
മന്ത്രിപദം പ്രതീക്ഷിച്ചിരുന്നില്ലെന്നും, പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തമായി ഇതിനെ കാണുന്നുവെന്നും മന്ത്രി ഒ.ജെ. ജനീഷ്. തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ചും, പഠനകാലത്ത് പാർട്ട് ടൈം ജോലികൾ ചെയ്തതിനെക്കുറിച്ചും, രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിൽ അമ്മ തൊഴിലുറപ്പ് ജോലിക്ക് പോയതിനെക്കുറിച്ചും അദ്ദേഹം ഓർമ്മിക്കുന്നു. യുവതലമുറ രാഷ്ട്രീയത്തിൽ സജീവമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഒ.ജെ.ജനീഷ് മാതൃഭൂമിയോട് സംസാരിക്കുന്നു.
ഈ മന്ത്രിപദം താങ്കൾ പ്രതീക്ഷിച്ചിരുന്നതാണോ?
ഇല്ല, തിരഞ്ഞെടുപ്പ് വേളയിലോ അതിന്റെ ആദ്യ ഘട്ടങ്ങളിലോ ഇത്തരമൊരു പദവി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി ചർച്ചകൾ ഗൗരവകരമായ ഘട്ടത്തിൽ എത്തിയപ്പോൾ മാത്രമാണ് സംഘടനയിൽ നിന്ന് ഇതിനെക്കുറിച്ച് ചില സൂചനകൾ ലഭിച്ചത്. ഞാൻ ആവശ്യപ്പെട്ട ഒരു പദവിയല്ല ഇത്, പക്ഷേ പാർട്ടി ഏൽപ്പിച്ച ഈ വലിയ ഉത്തരവാദിത്തം ഏറ്റവും നന്നായി നിറവേറ്റുക എന്നതാണ് എന്റെ ലക്ഷ്യം.
താങ്കളുടെ മുഖത്ത് കടന്നു വന്ന ജീവിതത്തിന്റെ ഒരു കാഠിന്യം എപ്പോഴും നിഴലിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടോ?
അത് പറയേണ്ടത് നിങ്ങളാണ്. എങ്കിലും, വന്ന വഴികളെക്കുറിച്ചുള്ള ഓർമ്മ എപ്പോഴും ഉള്ളിലുണ്ടാകുന്നത് നല്ലതാണ്. പൊളിടെക്നിക് പഠനകാലം മുതൽ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഒരു പോരാട്ട വീര്യം എന്നിൽ രൂപപ്പെട്ടിട്ടുണ്ട്. വല്ലാത്ത രീതിയിൽ പ്രതിസന്ധികളോട് പൊരുതി നിൽക്കേണ്ടി വന്ന ഘട്ടങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ട്.
ഞാന്നെന്ന മനുഷ്യൻ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും വലിയ വികാരം വിശപ്പാണ്. ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യവും അതാണല്ലോ
രാഷ്ട്രീയത്തിൽ സജീവമായിരുന്ന പലരും സാഹചര്യങ്ങൾ കൊണ്ട് പിന്മാറി പോകുമ്പോൾ താങ്കൾ എങ്ങനെ ഉറച്ചുനിന്നു?
എന്റെ കൂടെയുണ്ടായിരുന്ന കഴിവുള്ള പല സുഹൃത്തുക്കളും ജീവിത സാഹചര്യങ്ങൾ കൊണ്ട് രാഷ്ട്രീയത്തിൽ നിന്ന് മാറിപ്പോയിട്ടുണ്ട്. അവരിൽ ഒരാളെങ്കിലും ഈ രംഗത്ത് നിൽക്കട്ടെ എന്ന് അവർ ആഗ്രഹിച്ചിരുന്നു. പല പ്രതിസന്ധികൾ വന്നപ്പോഴും സുഹൃത്തുക്കൾ നൽകിയ കൈത്താങ്ങാണ് എന്നെ ഈ രംഗത്ത് നിലനിർത്തിയത്.
പഠനകാലം പ്രതിസന്ധികളുടെ കൂടിയായിരുന്നല്ലോ?
പൊളിടെക്നിക്കിൽ പഠിക്കുന്ന സമയത്താണ് അച്ഛൻ മരണപ്പെടുന്നത്. അതോടെ സാഹചര്യങ്ങൾ പെട്ടെന്ന് മാറി. പഠനം പൂർത്തിയാക്കാൻ പലവിധ പാർട്ട് ടൈം ജോലികൾക്ക് പോകേണ്ടി വന്നു. 2005 കാലഘട്ടത്തിൽ ഇന്നത്തെപ്പോലെ പഠനത്തോടൊപ്പം ജോലി ചെയ്യുന്ന രീതി അത്ര വ്യാപകമായിരുന്നില്ല. ആദ്യം പെരുമ്പാവൂരിലെ ഒരു ബുക്ക് സ്റ്റാളിൽ വൈകിട്ട് അഞ്ചു മുതൽ എട്ടര വരെ ജോലി ചെയ്തു. പിന്നീട് 'ഹോം മെയ്ഡ്' എന്ന ഫർണിച്ചർ കമ്പനിയിൽ പൗഡർ കോട്ടിംഗ് സെക്ഷനിൽ ഹെൽപ്പറായി നിന്നു. അവിടെ വൈകിട്ട് 5 മണിക്ക് തുടങ്ങിയാൽ പുലർച്ചെ 3 മണി വരെ ജോലി നീളുമായിരുന്നു. ഉറക്കം വലിയ പ്രശ്നമായപ്പോൾ അത് വിട്ടു. പിന്നീട് കമ്പ്യൂട്ടർ പരിചയപ്പെടാനായി പെരുമ്പാവൂരിലും ആലുവയിലുമുള്ള ഇന്റർനെറ്റ് കഫേകളിൽ ജോലി ചെയ്തു. കൂടാതെ രാത്രികാലങ്ങളിൽ സെക്യൂരിറ്റി ജോലിയും ചെയ്തിട്ടുണ്ട്. എന്റെ അധ്യാപികയായിരുന്ന ഷീബ ടീച്ചർ എല്ലാ മാസവും എന്റെ പോക്കറ്റിൽ സ്നേഹപൂർവ്വം കുറച്ച് പണം വെച്ചുതരുമായിരുന്നു. വീട്ടുകാരെ ആശ്രയിക്കാതെ പഠനവും രാഷ്ട്രീയവും കൊണ്ടുപോകാനാണ് ഞാൻ ശ്രമിച്ചത്.
ജോലി ലഭിച്ചതിന് ശേഷവും അത് വേണ്ടെന്ന് വെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ എന്തായിരുന്നു മനസ്സിൽ?
കെൽട്രോണിന് കീഴിലുള്ള എം.എൽ കൺട്രോൾസ് ലിമിറ്റഡിൽ സൂപ്പർവൈസറായി ജോലി ലഭിച്ചിരുന്നു. ഒരു വർഷത്തോളം അവിടെ ജോലി ചെയ്തു. എന്നാൽ സ്ഥിരപ്പെടണമെങ്കിൽ ഗുജറാത്തിലേക്ക് പോകണം എന്ന് വന്നപ്പോൾ ഞാൻ ആ ജോലി വേണ്ടെന്ന് വെച്ചു. നാട്ടിലെ രാഷ്ട്രീയ പ്രവർത്തനങ്ങളോടുള്ള താല്പര്യമായിരുന്നു കാരണം. ഇതിൽ വീട്ടുകാർക്ക് വലിയ ആശങ്കയുണ്ടായിരുന്നു.
