രാജാജിയുടെ (സി രാജഗോപാലാചാരി) യുടെ ദർശനങ്ങളിൽ ആകൃഷ്ടനായാണ് താങ്കൾ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. സോഷ്യലിസ്റ്റ് സമീപനമുൾപ്പെടെ ജവഹർലാൽ നെഹ്രുവിന്റെ പല നയങ്ങളെയും നിശിതമായി വിമർശിച്ച നേതാവായിരുന്നു രാജാജി. എന്നിട്ടും എങ്ങിനെയാണ് താങ്കൾ ഒരു നെഹ്രുവിയനായി മാറിയത്?

To advertise here,

ഞാൻ നെഹ്രുവിന്റെ ആരാധകനാണ്, പക്ഷേ, നെഹ്രു വിമർശനങ്ങൾക്ക് അതീതനാണെന്ന് ഞാൻ കരുതുന്നില്ല. രാജാജിയോടുള്ള ആഴമാർന്ന ആദരവിൽ നിന്നാണ് ഞാൻ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. അദ്ദേഹത്തിന്റെ ബുദ്ധിപരമായ സത്യസന്ധത സമാനതകളില്ലാത്തതായിരുന്നു. ലൈസൻസ് രാജിനെക്കുറിച്ചുള്ള രാജാജിയുടെ മുന്നറിയിപ്പുകൾ പിന്നീട് യാഥാർത്ഥ്യമായെന്നും മറക്കരുത്. സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള രാജാജിയുടെ വീക്ഷണങ്ങൾ ശരിയായിരുന്നു എന്നാൽ ഇന്ത്യയുടെ ആത്മാവ് എന്താണെന്നതിൽ നെഹ്രുവായിരുന്നു ശരി. ശൈഥില്ല്യവുമായി മുഖാമുഖം നിന്ന നാളുകളിൽ നമ്മുടെ രാഷ്ട്രത്തെ ഒന്നിച്ചു നിർത്തുന്നതിൽ നെഹ്രുവിന്റെ ദർശനങ്ങൾ വഹിച്ച പങ്ക് നിസ്തുലവും നിർണ്ണായകവുമായിരുന്നു. ഇന്നിപ്പോൾ ഞാൻ ഒരു നെഹ്രുവിയനാണ്, കാരണം ഇന്ത്യയെ എല്ലാവരുടേതുമായി നിലനിർത്തുന്നതിന് പ്രേരകമായ സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിച്ചവയാണെന്ന് ഞാൻ വിശ്വസിക്കുന്നു.

സുഭാഷ് ചന്ദ്ര ബോസ്, സർദാർ പട്ടേൽ, രാജാജി എന്നിവരുമായി തുലനം ചെയ്യുമ്പോൾ ആധുനിക ഇന്ത്യയുടെ മുഖ്യ ശിൽപിയായി നെഹ്രുവിനെ പരിഗണിക്കേണ്ടിവരുന്ന സുപ്രധാന ഘടകം ഏതാണ്?

സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നേതാക്കളിൽ ഓരോരുത്തരും അനിവാര്യരായിരുന്നു. ഇന്ത്യയുടെ ഭൂപടം ഒരുക്കിയത് പട്ടേലാണ്; നേതാജി പകർന്ന ഊർജ്ജം അതുല്ല്യമായിരുന്നു; വിയോജിക്കേണ്ടത് എങ്ങിനെയാണെന്ന് രാജാജി നമ്മളെ പഠിപ്പിച്ചു. പക്ഷേ, രാഷ്ട്രീയ സംസ്‌കൃതി തന്നത് നെഹ്രുവാണ്. ജനാധിപത്യത്തെ സ്ഥാപനവത്കരിച്ചു എന്നതായിരുന്നു നെഹ്രുവിന്റെ ഏറ്റവും സുപ്രധാന നേട്ടം. ബ്രിട്ടന്റെ കോളനി വാഴ്ചയ്ക്ക് ശേഷം ലോകമെമ്പാടും നിരവധി പുതിയ രാജ്യങ്ങളും ഭരണകൂടങ്ങളും നിലവിൽ വന്നു. ഇവയിൽ മിക്കവയിലും ഭരണാധികാരികൾ ഛത്രാധിപതികളായി. എന്നാൽ തുടർച്ചയായി 17 വർഷം അധികാരം കൈയ്യാളിയിട്ടും നെഹ്രു ചെയ്തത് പാർലമെന്ററി ജനാധിപത്യം ശക്തിപ്പെടുത്തുകയായിരുന്നു. പ്രതിപക്ഷ നേതാവിനെ അദ്ദേഹം ആദരവോടെ കണ്ടു; ഇന്നിപ്പോൾ അങ്ങിനെ ഒരു സമീപനം നമ്മൾ കാണുന്നില്ല. സൈന്യത്തെ അദ്ദേഹം ജനായത്ത ഭരണത്തിന് വിധേയമാക്കി. നമ്മുടെ ചുറ്റുമുള്ള രാജ്യങ്ങളെ നോക്കുമ്പോൾ ഈ ഒരു കാര്യത്തിനെങ്കിലും നമ്മൾ നെഹ്രുവിനോട് ആജീവനാന്തം കടപ്പെട്ടിരിക്കുന്നു.

അംബേദ്കറുടെയും നെഹ്രുവിന്റെയും ജിവചരിത്രങ്ങൾ താങ്കൾ എഴുതിയിട്ടുണ്ട്. ജനാധിപത്യത്തോടുള്ള നെഹ്രുവിന്റെ അനിഷേധ്യമായ കൂറ് അംഗീകരിക്കുമ്പോൾ തന്നെ വരേണ്യതയുടെ ഒരു വലയം അദ്ദേഹത്തിന് ചുറ്റമുണ്ടായിരുന്നു എന്ന വിമർശമുണ്ട്. അംബദ്കറിന്റെ ആശയ, കർമ്മ ലോകങ്ങൾ നെഹ്രുവുമായി സംഘർഷത്തിലാവുന്നത് ഈ പരിസരത്തിലാണ്. സാമൂഹ്യ നീതി അഭിസംബോധന ചെയ്യുന്നതിൽ നെഹ്രു പരാജയപ്പെട്ടു എന്ന വിമർശത്തെക്കുറിച്ച് എന്ത് പറയുന്നു?

അംബേദ്കർ ജീവചരിത്രത്തിൽ ഈ വിഷയം ഞാൻ പ്രതിപാദിക്കുന്നുണ്ട്. വരേണ്യനായ പരിഷ്‌കർത്താവും അടിത്തട്ടിലെ വിപ്ലവകാരിയും തമ്മിലുള്ള സംഘർഷം. മുകൾത്തട്ടിൽ നിന്നുള്ള നോട്ടമായിരുന്നു നെഹ്രുവിന്റേതെന്ന് വിമർശമുണ്ട്. അതേസമയം താൻ നേരിട്ടനുഭവിച്ച ജീവിത സാഹചര്യങ്ങളോടുള്ള സമൂർത്ത പ്രതികരണമായിരുന്നു അംബദ്കറിന്റേത്. പക്ഷേ, സാമൂഹ്യ നീതി അഭിസംബോധന ചെയ്യുന്നതിൽ നെഹ്രു പരാജയപ്പെട്ടു എന്ന് ഞാൻ കരുതുന്നില്ല. പാർടിക്കുള്ളിലെ യാഥാസ്ഥിതികരുടെ എതിർപ്പ് ഈ വിഷയത്തിൽ നെഹ്രുവിന് വലിയ പ്രതിബന്ധം തീർത്തിരുന്നു. ഹിന്ദു കോഡ് നടപ്പാക്കാനുള്ള നെഹ്രുവിന്റെ ഭഗീരഥ ശ്രമം സാമൂഹ്യ നീതി ലക്ഷ്യമിട്ടുള്ള ഗംഭീര സംരംഭമായിരുന്നു. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളായാണ് നെഹ്രുവിനെയും അംബദ്കറെയും ഞാൻ കാണുന്നത്. അവകാശങ്ങളുടെ സോഫ്റ്റ്വെയർ നമുക്ക് അംബദ്കറാണ് തന്നത്; അവ സംരക്ഷിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ ഹാർഡ്വെയർ നെഹ്രുവും.

ഹിന്ദു സംസ്‌കൃതിയോടും വൈകാരികതയോടും മുഖം തിരിച്ചു എന്ന വിമർശം നെഹ്രുവിനെതിരെ ഇന്ത്യയിലെ വലത് പക്ഷം നിരന്തരം ഉയർത്തുന്നുണ്ട്. സോമനാഥ ക്ഷേത്രത്തെ ചരിത്ര സ്മാരകമായി നിലനിർത്തണമെന്നായിരുന്നു നെഹ്രുവിന്റെ ആവശ്യം, എന്നാൽ അതൊരു ആരാധാനാലയമായി തുടരണമെന്ന് പട്ടേലും രാജേന്ദ്രപ്രസാദും കെ എം മുൻഷിയുമൊക്കെ നിലപാടെടുത്തു. ഹൈന്ദവ സംസ്‌കൃതി നെഹ്രുവിന് അന്യമായിരുന്നില്ല എന്നാൽ ആധുനിക ഇന്ത്യയെക്കുറിച്ചുള്ള നെഹ്രുവിന്റെ കാഴ്ചപ്പാടിൽ ഇത് പ്രതിഫലിച്ചില്ല എന്നതിനോട് യോജിക്കുന്നുണ്ടോ?

നെഹ്രുവിന്റെ മതേതര കാഴ്ചപ്പാടിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ തെറ്റിദ്ധാരണയിൽ നിന്നാണ് ഈ വിമർശം വരുന്നത്. മത നിരപേക്ഷതയാണ് അല്ലാതെ മത വിരുദ്ധത അല്ല നെഹ്രു മുന്നോട്ടുവെച്ചത്. ഭരണകൂടം മതനിരപേക്ഷമായിരിക്കണം എന്നായിരുന്നു നെഹ്രുവിന്റെ കാഴ്ചപ്പാട്. നവീകരിച്ച സോമനാഥക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി രാജേന്ദ്രപ്രസാദ് പോകേണ്ടതില്ല എന്ന് നെഹ്രു നിലപാടെടുത്തത് അദ്ദേഹം മത വിരുദ്ധനായത് കൊണ്ടല്ല മറിച്ച് ഭരണകൂടം ഏതെങ്കിലും ഒരു മതത്തെ പ്രോത്സാഹിപ്പിക്കരുത് എന്ന് കരുതിയതുകൊണ്ടാണ്. ഇന്ത്യയെ കണ്ടെത്തൽ എന്ന നെഹ്രുവിന്റെ പുസ്തകവും അദ്ദേഹത്തെക്കുറിച്ച് നടത്തിയ പഠനങ്ങളും എനിക്ക് വ്യക്തമാക്കിത്തരുന്നത് നെഹ്രുവിന് ഇന്ത്യൻ സംസ്‌കൃതിയോട് അളവറ്റ ആദരവും പ്രിയവുമുണ്ടായിരുന്നു എന്നാണ്. ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെട്ട പുനരുദ്ധാരണ പ്രവർത്തനങ്ങളെ ഭരണകൂടം പിന്തുണച്ചാൽ അത് ഇതര മതവിഭാഗങ്ങളെ അന്യവത്കരിക്കുമെന്നും ഇന്ത്യയുടെ ആധുനികവത്കരണത്തിന് അത് തടസ്സമാവുമെന്നും നെഹ്രു കരുതി.

നെഹ്രു കുടുംബം അധികാരം കൈയ്യാളിയതോടെ സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന പല പ്രഗത്ഭ നേതാക്കൾക്കും ലഭിക്കേണ്ടിയിരുന്ന അംഗീകാരം ലഭിക്കാതെ പോയി എന്നാരോപണമുണ്ട്. കോൺഗ്രസ് നെഹ്രുകുടുംബത്തിന്റെ സ്വത്തായി എന്നാണ് വിമർശം. കോൺഗ്രസിനെതിരെയുള്ള പോരാട്ടത്തിൽ ഇതര രാഷ്ട്രീയ പാർടികൾക്ക് ലഭിച്ച ഏറ്റവും മൂർച്ചയുള്ള ആയുധം ഇതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. താങ്കളുടെ പ്രതികരണം എന്താണ്?

ഇക്കാര്യത്തിൽ തുറന്ന സമീപനമാണ് എനിക്കുള്ളത്. പിന്തുടർച്ചാ രാഷ്ട്രീയം ഗൗരവമാർന്ന വിഷയമായാണ് ഞാൻ കാണുന്നത്. നെഹ്രു ഒരിക്കലും പിന്തുടർച്ച പ്രോത്സാഹിപ്പിച്ചിരുന്നില്ല. തനിക്കൊരിക്കലും ശവകുടീരത്തിൽ നിന്ന് ഭരിക്കാനാവില്ല എന്നാണ് നെഹ്രു ഒരു അമേരിക്കൻ പത്രപ്രവർത്തകനോട് പറഞ്ഞത്. ഒരു നേതാവിനോടും ആ വ്യക്തിയുടെ കുടുംബത്തിനോടും അത്യധികം ആദരവും സ്നേഹവും പുലർത്തുന്നത് ഇന്ത്യൻ ജനതയ്ക്കിടയിൽ പരക്കെ കാണുന്ന പ്രതിഭാസമാണ്. കോൺഗ്രസിൽ മാത്രമല്ല സമാജ്​വാദി, ശിവസേന, എൻസിപി, ഡിഎംകെ എന്നീ പാർട്ടികളൊക്കെ ഇതിന് ഉദാഹരണമാണ്. ഡൈനാസ്റ്റി വേഴ്സസ് മെറിറ്റൊക്രസി എന്ന ചട്ടക്കൂട് മുന്നോട്ടുവെയ്ക്കുന്നവർ ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യങ്ങൾ കാണാതെ പോവുന്നുണ്ട്. തൊഴിലുകൾ പൈതൃകമായി കൈമാറ്റം ചെയ്യപ്പെടുന്നത് സർവ്വവ്യാപിയായ ഒരു സമൂഹമാണ് നമ്മുടേത്. അതുകൊണ്ടാണ് ഈ വിഷയത്തിൽ പ്രസ്ഥാനങ്ങൾക്കുള്ളിൽ പരിവർത്തനവും പരിഷ്‌കരണവും വേണമെന്ന് ഞാൻ വാദിക്കുന്നത്. കഴിവും ആശയങ്ങളും കുതിപ്പേകിയ ഒരു പാർട്ടി എന്ന പൈതൃകം കോൺഗ്രസ് വീണ്ടെടുക്കണം. നെഹ്രു നേതൃത്വം നൽകിയ കോൺഗ്രസിന്റെ അന്തഃസത്ത അതായിരുന്നു.

വൈകാരികമായ പ്രതികരണങ്ങളും ധാർഷ്ട്യം നിഴലിക്കുന്ന പെരുമാറ്റവും നെഹ്രുവിന്റെ കൂടപ്പിറപ്പായിരുന്നു എന്ന് പറയുന്നവരുണ്ട്. നെഹ്രുവിന്റെ ഏറ്റവും വലിയ ദൗർബ്ബല്യം ഈ സ്വഭാവ സവിശേഷതയായിരുന്നോ?

പൊതുവെ തന്റേത് ചൂടൻ പ്രകൃതമായിരുന്നെന്ന് നെഹ്രു തന്നെ സമ്മതിച്ചിട്ടുണ്ട്. തന്നേക്കാൾ ബുദ്ധിപരമായി പിന്നാക്കമാണെന്ന് കരുതിയിരുന്നവരോടുള്ള നെഹ്രുവിന്റെ പെരുമാറ്റം പലപ്പോഴും പരുക്കനായിരുന്നു. പക്ഷേ, അതാണോ അദ്ദേഹത്തിന്റെ സ്വഭാവം നിർണയിച്ചിരുന്നത് എന്ന് ചോദിച്ചാൽ അല്ല എന്ന് പറയേണ്ടി വരും. അദ്ദേഹത്തിന്റെ ഹൃദയവും തലച്ചോറും എത്രയോ മികച്ച മൂല്യങ്ങളുടെ ഉറവിടമായിരുന്നു. സാധാരണ മനുഷ്യരോടും കുട്ടികളോടുമുള്ള അദ്ദേഹത്തിന്റെ കരുതൽ അനിതരസാധാരണമായിരുന്നു. പാർലമെന്റിനോടും സംസ്ഥാന മുഖ്യമന്ത്രിമാരോടും ഉത്തരം പറയാൻ താൻ ബാദ്ധ്യസ്ഥനാണെന്ന ചിന്തയായിരുന്നു നെഹ്രുവിനെ എക്കാലത്തും നയിച്ചത്. അതിന് മുന്നിൽ ഈ പറയുന്നവ താരതമ്യേന ചെറിയ സംഗതികളാവുന്നു.

നെഹ്രു ആയിരുന്നില്ല ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെങ്കിൽ ഇന്ത്യയുടെ ചരിത്രം എന്താവുമായിരുന്നു?

പ്രധാനമന്ത്രിയായി നെഹ്രു ദീർഘകാലം ഭരണത്തിൽ ഇല്ലായിരുന്നെങ്കിൽ നമ്മുടെ രാജ്യത്തിന്റെ ഗതി തെറ്റായ വഴികളിലൂടെ നീങ്ങുമായിരുന്നു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ടിറ്റൊയ്ക്ക് ശേഷം യുഗൊസ്ലാവിയയ്ക്ക് സംഭവിച്ചതുപോലെ ഇന്ത്യയും ശിഥിലീകരിക്കപ്പെടുമായിരുന്നു. പട്ടാള അട്ടിമറികൾക്ക് കീഴ്പ്പെടുന്ന പാക്കിസ്താന്റെ വലിയൊരു രൂപമായി നമ്മൾ മാറുമായിരുന്നു, ഭാഷയാലും മതത്താലും വിഭജിക്കപ്പെടുന്ന ഒരു കൂട്ടം 'സ്താനുകൾ' ആയിത്തീരുമായിരുന്നു. ഇന്ത്യ എന്ന ആശയത്തിന് വേരുകൾ പടർത്താൻ സമയം കിട്ടിയത് 17 വർഷം നെഹ്രു അധികാരത്തിൽ ഉണ്ടായിരുന്നതകൊണ്ടാണ്. ഒരു രാഷ്ട്രമാകുന്നതിനുള്ള സമയം നമുക്ക് കിട്ടിയത് നെഹ്രു പ്രധാനമന്ത്രിയായതുകൊണ്ടാണ്.

ഏകാധിപത്യ, ഭൂരിപക്ഷവാദ പ്രവണതകൾ നെഹ്രുവിന് വേഗത്തിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. നാസിസത്തെയും ഫാസിസത്തെയും അദ്ദേഹം എതിർത്തത് ചരിത്രമാണ്. ഈ നെഹ്രുവിയൻ പൈതൃകത്തിന്റെ പശ്ചാത്തലത്തിൽ മോദി സർക്കാരിനെതിരെയുള്ള പോരാട്ടത്തിൽ താങ്കൾ സ്വയം പ്രതിഷ്ഠിക്കുന്നത് എങ്ങിനെയാണ്?

എല്ലാവരേയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ പ്രതിരോധ വ്യൂഹത്തിലെ ഒരു കാലാൾ പടയാളിയായാണ് ഞാൻ എന്നെത്തന്നെ കാണുന്നത്. വിശ്വാസം ആധാരമാക്കിയുള്ള ഭൂരിപക്ഷ വാദ ദേശീയതയിലേക്കുള്ള മാറ്റത്തെയാണ് സമകാലിക കേന്ദ്ര ഭരണകൂടം പ്രതിനിധീകരിക്കുന്നത്. ഇതിനെതിരെയുള്ള പോരാട്ടത്തിൽ നെഹ്രുവിന്റെ പൈതൃകമാണ് ബൗദ്ധികമായി എന്റെ മുഖ്യ ആയുധം. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യ നഷ്ടത്തെക്കുറിച്ച് പാർലമെന്റിൽ പ്രസംഗിക്കുമ്പോൾ സമതുല്ല്യരിൽ പ്രഥമ സ്ഥാനത്തുള്ളയാൾ മാത്രമാണ് പ്രധാനമന്ത്രി എന്നും ഏറ്റവും അവസാനത്തെ നിരയിൽ നിൽക്കുന്ന മനുഷ്യനെ ഏറ്റവും മുന്നിൽ നിൽക്കുന്ന മനുഷ്യനെപ്പോലെതന്നെ സ്വന്തമാണെന്ന് ഭരണകൂടം കരുതണമെന്നും വിശ്വസിച്ച ഒരു മനുഷ്യന്റെ ആത്മവീര്യമാണ് ഞാൻ പ്രസരിപ്പിക്കുന്നത്.

1959 ൽ നെഹ്രു സർക്കാർ കേരളത്തിലെ ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ടു. ഏറ്റവും വലിയ ജനാധിപത്യവാദികളിലൊരാളായി ലോകം കൊണ്ടാടുന്ന ഒരു മനുഷ്യൻ എന്തുകൊണ്ടാണ് ഇത്തരമൊരു ജനാധിപത്യ വിരുദ്ധ നടപടി എടുത്തത്?

നെഹ്രുവിന്റെ ജനാധിപത്യ ചരിത്രത്തിലെ ദുഃഖകരവും അപൂർവ്വവുമായ വീഴ്ച എന്നാണ് ഞാൻ ഇതിനെ വിശേഷിപ്പിക്കുക. കേരളത്തിൽ ഇഎംഎസ് സർക്കാരിനെതിരെ വലിയ ജനകീയ പ്രക്ഷോഭമുണ്ടായിരുന്നു എന്നത് ശരിയാണ്. സംസ്ഥാന ഭരണം വഷളായി എന്നും ആരോപണമുണ്ടായിരുന്നു. എന്നാലും ജനങ്ങൾ തിരഞ്ഞെടുത്ത ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടത് ദയനീയമായിരുന്നു. ജനാധിപത്യ തത്വങ്ങൾക്ക് മുകളിൽ രാഷ്ട്രീയ കണക്കുകൂട്ടലുകൾ അധീശത്വം നേടിയ നിമിഷമായിരുന്നു അത്. നമ്മുടെ ഇടയിലെ ഏറ്റവും മഹദ് വ്യക്തികൾ പോലും അവരുടെ കാലത്തിന്റെ സമ്മർദ്ധങ്ങൾക്ക് കീഴ്പ്പെട്ടേക്കാം എന്നാണ് ഇത് നമ്മളെ ഓർമ്മിപ്പിക്കുന്നത്.

നെഹ്രുവിന്റെ ഓർമ്മകൾ മായ്ച്ച് കളയാൻ ബിജെപി സർക്കാരിനാവുമോ?

അവർക്ക് ശിലയിൽ നിന്നും ചില ഭാഗങ്ങൾ അടർത്തിക്കളയാനാവും, പദ്ധതികളുടെ പേര് മാറ്റാനാവും, പാഠപുസ്തകങ്ങൾ തിരുത്തി എഴുതാനാവും, പക്ഷേ, അവർക്ക് നെഹ്രുവിനെ മായ്ക്കാനാവില്ല. ഓരോ തവണയും ഇന്ത്യയുടെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുമ്പോൾ , ഓരോ ഐഐടി വിദ്യാർത്ഥിയും വിദേശത്ത് വിജയപഥങ്ങൾ താണ്ടുമ്പോൾ , ആണവായുധ ബലത്തിൽ യുദ്ധങ്ങൾ ഒഴിവാക്കുമ്പോൾ , ഓരോ തവണയും ആണവ നിലയത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുമ്പോൾ, സ്വതന്ത്രമായ തിരഞ്ഞെടുപ്പിൽ പൗര സമൂഹം ഓരോ തവണയും വോട്ട് രേഖപ്പെടുത്തുമ്പോൾ നെഹ്രുവിന്റെ പൈതൃകം വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുന്നു. നിങ്ങൾ ഇപ്പോൾ നിൽക്കുന്ന ഈ വേദി നിർമ്മിച്ച മനുഷ്യനെ നിങ്ങൾക്ക് ഇല്ലാതാക്കാനാവില്ല. സ്മാരകങ്ങൾക്ക് മേൽ മാത്രമല്ല നെഹ്രുവിന്റെ പാദമുദ്രകൾ ഉള്ളത്, അവ നമ്മുടെ റിപ്പബ്ളിക്കിന്റെ ജനിതകത്തിൽ തന്നെ പതിഞ്ഞിരിക്കുന്നു.