തീപ്പൊരി പ്രസംഗങ്ങളിലൂടെ പാർലമെന്റിൽ പ്രതിപക്ഷ നിരയിലെ ഏറെ ശ്രദ്ധേയയായ അംഗമാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എം.പി കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും നിശിത വിമർശകയായ അവർ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗമാണ്. ഇൻവെസ്റ്റ്മെന്റ് ബാങ്കറായിരുന്ന മഹുവ ജെപി മോർഗൻ ചേസിന്റെ വൈസ് പ്രസിഡന്റായി ലണ്ടനിൽ പ്രവർത്തിക്കവേയാണ് 2009-ൽ ആ മേഖല ഉപേക്ഷിച്ച് രാഷ്ടീയ രംഗത്തേക്ക് എത്തുന്നത്. ബംഗാളിലും കേരളത്തിലും നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ അതേക്കുറിച്ച് മഹുവ മൊയ്ത്ര മാതൃഭൂമി ഡൽഹി ബ്യൂറോ പ്രത്യേക ലേഖകൻ പ്രവീൺ കൃഷ്ണനോട് സംസാരിക്കുന്നു

To advertise here,

കേരളം എന്നപോലെ ബംഗാളിലും നിയമസസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. ബി.ജെ.പി, പ്രത്യേകിച്ച് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഏത് വിധത്തിലും ഇത്തവണ ബംഗാൾ പിടിക്കാനുള്ള ശ്രമത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടും തർക്കങ്ങൾ രൂക്ഷമാണ്. അതി തീവ്രമായ ഒരു മോദി-മമത പോരാട്ടത്തിലേക്കാണോ ബംഗാൾ നീങ്ങുന്നത് ?

ഒരു മത്സരവുമില്ല. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും മത്സരമൊന്നും ഇല്ലായിരുന്നു.അതുപോലെ തന്നെ ഇത്തവണയും. ഞങ്ങൾ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും. പിന്നെ ബംഗാളിലും കേരളത്തിലും ഇക്കുറി സമാനമായ ഒരു കാര്യമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് നിയമവിരുദ്ധമായ നീക്കങ്ങളിലൂടെ ഒരു പരിശ്രമം ബിജെപി നടത്തുന്നുണ്ട്. സ്വതന്ത്രമായി ഒരു തിരഞ്ഞെടുപ്പിൽ അവർക്ക് ഒരു സാധ്യതയുമില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം. അതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ കളത്തിലിറക്കിയിരിക്കുകയാണ്. ബംഗാളിലും കേരളത്തിലും മാത്രമല്ലേ കമ്മീഷൻ നിയമ വിരുദ്ധമായി മൈക്രോ ഒബ്സർവർമാരേ നിയോഗിച്ചിരിക്കുന്നത്. ഇതൊന്നും ഫലിക്കില്ല.കേരളത്തിൽ എന്ന പോലെ ബംഗാളിലും ബി.ജെ.പി തകർന്നടിയും.

തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ഭരണത്തിൽ മൂന്ന് ടേം പൂർത്തിയാക്കികഴിഞ്ഞു. 15 വർഷങ്ങൾ. നാലാമത് ടേമിന് ശ്രമിക്കുമ്പോൾ സ്വാഭാവികമായും ഭരണവിരുദ്ധ വികാരം ഒരു ഘടകമാകില്ലേ?

സത്യസന്ധമായി പറഞ്ഞാൽ 15 വർഷം അധികാരത്തിൽ ഇരുന്നശേഷം തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അത് ഏത് സർക്കാരായിക്കോട്ടെ,കുറച്ച് ഭരണവിരുദ്ധ വികാരത്തെ നേരിടേണ്ടിവരും. എന്നാൽ ബിജെപിയുടെ പ്രവർത്തികൾ കാരണം അതിനൊന്നും പ്രസക്തിയില്ല. എസ്.ഐ.ആറിന്റെ പേരിൽ അവരെന്തൊക്കെ വിക്രിയകളാണ് കാട്ടിക്കുട്ടുന്നത്. ആദ്യം ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കി. പിന്നെ യഥാർത്ഥ വോട്ടർമാരെ ബുദ്ധിമുട്ടിക്കാൻ തുടങ്ങി. എല്ലാരേഖകളും ഉള്ള, പരിശോധനകൾ പൂർത്തിയാക്കിയ വോട്ടർമാരേപ്പോലും വെറുതെ വിട്ടില്ല. അവരുടെ പേരുകൾ വെട്ടാൻ തുടങ്ങി. ബിജെപിക്കാരായ വോട്ടർമാർ പോലും പൊറുതിമുട്ടിയ അവസ്ഥയിലായി. മറ്റൊന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളികൾക്ക് നേരേ നടക്കുന്ന അക്രമണമാണ്. ഒഡീഷയിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ഛത്തീസ്ഗഡിലും എന്തിന് ഡൽഹിയിൽപോലും ബംഗാളികളായ തൊഴിലാളികൾക്ക് നേരേ വ്യാപക ആക്രമണം നടക്കുന്നു. ബംഗ്ലാദേശികളെന്നും രോഹിംഗ്യകളെന്നും ഒക്കെ മുദ്രകുത്തി ബംഗാളികളെ വേട്ടയാടുന്ന സമീപനം. ഇത് വളരെ മോശമായ ഒരു സന്ദേശമാണ് ഞങ്ങളുടെ സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളികളോടുള്ള സമീപനം ഇങ്ങനെയാണെങ്കിൽ ആ പാർട്ടി ബംഗാളിൽ അധികാരത്തിൽ വന്നാൽ എന്തായിരിക്കും സ്ഥിതി എന്ന് ജനങ്ങൾ ചിന്തിക്കുന്നു. ഈ രണ്ട് ഘടകങ്ങളും കാരണം തിരഞ്ഞെടുപ്പിൽ ഞങ്ങൾ (തൃണമൂൽ കോൺഗ്രസ് ) കഴിഞ്ഞ തവണത്തേക്കാൾ മികച്ച നിലയിലാണ് എന്നതാണ് വാസ്തവം.

ബംഗാളിൽ സി.പി.എമ്മിനേയും കോൺഗ്രസിനേയും പിന്തള്ളി പ്രധാന പ്രതിപക്ഷ പാർട്ടിയായി ബി.ജെ.പി മാറി. എന്നാൽ കേരളത്തിൽ പോരാട്ടം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. അതേസമയം പ്രതിപക്ഷ ഭൂമികയിലേക്ക് എത്താൻ ബി.ജെ.പി ശ്രമങ്ങൾ നടത്തുന്നുണ്ട്. ബംഗാളിലെ ബി.ജെ.പിയുടെ വളർച്ചയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ അവരുടെ തന്ത്രങ്ങളെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. കേരളം 100 ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ്. അതൊരു പ്രധാന ഘടകമാണ്. ബംഗാളിൽ 2011 ൽ സി.പി.എമ്മിന് ഉണ്ടായ പരാജയത്തിന് ശേഷം സി.പി.എമ്മിന്റേയും ഇടതുപക്ഷത്തിന്റേയും കേഡറുകൾ ബി.ജെ.പിയിലേക്ക് പോയി. ഇടതുപക്ഷത്തിന് പൂർണ തകർച്ച ഉണ്ടായി. അവരുടെ അവശേഷിച്ച അടിത്തറ മുഴുവൻ ബിജെപിയിലേക്ക് ചേക്കേറി. കോൺഗ്രസിന് അതിന് മുമ്പ് തന്നെ തകർച്ച സംഭവിച്ചിരുന്നു. ഫലത്തിൽ ഒരു വശത്ത് തൃണമൂൽ കോൺഗ്രസും മറുവശത്ത് തൃണമൂലിന് (ടി.എം.സി) എതിരായവരെല്ലാം ബിജെപി പാളയത്തിലും എന്ന സ്ഥിതി ഉണ്ടായി. കേരളത്തിൽ അങ്ങിനെ സംഭവിക്കില്ല. കാരണം സി.പി.എം നേതൃത്വത്തിലുള്ള മുന്നണിയും കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയും മാറി മാറി അധികാരത്തിൽ എത്തുന്ന രീതിയാണ് കേരളത്തിൽ . എൽ.ഡി.എഫ് , യു.ഡിഎഫ് മുന്നണികൾ ശക്തവുമാണ്. അതുകൊണ്ട് ബിജെപി പോലൊരു പാർട്ടിക്ക് പ്രസക്തി കിട്ടില്ല. ബംഗാളിൽ സിപിഎമ്മിന്റേയൂം കോൺഗ്രസിന്റേയും തകർച്ചയാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്.

ബംഗാളിൽ ടി.എം.സി സിപിഎമ്മിനേയും കോൺഗ്രസിനേയും എതിർക്കുകയാണ്. പക്ഷേ മൂന്ന് പാർട്ടികളും ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗവുമാണ്. ടിഎംസിയുടെ ഈ നിലപാടിൽ വൈരുദ്ധ്യമില്ലേ?

ഒരു വൈരുദ്ധ്യവുമില്ല. ഇന്ത്യ സഖ്യം ആശയങ്ങളിൽ അധിഷ്ഠിതമായ മുന്നണിയാണ്. ബിജെപിക്ക് എതിരായി ആശയങ്ങളിൽ ഉറച്ച് നിന്ന് പോരാടുന്ന ഒരു സേനയാണ് ഇന്ത്യ സഖ്യം. നിയമസഭ തിരഞ്ഞെടുപ്പുകളല്ല മറിച്ച് രാജ്യം മുഴുവൻ നടക്കുന്ന തിരഞ്ഞെടുപ്പിലാണ് അതിന്റെ പ്രസക്തി. കേരളത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിലാണ് പോരാട്ടം. പക്ഷേ ഇരു പാർട്ടികളും ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. ബംഗാളിൽ ബിജെപിയോട് ഒറ്റക്ക് ഏറ്റുമുട്ടുന്ന പാർട്ടിയാണ് ഞങ്ങൾ. സിപിഎമ്മും കോൺഗ്രസും ഞങ്ങളെ പിന്തുണക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല.

ഇന്ത്യാ സഖ്യത്തെ നയിക്കാൻ മമത ബാനർജിയാണ് കൂടുതൽ യോഗ്യ എന്ന നിലയിലുള്ള നിർദ്ദേശങ്ങൾ ടി.എം.സിയിൽ നിന്ന് തന്നെ ഉയർന്നുവരുന്നുണ്ടല്ലോ?

മമത ബാനർജിയാണ് എന്റെ നേതാവ്. രാജ്യത്തെ എറ്റവും ഉയർന്ന പദവിയിൽ മമത ബാനർജി എത്തണമെന്ന്. സ്വാഭാവികമായും ഞാൻ ആഗ്രഹിക്കുന്നു. അതിരിക്കെ തന്നെ പറയട്ടേ, ഇന്ത്യ സഖ്യത്തെ ആര് നയിക്കണം എന്നതൊക്കെ സഖ്യം ചർച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യങ്ങളാണ്. എന്റെ നേതാവ് ഏറ്റവും ഉയർന്ന പദവിയിൽ എത്തണമെന്നതാണ് എന്റെ ആഗ്രഹം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രമേയം കൊണ്ടുവരുമെന്ന് ടി.എം.സി പറഞ്ഞിരുന്നു. അതേസമയം തന്നെ ലോക്സഭ സ്പീക്കറെ പുറത്താക്കാനുള്ള പ്രതിപക്ഷ പ്രമേയത്തിനുള്ള നോട്ടീസിൽ ടി.എം.സി അംഗങ്ങൾ ഒപ്പുവെച്ചുമില്ല. ടി.എം.സിയുടെ ഇത്തരത്തിലുള്ള വ്യത്യസ്ത നിലപാടുകൾക്ക് പിന്നിലെ യുക്തി എന്താണ് ?

രാജ്യത്തെ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഗ്യാനേഷ് കുമാർ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എന്ന ഉയർന്ന ഭരണഘടന പദവിയാണ് ഗ്യാനേഷ് കുമാർ വഹിക്കുന്നത്. നിക്ഷ്പക്ഷമായും നീതിയുക്തമായും പ്രവർത്തിച്ച് ഇന്ത്യയിലെ എല്ലാ വോട്ടർമാരുടേയും സമ്മതിദാനാവകാശം സംരക്ഷിക്കുക എന്ന കർത്തവ്യം നിറവേറ്റുന്ന ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ആണ് രാജ്യത്തിന് ആവശ്യം. ഗ്യാനേഷ് കുമാർ ബി.ജെ.പിയാൽ നിയമിക്കപ്പെട്ട ബി.ജെ.പിയുടെ കൈയിലെ കളിപ്പാവ മാത്രമാണ്. ഗ്യാനേഷ് കുമാറിന്റെ ഏക ലക്ഷ്യം ഇന്ത്യയിലെ അർഹരായ വോട്ടർമാരുടെ വോട്ടവകാശം എങ്ങനെ ഇല്ലാതാക്കാം എന്നത് മാത്രമാണ്. വഹിക്കുന്ന ഉന്നത പദവിക്ക് തന്നെ ഗ്യാനേഷ് കുമാർ ഒരു നാണക്കേടാണ്. ആ പദവിയിൽ തുടരാൻ അദ്ദേഹം അർഹനല്ല. തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടപടിയൊന്നും സ്വീകരിക്കാൻ കഴിയാത്ത വ്യവസ്ഥകളുള്ള ഒരു ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കിയത് ഓർമ്മയുണ്ടാകുമല്ലോ. പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്പെന്റ് ചെയ്തുകൊണ്ടാണ് കേന്ദ്രസർക്കാർ അത് പാസാക്കിയത്. ഈ വ്യവസ്ഥ ഗ്യാനേഷ് കുമാറിന് ധൈര്യം പകർന്നിട്ടുണ്ട്. എന്തുവേണമെങ്കിലും ചെയ്യാമെന്ന് അദ്ദേഹം കരുതുന്നു. അതിനാലാണ് ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം കൊണ്ടുവരണമെന്ന് ഞങ്ങൾ നിലപാട് എടുക്കുന്നത്. സ്പീക്കറുടെ കാര്യത്തിൽ പ്രതിപക്ഷത്തെ പൊതു നിലപാടിന് ഒപ്പം തന്നെയാണ് ഞങ്ങൾ . നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ടി.എം.സി ചൂണ്ടിക്കാണിച്ചത്. ഞങ്ങളുടെ പാർലമെന്ററി പാർട്ടി നേതാവ് അഭിഷേക് ബാനർജി ഇക്കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞിരുന്നു. അന്നൊരു തിങ്കളാഴ്ചയായിരുന്നു. ആദ്യം പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നാന്നായി എഴുതി പ്രതിപക്ഷ അംഗങ്ങൾ ഒപ്പുവെച്ച് ഒരു കത്തിന്റെ രൂപത്തിൽ സ്പീക്കർക്ക് നൽകണമെന്നും അതേക്കുറിച്ച് മറുപടി അറിയിക്കാൻ സ്പീക്കർക്ക് രണ്ട് ദിവസം സമയം നൽകണമെന്നുമാണ് ഞങ്ങൾ പറഞ്ഞത്. മറുപടി നൽകുന്നില്ലെങ്കിൽ സ്പീക്കറെ നീക്കം ചെയ്യാൻ പ്രമേയത്തിന് നോട്ടീസ് നൽകാമെന്ന നിലപാടും ഞങ്ങൾ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് അംഗങ്ങളെ ആ ദിവസം സസ്പെന്റ് ചെയ്തിരുന്നു. അതിനാലായിരിക്കാം അന്ന് തന്നെ നോട്ടീസ് നൽകണമെന്ന് കോൺഗ്രസ് നിലപാട് എടുക്കുകയും കോൺഗ്രസും ,. ഡിഎംകെയും എസ്.പിയും ഒപ്പ് വെച്ച് നോട്ടീസ് നൽകുകയും ചെയ്തത്. സ്പീക്കറുടെ കാര്യത്തിൽ പ്രതിപക്ഷത്തിന്റെ പൊതു ആക്ഷേപങ്ങൾ ഞങ്ങളും പങ്കുവെക്കുന്നു. നീക്കം ചെയ്യണമെന്ന നിലപാടാണ് ഞങ്ങൾക്കും. എന്നാൽ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക. മാത്രമണ് ടി.എം.സി ചെയ്തത്.

പ്രധാനമന്ത്രി മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും ശക്തയായ വിമർശകയാണ് താങ്കൾ. ഇ.ഡി കേസുകൾ തനിക്കെതിരെ ഫയൽ ചെയ്യപ്പെടാനുള്ള കാരണം അതാണെന്നും താങ്കൾ മുമ്പ് പറഞ്ഞിരുന്നു. അതേക്കുറിച്ച് വിശദീകരിക്കാമോ ?

ഇത് എല്ലാ പ്രതിപക്ഷ നേതാക്കളുടേയും കാര്യത്തിൽ ശരിയാണ്. ഇ.ഡി കേസ് എടുത്തിട്ടുള്ള രാഷ്ടീയനേതാക്കളിൽ ഏതാണ്ട് 99 ശതമാനവും പ്രതിപക്ഷ പാർട്ടികളിൽപ്പെട്ടവരാണ്. മറ്റ് പാർട്ടികളിൽനിന്ന് ബിജെപിയിൽ ചേർന്ന 25- ഓളം പ്രധാനനേതാക്കളിൽ എതാണ്ട് 23 പേരുടേയും കാര്യത്തിൽ അവർക്കെതിരെ നിലനിന്നിരുന്ന ഇ.ഡി കേസുകൾ അവസാനിപ്പിച്ചിട്ടുണ്ട്. കേസുകളുടെ കാര്യത്തിൽ വിജയ ശതമാനം ( കൺവിക്ഷൻ റേറ്റ്) വളരെ കുറഞ്ഞ ഏജൻസിയാണ് ഇ.ഡി. . ഏതാണ്ട് 0.4 ശതമാനം ഇ.ഡി കേസുകൾ മാത്രമാണ് വിജയിക്കുന്നത്. ഇതൊക്കെ ഒരു തമാശയായി മാറിക്കഴിഞ്ഞു ഇപ്പോൾ. ഇ.ഡിയും ഒരു ഹഫ്ത്താ കളക്ടിങ്ങ് എക്സ്റ്റോർഷൻ ഡയറക്ടറേറ്റായി മാറി. ഇ.ഡിയും സി.ബി.ഐയുമൊക്കെ മോദിയും അമിത് ഷായും അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഉപയോഗിക്കുന്ന ഏജൻസികൾ മാത്രമാണ്. അവർ ഞങ്ങളുടെ ഒക്കെ വീട് പരിശോധിച്ചു . മാതാപിതാക്കളുടെ വീട് പരിശോധിച്ചു. ദിവസവും 12 ഉം 13ം നോട്ടീസ് അയക്കുന്നു. അവർക്ക് വരാം, പോകാം , എന്ത് വേണമെങ്കിലും ചെയ്യാം .ഞങ്ങളും ഞങ്ങളുടെ നേതാക്കളും അതൊന്നും കണക്കിലെടുക്കുന്നേ ഇല്ല.

പാർലമെന്റിലും പുറത്തും നടത്തുന്ന തീപാറുന്ന പ്രസംഗങ്ങളാണ് മഹുവ മൊയ്ത്രയെ ശ്രദ്ധേയ ആക്കുന്ന ഒരു ഘടകം. ഈ ശൈലി എങ്ങിനെ രൂപപ്പെട്ടു.

ഞാൻ എന്റെ ഹൃദയത്തിൽനിന്നാണ് സംസാരിക്കുന്നത്. വിഷയത്തോട് അതീവ താത്പര്യവും അക്കാര്യത്തിൽ പൂർണബോധ്യവും ഉണ്ടെങ്കിൽ മാത്രമേ വാക്കുകൾ ഹൃദയത്തിൽനിന്ന് വരികയുള്ളു. തയ്യാറെടുപ്പ് നടത്തി തീവ്രവും വൈകാരികവുമായ ഒരു പ്രസംഗം നടത്താൻ കഴിയില്ല. ഞാൻ ഉച്ചത്തിലും വേഗതയിലുമാണ് സംസാരിക്കുന്നത് എന്ന് പലരും കരുതുന്നു. അത് എന്റെ ഒരു പോരായ്മയാണ്. വേഗത കുറക്കാൻ ശ്രമിക്കാറുണ്ട് പക്ഷെ നടക്കുന്നില്ല . ഇതിന് മറ്റൊരു കാരണവുമുണ്ട്. പ്രതിപക്ഷ അംഗങ്ങൾ എന്ന നിലയിൽ സഭയിൽ ഞങ്ങൾക്ക് വളരെ കുറച്ച് സമയം മാത്രമാണ് സംസാരിക്കാൻ അനുവദിക്കുന്നത്. അതിനാൽ വേഗത്തിൽ കൃത്യമായി കാര്യങ്ങൾ പറഞ്ഞ് തീർക്കാൻ ശ്രമിക്കും. ബി.ജെപി. അംഗങ്ങൾക്ക് എട്ട് മിനിട്ട് അനുവദിച്ചാൽ അവർ 15 മിനിട്ട് വരെ സംസാരിക്കും. ഞങ്ങൾക്ക് 15 മിനിട്ട് അനുവദിച്ചാൽ എട്ട് മിനിട്ടാകുമ്പോൾ തന്നെ സ്പീക്കർ നോ,നോ സിറ്റ് ഡൗൺ എന്ന് പറഞ്ഞ് തുടങ്ങും. ഞങ്ങളുടെ മൈക്ക് ഓഫാക്കും. പിന്നെ മറ്റൊരു കാര്യം ഉറക്കെയും വേഗത്തിലും പറയുന്നതിലല്ല പറയുന്നത് ഹൃദയത്തിൽനിന്ന് വരുന്നു എന്നതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്., ഒരു കേൾവിക്കാരന് പ്രസംഗം ഹൃദയത്തിൽതട്ടിയുള്ളതാണ് എന്ന് തോന്നലുണ്ടാകുമ്പോഴാണ് ആ പ്രസംഗം നല്ലതാകുന്നത് എന്ന് ഞാൻ കരുതുന്നു. കേൾക്കുന്ന സാധാരണക്കാരനായ വ്യക്തിക്കും വിഷയങ്ങൾ ബോധ്യപ്പെടുന്നതിലാണ് കാര്യം.

കേന്ദ്രസർക്കാരിന്റ പല നയ സമീപനങ്ങളോടും എതിർപ്പുള്ള സംസ്ഥാനങ്ങളാണല്ലോ കേരളവും ബംഗാളും. കേന്ദ്ര ഫണ്ടുകളുടെ കാര്യത്തിൽ ഉൾപ്പടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാരിന്റെ സമീപനത്തേക്കുറിച്ച് എന്ത് പറയുന്നു ?

ബംഗാളിലെ ജനങ്ങൾക്ക് അർഹമായി ലഭിക്കേണ്ടതൊന്നും മോദി സർക്കാർ കഴിഞ്ഞ അഞ്ച് വർഷമായി നൽകിയിട്ടില്ല. കേന്ദ്ര പദ്ധതികളിലെല്ലാം സംസ്ഥാനത്തെ അവഗണിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വിവിധ പദ്ധതികളിലായി ലഭിക്കേണ്ട 1,98000 കോടിയുടെ കുടിശിക നൽകിയിട്ടില്ല. എല്ലാ രീതിയിലും സംസ്ഥാനത്തിന് അർഹമായത് നിഷേധിക്കുന്നു. പക്ഷേ ഞങ്ങൾ ഒരു ഒത്തുതീർപ്പിനും തയ്യാറല്ല. വിട്ടുവീഴ്ച്ചയില്ലാത പോരാടും.

ഇത്തവണയും വിജയ പ്രതീക്ഷയിലാണോ തൃണമൂൽ കോൺഗ്രസ് ?

എന്താ സംശയം? ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷനെ ഇറക്കി തന്ത്രപൂർവ്വം കളിക്കുകയാണ് ബിജെപി . കഴിഞ്ഞ തവണ മോദിയും അമിത് ഷായും ബംഗാളിൽ തന്നെ ക്യാമ്പ് ചെയ്യുകയായിരുന്നു. ഇത്തവണ വലിയ റാലികളൊന്നും കാണുന്നില്ല. ബിജെപി കേഡറുകൾ പൊതുവിൽ നിശബ്ദരാണ്. എന്താണ് കാരണം.തങ്ങൾ ഒന്നും ചെയ്യേണ്ടതില്ലെന്നും തങ്ങൾക്കുവേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനും ഗ്യാനേഷ് കുമാറും വേണ്ടതൊക്കെ ചെയ്യുമെന്നുമാണ് അവർ കരുതുന്നത്. വോട്ടർ പട്ടികയിലെ കൃത്രിമത്തിലാണ് അവരുടെ പ്രതീക്ഷ. പക്ഷേ വിജയിക്കുമെന്ന് ഞങ്ങൾക്ക് പൂർണമായും ഉറപ്പാണ്. കഴിഞ്ഞ തവണ സംഭവിച്ചപോലെ തന്നെ ആയിരിക്കും ഇത്തവണയും. 200 സീറ്റ് കിട്ടും വിജയിക്കും അങ്ങിനെ എന്തൊക്കെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി അവകാശപ്പെട്ടിരുന്നത്. ഇത്തവണയും അവർ തകരും. ഒരേ സിനിമ കഥയുമായി ബി.ജെപിക്ക് വീണ്ടും വീണ്ടും വരാനാകില്ല. ഇത് നിങ്ങളുടെ കേരള സ്റ്റോറി പോലെ ആകും. ആദ്യ കേരള സ്റ്റോറി ഫ്ളോപ്പായി. രണ്ടാമത്തേതും അങ്ങിനെ തന്നെ ആയിരിക്കും.