രാഷ്ട്രീയ പ്രവർത്തനം കാരണം പരീക്ഷകൾ എഴുതാൻ സാധിക്കാതെ ഞാൻ ഒരു വർഷം ഡിറ്റൈൻ ആയി. തൃശൂർ ലോ കോളേജിൽ നടന്ന ഒരു വലിയ സംഘർഷത്തിൽ എനിക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് അടികിട്ടി ചോരയിൽ കുളിച്ച അവസ്ഥയിലായിരുന്നു. അതിനുശേഷം കുറെ കാലം വിശ്രമത്തിലായി. ആ സമയത്ത് സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് ഞാൻ പരീക്ഷ എഴുതാൻ തീരുമാനിച്ചത്. ഒൻപതും പത്തും സെമസ്റ്ററുകളിൽ പഠിക്കുമ്പോൾ, ഒന്ന് മുതൽ പത്ത് വരെയുള്ള സെമസ്റ്ററുകളിലെ ബാക്കിയായ 50 പേപ്പറുകൾ ഒരേസമയം എഴുതിയാണ് ഞാൻ വിജയിച്ചത്.
അമ്മയെക്കുറിച്ച്?
രാഷ്ട്രീയ പ്രവർത്തനത്തിനായി ബൈക്കിൽ പോകുമ്പോൾ അമ്മ തൊഴിലുറപ്പ് ജോലിസ്ഥലത്ത് നിൽക്കുന്നത് കാണുമ്പോൾ വലിയ കുറ്റബോധം തോന്നിയിട്ടുണ്ട്. ഞാൻ ജോലിക്ക് പോയിരുന്നെങ്കിൽ അമ്മയ്ക്ക് നേരത്തെ ആ പണി നിർത്താമായിരുന്നു എന്ന് എനിക്ക് തോന്നാറുണ്ട്. എങ്കിലും തൊഴിലുറപ്പ് പദ്ധതി സാധാരണക്കാരായ സ്ത്രീകൾക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണ്. പത്ത് വർഷത്തോളം അമ്മ അതിന്റെ ഭാഗമായിരുന്നു.
രാഷ്ട്രീയത്തോട് വിമുഖത കാട്ടുന്ന യുവതലമുറയോട് എന്താണ് പറയാനുള്ളത്?
രാഷ്ട്രീയം മോശമാണെന്ന ധാരണ തിരുത്തണം. നന്മ ചെയ്യാൻ ആഗ്രഹിക്കുന്നവർ രാഷ്ട്രീയത്തിലേക്ക് വരാതിരിക്കുമ്പോഴാണ് മോശക്കാർക്ക് അവിടെ ഇടം ലഭിക്കുന്നത്. നമ്മുടെ ജീവിതത്തെ ബാധിക്കുന്ന എല്ലാ നയങ്ങളും തീരുമാനിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. അതുകൊണ്ട് രാഷ്ട്രീയത്തിൽ നിന്ന് ആർക്കും മാറിനിൽക്കാൻ സാധിക്കില്ല. സത്യസന്ധമായി ജനങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾ ഈ രംഗത്തേക്ക് വരണം.
'മിനിസ്റ്റർ ജനീഷ്' എന്ന നിലയിൽ കേരളം എന്താണ് പ്രതീക്ഷിക്കേണ്ടത്?
ഇതൊരു വലിയ ഉത്തരവാദിത്തമാണ്. കഴിഞ്ഞ പത്ത് വർഷമായി തെരുവിൽ സമരം ചെയ്ത പ്രവർത്തകർക്ക് ലഭിച്ച അംഗീകാരമായി ഇതിനെ കാണുന്നു. മന്ത്രിപദം ഒരു അലങ്കാരമായി കൊണ്ടുനടക്കാതെ എഫക്റ്റീവ് ആയി ഇടപെടാനാണ് ഞാൻ ശ്രമിക്കുക. എന്റെ മണ്ഡലത്തിലെ ജനങ്ങൾക്കും കേരളത്തിലെ യുവാക്കൾക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കും.
Published: 19 May 2026, 10:51 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented