വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് കേരള പുലയര് മഹാസഭ (കെപിഎംഎസ്) എന്തു നിലപാടാണ് സ്വീകരിക്കുക? ജനറല് സെക്രട്ടറി പുന്നല ശ്രീകുമാര് സംസാരിക്കുന്നു.

എൻഎസ്എസ്- എസ്എൻഡിപി ഐക്യം മൂന്നുതവണ കേരളത്തിൽ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്ന് കേരള പുലയർ മഹാസഭ (കെ.പി.എം.എസ്.) ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ഇത്തവണ ഇതൊക്കെ ചെയ്യുന്നതിന് ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം ഇപ്പോൾ നസ്രാണി വരെയാക്കി വിപുലീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുന്നല ശ്രീകുമാർ മാതൃഭൂമിയുമായി സംസാരിക്കുന്നു.
വലിയ മാറ്റങ്ങളുടെ നടുവിലാണ് കേരളരാഷ്ട്രീയം. ഈ സാഹചര്യത്തിൽ കെ.പി.എം.എസ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു?
സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷത്തിൽ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. ദുർബല, പാർശ്വവൽക്കൃത വിഭാഗങ്ങളെ സംബന്ധിച്ചും അവരുടെ അധികാര, വിഭവ പങ്കാളിത്തത്തിന്റെ അവസ്ഥയെ സംബന്ധിച്ചും ഒരു ധാരണ ഉണ്ടാകേണ്ട ഘട്ടമാണിത്. സ്വകാര്യവൽക്കരണത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം വന്നപ്പോൾ സ്വകാര്യ മേഖലയിൽ സംവരണം ഉൾപ്പെടെയുള്ള നിയമപരിരക്ഷകളില്ല. ആ മേഖലയിൽ നമുക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. അധികാരത്തെ സംബന്ധിച്ചാണെങ്കിൽ, സംവരണം തന്നെ ഭീഷണി നേരിടുന്ന ഒരു കാലഘട്ടമാണ്. ആ ആനുകൂല്യം അവകാശമെന്ന നിലയിൽ നേടിയെടുക്കാൻ നമ്മളുടെ അധികാര പങ്കാളിത്തത്തിന്റെ ഒരു സ്ഥിതിവിവരക്കണക്കുകൾ ഉണ്ടാവണം.
ഇപ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ വിജ്ഞാപനം വന്നിട്ടുണ്ട്, 2026 ഒക്ടോബറിൽ സെൻസസിന്റെ ആദ്യഘട്ടം ആരംഭിക്കുമെന്നും അതിൽ പിന്നീട് ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവരശേഖരണം കൂടി നടത്തും എന്നും. സ്ഥിതിവിവരക്കണക്ക് പുറത്തുവന്നാൽ നമുക്ക് അതൊക്കെ അവകാശപ്പെടാൻ കഴിയും എന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്. പക്ഷേ, ബിഹാർ തിരഞ്ഞെടുപ്പിനു ശേഷം ജാതി സെൻസസിന്റെ കാര്യത്തിൽ കേന്ദ്രത്തിന് ഒരു പിന്നോട്ട് പോക്കുണ്ടോ എന്ന് ഞങ്ങൾ സംശയിക്കുന്നുണ്ട്. പാർശ്വവൽകൃത വിഭാഗങ്ങളുടെ അധികാര, വിഭവ പങ്കാളിത്തം ഉറപ്പാക്കുന്ന കാര്യത്തിൽ നിലവിലുള്ള സംവിധാനങ്ങൾ- ഭരണ, രാഷ്ട്രീയ, മുന്നണി സംവിധാനങ്ങൾ- പിന്നോട്ടു പോയിട്ടുണ്ട്. അതിൽ ഞങ്ങൾ സംതൃപ്തരല്ല.
കെ.പി.എം.എസ്. സ്ഥാപിക്കപ്പെട്ടിട്ട് അഞ്ചുദശകം കഴിഞ്ഞു. കെ.പി.എം.എസിനും മറ്റു ദളിതവിഭാഗങ്ങൾക്കും വേണ്ടരീതിയിൽ വിലപേശാൻ കഴിയാതെ പോയത് എന്തുകൊണ്ടാണ്?
രൂപീകരണകാലത്തും ആരംഭദിശയിലുമൊക്കെ സംഘടിതശേഷി കൈവരിക്കാൻ ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. നിയന്ത്രണമുള്ള ഏകീകൃതസംവിധാനമായി സംഘടനയെ രൂപപ്പെടുത്താൻ കഴിഞ്ഞില്ല. അംഗങ്ങളെ പുതിയകാലത്തെ വെല്ലുവിളികളും സാമൂഹിക സാഹചര്യങ്ങളും ബോധ്യപ്പെടുത്താനും രാഷ്ട്രീയ പാർട്ടികളിലും അതുപോലെയുള്ള വിശ്വാസങ്ങളിലും അന്ധമായി അടിയുറച്ചു നിന്ന ആളുകളെ പ്രശ്‌നാധിഷ്ഠിതമായി കാര്യങ്ങൾ മനസ്സിലാക്കി ശക്തമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന രീതിയിലേക്ക് വളർത്തിയെടുത്താണ് ഇന്നത്തെ നിലയിലെ പ്രഹരശേഷിയുള്ള സംഘടനയെ ഞങ്ങൾ രൂപപ്പെടുത്തിയത്.
ഈ തിരഞ്ഞെടുപ്പിൽ കെ.പി.എം.എസിന്റെ നിലപാട് ?
മുന്നണികൾക്കും പാർട്ടികൾക്കും വളരെ നിർണായകമായ തിരഞ്ഞെടുപ്പാണ് വരുന്നത്. മുന്നണി സംവിധാനങ്ങളിൽ മാറ്റം വരുന്നു, ഒരു മൂന്നാം ഓപ്ഷൻ കേരളത്തിലുണ്ടാവുന്നു, വോട്ടിംഗ് ക്രമത്തിൽ വ്യത്യാസം വരുന്നു. ഞങ്ങളും ഗൗരവമായാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ടു വെക്കുന്ന ആശയങ്ങളും അവരുടെ പ്രകടനപത്രികയും നിലപാടുകളും ആശ്രയിച്ചായിരിക്കും ഞങ്ങളുടേതായ നിലപാട് രൂപപ്പെടുത്തുക. പാർട്ടി നിലപാട് മാർച്ചിൽ പാർട്ടി സമ്മേളനങ്ങൾ അവസാനിച്ച ശേഷം ചേരുന്ന പരമോന്നത ബോഡിയായ സംസ്ഥാന ജനറൽ കൗൺസിലാണ് തീരുമാനിക്കുക. എറണാകുളത്താണ് പാർട്ടിയുടെ സംസ്ഥാനസമ്മേളനം.
ചരിത്രപരമായിട്ട് ഇടതുപക്ഷത്തോട് ചേർന്നുനിന്ന പ്രസ്ഥാനമാണ്. ശബരിമലയിലെ വനിതാ മതിലൊക്കെ വന്നപ്പോൾ മുൻകൈയെടുത്ത സമുദായമാണ്. ഇടതുമുന്നണിയുമായുള്ള ഈ ബന്ധം ഗുണകരമായിരുന്നോ?
ഭൗതികനേട്ടങ്ങൾക്ക് വേണ്ടി നിലപാട് സ്വീകരിക്കുന്ന സമീപനം ഞങ്ങൾ ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. ഭൗതികനേട്ടങ്ങൾക്കപ്പുറത്ത് നാടിന്റെ പൊതുതാൽപര്യത്തെയാണ് എക്കാലവും ഉയർത്തിപ്പിടിച്ചത്.
കെപിഎംഎസിന്, അല്ലെങ്കിൽ ഒരു ദളിത് സംഘടനക്ക് ഭൗതികനേട്ടങ്ങൾ വേണ്ടെന്ന് വെക്കാവുന്ന ഒരു സാഹചര്യമാണോ കേരളത്തിൽ ഉള്ളത്? ജനസംഖ്യാടിസ്ഥാനത്തിലുള്ള അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതല്ലേ ഏറ്റവും പ്രധാനം?
അല്ല. അതിനെക്കാൾ പ്രാധാന്യമുള്ള കാര്യങ്ങളുണ്ട്. അത് പലതും ആപേക്ഷികമാണ്, അളന്നു തിട്ടപ്പെടുത്താനോ, എടുത്തുകാണിക്കാനോ പറ്റുന്ന കാര്യങ്ങൾ ആയിരിക്കണമെന്നില്ല. ദൗർബല്യം എന്നു പറയുന്നത് സ്ത്രീ-പുരുഷ സമത്വം, ലിംഗസമത്വം ഉറപ്പുവരുത്താൻ കഴിഞ്ഞില്ല എന്നതും കീഴാള വിഭാഗങ്ങളുടെ മോചനം സാധ്യമായില്ല എന്നുള്ളതുമാണ് പൊതുവിൽ നവോത്ഥാനത്തിന്റെ പരാജയമായി വിലയിരുത്തപ്പെടുന്ന രണ്ട് ദൗർബല്യങ്ങൾ. ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിപ്രസ്താവത്തിന്റെ കാര്യത്തിൽ ലിംഗസമത്വത്തിന്റെതായ വിധിപ്രസ്താവം ഉണ്ടാവുകയും നാട് ഒരു നിലപാട് എടുക്കുകയും ചെയ്യുമ്പോൾ ഞങ്ങൾക്ക് ആ പക്ഷത്തേ നിൽക്കാൻ പറ്റൂ. അന്നത്തെ ഇടതുപക്ഷ ഗവൺമെന്റിന്റെ നിലപാടിനെ പിന്തുണക്കുകയും നവോത്ഥാന സമിതിയുടെ കൺവീനർ സ്ഥാനം ഞാൻ ഏറ്റെടുക്കുകയും വനിതാ മതിലിന്റെ നേതൃത്വപരമായ പങ്കുവഹിക്കുകയും ഒക്കെ ചെയ്തത് അതിന്റെ അടിസ്ഥാനത്തിലാണ്. ഞങ്ങൾക്ക് നഷ്ടമുണ്ടാവുമോ, ലാഭം ഉണ്ടാവുമോ എന്നു നോക്കിയല്ല. ഞങ്ങൾ ഭൗതിക നേട്ടങ്ങളെക്കാൾ പ്രാമുഖ്യം കൊടുക്കുന്നത് നാടിന്റെ പൊതു താല്പര്യവും ഞങ്ങളുടെ സംഘടന മുന്നോട്ടുവെക്കുന്ന പരിഷ്‌കരണത്തിന്റെതായിട്ടുള്ള നവോത്ഥാനത്തിന്റെതായിട്ടുള്ള ആശയങ്ങൾക്കാണ്.
ഇത്തവണയും ഇടത് ചേരിയിൽ നിലയുറപ്പിക്കുമെന്നാണോ?
അധികാര, വിഭവ പങ്കാളിത്തത്തിന്റെ ശരിയായ സ്ഥിതിവിവരം പുറത്തുവരേണ്ടത് പുതിയ കാലത്ത് അനിവാര്യമാണ്. ജാതിയുടെ അടിസ്ഥാനത്തിൽ കൂടി വിവരങ്ങൾ അവസാനം ശേഖരിച്ചത് 1931ലാണ്. ഈ ആശയത്തിന് കേന്ദ്ര ഗവൺമെന്റ് പച്ചക്കൊടി കാണിക്കുകയും ചെയ്തപ്പോൾ എൻഎസ്എസ് പോലെയുള്ള പ്രസ്ഥാനങ്ങൾ അതിനെ എതിർത്ത് ഹർജി സമർപ്പിച്ചിരിക്കുന്നു. വോട്ട് നഷ്ടപ്പെടുമോ, സീറ്റ് നഷ്ടപ്പെടുമോ എന്നു ഭയന്ന് രാഷ്ട്രീയ പാർട്ടികൾ പ്രത്യക്ഷമായി പിന്താങ്ങാൻ മടിക്കുന്നു. രാഹുൽ ഗാന്ധിയാണ് ഈ ആശയത്തെ മുന്നോട്ടു വെക്കുകയും ദേശീയതലത്തിൽ അത് കൊണ്ടുവരികയും ചെയ്തതെങ്കിലും കേരളത്തിൽ കോൺഗ്രസ് പോലും അത് പറയുന്നില്ല.
ഞങ്ങളുടെ നിലനിൽപ്പിനും വളർച്ചയ്ക്കും ഉപകരിക്കുന്ന ഇത്തരം കാര്യങ്ങളിൽ മത്സരരംഗത്തുള്ള മുന്നണികളുടെ നിലപാടും മാനിഫെസ്റ്റോയും കൂടി പരിഗണിച്ചിട്ടായിരിക്കും ഞങ്ങളുടെ നിലപാട്. മധുരയിൽ നടന്ന സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ ജാതിസംവരണ പ്രമേയം പാസാക്കിയിരുന്നു. അതുപോലെതന്നെ സ്വകാര്യമേഖലാ സംവരണം. പക്ഷേ അധികാരത്തിൽ ഇരിക്കുന്ന ഒരു ഗവൺമെന്റും അതിന്റെ രാഷ്ട്രീയനേതൃത്വവും അത് ചെയ്യാൻ തയ്യാറാകുന്നില്ല.
ഇരുമുന്നണികളോടും വിലപേശുമോ, ഇത്ര സ്ഥാനാർത്ഥികൾ വേണം, ഇത്ര മന്ത്രി സ്ഥാനം എന്നൊക്കെ?
ഏതെങ്കിലും ഒരു മണ്ഡലത്തിൽ നമ്മുടെ സ്ഥാനാർത്ഥിയെ കിട്ടുന്നതുകൊണ്ട് കാര്യമില്ല. ഒരു പ്രതിലോമകരമായ ആശയം പുലർത്തുന്ന ഒരു ചേരി നമുക്ക് നാല് എംഎൽഎമാരെ കൂടുതൽ തരുമെന്നോ മന്ത്രിസ്ഥാനം തരുമെന്ന് പറഞ്ഞാൽ അവരുമായി നമുക്ക് കൂടാൻ പറ്റില്ലല്ലോ. അതുകൊണ്ട് അത്തരം സ്ഥാനമാനങ്ങൾക്കപ്പുറത്ത് അവർ മുന്നോട്ടുവെക്കുന്ന നയങ്ങളും പരിപാടികളും പ്രധാനപ്പെട്ടതാണ്. ഇപ്പോൾ അധികാര രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്ന ചില സംഘടനകളുണ്ട്, അംബേദ്കറൈറ്റുകളും ബിഎസ്പിയും പോലെ. ഞങ്ങൾ ആ നിലയിലേക്ക് ചിന്തിക്കുന്നില്ല. കാരണം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക സാഹചര്യം അതല്ല.
ദളിതരുടെ അധികാര രാഷ്ട്രീയം പറയുന്നവർക്ക് കൂടുതൽ സ്വീകാര്യത തോന്നില്ലേ?
അങ്ങനെയല്ല. എൻഡിപി, എസ്ആർപി പോലെയുള്ള രാഷ്ട്രീയപാർട്ടികൾ രൂപീകരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. പക്ഷേ അവരിന്നു രാഷ്ട്രീയ ഭൂപടത്തിലില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ, സാമൂഹിക സാഹചര്യമല്ല കേരളത്തിൽ. അപ്പോൾ ഒരു ആത്മഹത്യപരമായ തീരുമാനമെടുക്കാൻ കെപിഎംഎസ് ഇല്ല.
മൂന്നാംമുന്നണി കേരളത്തിലെ പതുക്കെപ്പതുക്കെ പിന്നാക്കവിഭാഗങ്ങൾക്കിടയിൽ വേരോട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണ് ?
എൻഡിഎയോട് 'എസ്' പറയാത്തത് ആ പാർട്ടികളുടെ നയവും അതിന്റെ രീതികളും നമുക്ക് അംഗീകരിക്കാൻ കഴിയുന്ന സാഹചര്യം ഇപ്പോൾ ഇല്ലാത്തതു കൊണ്ടാണ്.
പൊരുത്തപ്പെടുന്ന ഒരു സാഹചര്യം വരികയാണെങ്കിൽ ആലോചിക്കുമെന്നാണോ ?
ഒരു മതാധിഷ്ഠിതമായ, അല്ലെങ്കിൽ വരേണ്യസ്വഭാവമുള്ള പാർട്ടി എന്ന വിലയിരുത്തൽ ഒക്കെ ആണല്ലോ അതിനുണ്ടായിരുന്നത്. ആ ഒരു വ്യവസ്ഥിതിയോട് കലഹിക്കുന്നവരായതുകൊണ്ടും അങ്ങനെ ബോധ്യം വരാത്തതുകൊണ്ടുമാണല്ലോ ഇത്തരം ആളുകളോട് നമുക്ക് ആഭിമുഖ്യം ഇല്ലാതെ പോകുന്നത്. കാലക്രമത്തിൽ അത് എങ്ങനെയാണ് വരുക എന്ന് പറയാൻ പറ്റില്ലല്ലോ.
സിപിഎം മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നതായി ആക്ഷേപം ഉണ്ട്
ഞാൻ അതിനെ ശക്തമായി വിമർശിച്ചിട്ടുണ്ട്. പമ്പാതീരത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തതിൽ എൻഎസ്എസ്സും എസ്എൻഡിപിയും കെപിഎംഎസും സംബന്ധിച്ചു. ഞങ്ങൾ മൂന്നുപേർക്കും സംസാരിക്കാൻ അവസരം തന്നു. ആഗോളതലത്തിൽ ശ്രദ്ധിക്കുന്ന ഒരു വിശ്വാസകേന്ദ്രം അല്ലെങ്കിൽ തീർത്ഥാടനകേന്ദ്രം എന്ന രീതിയിൽ ശബരിമലയുടെ വികസനം നടക്കണം എന്നതുകൊണ്ട് ആ വികസന പ്രവർത്തനങ്ങളിൽ പിന്തുണ നമ്മൾ അറിയിച്ചു, സഹകരിക്കാമെന്ന് പറഞ്ഞു.
പക്ഷേ, പിന്നീട് ഒരു ഘട്ടത്തിൽ ഗോവിന്ദൻ മാഷ് തങ്ങൾ വിശ്വാസികളോടൊപ്പമാണ് എന്ന് പറഞ്ഞ് വികസനകാര്യങ്ങളെ വിശ്വാസത്തിന്റെ തലത്തിലേക്ക് വഴിമാറ്റാൻ ശ്രമിച്ചു. അന്നത്തെ സ്ത്രീപ്രവേശനവും കോടതിവിധിയുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത് 'അടഞ്ഞ അധ്യായ'മാണ് എന്നാണ്. ഞാൻ അതിനെ എതിർത്തു, മാർക്‌സിസ്റ്റ് പാർട്ടി വിശ്വാസത്തിന്റെ തലത്തിലേക്ക് കടന്നാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞു മാഷ് പിറ്റേന്ന് ഒരു യോഗത്തിൽ വെച്ച് പറഞ്ഞു, അങ്ങനെയല്ല, ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കാര്യം 'കഴിഞ്ഞ അധ്യായ'മാണെന്നാണ് പറഞ്ഞത് എന്ന്. പക്ഷേ, അതിനെ ആ തലത്തിലേക്ക് മാറ്റാനുള്ള ഒരു ശ്രമം ഉണ്ടായിട്ടുണ്ട്.
ഹൈന്ദവവോട്ടുകളിലെ കടന്നുകയറ്റം ബിജെപിക്ക് അനുകൂലമായി മാറേണ്ട എന്ന രീതിയിൽ ഒരു മൃദുഹിന്ദുത്വ സമീപനം മാർക്‌സിസ്റ്റ് പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടോ എന്ന ആശങ്ക, സംശയം പൊതുസമൂഹത്തിനും ന്യൂനപക്ഷങ്ങൾക്കുമുണ്ട്. അതുകൊണ്ടാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ അവർ പഴയതുപോലെ ഇടതുപക്ഷത്തെ വിശ്വാസത്തിൽ എടുക്കാത്തത്. ഈ പിഎംശ്രീ പോലെയുള്ള പദ്ധതികളിൽ സിപിഐ പോലും അറിയാതെ ഒപ്പിട്ടതും അതിനുശേഷം ഉണ്ടാകുന്ന വലിയ വിവാദങ്ങളുമൊക്കെ സിപിഎം കേന്ദ്ര ഭരണവുമായി സമരസപ്പെടുന്നതും കീഴടങ്ങുന്നതും പോലുള്ള ഒരു തോന്നൽ ഉണ്ടായിട്ടുണ്ട്. അതെല്ലാം ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
വെള്ളാപ്പള്ളിയും എൻഎസ്എസും തമ്മിലുള്ള സഖ്യവും വെള്ളാപ്പള്ളിയുടെ വിവാദപ്രസ്താവനകളും
എൻഎസ്എസ്- എസ്എൻഡിപി ഐക്യം മൂന്നുതവണ കേരളത്തിൽ പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. ഇപ്രാവശ്യം ഇതൊക്കെ ചെയ്യുന്നതിന് ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ട്. നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം ഇപ്പോൾ നസ്രാണി വരെയാക്കി വിപുലീകരിച്ചിട്ടുണ്ട്. എസ്എൻഡിപിയെ പെരുന്നയിലേക്ക് ക്ഷണിക്കുമ്പോഴും ജനറൽ സെക്രട്ടറി ആവർത്തിച്ച് പറഞ്ഞത് എൻഎസ്എസിന്റെ നയങ്ങളിലും നിലപാടുകളിലും വിശ്വസിക്കുന്ന മൂല്യങ്ങളിലും വ്യതിചലിച്ചുള്ള ഒരു ബാന്ധവത്തിനും തയ്യാറല്ല എന്നാണ്. മറ്റൊരു പ്രസക്തമായ പരാമർശം മുൻപ് ഐക്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതിരുന്നതിന്റെ കാരണം സംവരണ വിഷയങ്ങളാണ്, ഇന്ന് അങ്ങനെ ഒരു സാഹചര്യം നിലവിലില്ല എന്നും. അടുത്ത കാലത്ത് ഇനി സമുദായ സംവരണം പാടില്ല, സാമ്പത്തിക പിന്നോക്കാവസ്ഥ അടിസ്ഥാനത്തിലുള്ള സംവരണമേ പാടുള്ളൂ എന്നാണ് അവർ പറയുന്നത്. ജാതി സെൻസസ് നടക്കാതിരിക്കാൻ ഹർജി കൊടുത്തിരിക്കുന്നു.
വെള്ളാപ്പള്ളി നടേശൻ പറയണം, സംവരണം പൂർണമായി എസ്എൻഡിപി കൈയൊഴിഞ്ഞോ, അതോ വേണ്ടെന്നാണോ നിലപാട്? ഇതിനോട് എല്ലാം സമരസപ്പെട്ട്, എല്ലാം വിസ്മരിച്ചിട്ടാണോ എസ്എൻഡിപിയുടെ ജനറൽ സെക്രട്ടറി ഐക്യത്തിന് തയ്യാറാകുന്നത് എന്ന വലിയ ആശങ്കയുണ്ട്, ചോദ്യമുണ്ട്. താൽക്കാലികമായ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിയുടെ അല്ലെങ്കിൽ സാമൂഹ്യ നീതിയുടെ മുദ്രാവാക്യങ്ങളെ അപകടപ്പെടുത്തുന്ന ഇത്തരം കാര്യങ്ങൾ പറയുമ്പോൾ അത് തുറന്നു കാണിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങൾക്കുണ്ട്, ഞങ്ങൾ അതിനെ തുറന്നു കാണിക്കും.
ഒരു സംഘടിത വിഭാഗത്തിന്റെയും ബ്ലാക്ക്‌മെയിലിങ്ങിന് നിൽക്കില്ല എന്ന് പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നുണ്ട്. യുഡിഎഫ് ഈ തിരഞ്ഞെടുപ്പ് നേരിടുന്ന രീതി
എല്ലാവരും സോഷ്യൽ എൻജിനീയറിങ് നടത്തുന്നുണ്ട്. എൻഎസ്എസിന്റെ ജനറൽ സെക്രട്ടറി പറഞ്ഞില്ലേ, അവിടെ ചെന്ന് സഹായം അഭ്യർത്ഥിച്ചതിനു ശേഷമാണ് വിഡി സതീശൻ തിണ്ണ നിരങ്ങാനില്ല എന്ന് പറഞ്ഞതെന്ന്. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് ഒരു ധാർമികമായ അധികാരമുണ്ടോ? ഇടതുപക്ഷം ഇത്തരം ഏജൻസികളുമായിട്ടൊന്നും ഒരു ഒരു സമരസപ്പെടാത്ത രാഷ്ട്രീയചേരിയാണ് വിശ്വസിച്ച ഇടതുപക്ഷം ഇന്ന് അവരെ അടുപ്പിച്ച് നിർത്തുന്നതിലോ അവരുടെ ലേയ്‌സൺ വർക്ക് ചെയ്യുന്ന ഏറ്റവും മുന്നിൽ നിൽക്കുന്നവരല്ലേ? കാന്തപുരത്തിന്റെ ജാഥയിൽ മുഖ്യമന്ത്രി പോയില്ലേ? ജിഫ്രി മുത്തിക്കോയ തങ്ങളുടെ ജാഥയിൽ പോയില്ലേ? അപ്പോൾ പാർലിമെന്ററി രംഗത്ത് നിലയുറപ്പിച്ചിട്ടുള്ള എല്ലാ പാർട്ടികളും ഈ സോഷ്യൽ എൻജിനീയറിങ് നടത്തുന്നുണ്ട്. അതുകൊണ്ട് നമുക്ക് ഒരുകൂട്ടരെ മാത്രം കുറ്റം പറയാൻ പറ്റില്ല.
ഏതാനും ദിവസമായി സോഷ്യൽ മീഡിയയിൽ സണ്ണി എം കപിക്കാട് വിമർശിക്കപ്പെടുകയാണ്, ക്രിസ്ത്യാനിയാണെങ്കിലും സർക്കാർ ജോലിക്ക് വേണ്ടി അനിൽകുമാർ എന്ന പേരിലേക്ക് തിരിച്ചുപോയി എന്ന വാർത്തയുടെ പേരിൽ. മതപരിവർത്തനം മറച്ചുവെച്ച് ദളിതരുടെ ആനുകൂല്യങ്ങൾ നേടുന്നതാണ് വിമർശിക്കപ്പെടുന്നത്.
അന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയിട്ടാണ് അവർ അങ്ങനെ ഒരു മാർഗം തേടിപ്പോയത്. അവിടെ ചെന്നിട്ടും ദളിതർക്ക് മോചനം കിട്ടിയില്ല. അവിടെയും അവർക്ക് വിവേചനങ്ങളിൽ പെട്ട് നിൽക്കേണ്ടി വന്നു. നല്ല പള്ളികളിൽ കയറാൻ പറ്റില്ല, അവരുടെ കുട്ടികളെ വിവാഹം കഴിക്കാൻ പറ്റില്ല, അവരുടെ സ്ഥാപനങ്ങളിൽ അവസരങ്ങളില്ല. അങ്ങനെ സംഭവിച്ചപ്പോൾ കുറെ ആളുകൾക്ക് സംവരണം തന്നെ ആശ്രയമായി. അപ്പോൾ അവർ പുനഃപരിവർത്തനം ചെയ്തു. പിന്നെ ഗസറ്റിൽ കൊടുത്ത് പേരുമാറ്റി ഹിന്ദുവായി. അതാണ് സണ്ണി എം. കപിക്കാട് പറഞ്ഞത്, ഞാൻ സണ്ണി ആയിരുന്നു, പിന്നീട് അനിൽകുമാറായി സർക്കാർ ജോലി നേടി എന്ന്. അദ്ദേഹത്തിന് സണ്ണി ആയപ്പോൾ ആ ജോലി കിട്ടിയില്ല. ഇപ്പോ വൈക്കത്ത് മത്സരിക്കണമെങ്കിൽ സണ്ണിയായിട്ട് പറ്റില്ല, അനിൽകുമാർ ആയാലേ പറ്റൂ.
ഈ സംവരണവിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നപ്പോൾ ക്രിസ്ത്യൻ മതമേലധികാരികൾ കൊടുത്ത സത്യവാങ്മൂലത്തിൽ വിവേചനങ്ങൾ ഇല്ലാത്ത, എല്ലാവരെയും തുല്യരായി കാണുന്ന മതമാണ് ക്രിസ്തുമതമെന്നു പറയുന്നു. തുല്യതയുള്ള ഒരു സ്ഥലത്ത് പരിരക്ഷയുടെ ആവശ്യമില്ലല്ലോ. അതുകൊണ്ടാണ് പരിവർത്തിതവിഭാഗങ്ങളുടെ സംവരണം പ്രശ്‌നമായി മാറിയത്. ഉച്ചനീചത്വങ്ങളും ശ്രേണീകൃതമായ സാമൂഹ്യവ്യവസ്ഥിതിയും നിലനിൽക്കുന്നുണ്ടെന്ന് സമ്മതിച്ചതുകൊണ്ടാണ് സംവരണം ഹിന്ദു അടക്കമുള്ള ചില മതങ്ങൾക്ക് വേണ്ടി മാത്രമായി പരിമിതപ്പെടുത്തിയത്.
പരിവർത്തിത ക്രിസ്ത്യാനികൾക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങൾ കിട്ടുന്നത് ന്യായമാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് വിചാരിക്കുന്നുണ്ടോ?
ഈ രണ്ടുകൂട്ടരെയും അഭിമുഖീകരിക്കുന്ന ഒരാളാണല്ലോ ഞാൻ. വിവേചനം നേരിടുന്നവർക്ക് അതിന് അർഹതയുണ്ട്, അവർക്ക് കൊടുക്കണം എന്നതാണ് എന്റെ നിലപാട്. പക്ഷേ, പേരും വിശ്വാസവും മാറ്റി, ഇപ്പുറത്തൊരു ഹിന്ദുനാമം സ്വീകരിച്ച് സംവരണം കൈപ്പറ്റണമെന്നല്ല ഞാൻ പറയുന്നത്. അതൊരു കാപട്യമാണല്ലോ. അതില്ലാതെ തന്നെ അവർക്ക് ആ പരിരക്ഷ കൊടുക്കാനുള്ള സംവിധാനം ഉണ്ടാവണം. ഞങ്ങൾ ഈ വിവേചനങ്ങളുള്ള സമയത്തും ഒളിച്ചോട്ടം നടത്തിയില്ല. അതിനകത്തു നിന്നുതന്നെ ഞങ്ങൾ സാമൂഹിക സമത്വത്തിനായി കലഹിക്കുകയാണ്.
Published: 23 Jan 2026, 07:51 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented