പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ജമാ അത്തെ ഇസ്ലാമിയുടെ അനുയായിയെ പോലെയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘിയാണെന്നും പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും വെല്ലുവിളിച്ച മുന്‍ എം.എല്‍.എ കെ.എം.ഷാജി സംസാരിക്കുന്നു.

To advertise here,

എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ ഇത്രയും കടുത്ത ഭാഷയില്‍ ആക്രമിച്ചത്.

സംഘി എന്നതിനെ ഒരു ആശയമായാണ് ഞങ്ങള്‍ കാണുന്നത്. അതുപോലെ, ഇടത് എന്ന് പറഞ്ഞാല്‍ സിപിഎം എന്നല്ല, മനുഷ്യനെ സ്നേഹിക്കുകയും മനുഷ്യരുടെ കൂടെ നില്‍ക്കുകയും ചെയ്യുന്ന വളരെ ലിബറലായ ഒരു കാഴ്ചപ്പാടിനെയാണ് നമ്മള്‍ ലെഫ്റ്റ് എന്ന് വിളിക്കുന്നത്. സിപിഎം ഇപ്പോള്‍ അതല്ലാതായി. സിപിഐയും ആര്‍.എസ്.പിയും ആര്‍.എം.പിയും പോലുള്ള പാര്‍ട്ടികള്‍ ആ ഗണത്തിലേക്ക് മാറി വരുന്ന പ്രത്യേക സാഹചര്യമാണ് ഇപ്പോള്‍. ആ അര്‍ഥത്തില്‍ നോക്കിയാല്‍ പിണറായി വിജയനെക്കാള്‍ മികച്ച ലക്ഷണമൊത്ത ഒരു സംഘി കേരളത്തില്‍ വേറെയില്ല. രാഷ്ട്രീയമായി മുഖ്യമന്ത്രി ഒരു പ്രസ്താവന നടത്തിയതിന് രാഷ്ട്രീയമായി മറുപടി പറഞ്ഞതിനെ ഷാജി അങ്ങോട്ട് ആക്രമിച്ചു എന്നാണ് ആരോപിക്കുന്നത്. ഈ വര്‍ത്തമാനം പറയുന്നതു ഷാജിയോടാണ്. നിയമസഭയിലെ എല്ലാ പ്രിവിലേജോടും കൂടി ഞാന്‍ നടത്തിയ പ്രസംഗത്തിന് പ്രതികാരമായാണ് അഞ്ചു കൊല്ലക്കാലം എന്നെ വേട്ടയാടിയത്. രാഷ്ട്രീയമായ പ്രതികരണവും സംവാദവും ഒക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. ജനാധിപത്യം സക്രിയം ആവുമ്പോഴാണ് നമുക്ക് ഇത്തരത്തില്‍ ചിന്തിക്കാന്‍ ആവുക, പരസ്പരം വിമര്‍ശിക്കാനും എതിര്‍ക്കാനുമാവുക.

എന്തുകൊണ്ടാണ് തങ്ങളെ പരാമര്‍ശിച്ചപ്പോള്‍ പ്രകോപിതനായത്.

പ്രകോപിതനാവാന്‍ കാരണമുണ്ട്. ലീഗിന്റെ കൂടി നേതാവായതു കൊണ്ട് സാദിഖലി തങ്ങള്‍ എടുക്കുന്ന ഒരു റിസ്‌കുണ്ട്. ഈ വര്‍ത്തമാനകാലത്ത് അതെത്ര വലുതാണെന്ന് എനിക്ക് നന്നായി അറിയാം. ഉദാഹരണത്തിന് മുനമ്പം പോലുള്ള വളരെ സെന്‍സിറ്റീവായ പ്രശ്നങ്ങള്‍. നമ്മുടെ മനസ്സുകളില്‍ മതിലുണ്ടാക്കാന്‍ ആള്‍ക്കാര്‍ മിനക്കെടുന്ന സമയത്ത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അമിത നയതന്ത്രം എന്ന് ആക്ഷേപം പോലും ഉണ്ടാകത്തക്ക രീതിയില്‍ വളരെ കഷ്ടപ്പെട്ട് മതേതരത്വത്തിനായി പണിയെടുക്കുന്നയാള്‍. അദ്ദേഹത്തെ പ്രതിചേര്‍ത്ത് മാറ്റിനിര്‍ത്താനുള്ള ശ്രമം. ഈ വിവാദം ഉണ്ടാക്കിയത് ഷാജി അല്ല, ഒരുതരത്തിലും സാദിഖലി തങ്ങളല്ല. തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി ഏത് അറ്റം വരെയും പോകുന്ന, ഏതായുധവും ഉപയോഗിക്കുന്ന മുഖ്യമന്ത്രിയുടെ ഒരു രീതിയാണ് ഇവിടെ കണ്ടത്. മുമ്പ് പ്രേമചന്ദ്രനെയൂം ബിഷപ്പിനെയും വിശേഷിപ്പിച്ചതുപോലെ. ആ കാഴ്ചപ്പാട് അദ്ദേഹത്തെ നയിക്കുന്നതു കൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. സംഘി എന്നാല്‍ ആര്‍.എസ്. എസ്. മാത്രമല്ല ബി.ജെ.പിയുമല്ല. ആ അര്‍ത്ഥത്തില്‍ സുരേന്ദ്രനെക്കാള്‍ മികവുറ്റ സംഘി പിണറായി ആണെന്ന് പറയേണ്ടിവരും.

തോല്‍വിഭയം കൊണ്ടാണോ വ്യക്തിപരമായ ആക്രമണം.

തോല്‍ക്കുമെന്ന ഭയത്തെക്കാള്‍ പ്രധാനപ്പെട്ട കാര്യം ജയിക്കാനായി വേണ്ടതൊന്നും അവര്‍ ചെയ്തിട്ടില്ല എന്നതാണ്. പാലക്കാട്ട് ആകെ ചെയ്യാവുന്ന പണി സംഘിവോട്ട് കിട്ടാന്‍ എന്താ വഴി എന്ന് അന്വേഷിക്കുക മാത്രമാണ്. കോണ്‍ഗ്രസില്‍ എന്തായിരുന്നു സരിന്റെ പ്രശ്നം? ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ട് തന്നോട് ചോദിക്കാതെ മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കി എന്നതാണല്ലോ. നോമിനേഷന്‍ കൊടുക്കുന്നതിന്റെ തലേന്ന് പുറത്തുപോയി സരിന്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയാകുമ്പോള്‍ അവിടെയും ഇതുപോലെ കുറെ ആള്‍ക്കാര്‍ ഉണ്ടാവില്ലേ?

സന്ദീപ് വാര്യര്‍ എന്തുകൊണ്ട് കോണ്‍ഗ്രസില്‍ പോയി എന്നതാണ് അവരെ അലട്ടുന്ന പ്രശ്നം. അത് സന്ദീപ് വാര്യരുടെ കോമണ്‍സെന്‍സ് ആണ്. കാരണം ബി.ജെ.പിയില്‍ ചെയ്യുന്ന അതേ പണി പേരുമാറ്റി, കൊടി മാറ്റി അപ്പുറത്ത് പോയി ചെയ്യണം. അതേ വെറുപ്പ്, അതേ പക, അതേ വിദ്വേഷം. എന്തിനാണ് അതിന്റെ പുതിയൊരു വേര്‍ഷനിലേക്ക് മാറുന്നത്? അതുകൊണ്ട് കോണ്‍ഗ്രസിനകത്ത് എന്തൊക്കെ കുഴപ്പമുണ്ടായാലും മനസ്സമാധാനത്തോടെ നില്‍ക്കാം എന്ന് സന്ദീപ് വിചാരിച്ചിട്ടുണ്ടാവും.

ന്യൂനപക്ഷ വര്‍ഗീയതയെക്കാള്‍ കുഴപ്പം ഭൂരിപക്ഷത്തിന്റേതാണെന്ന് ഇ.എം.എസ് പറഞ്ഞു. ഇപ്പോള്‍ സി.പി.എം രണ്ടും തുല്യമാണെന്ന് പറയുന്നു.

ഭൂരിപക്ഷ വര്‍ഗീയത, ന്യൂനപക്ഷ വര്‍ഗീയത എന്നൊക്കെ പറയുന്നതിനേക്കാള്‍ വര്‍ഗീയത അപകടമാണ് എന്ന് പൊതുവായി പറയാന്‍ ശ്രമിക്കുക എന്നുള്ളതാണ് പ്രധാനം. അതിനെ എവിടെ കണ്ടാലും എതിര്‍ക്കാനും അതിനോടു സന്ധി ചെയ്യാതിരിക്കാനുമുള്ള മടി കൊണ്ടാണ് യഥാര്‍ഥത്തില്‍ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നൊക്കെ വര്‍ഗീയതയെയും മനുഷ്യത്വ വിരുദ്ധതയേയും വേര്‍തിരിച്ചു കാണുന്നത്. പിണറായി വിജയന്‍ പറഞ്ഞിരുന്ന എല്ലാ കാര്യങ്ങളെയും റദ്ദു ചെയ്യാവുന്ന ഒരു തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെ അഭിമുഖീകരിച്ച ആളാണ് ഞാന്‍. എനിക്ക് വര്‍ഗീയ വോട്ടുകള്‍ വേണ്ട എന്നു പറഞ്ഞത് തമാശയ്ക്കല്ല. ഭൂമുഖത്തെ എല്ലാ ദൃശ്യമാധ്യമങ്ങളും കണ്ണു തുറന്നിരിക്കുന്ന സമയത്താണ് എനിക്ക് വേണ്ട ആ വോട്ട് എന്ന് പറഞ്ഞത്.

ന്യൂനപക്ഷ വര്‍ഗീയതയെ സോഫ്റ്റായി കാണുക, ഭൂരിപക്ഷ വര്‍ഗീയതയെ ഭയങ്കരമായി കാണുക. അത് ശരിയല്ല. മൈനോറിറ്റി വര്‍ഗീയത ഏറ്റവും കൂടുതല്‍ അപകടകരമാകുന്നത് ന്യൂനപക്ഷങ്ങള്‍ക്കാണ്. ഭൂരിപക്ഷ വര്‍ഗീയത ഏറ്റവും കൂടുതല്‍ അപകടകരമാവുന്നത് ഭൂരിപക്ഷത്തിനും അവരുടെ സല്‍പ്പേരിനും  ഈ രാജ്യത്തിനുമാണ്. അതുകൊണ്ട് ഇതിനെ വേര്‍തിരിക്കുന്നതു തന്നെ വോട്ട് തട്ടാനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമാണ്. അതു തന്നെയാണ് ഇ.എം.എസ് പോലും ചെയ്തിട്ടുള്ളത്. വോട്ടു തട്ടാന്‍ വേണ്ടി വര്‍ഗീയത, മനുഷ്യത്വവിരുദ്ധത, ആളെക്കൊല്ലല്‍, പക, വിദ്വേഷം... ഇതെങ്ങനെയാണ് ആപേക്ഷികമാവുക, ആനുപാതികം ആവുക? അതല്ലല്ലോ. ആരു ചെയ്താലും മറ്റൊരുത്തനെ ഇല്ലായ്മ ചെയ്യാനോ അവന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാനോ ജീവിതരീതികള്‍ ആക്രമിക്കാനോ ശ്രമിച്ചാല്‍ അത്  വര്‍ഗീയതയല്ലേ, മനുഷ്യത്വവിരുദ്ധത അല്ലേ? അത് കാണാതിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ വോട്ട് തട്ടാനുള്ള ഒരു തന്ത്രമാണ്. കാലങ്ങളായി സിപിഎം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന തന്ത്രം. ഇ.എം.എസ് വളരെ ബുദ്ധിപരമായി അന്നത്തെ കാലത്ത് അത്  ഉപയോഗിച്ചു. ഇന്നത്തെ കാലത്ത് അവസരം വന്നപ്പോള്‍ ഇവര്‍ മാറ്റി പറഞ്ഞു.

ഒറ്റ കാര്യം നിങ്ങളോട് പറയാം. മീഡിയ തയ്യാറുണ്ടെങ്കില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജമാ അത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ സംഘടനകളുമായി ആര്‍ക്കാണ് സാങ്കേതികമായി, വര്‍ത്തമാനത്തില്‍ അല്ല, ബന്ധം എന്ന് തെളിയിക്കാനുള്ള ഒരു ചര്‍ച്ചയ്ക്ക്, സംവാദത്തിന് സിപിഎമ്മിന് അകത്തുനിന്ന് ആരെങ്കിലും തയ്യാറുണ്ടെങ്കില്‍ ഞങ്ങള്‍ തയ്യാറാണ്.

തങ്ങളെ നേരിട്ട് ആക്രമിക്കുന്നത് എന്തുകൊണ്ട്?

അനാവശ്യമായ ഒരു പ്രിവിലേജ് അവര്‍ക്ക് ലഭിക്കുന്നു എന്ന ഒരു ധാരണയെ മുതലെടുക്കാനുള്ള ശ്രമം. അതുകൊണ്ടല്ലേ സുരേന്ദ്രന്‍ അത് പെട്ടെന്ന് ഏറ്റെടുത്തത് സുരേന്ദ്രന്റെ മനസ്സിലേക്ക് ഒരു ആശയം ഇട്ടുകൊടുക്കുകയാണ്. ദാ, ഞങ്ങള്‍ വിമര്‍ശിച്ച് തുടങ്ങിയിട്ടുണ്ട് നിങ്ങളുമായിക്കോ എന്ന്. അവര്‍ക്ക് ഇത് സന്തോഷമാണ്. ആ സന്തോഷം ആദ്യം ഏറ്റെടുത്തത് സുരേന്ദ്രനാണ്. തങ്ങന്‍മാര്‍ ഈ നാട്ടില്‍ എന്തെങ്കിലും കുഴപ്പമുണ്ടാക്കുന്നവര്‍ ആണെങ്കില്‍ ആയിരം വട്ടം വിമര്‍ശിക്കണം. പക്ഷേ, ഈ നാട്ടിലെ സമാധാനത്തിനും സൗഹൃദത്തിനും വേണ്ടി പരിശ്രമിക്കുന്ന ഒരു വിഭാഗത്തെ ചുമ്മാ പോയിട്ട് പറയേണ്ട കാര്യം എന്താണ്?

പാണക്കാട് തങ്ങളെ ആക്രമിക്കാന്‍ പെട്ടെന്നുള്ള പ്രകോപനം?

പെട്ടെന്നുള്ള പ്രകോപനമൊന്നുമല്ല തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രണ്ടുദിവസം കൊണ്ട് മാറ്റിപ്പറയും. മയപ്പെടുത്താന്‍ എം.വി.ഗോവിന്ദനൊക്കെ ഇറങ്ങിയിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ വേറെ ട്രെന്‍ഡ് വരും. ഇത് ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യമാക്കിയിട്ടുള്ള തിരഞ്ഞെടുപ്പ് അജണ്ട മാത്രമാണ്. കേരളത്തിലെ അവരുടെ അജണ്ട മാറ്റിക്കഴിഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ വിട്ടു, എസ്ഡിപിഐയെ വിട്ടു.

മുസ്ലിങ്ങള്‍ എല്ലാവരും ഒരു പൊതുവികാരത്തിലേക്ക് മാറി. പ്രാദേശികവും പ്രശ്നാധിഷ്ഠിതവുമായ വികാരങ്ങള്‍ വിട്ടിരിക്കുന്നു. അത് സ്വാഭാവികവുമാണ്. കേന്ദ്രത്തില്‍ ബിജെപി ഭരിക്കുമ്പോള്‍ അവര്‍ക്കൊരു പൊതുവികാരമേ ഉണ്ടാകു. ബി.ജെ.പി ഇല്ലെങ്കില്‍ സദ്ദാം ഹുസൈന്‍, പലസ്തീന്‍ എന്നൊക്കെ പറഞ്ഞിട്ട് പലതരത്തില്‍ ആ വികാരങ്ങളെ പങ്കുവെച്ചെടുക്കാനാവും. കേന്ദ്രത്തില്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാര്‍ ഉള്ളപ്പോള്‍ മുസ്ലിങ്ങള്‍ക്ക് ഒരു പൊതു വികാരമേയുള്ളൂ അതുകൊണ്ട് അവരെ പറിച്ചെടുക്കുക പ്രയാസമാണ് എന്ന തിരിച്ചറിവു കാരണമാണ് അവര്‍ ഭൂരിപക്ഷ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോവുന്നത്. അതിനുള്ള വിഭവങ്ങളില്‍ പെട്ടതാണ് പാണക്കാട്ട് തങ്ങളെ ആക്ഷേപിക്കുന്നതും അജിത്തിനെ പോലുള്ള ആളുകളെക്കൊണ്ട് പണി കൊടുക്കുന്നതുമൊക്കെ്.

മുസ്ലിം ലീഗ് അണികള്‍ ഇതെങ്ങനെയാണ് എടുക്കുന്നത്.

ലീഗ് അണികളെ സംബന്ധിച്ചിടത്തോളം അനാവശ്യമായ പ്രകോപനത്തിന്റെ പ്രശ്നമില്ല. രാഷ്ട്രീയവിമര്‍ശനം എന്ന നിലയ്ക്ക് തന്നെ എടുക്കുന്നു. കരുതലോടെ ഇതിനെതിരെ പ്രതികരിക്കും. അദ്ദേഹത്തിന്റെ നമ്മളൊക്കെ കാണുന്ന കമ്മ്യൂണിസ്റ്റ് മുണ്ടിനടിയില്‍ ആര്‍.എസ്.എസിന്റെ ട്രൗസര്‍ ഉണ്ട്. അതു പരസ്യമാക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമാണ്.

ദീര്‍ഘകാലം ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന സിപിഎം - ലീഗ് സഖ്യസാധ്യതകള്‍ അടഞ്ഞോ.

സി.എ.എ സമരകാലത്ത് മാത്രമല്ല, ഈയിടെ പി. ജയരാജന്റെ പുസ്തക പ്രകാശന സമയത്തും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു അവസാന ശ്രമം നടത്തിയിരുന്നു. ജമാഅത്തെ ഇസ്ലാമിയെ പോലെയല്ല ലീഗ്, മുസ്ലിങ്ങള്‍ക്കിടയിലെ പുരോഗമന പ്രസ്ഥാനമാണ്, മുസ്ലിങ്ങള്‍ക്കിടയിലെ ഒരു തിരുത്തല്‍ ശക്തിയാണ് എന്നൊക്കെ മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങള്‍ അപ്പോള്‍ തന്നെ അത് റദ്ദ് ചെയ്തു, തല്‍ക്കാലം ആ ആനുകൂല്യം വേണ്ട എന്നു പറഞ്ഞ് ഒഴിവാക്കുകയും ചെയ്തു. ഇപ്പുറത്തേക്ക് ഒരു സാധ്യതയും ഇല്ല എന്ന പൂര്‍ണമായ തിരിച്ചറിവാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ലീഗ് വിരോധത്തിന്റെ കാരണം. അതൊക്കെ നാളെ ഞങ്ങളില്‍ ആരെങ്കിലും ഒരു പച്ചില നീട്ടിയാല്‍ മാറ്റി പറയാവുന്നതാണ്. ദീര്‍ഘകാലത്തേക്കുള്ള ഒരു വര്‍ത്തമാനമാണ് പിണറായിയുടെതെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

ഉപതിരഞ്ഞെടുപ്പ് ഫലം.

മൂന്നിടത്തും യു.ഡി.എഫ് ജയിക്കും. സംശയമില്ല.