അഞ്ചുവര്‍ഷമോ അതില്‍ക്കൂടുതലോ ശിക്ഷലഭിക്കാവുന്ന കുറ്റത്തിന് 30 ദിവസം ജയിലില്‍ കഴിയേണ്ടിവരുന്ന മന്ത്രിമാര്‍ക്ക് ഒരുമാസത്തിനകം സ്ഥാനം നഷ്ടപ്പെടുമെന്ന നിര്‍ണായക 130ാം ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞ് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്. ഈ ബില്ലിനെ കുറിച്ചും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ കുറിച്ചും സംസാരിക്കുകയാണ് പാര്‍ലമെന്റ് അംഗവും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രന്‍.
ഈ ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കുന്നതിന്റെ കാരണമെന്താണ്?
പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ച 130ാം ഭരണഘടനാ ഭേദഗതി നിയമം പൂര്‍ണമായും പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ അധിഷ്ടിതമായിട്ടുള്ള കാബിനറ്റ് ഭരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതും ഇല്ലാതാക്കുന്നതുമാണ്. മാത്രവുമല്ല, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ ഫെഡറല്‍ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ്. ഒരു മന്ത്രിസഭയില്‍ മന്ത്രിമാര്‍ ആരായിരിക്കണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരവും അവകാശവും പൂര്‍ണമായും സംസ്ഥാന മുഖ്യമന്ത്രിമാരിലും കേന്ദ്രത്തില്‍ പ്രധാനമന്ത്രിയിലുമാണ്. മുഖ്യമന്ത്രിയെ ഉള്‍പ്പടെ ഗവര്‍ണര്‍ക്ക് ഏകപക്ഷീയമായി നീക്കാന്‍ കഴിയുന്ന സ്ഥിതിയാണ് ഈ ബില്ലിലൂടെ ഉണ്ടാവുക. അഞ്ച് വര്‍ഷം ശിക്ഷകിട്ടാവുന്ന ഒരു കേസില്‍ 30 ദിവസം തുടര്‍ച്ചയായി ജയില്‍വാസം അനൂഭവിച്ചാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുപ്പെടുമെന്നാണ് നിയമം വിഭാവനം ചെയ്യുന്നത്. ഇത് ഒരു ജനാധിപത്യ സംവിധാനത്തിലെ ഫെഡറലിസത്തെ അട്ടിമറിക്കലല്ലേ? നമ്മുടെ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് സംസ്ഥാന ഭരണാധികാരികള്‍ ഉള്‍പ്പടെ ഇത്തരത്തില്‍ അധികാരത്തില്‍ നിന്ന് മാറ്റപ്പെടുക. നീക്കം ചെയ്യുന്ന വ്യവസ്ഥയെ കുറിച്ചൊന്നും ഈ ബില്ലില്‍ കൃത്യമായി പ്രതിപാദിക്കുന്നില്ല. ഇതെല്ലാം ഈ ബില്ല് എന്തിനു വേണ്ടിയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത നല്‍കുന്നുണ്ട്.
മറ്റൊരു പ്രധാന കാര്യം രാജ്യത്തെ ക്രിമിനല്‍ നിയമസംഹിത അനുസരിച്ച് കുറ്റാരോപിതനായ വ്യക്തി കുറ്റക്കാരനാണെന്ന് കണ്ടെത്തി അന്തിമ കോടതി ശിക്ഷവിധിക്കുന്നത് വരെ നിയമത്തിന്റെ ദൃഷ്ടിയില്‍ അയാള്‍ നിരപരാധിയാണ്. അത് പോലും ഇവിടെ അട്ടിമറിക്കപ്പെടുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളും രജിസ്ടര്‍ ചെയ്തിട്ടുള്ള കേസുകളിലെ കണ്‍വിക്ഷന്‍ റേറ്റുകള്‍ പൂജ്യത്തിനും താഴെയാണ്. അതിന്റെ അര്‍ത്ഥം ഒരു അടിസ്ഥാനവുമില്ലാതെ തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരം കേസുകള്‍ കേന്ദ്ര ഏജന്‍സികളെ കൊണ്ട് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കാര്‍ക്കും എതിരെ എടുപ്പിക്കുന്നത് എന്നതാണ്. അവര്‍ക്ക് അനിഷ്ടം തോന്നിക്കഴിഞ്ഞാല്‍ ഏതൊരു മന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ ഒരടിസ്ഥാനവും ഇല്ലെങ്കിലും കേസെടുക്കുന്ന സ്ഥിതിയാണ്. ഇപ്പോളൾ അവരെ അധികാരത്തില്‍ നിന്ന് കൂടി നീക്കുന്നതിനുള്ള സാഹചര്യമാണ് ബിജെപി സര്‍ക്കാര്‍ ഒരുക്കുന്നത്. ഇതിനായി ഭരണഘടനയുടെ 356ാം വകുപ്പ് ഇനി വിനിയോഗിക്കേണ്ടി വരില്ല. പുതിയ ബില്ലിലൂടെ വളരെ നിഷ്പ്രയാസം പ്രതിപക്ഷ സര്‍ക്കാരുകളെ ഇല്ലാതാക്കാന്‍ ബിജെപിക്ക് സാധിക്കും. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ അധികാരത്തില്‍ നിന്ന് നീക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ് ഈ ബില്ല് കൊണ്ടുവന്നിരിക്കുന്നതെന്നാണ് ഞങ്ങള്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട കാര്യം.

പെട്ടെന്ന് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ബില്ല് കൊണ്ടുവന്നതിന് കാരണമെന്താവുമെന്നാണ് കരുതുന്നത്?
യഥാര്‍ഥത്തില്‍ ഇതിലെ ദുരൂഹത മനസ്സിലാവണമെങ്കില്‍ എത്ര തിടുക്കപ്പെട്ടാണ് ഇത് പാര്‍ലമെന്റില്‍ എത്തിച്ചിരിക്കുന്നതെന്ന് പരിശോധിച്ചാല്‍ മതി. ഇന്നലെ രാത്രി ഒരു മണിക്കാണ് ഈ ബില്ല് പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തത്. ചട്ടപ്രകാരം ബില്ല് അവതരിപ്പിക്കണമെങ്കില്‍ രണ്ട് ദിവസം മുന്‍പെങ്കിലും അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യണം. ഇത്ര തിരക്കിട്ട് ധൃതിപ്പെട്ട് ഒരു ബില്ല് പാസാക്കുമ്പോള്‍ അതില്‍ നല്ല ലക്ഷ്യങ്ങളൊന്നും ഉണ്ടാവില്ല എന്നത് വ്യക്തമല്ലേ. വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടിനെതിരെ വോട്ട് ചോരി എന്ന പേരില്‍ രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യ മുന്നണിയുടെയും നേതൃത്വത്തില്‍ വലിയ മുന്നേറ്റം രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ കൂടി ഭാഗമായാണ് ഇപ്പോള്‍ ഈ രീതിയില്‍ ഈ ബില്ല് കൊണ്ടുവന്നിരിക്കുന്നത്. ഇതൊരു രാഷ്ട്രീയ അടവുതന്ത്രം കൂടിയാണ്. ഈ നിയമം നിലനില്‍ക്കുന്നതല്ലെന്ന് മാത്രമല്ല ജനാധിപത്യ വിരുദ്ധവുമാണ്.
ബിജെപി ഉന്നയിക്കുന്ന ഒരു വാദം ഇത് തങ്ങള്‍ക്കും ബാധകമാണെന്നുള്ളതാണ്
ഭരണപക്ഷത്തെ ഇതെങ്ങനെ ബാധിക്കുമെന്നാണ് അവര്‍ പറയുന്നത്. കേസെടുക്കാനുള്ള ഏജന്‍സികളെ നിയന്ത്രിക്കുന്നതാരാണ്? അവയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതാരാണ്. കാലാകാലം അവര്‍ അധികാരത്തിലുണ്ടാവുമെന്നാകാം അവര്‍ വിശ്വസിക്കുന്നത്. അധികാരത്തിലുള്ളടത്തോളം അവരെ ഇതെങ്ങനെ ബാധിക്കാനാണ്. പിഎംഎല്‍എ (The Prevention of Money Laundering Act, 2002) പോലുള്ള വകുപ്പുകളില്‍ കേസെടുത്താല്‍ കുറഞ്ഞത് നാല്‍പ്പത് ദിവസം കഴിയാതെ ജാമ്യം കിട്ടില്ല. ഇവിടെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ 30 ദിവസം മതിയെന്നാണ് ബില്ലിലെ വ്യവസ്ഥ. ഇങ്ങനെ സംസ്ഥാന സര്‍ക്കാരുകളെ ദുരുപയോഗുപ്പെടുത്താന്‍ മാത്രമുള്ളതാണ് നിയമമെന്നത് പകലുപോലെ വ്യക്തമാണ്. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനെയും തമിഴ്‌നാട്ടില്‍ സെന്തില്‍ ബാലാജിയെയും കേസെടുത്ത് അധികാരത്തില്‍ നിന്ന് മാറ്റാനുള്ള നീക്കത്തില്‍ അന്നവർ പരാജയപ്പെട്ടു. ആ പകയില്‍ നിന്നാണ് ഈ ബില്ല് കൊണ്ടുവന്നിരിക്കുന്നത്.

രാഷ്ട്രീയത്തില്‍ നിന്ന് ക്രിമിനലുകളെ അകറ്റാനാണ് ഈ ബില്ല് കൊണ്ടുവന്നതെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം. ആരാണ് ക്രിമിനലുകളെ മത്സരിപ്പിക്കുന്നത്. അവരെ ജനപ്രതിനിധികളാക്കുന്നത്. ബിജെപി തന്നെയല്ലേ? അപ്പോള്‍ അത്ര നല്ല ഉദ്ദേശമല്ല എന്നത് വ്യക്തമാണ്. ക്രിമിനലുകളെയല്ല ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെയാണ് ലക്ഷ്യം വെക്കുന്നത്. എത്ര ജനവിരുദ്ധ നിയമങ്ങളാണ് ഇത്തരത്തില്‍ പാസാകുന്നത്. ഈ ബഹളത്തിനിടയില്‍ തന്നെ നിരവധി നിയമങ്ങള്‍ അവര്‍ ഇത്തരത്തില്‍ പാസാക്കിയല്ലോ. ഇതിനെതിരെ ശക്തമായ ജനവികാരമുണ്ടാകും. 234 സീറ്റിലേക്ക് അവര്‍ക്ക് ഒതുങ്ങേണ്ടി വന്നത് തന്നത് തന്നെ ഇതിനുള്ള ഉദാഹരണമാണ്. അതിനാല്‍ ഇത്തരത്തിലുള്ള ജനാധിപത്യ നിയമങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ സഖ്യം മുന്നോട്ട് പോകും.
ബില്ല് നിലവില്‍ ജെപിസിക്ക് വിട്ടിരിക്കുകയാണ്. ജെപിസിക്ക് ഇതില്‍ ഏതെങ്കിലും ഇടപെടല്‍ നടത്താന്‍ സാധിക്കുമോ?
ജെപിസിക്ക് ചര്‍ച്ച ചെയ്യാം അഭിപ്രായം രേഖപ്പെടുത്താം എന്നതിനപ്പുറത്ത് ഒന്നും ചെയ്യാനാകില്ലല്ലോ. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ശക്തമായി രേഖപ്പെടുത്താം എന്നത് മാത്രമാണ് കാര്യം. ജെപിസിയുടെ ഉപദേശം എളുപ്പത്തില്‍ സര്‍ക്കാരിന് അവഗണിക്കാം. പക്ഷെ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ ബഹുജനാഭിപ്രായം ബില്ലിനെതിരെ ഉണ്ടായാല്‍ സര്‍ക്കാരിന് പുറകോട്ട് പോകേണ്ടി വരും.
Content Highlights: nk premachandran mp interview on constitution one hundred and thirtieth amendment bill
Published: 20 Aug 2025, 08:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented