പ്രതീകാത്മക ചിത്രം | Photo: canva.com/
മുഖ്യമായും ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഐക്യരാഷ്ട്രസഭയുടെ Food And Agriculture Organisation(FAQ) 2023-നെ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി(International year of Millets) പ്രഖ്യാപിച്ചത്. സൂപ്പര്‍ഫുഡ് എന്നാണ് ഈ ചെറുധാന്യങ്ങള്‍ അറിയപ്പെടുന്നത്. ഭാവിയില്‍ ഭക്ഷ്യാവശ്യങ്ങളില്‍ ഇത്തരം ചെറുധാന്യങ്ങള്‍ വലിയ പങ്കുവഹിക്കുമെന്ന് ഈ പ്രഖ്യാപനത്തിലൂടെ യു.എന്‍. പ്രതീക്ഷിക്കുന്നു.
ധാന്യവിളകള്‍
ഭക്ഷ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ധാന്യവിളകള്‍ Poaceae-gramine കുടുംബത്തില്‍പ്പെടുന്നു. ഇത്തരം ധാന്യവിളകളെ പ്രധാനമായും രണ്ടായിത്തിരിച്ചിരിക്കുന്നു. സിറിയലുകള്‍(Cereals) എന്നും മില്ലെറ്റു(millets)കളെന്നും. ഗ്രീക്ക്, റോമന്‍ വിശ്വാസങ്ങളില്‍ സിരിസ് ദേവതയെ ധാന്യദാതാവായി കണക്കാക്കി ആരാധിക്കുന്നു. കൊയ്ത്തുവേളകളില്‍ ധാന്യസമര്‍പ്പണം നടത്തി സിരിസ് ദേവതയെ പ്രീതിപ്പെടുത്തുന്ന ആചാരവുമുണ്ട്. ഈ ദേവതയോടുള്ള ആരാധനയായിരിക്കാം സിറിയല്‍സ് എന്ന പേര് നെല്ല്, ഗോതമ്പ്, ചോളം, ജോവര്‍, ഓട്‌സ്, ബാര്‍ളിറൈസ് എന്നീ വിളകളെ ചേര്‍ത്ത് പറയുന്നത്.
ചെറുധാന്യങ്ങള്‍(millets)
തിന, റാഗി, വരക്, പനിവരക്, ചാമ, കുതിരവാലി, മണിച്ചോളം, കമ്പ് എന്നിവയാണ് ചെറുധാന്യങ്ങളിലെ പ്രധാനപ്പെട്ടവ. കാലാവസ്ഥാ വ്യതിയാനത്താലുള്ള ജലദൗര്‍ലഭ്യത്തെപ്പോലും അതിജീവിക്കാനുള്ള ശേഷി ചെറുധാന്യങ്ങള്‍ക്കുണ്ട്. International crops Research institute for the semi arid tropics, Hyderabad-ലെ പഠനമനുസരിച്ച് ചെറുധാന്യങ്ങള്‍ക്ക് 46 ഡിഗ്രി സെല്‍ഷ്യസ് ചൂടിനെപ്പോലും അതിജീവിക്കാനുള്ള ശേഷിയുണ്ട്. നെല്ലുപോലുള്ള വിളകള്‍ നേരിടുന്ന ജലസേചന പ്രശ്‌നം അതുകൊണ്ട് തന്നെ ചെറുധാന്യകൃഷിക്കില്ല എന്നതും ഇവയുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നു. രോഗ, കീടബാധയും ചെറുധാന്യകൃഷിയിലില്ല. ചെറുധാന്യങ്ങളെ പരിചയപ്പെടാം.
തിന(Italian Millet)
ചൈനക്കാര്‍ വിശുദ്ധസസ്യമായി കണക്കാക്കി വരുന്ന തിനയുടെ ജന്മദേശം ഏഷ്യ തന്നെയാണ്. ആന്ധ്ര, കര്‍ണാടക, മഹാരാഷ്ട്ര എന്നിവടങ്ങളിലാണ് നമ്മുടെ രാജ്യത്ത് മുഖ്യമായും ഇതിന്റെ കൃഷിയുള്ളത്. പരുത്തിയോടൊപ്പം മിശ്രവിളയായും തിനകൃഷി ചെയ്തു വരുന്നു. ഉമി കളഞ്ഞ് ചോറുപോലെയും പായസം വെച്ചുമെല്ലാം തിന കഴിക്കാം. വൈക്കോല്‍ കന്നുകാലി തീറ്റയുമാക്കാം.
റാഗി(Finger millet)
അപ്പവും പുട്ടുമെല്ലാം ഉണ്ടാക്കാന്‍ റാഗി ഉപയോഗിക്കുന്നു. വിരകി കുട്ടികള്‍ക്കും നല്‍കാം. കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയെല്ലാം മിതമായ അളവിലുള്ളതിനാല്‍ ജീവിതശൈലിരോഗങ്ങളെ ചെറുക്കാനും നല്ലതാണ്. കൂവരക് എന്നും മുത്താറി എന്നും റാഗി അറിയപ്പെടുന്നു. തമിഴ്തനാട്, ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക എന്നിവടങ്ങളിലാണ് മുഖ്യമായും കൃഷിചെയ്യുന്നത്. ചെറിയ തോതില്‍ ജലസേചനം നടത്തിയാല്‍ മതിയാവും. വളരെക്കാലം റാഗി കേടുകൂടാതെ സൂക്ഷിക്കാം. കാല്‍സ്യം, ഇരുമ്പ്, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നു.
വരക്(Caudomillet)
മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര എന്നിവടങ്ങളിലാണ് മുഖ്യമായും വരക് കൃഷി ചെയ്യുന്നത്. മൂപ്പ് കൂടുതലുള്ള ഈ ധാന്യവിള വിളവെത്താതെ ഭക്ഷിച്ചാല്‍ വിഷാംശമുണ്ടാവും. ധാന്യം ശേഖരിച്ചാല്‍ കുറച്ചുകാലം സൂക്ഷിച്ചുവേണം ഭക്ഷ്യയോഗ്യമാക്കാന്‍. നെല്ല്, ഗോതമ്പ് എന്നിവയ്ക്ക് പകരമായി വരക് ഉപയോഗിക്കുന്നു. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം എന്നിവയടങ്ങിയിരിക്കുന്നു.
പനിവരക്(Common millet)
പശിമയില്ലാത്തതും മറ്റു വളകള്‍ക്ക് യോജ്യമല്ലാത്തതുമായ പ്രദേശങ്ങളിലാണ് പനിവരക് കൃഷി ചെയ്യുന്നത്. ഇന്ത്യക്ക് പുറമെ ജപ്പാനിലും റഷ്യയിലുമെല്ലാം കൃഷിയുണ്ട്. കുറഞ്ഞമൂപ്പുള്ള പനിവരകിന്റെ വൈക്കോല്‍ ഉപയോഗിക്കാറില്ല. പനിവരകിന്റെ ധാന്യപ്പൊടി റൊട്ടി, ചപ്പാത്തി എന്നിവയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കൊയ്ത്തിനുപകരം ചെടികള്‍ പിഴുതെടുക്കുന്നതാണിതിന്റെ രീതി.
ചാമ(little millet)
പഞ്ഞകാലത്തെ ഭക്ഷ്യവിളയായാണ് ചാമയെ വിശേഷിപ്പിക്കുന്നത്. കഫം, പിത്തം എന്നീ രോഗങ്ങള്‍ക്ക് ചാമ നല്ലതാണ്. പുല്ലരി എന്നും ഇത് അറിയപ്പെടുന്നു. പ്രമേഹരോഗികള്‍ക്കും ചമക്കഞ്ഞി വിശേഷമാണ്. പൊണ്ണത്തടി കുറയ്ക്കാനും നന്ന്. തമിഴ്‌നാട്ടിലാണ് ചാമകൃഷി കൂടുതലുള്ളത്. കേരളത്തില്‍ ചാമകൃഷി അന്യംനിന്നുകൊണ്ടിരിക്കുന്നു. ചാമ ഉപ്പുമാവിനും ഉപയോഗിക്കുന്നു.
കുതിരവാലി(Barnyard millet)
കുതിരവള്ളി എന്നും ഇതറിയപ്പെടുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈ ചെറുധാന്യകൃഷിയുണ്ട്. ഇതിന്റെ ധാന്യം ചോറുപോലെയോ ചപ്പാത്തിപോലെയോ ഉപയോഗിക്കാം. കന്നുകാലികളെക്കൊണ്ട് ചവിട്ടി മെതിച്ച് ധാന്യശേഖരണം നടത്തുന്നതാണിതിന്റെ പരമ്പരാഗത രീതി.
മണിച്ചോളം(Sorghum)
ലോകത്തെ മുഖ്യ ധാന്യവിളയാണ് മണിച്ചോളം. ഇന്ത്യയിലും മണിച്ചോളകൃഷി മുഖ്യമാണ്. വരണ്ട പ്രദേശങ്ങളില്‍ കൃഷിക്കുന്നമമാണ്. ഉമി നീക്കി അരിയെടുത്ത് വേവിച്ചും പൊടിച്ച് പലഹാരങ്ങളുണ്ടാക്കിയും കഴിക്കാം. ജോവര്‍ എന്നും മണിച്ചോളം അറിയപ്പെടുന്നു. ഫൈബര്‍ കൂടുതലുള്ള ഈ ഭക്ഷ്യധാന്യം ദഹനത്തിനും സഹായിക്കുന്നു.
കമ്പ്(Pearlmillet)
പവിഴച്ചോളം എന്നും വിളിക്കുന്നു. ഏഷ്യയിലും ആഫ്രിക്കയിലുമാണ് മുഖ്യം. ഇന്ത്യയില്‍ അസമൊഴികെ മിക്കയിടത്തും കമ്പ് കൃഷി ചെയയ്ുന്നു. ചോറിനും റൊട്ടിക്കും ഉപയോഗിക്കുന്നു. ഒന്നിച്ച് വിളവെടുക്കാതെ, ചിനപ്പുകളുടെ മൂപ്പനുസരിച്ചാണ് പലപ്രാവശ്യമായാണ് കമ്പ് വിളവെടുക്കുന്നത്. സോഡിയം, പൊട്ടാസ്യം, അയേണ്‍ എന്നിവ ഈ ചെറുധാന്യത്തിലടങ്ങിയിരിക്കുന്നു. ബജ്‌റ എന്നും ഈ കുഞ്ഞന്‍ ധാന്യം അറിയപ്പെടുന്നു.
Content Highlights: international year of millets 2023, cultivation of millets, health benefit of millets, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..