
സിനിമാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് രാമസിംഹന്‍ അലി അക്ബര്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. സിനിമാ മേഖലയില്‍ എത്തിച്ചേരുന്നതിനു മുമ്പ് താനൊരു ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നുവെന്നും പിന്നീട് ഇടതു രാഷ്ട്രീയ പ്രവര്‍ത്തകരുമായി ഒത്തുപോകുന്നത് പ്രയാസമായയോടെ അതില്‍നിന്നു വിട്ടകന്നതായും രാമസിംഹന്‍ പറയുന്നു. തുടര്‍ന്ന് അഴിമതിക്കെതിരെയെന്ന് പ്രഖ്യാപിച്ച് കേരളത്തിലുള്‍പ്പെടെ അലയടിച്ച ആംആദ്മി പാര്‍ട്ടി ( എ.എ.പി.)യില്‍ അംഗമാകുകയും ഒരു തവണ എ.എ.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തു. എ.എ.പിയുടെ പിന്നാമ്പുറമെന്നത് ഹവാലയാണെന്ന് മനസിലായതോടെയാണ് എ.എ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്ന് രാമസിംഹന്‍ പറയുന്നു. ഹൈന്ദവതത്വങ്ങളോട് തോന്നിയ ആകര്‍ഷണവും പിന്നീടുള്ള മതപരിവര്‍ത്തനവുമായി മുന്നോട്ടുപോകാന്‍ യോജിച്ച പാര്‍ട്ടി ബി.ജെ.പിയാണെന്ന് തോന്നിയതിനാലാണ് അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചതെന്നും പിന്നീട് മനസ്സാക്ഷിയുമായി ചേര്‍ന്നുപോകാത്തതിനാല്‍ അതില്‍നിന്ന് അകന്നതായും പറയുന്ന രാമസിംഹന്‍ കേരളത്തില്‍ ബി.ജെ.പിയുടെ ഭാവി പ്രശ്നത്തിലാണെന്നും അഭിപ്രായപ്പെടുന്നു. തന്‍റെ രാഷ്ട്രീയാഭിപ്രായങ്ങളുടെ പേരില്‍ പരിഹാസവും പഴിചാരലും നേരിടുന്ന രാമസിംഹന്‍ അലി അക്ബര്‍ തന്റെ രാഷ്ട്രീയജീവിതത്തെ കുറിച്ച് സംസാരിക്കുന്നു.
താങ്കളുടെ ആദ്യകാല രാഷ്ട്രീയപ്രവർത്തനങ്ങൾ വിശദമാക്കാമോ? തിരഞ്ഞെടുപ്പിൽ ആദ്യം മത്സരിച്ചത് ആം ആദ്മി പാർട്ടി സ്ഥാനാര്‍ഥിയായിട്ടായിരുന്നല്ലോ, എ.എ.പി. വിടാനുണ്ടായ സാഹചര്യം?
1985 വരെ ഞാന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നു. ഞാനും ജ്യേഷ്ഠനും- ഞങ്ങള്‍ ഇടതുപക്ഷക്കാരായിരുന്നു. കോണ്‍ഗ്രസ് മാത്രം ജയിച്ചിരുന്ന ഞങ്ങളുടെ ബത്തേരി മണ്ഡലത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാനാര്‍ഥി വര്‍ഗീസ് വൈദ്യര്‍ ജയിക്കുന്നത് ഞങ്ങളുടെ ചെറുപ്പകാലത്താണ്. ഞാന്‍ തിരുവനന്തപുരത്ത് രണ്ട് വര്‍ഷത്തോളം മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന സമയത്താണ് രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങളെ കുറിച്ച് കൂടുതല്‍ മനസിലായത്. ദൂരദര്‍ശനില്‍ അന്ന് എല്ലാ ബുധനാഴ്ചയും വരുന്ന കേരള ഡയറി എന്ന പൊളിറ്റിക്കല്‍ പ്രോഗ്രാമിന് വേണ്ടി സ്ഥിരമായി കോണ്‍ഗ്രസുകാരേയും കമ്മ്യൂണിസ്റ്റുകാരേയും ഇന്റര്‍വ്യൂ ചെയ്തിരുന്നു. ഇ.എം.എസിനേയും വി.എസിനേയും പോലുള്ള പ്രമുഖരെയൊക്കെ ഇന്റര്‍വ്യൂ ചെയ്യാനായി. പുതിയ സഖാക്കള്‍ വരുന്നതോടെ പാര്‍ട്ടിയില്‍ വരുന്ന വ്യത്യാസം നേരിട്ടുബോധ്യപ്പെട്ടിട്ടുണ്ട്. പുറത്ത് കാണുന്ന സഖാക്കളെയല്ല പലപ്പോഴും എ.കെ.ജി. സെന്ററിനുള്ളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത്. അപ്പോഴേക്കും ഇടതുപക്ഷത്തിനെ തീരെ വെറുത്തു, പ്രത്യേകിച്ച് കെ.എസ്.എഫ്.ഡി.സിയുമായി ബന്ധപ്പെട്ടപ്പോള്‍.
കെ.എസ്.എഫ്.ഡി.സിയെന്നാല്‍ അഴിമതിയുടെ കൂടാരമായിരുന്നു, അവിടെ സഖാക്കളുടെ അഴിഞ്ഞാട്ടമായിരുന്നു. കെ.എസ്.എഫ്.ഡി.സിയില്‍ ഒരു ബോര്‍ഡുണ്ട്. സാധാരണഗതിയില്‍ സ്‌റ്റേറ്റ് അവാര്‍ഡോ നാഷണല്‍ അവാര്‍ഡോ കിട്ടിയാല്‍ ആ ബോര്‍ഡില്‍ ഓട്ടോമാറ്റിക്കായി അംഗമാകും. അവിടെ ചെയ്യുന്ന ഡോക്യുമെന്ററികളോ പരസ്യങ്ങളോ ഒക്കെ ഞങ്ങള്‍ക്കും തരണം. ഇതൊന്നും ഞങ്ങള്‍ക്ക് കിട്ടില്ല. അവിടെയുള്ള സഖാക്കന്‍മാരുടെ ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമായി അതൊക്കെ ഡിവൈഡ് ചെയ്തുപോകും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അവനവന് വേണ്ടി മാത്രമുള്ള പ്രസ്ഥാനമാണെന്നുള്ള ബോധ്യം വര്‍ധിച്ചത് അവിടെനിന്നാണ്. അതോടെ പൂര്‍ണമായും ഇടതുപക്ഷം വിട്ടു. അഴിമതിക്കെതിരെ അണ്ണാ ഹസാരെ കൊണ്ടുവന്ന ഒരു മൂവ്‌മെന്റായാണ് ആം ആദ്മി പാര്‍ട്ടിയെ ഞങ്ങളൊക്കെ സമീപിച്ചത്. എ.എ.പിയെ അനുകൂലിച്ചുകൊണ്ട് എഫ്ബിയില്‍ ഞാന്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ആ സമയത്ത് എന്റെയൊരു സുഹൃത്ത് എന്നെ എ.എ.പിയില്‍ ചേരാന്‍ പ്രേരിപ്പിച്ചു. തിരഞ്ഞെടുപ്പുകാലത്ത് ആദ്യ പതിനഞ്ച് ദിവസം കൊണ്ടുതന്നെ എ.എ.പി. എന്താണെന്ന് എനിക്കു മനസിലായി, മോദിയെ തകര്‍ക്കാന്‍ കൊണ്ടുവന്ന ഒരു പ്രസ്ഥാനമാണ്. വടകര മത്സരത്തില്‍നിന്ന് തന്നെ ഹവാലയാണ് എ.എ.പിയുടെ പിന്നാമ്പുറമെന്നത് എനിക്ക് മനസിലായി. ഇതിന്റെ കൂടെ നിക്കണ്ടാന്ന് പിന്നീട് സാറ(സാറ ജോസഫ്) യോട് ഞാന്‍ പറയുകയും ചെയ്തു. ആദ്യം അവര്‍ക്കത് മനസിലായില്ല, പിന്നീട് മനസിലായപ്പോഴാണ് അവര്‍ രാജിവെച്ചുപോയത്. അതിനു മുന്നെതന്നെ ഞാന്‍ രാജിവെച്ചു പോയിരുന്നു.
ഇടതുപക്ഷരാഷ്ട്രീയ പ്രവർത്തകനിൽനിന്ന് തീർത്തും പുതിയ സംഘടനയായ ആം ആദ്മി പാർട്ടിയിലേക്ക്, പിന്നീടൊരു ഘട്ടത്തിൽ അതും വിടുന്നു, തുടർന്ന് ബി.ജെ.പിയിലേക്ക്, സ്ഥാനാർഥിത്വം പോലും നൽകിയ ബി.ജെ.പിയിൽനിന്ന് രാജി വെച്ച് പുറത്തേക്ക്, എന്തായിരുന്നു കാരണങ്ങൾ?
വീണ്ടും രാഷ്ട്രീയത്തിലേക്ക് വരാനുള്ള കാരണം അച്ഛനൊക്കെയാണ് (സിനിമ). ഒറ്റയ്ക്ക് പൊരുതുക എന്നത് ബുദ്ധിമുട്ടായിരുന്നു, അച്ഛന്‍ ചെയ്യുമ്പോള്‍ ഒരു തരത്തിലുള്ള ബാക്കിങ്ങും കിട്ടിയിരുന്നില്ല. ഒരു പ്രസ്ഥാനം ബാക്ക് ചെയ്യാനുണ്ടെങ്കില്‍ നന്നായിരിക്കുമെന്നുണ്ടായിരുന്നു. അതിനിടെ ഞാന്‍ ഗീത പഠിക്കുകയും ഞാനൊരു ഹിന്ദു ഡിവോട്ടിയായി മാറുകയും ചെയ്തിരുന്നു. ഹിന്ദു മതത്തിലേക്ക് താല്‍പര്യമുണ്ടായിട്ട് ഏറെക്കാലമായി. എന്റെ ഹൈന്ദവരീതിയുമായി യോജിച്ചുപോകാന്‍ പറ്റുന്നത് ബി.ജെ.പിയാണല്ലോ എന്ന നിലയിലാണ് ബി.ജെ.പിയില്‍ ജോയിന്‍ ചെയ്തത്. ബി.ജെ.പി. ടിക്കറ്റിൽ ഞാന്‍ മത്സരിച്ച കൊടുവള്ളി സീറ്റില്‍ വോട്ട് ഇരട്ടിയാക്കി ഉയര്‍ത്തി. താമസിയാതെ വോട്ട് ഇരട്ടിയാക്കിയതാണ് എന്റെ ഏറ്റവും വലിയ തെറ്റെന്ന് ഞാന്‍ മനസിലാക്കി. പൊളിറ്റിക്കലായിട്ട് തോല്‍ക്കേണ്ടിടത്ത് തോല്‍ക്കണം, അതാണ് ശരിയെന്ന് ഞാന്‍ മനസിലാക്കി. രാഷ്ട്രീയത്തിന് നേരെ കാണുന്ന മുഖമല്ല, വേറൊരു വളഞ്ഞ വഴിയുണ്ടെന്ന് തിരിച്ചറിഞ്ഞു. തോറ്റു കൊടുക്കേണ്ടിടത്ത് തോറ്റു കൊടുക്കുക, പിടിക്കേണ്ട കാലുകള്‍ പിടിക്കുക, ഒരു കലാകാരനെന്ന നിലയ്ക്ക് എനിക്കത് പറ്റില്ല. എന്റെ ഏറ്റവും വലിയ ദോഷം എന്റെ നാക്കാണ്. ഒരു സംഗതി മോശമാണെന്ന് കണ്ടാല്‍ ഞാന്‍ മോശമാണെന്നുതന്നെ പറയും. തെറ്റു കണ്ടാല്‍ അതിനെ ചോദ്യം ചെയ്യും. അതുകൊണ്ടാണ് ഫെഫ്കയുമായി തല്ലുണ്ടാക്കേണ്ടി വന്നത്. തിലകനെ വെച്ച് സിനിമ ചെയ്യാതിരുന്നെങ്കില്‍ ചിലപ്പോള്‍ എനിക്കിപ്പോഴും അവരുടെ മീറ്റിങ്ങിലൊക്കെ പങ്കെടുത്ത് ഒരു സിനിമക്കാരനായി നടക്കാമായിരുന്നു. പ്രതികരിക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ് എല്ലായിടത്തുനിന്നും ഞാന്‍ പുറത്താകുന്നത്. ബി.ജെ.പിയിലും അതാണ് സംഭവിച്ചത്.
നസീറിനെ (എ.കെ. നസീര്‍) പുറത്താക്കിയപ്പോള്‍ എന്റെ മനസ് വല്ലാതായി. നസീറിനെ എനിക്ക് നന്നായിറിയാം, സംഘത്തിലൂടെ വളര്‍ന്നുവന്ന തട്ടിപ്പോ വെട്ടിപ്പോ ഇല്ലാത്ത വ്യക്തിയാണ്. അദ്ദേഹത്തെ ബി.ജെ.പിയില്‍നിന്ന് പുറത്താക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു ഇത് കെ.ജെ.പിയാണെന്ന്. പിന്നെ നമ്മളെ സൈഡ്‌ലൈന്‍ ചെയ്ത് മൂലയ്ക്കിരുത്തി. രാഷ്ട്രീയത്തില്‍ ഒന്നും ആകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് അതിനത്ര ഗൗരവം കൊടുത്തില്ല. ഇടതും വലതും കഴിഞ്ഞാല്‍ കേരളത്തില്‍ മൂന്നാം സ്ഥാനത്തുള്ള പാര്‍ട്ടിയാണ് ബി.ജെ.പി. വര്‍ഷങ്ങളായി തുടരുന്ന രീതിയില്‍നിന്ന് കേരളത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ബി.ജെ.പിക്കേ പറ്റൂ. ഭരണം വെച്ചുമാറുന്ന രീതിയില്‍നിന്ന് മൂന്നാമതൊരു ശക്തി കേരളത്തില്‍ വന്നാല്‍ മാത്രമേ നല്ല ഭരണം ഉണ്ടാകൂ. പ്രോഗ്രസീവ് പ്രതിപക്ഷം ഇല്ലാതെ ഒരുരാജ്യത്തിനും മുന്നോട്ടു പോകാനാവില്ല. പുതുതായി എന്തു കൊണ്ടുവന്നാലും എതിര്‍ക്കുന്നതല്ല നല്ല പ്രതിപക്ഷം എന്നത്. നല്ലത് കൊണ്ടുവന്നാല്‍, അത് ഏത് കക്ഷിയോ ആകട്ടെ, അത് നല്ലതാണെന്ന് തന്നെ പറയണം.
കേരളത്തിന്റെ അവസ്ഥ വളരെ മോശമാണെന്ന് എല്ലാവര്‍ക്കുമറിയാം. കേരളത്തിന്റെ അവസ്ഥയെ കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇവിടത്തെ യൂത്തിന്റെ ഒരവസ്ഥ, നമ്മളിപ്പോള്‍ പറയുന്നു അവര്‍ ലഹരിയിലേക്കെന്ന്. ലഹരിയിലേക്ക് എന്തുകൊണ്ടാ വരുന്നത്, അവര്‍ക്ക് വേറൊന്നും ചെയ്യാനില്ല. പ്രവര്‍ത്തിക്കാന്‍ ഇടമുണ്ടെങ്കില്‍, പണിയെടുക്കാന്‍ സ്ഥലമുണ്ടെങ്കില്‍ അവര്‍ ഇതിലേക്ക് പോകില്ല. ഞാന്‍ രണ്ട് കൊല്ലം ഗള്‍ഫില്‍ ജീവിച്ചയാളാണ്. അവിടെ രാവിലെ എട്ടു മണിക്ക് ഡ്യൂട്ടിയ്ക്ക് കയറണം. വൈകുന്നേരം അഞ്ചു മണിവരെ പണിയെടുക്കും. ഇവിടെ തൂമ്പയെടുക്കാത്തവര്‍ ഗള്‍ഫില്‍ എന്തു തൊഴിലും ചെയ്യും, വിദ്യാസമ്പന്നര്‍ പോലും, നാട്ടിലാണെങ്കില്‍ അങ്ങനെ ചെയ്യില്ല. നല്ല സാലറിയും കിട്ടും. വിദ്യാഭ്യാസത്തിന് നമ്മള്‍ കൊടുത്ത മൂല്യം വേറെയായിപ്പോയി. വിദ്യാഭ്യാസം കൂടിക്കഴിഞ്ഞാല്‍ ഉണ്ടാകുന്ന ഒരു ഈഗോയുണ്ട്- ഡിഗ്രി നേടിയാല്‍ വൈറ്റ് കോളര്‍ ജോബ് മാത്രമേ ചെയ്യുവെന്നുള്ളത്. അതുകൊണ്ടുതന്നെ നല്ല പൊളിറ്റീഷ്യന്‍സ് ഉണ്ടാകുന്നില്ല വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നു. ആ സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ട് നേട്ടമുണ്ടാക്കുന്നവര്‍ നയിക്കുന്ന ലോകം എങ്ങോട്ടുപോകും. കേരളത്തില്‍ ഒരു ഫാക്ടറി വന്നാല്‍ അത് നടത്തില്ല. കിറ്റക്‌സിന്റെ കാര്യം തന്നെ നോക്കൂ. മുപ്പതിനായിരത്തോളം പേര്‍ക്കാണ് ആ ഫാക്ടറി ആന്ധ്രപ്രദേശില്‍ തൊഴിലവസരം നല്‍കിയത്. കേരളത്തിലാകാമായിരുന്നില്ലേ? കേരളത്തിലെ പ്രബലമായ മൂന്ന് രാഷ്ട്രീയപാര്‍ട്ടിയിലും നമുക്ക് വിശ്വാസം കുറഞ്ഞുവരികയാണ്. ഞാനെന്തുകൊണ്ടാണ് ബി.ജെ.പി. വിട്ടത്? നമ്മുടെ പ്രതീക്ഷയ്‌ക്കൊത്ത് ആ രാഷ്ട്രീയപാര്‍ട്ടി ഉയരുന്നില്ലെങ്കില്‍ അതുവിടണം.
ഏകീകൃത സിവില്‍ കോഡ് വരുന്നുണ്ടല്ലോ, സ്ത്രീകള്‍ക്ക് സഹായകമാകുന്ന നിയമത്തെ ശക്തമായി എതിര്‍ത്തത് കമ്മ്യൂണിസ്റ്റുകാരാണ്. ഏറ്റവും നവമായിട്ടുള്ള ആശയങ്ങള്‍ അല്ലെങ്കില്‍ ഭൗതികവാദം പ്രചരിപ്പിക്കുന്നവര്‍. ഞാന്‍ മുസ്ലിമായി ജീവിച്ചയാളാണ്. എനിക്ക് നന്നായറിയാം. സ്ത്രീകള്‍ക്ക് മതം സ്വാതന്ത്ര്യം നല്‍കിയിട്ടേയില്ല, സ്ത്രീയെ ഒരു ഹ്യൂമനായി കണ്ടിട്ടേയില്ല. ക്രിസ്തുമതത്തിലും അതുണ്ടായിരുന്നു. അത്തരം വിഷയങ്ങളില്‍പ്പോലും രാഷ്ട്രീയം പക്ഷം ചേര്‍ന്നുനില്‍ക്കുന്ന അവസ്ഥ അപകടകരമാണ്. അതുപോലെ എനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കുന്ന കാര്യത്തില്‍, എനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം പക്ഷെ നിര്‍ബന്ധിച്ചാലോ. അലി അക്ബറില്‍നിന്ന് രാമസിംഹനിലേക്കുള്ള ദൂരം ചെറുതാണ്. പക്ഷെ, അതിന് ഇരുപത് കൊല്ലത്തെ പഠനമുണ്ട്. എ.കെ.ബി. നായരുടെ ശിഷ്യനായി ഗീത പഠിച്ചതുമുതല്‍ മനസില്‍ കൊണ്ടുനടന്നിട്ടാണ് ഞാന്‍ ഹിന്ദുവായത്. ഹിന്ദുവിന് വേണ്ടി സംസാരിച്ചാല്‍ ഉടനെ സംഘി എന്ന് മുദ്ര കുത്തുന്ന, ആര്‍.എസ്എസ്. എന്ന് മുദ്ര കുത്തുന്ന അവസ്ഥ വന്നപ്പോഴാണ് എന്നാപ്പിന്നെ സംഘിയായിക്കളയാമെന്ന് തീരുമാനിച്ച് ഞാനെന്റെ മതം വിട്ടത്. ഞാനെടുക്കുന്ന തീരുമാനങ്ങള്‍ എന്റെ മനസ്സാക്ഷി അനുസരിച്ചാണ്. രാഷ്ട്രീയത്തിലെ ബി.ജെ.പി. നിലപാട് എന്റെ മനസ്സാക്ഷിയോട് ചേര്‍ന്നു പോകാത്തതുകൊണ്ടാണ് അതിനയങ്ങ് മാറ്റിവെച്ചത്.
കലാകാരന്‍മാര്‍ക്കും വിവരമുള്ളവര്‍ക്കും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. ബി.ജെ.പിയില്‍ തന്നെ ആരൊക്കെ വന്നു, ഐ.പി.എസുകാരം ഐ.എ.എസുകാരും വന്നില്ലേ? എന്നിട്ട് വല്ല ഗുണവുമുണ്ടായോ? അവരെ പാര്‍ട്ടി ഉപയോഗപ്പെടുത്തിയോ? നല്ല കലാകാരന്‍മാര്‍ സത്യത്തിന്റെ കൂടെയേ നില്‍ക്കൂ.
കലാകാരൻമാർക്ക് പ്രവർത്തിക്കാൻ കഴിയുന്ന രാഷ്ട്രീയപാർട്ടി-അങ്ങനെയൊന്നുണ്ടോ? കേരളത്തിലെ ഇടതുപക്ഷമോ ബി.ജെ.പിയോ കലാകാരൻമാരേയോ വിദ്യാസമ്പന്നരേയോ രാഷ്ട്രീയനേട്ടത്തിനോ സാമൂഹിക പുരോഗതിയ്ക്കോ ഉപയോഗപ്പെടുത്തുന്നുണ്ടോ?
കലയുടെ ശക്തി അറിയാവുന്ന ഒരൊറ്റ പാര്‍ട്ടിയേയുള്ളൂ- അത് സി.പി.എം. ആണ്. കലയെ എങ്ങനെ ഉപയോഗിക്കാമെന്ന് ആദ്യം അഭിപ്രായം പറഞ്ഞത് ലെനിനാണ്. കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച കെ.പി.എ.സിയിലൂടെയായിരുന്നു. സി.പി.എം. രാഷ്ട്രീയമാറ്റത്തിനുപയോഗിച്ചത് കലയേയും സാഹിത്യത്തേയുമായിരുന്നു. ബി.ജെ.പിക്കാര്‍ അക്കാര്യത്തില്‍ മണ്ടന്‍മാരാണ്. ഇത്രയും സിനിമക്കാരെ കിട്ടിയിട്ട് അവരെ ഒന്നിനും ഉപയോഗിച്ചില്ലെന്നത് സത്യമല്ലേ. കലയുടേയും കലാകാരന്‍മാരുടേയും വാല്യു അറിയുന്നത് ഇടതുപക്ഷത്തിനാണ്. അവരുടെ പാര്‍ട്ടി വളരാന്‍, ആശയങ്ങള്‍ നടപ്പാക്കാനൊക്കെ അവര്‍ കലാകാരന്‍മാരെ ഉപയോഗിക്കും. ഹൈന്ദവമൂല്യങ്ങള്‍ വളരുകയാണെങ്കില്‍ കലാകാരന്‍മാര്‍ പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോകും. അതുണ്ടാകാതിരിക്കാന്‍ വിശ്വാസങ്ങളേയും ആരാധനാലയങ്ങളേയും പാര്‍ട്ടി തള്ളിപ്പറഞ്ഞുകൊണ്ടേയിരിക്കും.
ഉപയോഗിക്കാവുന്ന നല്ല ആളുകളെ കിട്ടിയിട്ട് ബി.ജെ.പി. എന്തുചെയ്തു? ഭീമന്‍ രഘുവിനും രാജസേനനേനുമൊക്ക അവര്‍ എന്തുപരിഗണനയാണ് നല്‍കിയത്? ടി.പി. സെന്‍കുമാറിനേയും ഇ. ശ്രീധരനേയും കിട്ടി, ഇവരെയൊക്കെ എന്തായിട്ടാണ് ഉപയോഗിച്ചത്? ഇവരെയൊക്കെ പുറത്തുനിര്‍ത്തിയിട്ട് നേതാക്കള്‍ പരസ്പരം അടികൂടുകയായിരുന്നു. റൂട്ട് ലെവലില്‍നിന്ന് എങ്ങനെ വര്‍ക്ക് ഔട്ട് ചെയ്യണമെന്ന് എഴുതി തയ്യാറാക്കി വെച്ചിരുന്ന മനുഷ്യനാണ് സെന്‍കുമാര്‍. അതുകൊണ്ടാണ് അദ്ദേഹത്തെ പുറത്തുനിര്‍ത്തിയിരിക്കുന്നത്. മുസ്ലിങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ഒരു പാലമായിട്ടാണ് നിങ്ങളെ ഉദ്ദേശിച്ചത്, പക്ഷെ നിങ്ങള്‍ ഇത്ര വലിയ ഹിന്ദുവായി മാറുന്നതെന്തിനാണെന്നാണ് ബി.ജെ.പിയിലെ ഒരു നേതാവ് എന്നോട് പറഞ്ഞത്. ജനങ്ങളിലേക്ക് ആശയമെത്തിക്കുന്നതാണ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രകടനം. ജനങ്ങളിലേക്ക് ആശയമെത്തിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളാണ് സിനിമ, നാടകം, പാട്ട്...ഇതൊക്കെത്തന്നെയാണ്. അത് മനസിലാക്കാതെ പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് കസേര കൊടുക്കാതെ എങ്ങനെയെങ്കിലും പിഴച്ചുപൊക്കോട്ടെ എന്നുകരുതി ഇട്ടിരുന്നാല്‍ എല്ലാവരും പോകും. സുരേന്ദ്രനൊന്നും അക്കാര്യം പഠിച്ചിട്ടില്ല. കേരളത്തില്‍ ബി.ജെ.പി. പ്രശ്‌നത്തില്‍ തന്നെയാണ്. എല്ലാവര്‍ക്കും അറിയുന്ന കാര്യമാണത്. അണികളുടെ അഭിപ്രായം നേതാക്കള്‍ ശ്രദ്ധിക്കുന്നേയില്ല.
ബി.ജെ.പിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന ആരോപണങ്ങളുണ്ടല്ലോ, താങ്കളുടെ അഭിപ്രായവും അനുഭവവും?
പ്രവര്‍ത്തിക്കാന്‍ പറ്റായ്കയൊന്നുമില്ല. ഫെഫ്കയോ മറ്റേതെങ്കിലും സംഘടനയോ ആകട്ടെ അതിന്റെയൊക്കെ നേതൃസ്ഥാനത്ത് കമ്മ്യൂണിസ്റ്റുകാരാണ്. ബി.ജെ.പിക്കാരനായാല്‍പ്പിന്നെ സി.പി.എമ്മിന്റെ ശത്രുവായി. അപ്പോള്‍ പിന്നെ ഫെഫ്കയുമായൊക്കെ പൊരുത്തപ്പെട്ടു പോകാന്‍ പ്രയാസമായിരിക്കും. അതല്ലാതെ സിനിമയില്‍ അവസരമില്ലാതെയാകുന്നു എന്നൊന്നും പറയാന്‍ പറ്റില്ല. ഇപ്പോള്‍ സിനിമയെ ഏറ്റവും കൂടുതല്‍ സക്‌സസ് ആക്കുന്നത് ബി.ജെ.പിക്കാരാണ്, പൊളിക്കുന്നതും അവര്‍ തന്നെ. സംസ്‌കാരവുമായി ബന്ധപ്പെട്ട പടമാണെങ്കില്‍ അവരത് ഭംഗിയായി നോക്കിക്കോളും, ദേശീയബോധമുള്ള ചെറുപ്പക്കാര്‍. ഹിന്ദുക്കളാണ് മുസ്ലിങ്ങളേക്കാള്‍ കൂടുതല്‍ സിനിമ കാണുന്നത്. ആരുണ്ടാക്കിയാലും ഏത് രാഷ്ട്രീയക്കാനുണ്ടാക്കിയാലും നല്ലതാണെങ്കില്‍ സിനിമ ഓടും. അല്ലാതെ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് സിനിമയ്ക്ക് പ്രൊമോഷന്‍ കിട്ടുന്നില്ല എന്നുപറയുന്നത് ശരിയല്ല. പക്ഷെ, രാജസേനനേയോ ഭീമന്‍ രഘുവിനേയോ രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗിച്ചില്ല എന്നത് ശരി തന്നെയാണ്. വിജി തമ്പിയ്ക്ക് വിശ്വഹിന്ദു പരിഷത്തിന്റെ പ്രസിഡന്റ് എന്ന സ്ഥാനമെങ്കിലുമുണ്ട്. രാജസേനന്‍ സ്റ്റേറ്റ് കമ്മിറ്റി മെമ്പറായിരുന്നല്ലോ എന്ന് എല്ലാവരും പറയും, പക്ഷെ സ്റ്റേറ്റ് കമ്മിറ്റി മെമ്പറെന്താണ്, മാസം തോറും സ്വന്തം കയ്യില്‍നിന്ന് കാശെടുത്ത് കമ്മിറ്റിയ്ക്ക് പോയിട്ട് സുരേന്ദ്രന്‍ പറയുന്നതിന് കൈയടിക്കക്കലാണ്, അല്ലാതെ ഡിസിഷന്‍ മെയ്ക്കിങ്ങിന് ഒരു വാക്കുപോലും ചോദിക്കില്ല. കലാകാരൻമാര്‍ക്ക് പ്രവര്‍ത്തിക്കണം. രാഷ്ട്രീയത്തിലാണെങ്കിലും അവര്‍ക്ക് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം. കാരണം അവര്‍ പ്രവര്‍ത്തിച്ചു പഠിച്ച ആള്‍ക്കാരാണ്. വേറെയേതൊരു മേഖലയേക്കാള്‍ കൂടുതല്‍ നേരം പ്രവര്‍ത്തിക്കുന്നവരാണ് സിനിമക്കാര്‍. അവരെ കൊണ്ടുവന്ന് ഒരു മൂലയ്ക്ക് കെട്ടിയിട്ടിരുന്നാല്‍ അവര്‍ പോകും. അത് സുരേന്ദ്രന് പറ്റിയ തെറ്റു തന്നെയാണ്.
രാഷ്ട്രീയത്തിൽ ഇനിയൊരു ഭാവി പ്രതീക്ഷിക്കുകയോ പരീക്ഷണത്തിന് ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ടോ?
ഇനി രാഷ്ട്രീയത്തിലേക്കില്ല. ഒരു വലിയ രാഷ്ട്രീയകക്ഷി എന്നെ വിളിക്കുന്നുണ്ട്. എന്റെ നിലപാടിനൊന്നും ദോഷമുള്ള പാര്‍ട്ടിയല്ല അത്. പക്ഷെ ഞാനില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇനിയിപ്പോള്‍ ഒരു കൊമേഴ്‌സ്യല്‍, കോമഡി സിനിമയാണ് ആദ്യം. മരിച്ചിട്ടില്ല; എന്റെ ഉള്ളിലെ കോമഡിയൊന്നും പോയിട്ടില്ല എന്നൊക്കെ ജനങ്ങളറിയണ്ടേ, അതുകൊണ്ട് ഒരു ഹ്യൂമര്‍ സിനിമ ചെയ്യണം. ജൂനിയര്‍ മാന്‍ഡ്രേക്ക് പോലൊരു സിനിമ ചെയ്യുമോ എന്ന് പലരും കാണുമ്പോള്‍ ചോദിക്കാറുണ്ട്. ഒരു കഥ ഇപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അതൊക്കെയായിട്ട് മുന്നോട്ടുപോണം. പിന്നെയുള്ളത് കുറച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങളാണ്. സഹായിക്കാന്‍ പറ്റുന്നിടത്തോളം സഹായിക്കണം. എന്റെ ഫെയ്‌സ്ബുക്ക് സൗഹൃദങ്ങള്‍ അതിനായാണ് ഉപയോഗിക്കുന്നത്. അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകും, രാഷ്ട്രീയത്തിലേക്ക് തല്‍ക്കാലം ഇല്ല.
Content Highlights: Ramasimhan Ali Akbar Talks About His Political Life, Interview
Published: 04 Oct 2023, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented