്ടിയും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുക എന്നുള്ളത് മാത്രമാണ് എന്റെ ലക്ഷ്യം. വേറെ ഒരു ലക്ഷ്യവും എന്റെ മുൻപിൽ ഇല്ല. ആ ജനതയ്ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. അതെല്ലാം പരിഹരിക്കണം. ആ ജനത ഇതുവരെ ഒരു എംഎൽഎയെ കാണാത്തവരാണ്. ഒരു എംഎൽഎയെ സമീപിക്കാൻ കഴിയാത്തവരാണ്. അവർക്ക് ഇന്ന് ഒരു എംഎൽഎയെ കിട്ടി. അവർ ഇന്ന് വളരെ ആവേശത്തിലാണ്. പുതിയ സർക്കാർ ഒപ്പമുണ്ടാകും എന്നാണ് വിശ്വാസം. സതീശനും ചെന്നിത്തലയും കെ സിയും അക്കാര്യം ഉറപ്പ് നൽകി. പ്രത്യേക ശ്രദ്ധയും സഹായവും ഉണ്ടാകും എന്ന് നേതാക്കൾ പറഞ്ഞിട്ടുണ്ട്.
സിപിഎം ദുർബലപ്പെട്ടാൽ ഗുണം ലഭിക്കുക ബിജെപിക്കല്ലേ ?
സിപിഎം ദുർബലപ്പെടാൻ പാടില്ല, തകരാൻ പാടില്ല. സിപിഎം തകർന്നാൽ ബിജെപി നേട്ടമുണ്ടാക്കും. സിപിഎമ്മിൽ ജീർണത ബാധിച്ചു കഴിഞ്ഞാൽ ബിജെപിക്കാണ് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ കഴിയുക. ആളുകൾ സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്കാ പോവുക. കാരണം സിപിഎമ്മിന്റെ അണികൾ എന്ന് പറയുന്നത് ഒരു ഹിന്ദു സമൂഹമാണ്. ഏറ്റവും കൂടുതൽ ഹിന്ദുക്കളാണ്. സിപിഎമ്മിലുള്ള വിശ്വാസമാണ് അവരെ ഈ പാർട്ടിയോടൊപ്പം നിർത്തുന്നത്. ആ വിശ്വാസം തകർന്നാലോ അവർ എവിടേക്ക് പോകും? കോൺഗ്രസിലേക്ക് പോകാൻ അവർക്ക് സാധിക്കില്ല. അവർ അന്നേരം എന്ത് ചെയ്യും? ഈ ബോധത്തിൽ ബിജെപിയിലേക്ക് പോകുന്ന നിലയുണ്ടാകും. ഇടതുപക്ഷം തകർന്നാൽ ബിജെപി ശക്തിപ്പെടാൻ ഇടയാകുമെന്നതിൽ ഒരു സംശയവും വേണ്ട. അതുകൊണ്ടാണ് ഇടതുപക്ഷം തകരരുത്, ഇടതുപക്ഷം പരിഷ്കരിക്കപ്പെടണം, തിരുത്തണം എന്ന് പറയുന്നത്. ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു കക്ഷിയായി ഇടതുപക്ഷം മാറണം. ഇല്ലെങ്കിൽ അത് ബിജെപിക്ക് വളമായി മാറും.
Content Highlights: Newly elected Taliparamba MLA TK Govindan heavily criticized the CPM state leadership, stating that the Left's historic defeat was driven by public dissatisfaction and leadership arrogance, while warning that a collapse of the communist party would directly benefit the BJP in Kerala.
Published: 17 May 2026, 04:44 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented