
ഒരു നേരമെങ്കിലും അരിഭക്ഷണം കിട്ടിയില്ലെങ്കില്‍ ആകെ അസ്വസ്ഥരാകുന്ന മനുഷ്യരാണ് നമ്മള്‍. എവിടെപ്പോയാലും അരിഭക്ഷണം തേടിപ്പിടിച്ച് വിശപ്പടക്കുന്നവര്‍. അളവിൽ കൂടുതൽ കഴിക്കുന്നത് അപകടമാണെന്നറിഞ്ഞിട്ടും തരിപോലും പിന്നോട്ട് പോവുകയെന്നത് മലയാളികളെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്.
ഇങ്ങനെയുള്ള ഒരു ലോകത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ വിപ്ലവകരമായ പാത വെട്ടിത്തുറന്ന് പോരാട്ടത്തിറങ്ങിയ ആളാണ് പത്മശ്രീ ഡോ.ഖാദര്‍ വാലി. അമേരിക്കയിലെ ഉയര്‍ന്ന ജോലി രാജിവെച്ച് അരിക്കും ഗോതമ്പിനും പകരം ചെറുധാന്യങ്ങള്‍ ശീലമാക്കേണ്ട ആവശ്യകതയെ പറ്റി പറഞ്ഞ് രാജ്യത്തെമ്പാടും നിശബ്ദ വിപ്ലവം നയിക്കുന്ന വ്യക്തി. ഐക്യരാഷ്ട്രസഭ 2023-നെ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ആചരിച്ചപ്പോള്‍ അന്ന് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. ഡോ. ഖാദര്‍ വാലി അങ്ങനെ മില്ലറ്റ് മാന്‍ ഓഫ് ഇന്ത്യയായി. കോഴിക്കോട്ടെത്തിയ ഡോ. ഖാദര്‍ വാലി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
അമേരിക്കയില്‍ ശാസ്ത്രജ്ഞനായി തിളങ്ങിയിരുന്ന കാലത്താണ് താങ്കള്‍ ആ ജോലി ഉപേക്ഷിക്കുകയും ചെറുധാന്യങ്ങളുടെ പ്രധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തി രംഗത്തെത്തുകയും ചെയ്തത്. ഒടുവില്‍ മില്ലറ്റ് മാന്‍ ഓഫ് ഇന്ത്യയായി. രാജ്യം താങ്കളെ പത്മശ്രീ നല്‍കി ആദരിച്ചു. എന്താണ് ഇങ്ങനെയൊരു ഉദ്യമത്തിലേയ്ക്ക് നയിച്ചത്.
അരിയും ഗോതമ്പും മാറ്റിനിര്‍ത്തി ഒരു ഭക്ഷണശീലം നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു. പക്ഷേ, ഈ തെറ്റായ ജീവിതരീതിയിലൂടെ മനുഷ്യന്‍ ദിവസേന രോഗിയായി മാറുന്നുവെന്ന കാര്യം ആരും ചിന്തിക്കുന്നില്ല. വെറും ഭക്ഷണത്തിനപ്പുറം അരിയുടെയും ഗോതമ്പിന്റെയും വ്യാപാരവും കയറ്റി അയക്കലുമായെല്ലാം ബന്ധപ്പെട്ട് വലിയ കോര്‍പ്പറേറ്റുകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ തെറ്റായ ഭക്ഷണശീലമുണ്ടാക്കുന്ന രോഗങ്ങളെ മനപ്പൂര്‍വം മറച്ചുവെക്കുകയാണ്. അല്ലെങ്കില്‍ ഇത്തരം ഭക്ഷണശീലങ്ങളുടെ ദോഷവശത്തെ പറ്റി പറയുന്നവരെ സ്വാധീനശക്തികൊണ്ടും മറ്റും നിശബ്ദരാക്കുകയാണ്. മനുഷ്യന്റെ ശരീരത്തിന് ഒരിക്കലും യോജിക്കാത്ത ഭക്ഷണമാണ് അരിയും ഗോതമ്പും എന്നതാണ് യാഥാര്‍ഥ്യം. അത് നമ്മുടെ രക്തത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തും. ശരീരത്തിന്റെ യഥാര്‍ഥ സന്തുലിതാവസ്ഥയെ മോശമാക്കും. ജീവിതശൈലീ രോഗങ്ങളുടെ പ്രധാനവാഹകരും അരിയും ഗോതമ്പുമാണ്. ഈയൊരു തിരിച്ചറിവായിരുന്നു മില്ലറ്റുമായി ബന്ധപ്പെട്ട ഗവേഷണത്തിന് പ്രേരിപ്പിച്ചത്. എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ ഗവേഷണം നടത്തവെ ഭക്ഷണത്തിലെ വിഷാംശം, പ്രത്യേകിച്ച് അരിയും ഗോതമ്പും ഭക്ഷിക്കുന്ന ഒരു വ്യക്തിയില്‍ ഏത് തരത്തിലാണ് മാറ്റമുണ്ടാക്കുന്നത് എന്നത് സംബന്ധിച്ച് പഠനം നടത്തി. ഇതിനുശേഷമാണ് ചെറുധാന്യങ്ങള്‍ അല്ലെങ്കില്‍ മില്ലറ്റുകൾ സ്ഥിരഭക്ഷണമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചത്.
ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയമായ പഠനം ഇതിന് ഉദാഹരണമായി പറയാന്‍ കഴിയുമോ.
അമേരിക്കയില്‍ ഗവേഷണം നടത്തുന്നതിനിടെ ഉണ്ടായ ഒരു പ്രധാന സംഭവം പറയാം. അന്ന് ആറാം വയസ്സില്‍ പിരീയഡ്‌സ് ആയ ഒരു പെണ്‍കുട്ടിയും കുടുംബവും എന്റെ മുന്നിൽ വന്നു. എന്തുകൊണ്ട് ആധുനികമായി ഇത്രയും പുരോഗമിച്ച ഒരു രാജ്യത്തെ പെണ്‍കുട്ടിക്ക് ഇങ്ങനെ സംഭവിച്ചുവെന്നതായി ചിന്ത. തുടര്‍ന്ന് നടന്ന അന്വേഷണത്തിലും പഠനത്തിനുമൊവിലാണ് ഭക്ഷണമാണ് പ്രധാന വില്ലനെന്ന് മനസ്സിലായത്. നമ്മള്‍ കഴിക്കുന്ന അരിയും ഗോതമ്പും ഒരിക്കലും ഒരു പ്രകൃതിദത്ത ഭക്ഷണമല്ല. പോളിഷ് ചെയത് മനോഹരമാക്കിയ അരിയും ഗോതമ്പുമാണ് നമുക്ക് മുന്നിലെത്തുന്നത്. തൈറോയ്ഡ്, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം കാരണം നമ്മള്‍ വളരെ രുചിയോടെ അകത്താക്കുന്ന അരിയും ഗോതമ്പും സമ്മാനിക്കുന്നതാണ്. ചുറ്റും നോക്കിയാല്‍ കൂണുപോലെ മുളച്ചുപൊന്തുന്ന ആശുപത്രികളെ കാണാം. പ്രമേഹവും രക്തസമ്മര്‍ദവുമെല്ലാം ഇന്ന് സ്വാഭാവിക രോഗമായി മാറി. പക്ഷേ, പലതരം പരീക്ഷണങ്ങള്‍ നടത്തിയിട്ടും ഇതില്‍ നിന്ന് പൂര്‍ണമായും മുക്തമാവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഇവിടെയാണ് ചെറുധാന്യങ്ങളുടെ പ്രാധാന്യം. പക്ഷേ, ഇന്ന് ജനങ്ങള്‍ ചെറുതായെങ്കിലും മാറിച്ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അരിയുടെയും ഗോതമ്പിന്റെയും ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് കാര്യമായ ചര്‍ച്ച നടക്കുന്നുമുണ്ട്. പകരമായി മില്ലറ്റുകളെ സ്വീകരിക്കുന്നതിനെ കുറിച്ച് ലോകം സംസാരിക്കുന്നു. തങ്ങള്‍ കഴിക്കുന്ന ഭക്ഷണം ശരിയല്ലെന്ന ബോധം ജനങ്ങള്‍ക്ക് ഉണ്ടായി തുടങ്ങിയിട്ടുണ്ട് എന്നത് എന്നെപ്പോലെയുള്ളവരെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഒരു പരീക്ഷണത്തിനെന്നോണമെങ്കിലും ജനങ്ങള്‍ കുറച്ച് കാലത്തേക്കെങ്കിലും അരിയും ഗോതമ്പും ഒഴിവാക്കി ചെറുധാന്യങ്ങള്‍ ശീലമാക്കുന്നത് ശ്രമിച്ചുനോക്കൂ. അതിന്റെ വ്യത്യാസം മനസ്സിലാക്കാന്‍ കഴിയും. രോഗിയില്‍ നിന്നും ആരോഗ്യമുള്ള മനഷ്യരിലേക്ക് ഓരോ വ്യക്തിയും നടന്നുകയറിത്തുടങ്ങുന്നത് തീര്‍ച്ചയായും അനുഭവിക്കാന്‍ കഴിയും.

ആന്ധ്രപ്രദേശിലെ ഒരു നിർധന കുടുംബത്തില്‍ ജനിച്ച്, ഉന്നത വിദ്യാഭ്യാസം നേടി, മനുഷ്യരുടെ നല്ല ആരോഗ്യത്തിന് വേണ്ടി ഇന്ന് സ്വയം സന്നദ്ധനായി പ്രധാന പ്രചാരകനാകുന്നു. രാജ്യം മില്ലറ്റ് മാന്‍ ഓഫ് ഇന്ത്യ എന്ന് പേരിട്ട് വിളിക്കുന്നു. ഇത് താങ്കളില്‍ എന്ത് മാറ്റമാണുണ്ടാക്കിയത്.
വ്യക്തിപരമായി എല്ലാവരും നല്ല ആരോഗ്യത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ഇതിനായി ഞങ്ങളുടെ നേതൃത്വത്തില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെ പറ്റി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പോയി പ്രചാരണം നടത്തുന്നുണ്ട്. ഇതുമായി മുന്നോട്ട് പോവാന്‍ താല്‍പര്യപ്പെടുന്ന കര്‍ഷകര്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സഹായം നല്‍കുന്നു. രാജ്യത്തിന്റെ എല്ലായിടങ്ങളിലും രോഗമുക്തമായ ഒരു ജനതയെ സൃഷ്ടിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇതിന്റെ ഫലമെന്നോണം അരിയും ഗോതമ്പും മാറ്റിവെച്ച് ചെറുധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് നിരവധിയാളുകള്‍ മുന്നോട്ട് വരുന്നുണ്ട്. കേരളത്തില്‍ തന്നെ പല ഭാഗങ്ങളിലും മില്ലറ്റ് കൃഷി ഇന്ന് വ്യാപകമായി വരുന്നുണ്ട്. പക്ഷേ, ഇതിന് ഇനിയും വലിയ രീതിയില്‍ മുന്നോട്ട് പോവാനുണ്ട്.
മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം. ഭരണകൂടങ്ങള്‍ ഇന്ന് അരി, ഗോതമ്പ് കൃഷികൾക്ക് കാര്യമായ സബ്‌സിഡി നല്‍കുന്നുണ്ട്. മാത്രമല്ല, മാര്‍ക്കറ്റ് കണ്ടുപിടിക്കാന്‍ വലിയ സഹായവും നല്‍കുന്നു. പക്ഷേ, ഇത് ചെറുധാന്യ കൃഷിയുടെ കാര്യത്തില്‍ നടക്കുന്നില്ല. നമ്മള്‍ കഴിക്കുന്നത് തെറ്റായ ഭക്ഷണമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ, അതിനെ മറച്ചുവെക്കുകയാണ്. മില്ലറ്റ് കര്‍ഷകര്‍ക്കും സബ്‌സിഡിയും മറ്റും നല്‍കി സര്‍ക്കാരുകള്‍ പിന്തുണയ്ക്കണം. ഇതിന്റെ പ്രധാന്യത്തെ കുറിച്ച് ബോധവത്കരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ തന്നെ സംവിധാനങ്ങള്‍ ഉണ്ടാവണം.
എങ്ങനെയാണ് അരിയും ഗോതമ്പും തെറ്റായ ഭക്ഷണമാണ് എന്ന് പറയാന്‍ കഴിയുക.
മൂന്ന് പ്രധാന വസ്തുതകളാണ് ഇതിന് പിന്നിലുള്ളത്. ശരീരത്തിലെ ഗ്ലൂക്കോസ്, ഹോര്‍മോണ്‍, തൈറോയ്ഡ് എന്നിവയുടേയെല്ലാം അസന്തുലിതാവസ്ഥയ്ക്ക് ഇത്തരം ഭക്ഷണങ്ങള്‍ കാരണമാകുന്നുണ്ട്. ഇവയുടെ ഉപയോഗം രക്തം കട്ടിയാക്കുകയും, ഹൃദയത്തിന്റെയും മറ്റ് അവയവങ്ങളുടെയും ആരോഗ്യത്തെ ബാധിക്കുകയും, വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുവെന്നത് ശാസ്ത്രീയമായി തെളിഞ്ഞ കാര്യമാണ്. അതുകൊണ്ട് തന്നെയാണ് അരിയും ഗോതമ്പും സ്ഥിരഭക്ഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും പകരം ചെറുധാന്യങ്ങളെ സ്വീകരിക്കണമെന്നും പറയുന്നത്. ഫൈബര്‍ കണ്ടന്റുകള്‍ ധാരാളം അടങ്ങിയതാണ് ചെറുധാന്യങ്ങള്‍. ഇവ സ്ഥിരമായി ഉപയോഗിക്കുന്നതോടെ മേല്‍പ്പറഞ്ഞ അസന്തുലിതാവസ്ഥ തിരിച്ചുകൊണ്ടുവരാന്‍ കഴിയും. രക്തത്തിലെ ഗ്ലൂക്കോസുകളുടെ അവസ്ഥയെ നിയന്ത്രിക്കും. അതുപോലത്തന്നെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും പരിഹാരമാവും. അവ രക്തത്തിന്റെ കട്ടി കുറയ്ക്കുകയും രോഗപ്രതിരോധശേഷിയെ സഹായിക്കുകയും ചെയ്യുന്നു. പ്രമേഹം, തൈറോയ്ഡ് രോഗങ്ങള്‍, പി.സി.ഒ.ഡി. എന്നിവയും മറ്റ് പല രോഗങ്ങളും തടയാനോ നിയന്ത്രിക്കാനോ സഹായിക്കുന്നുമുണ്ട്.

മില്ലറ്റ് കൃഷി എങ്ങനെയാണ് പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ഗുണകരമാവുന്നത്.
ഇത് മറ്റൊരു പ്രധാനപ്പെട്ട വസ്തുതയാണ്. നെല്ലിന്റേയും ഗോതമ്പിന്റെയും കൃഷിക്കായി നമുക്ക് ഒരുപാട് ജലത്തിന്റെ ആവശ്യം വരുന്നു, രാസവസ്തുക്കളുടെ ഉപയോഗം പരിസ്ഥിതിക്കും ദോഷകരമാണ് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അത് മണ്ണിനേയും ജലസ്രോതസ്സുകളെയും വലിയ രീതിയിലാണ് ദുരുപയോഗം ചെയ്യുന്നത്. എന്നാല്‍, നേരെ മറിച്ചാണ് മില്ലറ്റ് കൃഷിയില്‍ സംഭവിക്കുന്നത്. വളരെ കുറച്ച് വെളളമാണ് മില്ലറ്റ് കൃഷിക്ക് ആവശ്യമുള്ളൂ. രാസവളങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നില്ല എന്നത് കൊണ്ട് ഇവയുടെ ഉപയോഗം മൂലം നശിച്ചുപോവുന്ന മണ്ണിന്റെ ജൈവകണങ്ങളെ നമുക്ക് തിരിച്ചുപിടിക്കാന്‍ കഴിയും. രാസവസ്തുക്കളുടെ ഉപയോഗം മൂലം ഇല്ലാതായിപ്പോവുന്ന ചെറുജീവികളുടെ അതിജീവനത്തിന് വഴിയൊരുക്കും. നേരത്തെ പറഞ്ഞപോലെ ജോലി രാജിവെച്ച് അഞ്ച് വര്‍ഷത്തോളം ജനങ്ങളിലേക്ക് ഇറങ്ങിയാണ് ഇതിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. അപ്പോഴാണ് ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കുക എന്നത് പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു ജോലിയല്ലെന്ന് മനസ്സിലായത്. രാജ്യത്തുടനീളം സഞ്ചരിച്ച് ചെറുധാന്യങ്ങളുടെ വിത്തുകള്‍ ശേഖരിച്ച് ഗവേഷണം നടത്തി.
അഞ്ചു ചെറുധാന്യങ്ങളാണ് ഏറ്റവും സുഖമമായി നമുക്ക് കൃഷി ചെയ്യാനും ഉപയോഗിക്കും സാധിക്കുക. അരി, ഗോതമ്പ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങളെ സുഖപ്പെടുത്താനും മാറ്റിയെടുക്കാനും കഴിയുന്ന
ചാമ, തിന, വരക് , കുതിരവാലി, കൊറലെ എന്നീ അഞ്ച് ധാന്യങ്ങളെക്കുറിച്ച് ഞാന്‍ അറിയുന്നത് ഈ ഗവേഷണത്തിനിടെയാണ്. ഒരു തരിശുഭൂമി വാങ്ങുകയും ഈ അഞ്ച് ധാന്യങ്ങള്‍ കൃഷി ചെയ്യാന്‍ ആയിരക്കണക്കിന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. ഇവ അഞ്ചും ഉയര്‍ന്ന ഫൈബര്‍ കണ്ടന്റ് ഉള്ള മില്ലറ്റുകളാണ്. വളരെ കുറഞ്ഞ ജലം മാത്രമേ ഇവയുടെ കൃഷിക്ക് ആവശ്യമായി വരുന്നുള്ളൂവെന്നതാണ് അതിന്റെ ഏറ്റവും വലിയ ഗുണം. എന്തിന് മൊട്ടക്കുന്നില്‍ പോലും നമുക്കിത് കൃഷി ചെയ്യാം. ചെറുധാന്യങ്ങളുടെ ഉപയോഗത്തെ കുറിച്ച് ജനങ്ങള്‍ അപ്പാടെ ബോധവത്കരിക്കപ്പെട്ടു കഴിഞ്ഞില്ലെങ്കിലും അവര്‍ കഴിക്കുന്ന ഭക്ഷണം നല്ലതല്ല എന്ന ചെറിയ ബോധ്യമെങ്കിലും ഇന്ന് ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. അവര്‍ ഭക്ഷണക്രമം മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നു. ഇതുതന്നെ വലിയ പോസിറ്റീവായ കാര്യമാണ്. പെട്ടെന്ന് നടക്കില്ലെങ്കിലും പത്തോ പതിനഞ്ചോ വര്‍ഷത്തിനിടെ നിലവിലെ ഭക്ഷണക്രമത്തില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന നല്ല പ്രതീക്ഷയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ തന്നെ നമുക്ക് ആശുപത്രികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
മില്ലറ്റുകളെ പ്രോത്സാഹിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയുള്ള കാര്യമല്ലേ.
തീര്‍ച്ചയായും ഇന്ന് വലിയ കോര്‍പ്പറേറ്റുകളുടെ കൈയിലാണ് നമ്മുടെ രാജ്യത്തെ കാര്‍ഷികമേഖല. അരിയും ഗോതമ്പുമെല്ലാം കയറ്റി അയക്കുന്നതില്‍ അവരിലേക്ക് വരുന്ന സമ്പത്ത് ചെറിയ കാര്യമല്ല. അപ്പോള്‍ വെല്ലുവിളി സ്വാഭാവികമല്ലേ? നമ്മള്‍ അരിയും ഗോതമ്പും ഉപയോഗിക്കുന്നതിന് പകരം മില്ലറ്റുകള്‍ ഉപയോഗിക്കണമെന്ന് പറയുമ്പോള്‍ അത് യാഥാര്‍ഥ്യമാക്കുക അത്ര എളുപ്പമല്ല. ഇത്തരം കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാരുകളില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നു. സബ്സിഡികളും മറ്റ് സഹായങ്ങളും ഇഷ്ടം പോലെ കിട്ടുന്നു. എന്നാല്‍, എന്താണ് മില്ലറ്റുകളുടെ അവസ്ഥ. അഞ്ച് ശതമാനം ജി.എസ്.ടിയാണ് ഇവയ്ക്ക് മേല്‍ ചുമത്തുന്നത്. ഇത് ശരിയായ കാര്യമാണോ. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പെ മില്ലറ്റുകള്‍ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. പിന്നെങ്ങനെയാണ് ഇതിനുമേല്‍ വലിയ ജി.എസ്.ടി ചുമത്തുക. ഇത്തരം സബ്‌സിഡികളും സഹായങ്ങളും മില്ലറ്റ് കൃഷി ചെയ്യുന്നവര്‍ക്കും അതിന്റെ വ്യാപാരികള്‍ക്കും നല്‍കണം.
ലോകത്ത് ഭക്ഷ്യക്ഷാമം കുറയ്ക്കാനുള്ള ഏക വഴിയും മില്ലറ്റുകള്‍ ശീലമാക്കുക എന്നതാണ്. കാലാവസ്ഥാ വ്യതിയാനവും മറ്റും കൊണ്ട് അരിയുടെയും ഗോതമ്പിന്റെയും ഉല്‍പ്പാദനം നമ്മുടെ രാജ്യത്ത് വലിയ രീതിയില്‍ കുറഞ്ഞിട്ടുണ്ട്. ഭക്ഷ്യക്ഷാമം നേരിടാനള്ള ഏക മാര്‍ഗവും മില്ലറ്റുകളുടെ കൃഷി വര്‍ധിപ്പിക്കുക എന്നതാണ്. 100 ഏക്കര്‍ കൃഷി ഭൂമിയില്‍ നിന്ന് പരമാവധി 300 ക്വിന്റല്‍ അരിയാണ് നമുക്ക് ലഭിക്കുക. എന്നാല്‍ ഒരു 90 ഏക്കര്‍ ഭൂമിയില്‍ നിന്ന് നമുക്ക് ഏകദേശം 900 ക്വിന്റല്‍ മില്ലറ്റുകള്‍ കൃഷി ചെയ്‌തെടുക്കാന്‍ കഴിയും. അഞ്ചുപേര്‍ക്ക് ഒരു കിലോ അരികൊണ്ട് ഭക്ഷണം കഴിക്കാന്‍ കഴിയുമെങ്കില്‍ ഒരു കിലോ അരിയില്‍ നിന്ന് നമുക്ക് പത്ത് പേര്‍ക്ക് ഭക്ഷണമൊരുക്കാന്‍ കഴിയും. പക്ഷേ, ഈ യാഥാര്‍ഥ്യം അംഗീകരിക്കുന്നില്ല. പകരം മില്ലറ്റുകളെ പക്ഷികളുടേയും മൃഗങ്ങളുടേയും ഭക്ഷണമാക്കി മുദ്രകുത്തപ്പെടുകയാണ്.
അമേരിക്കയില്‍ ശാസ്ത്രജ്ഞനായി പോയതിന് ശേഷമായിരുന്നല്ലോ മില്ലറ്റുകളുടെ പ്രചാരകനായുള്ള തിരിച്ചുവരവ്. അവിടെ നിന്നുണ്ടായ അനുഭവം എന്തായിരുന്നു.
ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ ഒരു ആറോ ഏഴോ വയസ്സുള്ള കൊച്ചു പെണ്‍കുട്ടിക്ക് പീരിയഡ്‌സ് ആയ കാര്യം. അത് എന്നെ വളരെ രീതിയിലാണ് കണ്ണു തുറപ്പിച്ചത്. ഒരു തരത്തിലുള്ള സ്വാഭാവിക ഭക്ഷണവും കഴിക്കത്തവരാണ് അവിടേയുള്ള ജനങ്ങള്‍. എല്ലാം ഇറക്കുമതി ഭക്ഷണങ്ങള്‍. അതുകൊണ്ട് തന്നെ ജീവിത ശൈലീരോഗങ്ങളുടെ പിടിയിലാണ് ഇവിടെയുള്ള ഭൂരിഭാഗം ജനങ്ങളും. കാന്‍സര്‍, പ്രമേഹം എന്നിവയെല്ലാം വലിയ തോതില്‍ വര്‍ധിക്കുന്നു. ഇതിനെല്ലാം കാരണം അവര്‍ കഴിക്കുന്ന ഭക്ഷണമായിരുന്നു. എന്റെ ഗവേഷണം എന്റെ നാട്ടിലുള്ള ജനങ്ങള്‍ക്ക് ഉപകാരപ്പെടണമെന്ന ചിന്തയിലാണ് അന്ന് അമേരിക്ക വിടാന്‍ പ്രേരിപ്പിച്ചതും മില്ലറ്റുകളുടെ പ്രചാരകനാവാന്‍ മുന്നോട്ട് നയിച്ചതും. പിന്നീട് മൈസൂരുവിലെത്തി മകള്‍ക്കൊപ്പം ഹോമിയോപ്പതി ക്ലിനിക്ക് സ്ഥാപിച്ചു. ഇവിടെ എത്തുന്നവരെല്ലാം ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് വലയുന്നവരായിരുന്നു. രോഗികളോട് മരുന്നുകള്‍ക്കൊപ്പം നിര്‍ബന്ധപൂര്‍വം മില്ലറ്റുകള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാനാണ് നിര്‍ദേശിക്കുന്നത്. അങ്ങനെ ശീലമാക്കിയവരില്‍ വലിയ മാറ്റം കാണാനും സാധിച്ചു. നേരത്തെ പറഞ്ഞ അഞ്ച് ധാന്യങ്ങളെ സിരിധന്യ എന്ന പേരിട്ടാണ് വിളിക്കുന്നത്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പ്രമേഹം, രക്തസമ്മര്‍ദം, കുടവയര്‍, മലബന്ധം, പി.സി.ഒ.ഡി പോലുള്ള രോഗങ്ങള്‍ എന്നിവയിലെല്ലാം വലിയ മാറ്റം കൊണ്ടുവരാന്‍ സാധിച്ചു. നമ്മുടെ സര്‍ക്കാര്‍ മില്ലറ്റുകളെ പ്രോത്സാഹിപ്പിക്കുകയും മില്ലറ്റ് കര്‍ഷകരെ പിന്തുണയ്ക്കുകയും ചെയ്താല്‍ രോഗമില്ലാത്ത വലിയൊരു ജനതയെ നമുക്ക് സൃഷ്ടിച്ചെടുക്കാന്‍ കഴിയും. 2023 ലെ കണക്കുമാത്രം നോക്കിയാല്‍ ലോകത്തെ രണ്ട് ശതമാനമെങ്കിലും ജനങ്ങള്‍ സമ്പൂര്‍ണ മില്ലറ്റ് ഉപയോക്താക്കളായി മാറിയിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴയും. സര്‍ക്കാര്‍ പിന്തുണ കൂടി ലഭിച്ചാല്‍ ഇന്ത്യയെ നമുക്ക് കുറഞ്ഞ കാലത്തിനിടെ തന്നെ ഒരു മില്ലറ്റ് രാജ്യമാക്കി മാറ്റാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട്.
Content Highlights: Dr. Khader Vali, the Millet Man of India, discusses the health benefits of millets
Published: 19 Aug 2025, 10:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented