
രാഷ്ട്രീയ കേരളം ചൂടുപിടിക്കുന്ന വിവാദങ്ങളാണ് ഇടത് സ്വതന്ത്ര എംഎല്‍എ പി.വി അന്‍വര്‍ തുറന്നുവിട്ടത്. വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത് എന്ന് പറയുകയാണ് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്. വിഷയത്തില്‍ ശക്തമായ സമരപരമ്പരകള്‍ ഉണ്ടാകുമെന്ന സൂചനകളാണ് അദ്ദേഹം മാതൃഭൂമി ഡോട് കോമിനോട് പങ്കുവെച്ചത്.
പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്. അന്‍വറിന്റെ ഈ നീക്കം എന്തുകൊണ്ടാണ് എന്നാണ് മനസിലാക്കുന്നത്.
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളവയാണ്. സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലുകള്‍, മരംമുറിക്കേസ് ഇതിലെല്ലാം അദ്ദേഹം ആദ്യം കുറ്റപ്പെടുത്തിയത് മലപ്പുറം എസ്പിയായ സുജിത് ദാസിനെയാണ്. അതിനൊപ്പമാണ് പൂരം സംബന്ധിച്ച ആരോപണം ഉയരുന്നത്. ഇതോടെയാണ് പൂരം കലക്കല്‍ സംബന്ധിച്ച വിവാദം ആദ്യമുയരുന്നത്.
പക്ഷേ, ഇക്കാര്യം ഞങ്ങള്‍ ആദ്യം മുതലേ പറയുന്നതാണ്. തൃശ്ശൂര്‍ പൂരത്തിന്റെ ഒട്ടുമിക്ക സമയവും അവിടെയുണ്ടായിരുന്ന ആളാണ് ഞാന്‍. സുരേഷ് ഗോപി ആംബുലന്‍സില്‍ വരുന്നതുവരെ അദ്ദേഹത്തെ ആരും അവിടെ കണ്ടിരുന്നില്ല. കാലത്ത് മുതല്‍ സിറ്റി പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോക് വളരെ വയലന്റായിരുന്നു. പക്ഷേ, മൂന്നുമണിക്കാണ് അതിന്റെ ക്ലൈമാക്സിലേക്ക് എത്തുന്നത്. ആനയ്ക്ക് പട്ടയുമായി വന്നവരെ തല്ലിയോടിച്ചു.
തിരുവമ്പാടി ദേവസ്വത്തിന്റെ എഴുന്നള്ളിപ്പില്‍ ആനയ്ക്ക് മുമ്പില്‍ നിന്നിരുന്ന കുത്തുവിളക്ക്കാരനെ പിടിച്ച് തള്ളി താഴെയിട്ടു. അപ്പോഴാണ് അവര്‍ ഇങ്ങനെയാണെങ്കില്‍ പൂരവുമായി സഹകരിക്കുന്നില്ല എന്ന് പറഞ്ഞ് മാറിനിന്നത്. ആ സമയത്താണ് സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി വരുന്നതും കമ്മീഷണര്‍ സിനിമ മോഡല്‍ ചില സീനുകള്‍ ഉണ്ടാക്കുന്നതും. അതുവരെ വയലന്റായി നിന്ന കമ്മീഷണര്‍ ശാന്തനാകുന്നതും അപ്പോഴാണ്. പൂരം കലക്കാന്‍ ഒരു കമ്മീഷണറെ കൊണ്ടുമാത്രം കഴിയില്ല എന്ന് ഏപ്രില്‍ 20 ന് കാലത്തുമുതല്‍ ഞാന്‍ പറയുന്നതാണ്.
തൃശ്ശൂരിലെ സ്ഥാനാര്‍ഥി ആയിരുന്നല്ലോ ഞാന്‍. എന്റെ ആരോപണങ്ങളെ ആ രീതിയിലെ കണ്ടിരുന്നുള്ളു. അന്‍വറിന്റെ ആരോപണം വന്നപ്പോള്‍ അത് ചര്‍ച്ചയായി. അന്‍വര്‍ ഭരണകക്ഷി എംഎല്‍എയാണ്. ഇതിനൊപ്പമാണ് എഡിജിപി അജിത് കുമാര്‍ ഹൊസബൊളെയുമായി ചര്‍ച്ച നടത്തിയ കാര്യം വി.ഡി സതീശന് പുറത്തുകൊണ്ടുവരുന്നത്. പിന്നീട് നിങ്ങള്‍ ചാനലുകാരും പത്രക്കാരുമാണ് അജിത് കുമാര്‍ റാം മാധവിനെ കണ്ട കാര്യം പുറത്തുകൊണ്ടുവന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് ഞങ്ങള്‍ പറഞ്ഞ പ്രധാന പരാതിയുണ്ടായിരുന്നു, ഞങ്ങളുടെ സംഘടനാ ദൗര്‍ബല്യം എന്ന് പറയാം. സ്ഥാനാര്‍ഥിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 56,000 വോട്ടുകളാണ് ബിജെപി പുതിയതായി ചേര്‍ത്തത്. സ്ഥാനാര്‍ഥിയുടെ അഡ്രസ് തിരുവനന്തപുരമാണ്. തിരുവനന്തപുരത്തെ ശാസ്തമംഗലത്തെ വോട്ടറായിരുന്നു സുരേഷ് ഗോപി. ഞാന്‍ കവടിയാറിലെയും. തൃശ്ശൂരിലെ സ്ഥാനാര്‍ഥിയായിട്ടും ഞാന്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്ത് വന്നിട്ടാണ്.
പക്ഷേ, സുരേഷ്ഗോപിയുടെയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും വോട്ടുകള്‍ തൃശ്ശൂരിലാണ്. ആലത്തൂരിലെയും പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തിലെയും ചാലക്കുടിയിലേയുമുള്പ്പെടെ പലരുടെയും വോട്ടുകളും തൃശ്ശൂരില്‍ ചെയ്തു. അപ്പോള്‍ ഇതൊക്കെ ആ ഡീലിന്റെ ഭാഗമായാണ് ഞങ്ങള്‍ കരുതുന്നത്. അജിത് കുമാര്‍ ഹൊസബളെയും റാം മാധവും ഒക്കെയായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഇതിനെ കാണുന്നത്.
ബിജെപിയെ ജയിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം. പക്ഷേ, പൂരം വന്നപ്പോള്‍ അനുകൂല സാഹചര്യം വന്നു, അങ്ങനെ പൂരം കലക്കി, അതിന്റെ മെച്ചം ബിജെപിക്ക് കിട്ടുകയും ചെയ്തു. അന്‍വറും പറഞ്ഞിരിക്കുന്നത് പൂരം കലക്കി സീറ്റ് ബിജെപിക്ക് കൊടുത്തുവെന്നാണ്.
അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നാണ് അന്‍വര്‍ ആരോപിച്ചത്. പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി കാട്ടുകള്ളനാണെന്നും പറഞ്ഞു. ഇതാരാണ് പറയുന്നത്. ഭരണകക്ഷി എംഎല്‍എ ആയ പി.വി. അന്‍വറാണ്. അതൊക്കെ വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. അതുകൊണ്ടാണ് ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പറയുന്നത്. പൂരം കലക്കിയതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.
മറ്റാര് അന്വേഷിച്ചാലും ശരിയാകില്ല. കാരണം അജിത് കുമാറാണ് ആരോപണവിധേയന്. അജിത് കുമാറിനെ ഡിജിപിക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ല. കാരണം മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടയാളാണ് അയാള്‍. അങ്ങനെയുള്ളപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ അല്ലാതെ ആരും തെളിവ് കൊടുക്കാന്‍ വരികയില്ല.
അന്‍വര്‍ പലതവണ വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചു. പി. ശശിക്കെതിരേ പലതവണ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നിട്ടും ശശിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്വീകരിച്ചത്. അതിനെ എങ്ങനെയാണ് കാണുന്നത്?
പി. ശശിയെ കാര്യക്ഷമതയുള്ള ഒരാളായിട്ടാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പക്ഷേ, ഒരുകാര്യം പറയേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. നായനാരുടെ കാലത്തും അദ്ദേഹം പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്നല്ലോ. ഇത്രയും കാര്യക്ഷമതയുള്ള ഒരാളെ എന്തിനാണ് പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. എന്തുകൊണ്ട് ശശിയെ നായനാര്‍ ഓഫീസില്‍ നിന്ന് പുറത്താക്കി. പി. ശശിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തപ്പോള്‍ ആരായിരുന്നു പാര്‍ട്ടി സെക്രട്ടറി. പിണറായി വിജയനല്ലെ.
ഇന്ന് കാര്യക്ഷമതയുള്ള ആളെന്ന് പറയുന്ന ഒരാളെ എന്തിനാണ് അന്ന് പിണറായി സസ്പെന്‍ഡ് ചെയ്തത്. ആ കേസുകളൊക്കെ പലര്‍ക്കും അറിയാവുന്ന കാര്യമായതുകൊണ്ട് അതിലേക്ക് ഞാന്‍ കടക്കുന്നില്ല. പക്ഷേ, ഇത്രയും കാര്യക്ഷമതയുള്ള ആളെന്ന് വിശേഷിപ്പിക്കുന്ന ശശിയെ അന്ന് സസ്പെന്‍ഡ് ചെയ്തത് എന്തിനാണെന്ന് അന്ന് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പിണറായി പറയേണ്ടതല്ലെ. അതദ്ദേഹത്തിന് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
കാട്ടുകള്ളന് എന്നാണ് ശശിയെ അന്‍വര്‍ വിശേഷിപ്പിച്ചത്. അങ്ങനൊരു വാക്ക് ഞങ്ങള്‍ പറഞ്ഞിട്ടില്ല. പ്രതിപക്ഷം പോലും പറയാത്തത്ര ശക്തമായ വാക്ക് ഒരു ഭരണകക്ഷി എംഎല്‍എ പറയുമ്പോള്‍ അതുംകേട്ട് കയ്യുംകെട്ടി നോക്കിയിരിക്കാനല്ലല്ലോ പ്രതിപക്ഷമായിട്ട് ഞങ്ങളിവിടെ ഇരിക്കുന്നത്. ഞങ്ങള്‍ എത്രയോ കാലമായി പറയുന്നതാണ് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന്. അതല്ലെ ഇപ്പോള്‍ അന്‍വറും ആവശ്യപ്പെട്ടിരിക്കുന്നത്.
ആഭ്യന്തരവകുപ്പ് ഒഴിയണമെന്നല്ല അദ്ദേഹം രാജിവെച്ച് വേറെ ആളെ മുഖ്യമന്ത്രിയാക്കുകയാണ് വേണ്ടതെന്നാണ് ഞങ്ങള്‍ പറയുന്നത്. ഒന്നേമുക്കാല്‍ വര്‍ഷത്തിനിടയ്ക്ക് ഒരു തിരഞ്ഞെടുപ്പ് വേണമെന്ന് ഞങ്ങള്‍ പറയുന്നില്ല. സത്യത്തില്‍ രാജിവെച്ച് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടുകയാണ് അദ്ദേഹം ചെയ്യേണ്ടത്. അല്ലാതിരുന്നാല്‍, മുമ്പൊരു എല്‍ഡിഎഫ് സര്‍ക്കാരിനെ കുറിച്ച് കെ. കരുണാകരന് പറഞ്ഞൊരു കാര്യമുണ്ട്. ഇരുന്ന് നാറി നാറി പുഴുത്ത് ഇറങ്ങിപ്പോകേണ്ടി വരുമെന്നായിരുന്നു കരുണാകരന് അന്ന് പറഞ്ഞത്. പക്ഷേ, അന്നത്തേക്കാള്‍ വലിയ നാറ്റമാണ് ഇന്നുള്ളത്. അന്ന് പ്രതിപക്ഷമാണ് പറഞ്ഞതെങ്കില്‍ ഇന്ന് ഭരണകക്ഷി എംഎല്‍എയാണ് നാറ്റത്തിന്റെ വ്യാപ്തിയേപ്പറ്റി പറയുന്നത്.
ഒരു റിയാസ് മാത്രം മതിയോ എന്നാണ് അന്‍വര്‍ ചോദിച്ചിരിക്കുന്നത്. റിയാസിനെ വളര്‍ത്തിക്കൊണ്ട് വരുന്നതിനെതിരേ സിപിഎമ്മിനുള്ളില്‍ വളരുന്ന കലാപമാണോ അന്‍വറിലൂടെ പുറത്തുവരുന്നത്?
അതൊരു യാഥാര്‍ഥ്യമാണല്ലോ. നിങ്ങളൊരു കാര്യം മനസിലാക്കേണ്ടതുണ്ട്. എന്തൊക്കെ പറഞ്ഞാലും സിപിഎമ്മിലെ ഉന്നതനായ നേതാവാണല്ലോ പി. ജയരാജന്. ജയരാജന് ഇന്ന് സിപിഎമ്മിന്റെ സെക്രട്ടേറിയേറ്റിലില്ല. എന്നാല്‍ മുഹമ്മദ് റിയാസ് സെക്രട്ടേറിയറ്റിലുണ്ട്. യുവാവ് ആയതുകൊണ്ട് സെക്രട്ടേറിയറ്റില്‍ വന്നുവെന്നാണ് അതിന് പറയുന്ന ന്യായം. അങ്ങനെയാണെങ്കില്‍ മറ്റ് യുവാക്കളുമുണ്ടല്ലോ അവരെയൊക്കെയെന്താ സെക്രട്ടേറിയേറ്റിലുള്പ്പെടുത്താഞ്ഞത്. അതൊക്കെ അവരുടെ ആഭ്യന്തര കാര്യമായതുകൊണ്ടാണ് ഞങ്ങളൊന്നും പറയാത്തത്.
പി.ജയരാജനെ മാറ്റിനിര്‍ത്തി റിയാസിനേപ്പോലൊരാളെ ആ സ്ഥാനത്ത് കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ സ്നേഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക് അത് സഹിക്കാന്‍ പറ്റിയെന്ന് വരില്ലല്ലോ. അതാണ് അന്‍വറിലൂടെ ഇന്ന് പുറത്തുവന്നത്. അല്ലാതെ മറ്റൊന്നുമല്ല.
മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍പ്പ് വളരുന്നുവെന്ന് ഇതിലൂടെ വായിക്കേണ്ടിവരുമോ.
ഇന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ രണ്ട് വിചാര ധാരകളുണ്ട്. ഒന്ന് പിണറായിസം, എല്ലാം പിണറായിയുടെ ഏകാധിപത്യത്തില്‍ നില്‍ക്കുന്നത് എന്നുള്ളത്. രണ്ട് അതിനെതിരായി ചിന്തിക്കുന്നവര്‍. അങ്ങനെ എതിരായി ചിന്തിക്കുന്നവരാണ് പാര്‍ട്ടിയില്‍ പ്രബലരായിട്ടുള്ളത്. പക്ഷേ, അവര്‍ക്ക് ഔദ്യോഗിക സ്വഭാവമില്ലാത്തതുകൊണ്ട് അവര്‍ നിശബ്ദരാക്കപ്പെട്ടിരിക്കുകയാണ്. ആ വികാരം ഇടയ്ക്ക് അണപൊട്ടി പുറത്തുവരും. അതിപ്പോള്‍ അന്‍വറിലൂടെ വന്നു. അതുകൊണ്ടാണ് അന്‍വര്‍ പിണറായിസത്തെ വിമര്‍ശിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ റീച്ച് കിട്ടുന്നത്. അല്ലാതെ സിപിഎമ്മിനെ ചീത്ത പറയുന്നതുകൊണ്ടല്ല അദ്ദേഹത്തിന് റീച്ച് കിട്ടുന്നത്.
അന്‍വറിനെ അനുകൂലിക്കുന്നവരില്‍ പലരും സിപിഎമ്മിന്റെ സൈബര്‍ സഖാക്കളാണ്. ഞങ്ങളെയൊക്കെ നിരന്തരം കുറ്റം പറയുന്ന തെറിവിളിക്കുന്ന സൈബര്‍ സഖാക്കളാണ് ഇപ്പോള്‍ അന്‍വറിനെ പിന്തുണച്ച് വരുന്നത്. ഞങ്ങള്‍ പൂജിക്കുന്ന ബിംബം വെറും വ്യാജബിംബമാണെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ട്. പിണറായിസത്തെ നിയന്ത്രിച്ചില്ലെങ്കില്‍ ബംഗാളിന്റെയും ത്രിപുരയുടെയും അവസ്ഥയിലേക്ക് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോകും എന്ന് ഭയക്കുന്ന പ്രവര്‍ത്തകര്‍ ഇന്ന് രക്ഷകനായി കാണുന്നത് അന്‍വറിനെയാണ്.
ബിജെപി- സിപിഎം ഡീലിനെക്കുറിച്ച് പ്രതിപക്ഷം ആരോപിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് നിയമസഭയിലേക്ക് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ലോക്സഭയിലേക്കും ബിജെപി കേരളത്തില്‍ നിന്ന് ജയിച്ചു. ഈ രണ്ട് വിജയങ്ങള്‍ക്കും രഹസ്യ ബാന്ധവത്തിന്റെ സഹായമുണ്ടോ?
2016ലെ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ രണ്ട് കാരണങ്ങളാണ്. 2014ല്‍ ബിജെപിക്ക് കേന്ദ്രത്തില്‍ കിട്ടിയത് മൃഗീയ ഭൂരിപക്ഷമാണ്. ബിജെപി ജയിക്കുമെന്ന വികാരം അന്ന് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. രണ്ടാമത് ഒ. രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വം. എന്തൊക്കെ പറഞ്ഞാലും അദ്ദേഹം ശാന്തനായ ഒരാളാണ്. ഒരു വിശ്വാസത്തിന്റെ പുറത്ത് ഒന്നും പ്രതീക്ഷിക്കാതെ പ്രവര്‍ത്തിച്ചു. 1970ല്‍ അദ്ദേഹം മത്സരിക്കുന്ന കാലത്ത് ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ്. ആ ഞാനും അദ്ദേഹവും ഒരുമിച്ചാണ് ആ നിയമസഭയില്‍ ഇരുന്നത്. അതുവരെ അദ്ദേഹം തോറ്റുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരു സിമ്പതി അദ്ദേഹത്തോട് ജനങ്ങള്‍ക്കുണ്ടായി. അങ്ങനെയാണ് അദ്ദേഹം ജയിച്ചുവന്നത്.
അന്ന് മുഖ്യമന്ത്രി ഇതിന്റെ പേരില്‍ ഞങ്ങളെയാണ് കുറ്റപ്പെടുത്തിയത്. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാനാണല്ലോ ഞാന്‍ മത്സരിച്ചത്. അവിടെ ജയിക്കില്ല എന്ന് നൂറുശതമാനം എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ, കോണ്‍ഗ്രസിന്റെ കുറെ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുപിടിച്ചാല്‍ ബിജെപി പരാജയപ്പെടുമെന്ന കാര്യം ഉറപ്പായിരുന്നു. പക്ഷേ, അതിന് സിപിഎം പറഞ്ഞത് അവര്‍ അക്കൗണ്ട് പൂട്ടിച്ചുവെന്നാണ്. പക്ഷേ, അവരുടെ ജില്ലാ കമ്മിറ്റി, ഞാന്‍ മത്സരിച്ചതുകൊണ്ടാണ് അവര്‍ക്ക് ജയിക്കാന്‍ പറ്റിയത് എന്ന് സമ്മതിച്ചു. എന്നാലും പരസ്യമായി പറയുന്നത് അവര്‍ പൂട്ടിച്ചുവെന്നാണ്.
ഇപ്പോൾ ആരാ ലോക്സഭയിൽ അക്കൗണ്ട് തുറപ്പിച്ചത്. യുഡിഎഫിന്റെ വോട്ടില്‍ ചോര്‍ച്ചയുണ്ടായാല്‍ അതിന്റെ മെച്ചം കിട്ടേണ്ടത് എല്‍ഡിഎഫിനാണ്. ഞങ്ങളുടെ കുറെ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയിട്ടുണ്ട്. പക്ഷേ, എല്‍ഡിഎഫിന്റെ വോട്ട് എവിടെ പോയി. ചാഴൂര്‍, താന്ന്യം, അന്തിക്കാട്, ഏങ്ങണ്ടിയൂര്‍ തുടങ്ങിയ സിപിഎമ്മിന്റെ ഉരുക്കുകോട്ടകളിലാണ് സുരേഷ് ഗോപി ഒന്നാം സ്ഥാനത്ത് വന്നത്. ഞങ്ങള്‍ തെളിവ് സഹിതമാണ് പറയുന്നത്. ഞങ്ങടെ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയിട്ടുണ്ടെന്നാണ് ഞങ്ങള്‍ കണക്കുകൂട്ടിയത്. അങ്ങനെ വന്നാല്‍ എല്‍ഡിഎഫ് അല്ലെ അവിടെ ജയിക്കേണ്ടത്. പക്ഷേ, എല്‍ഡിഎഫിന് കിട്ടേണ്ട സിപിഎമ്മിന്റെ ഉറച്ച വോട്ടുകള്‍ ബിജെപിയിലേക്കാണ് പോയത്.
വടകരയില്‍ നിന്ന് തൃശ്ശൂരില്‍ മത്സരിക്കേണ്ട ഒരു രാഷ്ട്രീയ സാഹചര്യം വന്നു. പക്ഷേ, മുരളീധരനെ തോല്‍പ്പിക്കാനായാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത് എന്ന് ബിജെപി തുടക്കം മുതലെ പറയുന്നുണ്ട്. അപ്പോള്‍ കോണ്‍ഗ്രസിന്റെ പരാജയം അവിടെ ബിജെപി ഉറപ്പിച്ചിരുന്നുവെന്ന് വേണം കരുതാന്‍?
അവിടെയാണ് ഹൊസബളെയുമായും റാം മാധവുമായുള്ള അജിത് കുമാറിന്റെ സംഭാഷണത്തെ ഞാന്‍ കാണുന്നത്. സിറ്റിങ് സീറ്റാണ് ഇത് നിലനിര്‍ത്തുമെന്നാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ പറഞ്ഞത്. എല്‍ഡിഎഫ് പറഞ്ഞത് ഞങ്ങള്‍ പിടിച്ചെടുക്കും എന്നാണ്. എന്നാല്‍ ബിജെപി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോളും അതിന് മുമ്പും പറഞ്ഞ കാരണങ്ങള്‍ ഇതൊക്കെയാണ്. വോട്ടര്‍ പട്ടികയില്‍ കൂടുതല്‍ വോട്ടുചേര്‍ത്തത് അവരാണ്. ഇതാണ് ഇലക്ഷന് മുമ്പ് പറഞ്ഞത്. വോട്ടെടുപ്പ് കഴിഞ്ഞ് പറഞ്ഞത്, ഹിന്ദു വോട്ടുകള്‍ക്ക് പുറമെ ക്രൈസ്തവ വോട്ടുകളും ലഭിച്ചു. ഞങ്ങള്‍ക്ക് എതിരായി ഉറപ്പായും ചെയ്യുന്ന മുസ്ലീം വോട്ടുകള്‍ എല്‍ഡിഎഫിലേക്കും യുഡിഎഫിലേക്കും പോകും. അങ്ങനെ തൃശ്ശൂരില്‍ വിജയിക്കും എന്നാണ് ബിജെപി അവകാശവാദമുന്നയിച്ചത്.
എങ്ങനെയാണ് ഇത്തരമൊരു ആത്മവിശ്വാസം അവര്‍ക്കുണ്ടായത്. ബാക്കിയുള്ള സ്ഥലത്ത് ജയിക്കുമെന്ന കാര്യമൊക്കെ എല്ലാവരും പറയാറുണ്ട്. പക്ഷേ, വസ്തുതതകള്‍ വെച്ച് അവര്‍ പറഞ്ഞപ്പോള്‍, ശരിയാണ് 56,000 വോട്ടുകള്‍ അവര്‍ അധികമായി തൃശ്ശൂരില്‍ ബിജെപി ചേര്‍ത്തു. അമിത് ഷായ്ക്കാണ് ചാര്‍ജുണ്ടായിരുന്നത്. തിരുവനന്തപുരത്തും ചാര്‍ജ് അദ്ദേഹത്തിനായിരുന്നു. തിരുവനന്തപുരത്ത് ഏല്ക്കാതെ പോയത്, കോസ്റ്റല്‍ ബെല്‍റ്റിലെ വോട്ടുകള്‍ കൂട്ടമായി യുഡിഎഫിലേക്ക് വന്നതുകൊണ്ടാണ്.
പക്ഷേ, തിരുവനന്തപുരത്ത് സിപിഎമ്മിന്റെ കോട്ടകളില്‍ പന്ന്യന്‍ വളരെ ദയനീയമായി പിന്നാക്കം പോയി. എംഎല്‍എ ഉള്ള മണ്ഡലമായിരുന്നു വട്ടിയൂര്‍കാവ്, അവിടെ മൂന്നാം സ്ഥാനത്ത് പോയി. ഒ. രാജഗോപാല്‍ മൂന്നാം സ്ഥാനത്ത് പോയ കോവളത്തും നെയ്യാറ്റിന്‍കരയിലും ഈ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖറിന് ലഭിച്ച വോട്ട് രാജഗോപാലിന് ലഭിച്ചിരുന്നെങ്കില്‍ 2014ല്‍ രാജഗോപാല്‍ എംപി ആകുമായിരുന്നു.
വട്ടിയൂര്‍കാവ്, നേമം, കഴക്കൂട്ടം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒന്നാം സ്ഥാനത്ത് വന്ന രാജഗോപാല്‍ പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം എന്നിവിടങ്ങളില്‍ മൂന്നാം സ്ഥാനത്ത് പോയി. ആ സ്ഥാനത്ത് രാജീവ് ചന്ദ്രശേഖര്‍ ആകെ പാറശ്ശാലയില്‍ മാത്രമാണ് മൂന്നാം സ്ഥാനത്തേക്ക് പോയത്. അതും ചെറിയ വോട്ടിന്റെ വ്യത്യാസത്തില്‍. ബാക്കി മൂന്നിടത്ത് ഒന്നാമതും മൂന്നിടത്ത് രണ്ടാമതുമായിരുന്നു രാജീവ് ചന്ദ്രശേഖര്‍. എവിടെ പോയി എല്‍ഡിഎഫിന്റെ വോട്ട്? എന്തൊ ഭാഗ്യത്തിന് പൊങ്കാല ഫെബ്രുവരി മാസത്തിലായിപ്പോയി. അല്ലെങ്കില്‍ പൊങ്കാല കലക്കി ബിജെപിയെ ജയിപ്പിച്ചേനെ. പൂരം കലക്കാനുള്ള അവസരം അവര്‍ക്ക് കിട്ടി, അതിന്റെ മെച്ചം ബിജെപി കൊണ്ടുപോയി. എല്‍ഡിഎഫിന്റെ വോട്ട് തൃശ്ശൂരില്‍ മാത്രമല്ല തിരുവനന്തപുരത്തും ചോര്‍ന്നു.
തൃശ്ശൂരും തിരുവനന്തപുരവും മാത്രമല്ലല്ലോ, ആലപ്പുഴ, ആറ്റിങ്ങല്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ മുന്നേറ്റവും ഈ തരത്തിലാണെന്നാണോ ആരോപിക്കുന്നത്? ലോക്സഭാ തിരഞ്ഞെടുപ്പില്‍ 11 നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമത് എത്തിയത്.
പലയിടത്തും എല്‍ഡിഎഫിന്റെ വോട്ടുകളാണ് ബിജെപിയിലേക്ക് പോയത്. അതിനവര്‍ പറഞ്ഞ കാരണം ഈഴവ സമുദായം മാറി വോട്ടു ചെയ്തുവെന്നാണ്. സമുദായ വോട്ടുകളല്ല സിപിഎമ്മിന്റെ വോട്ടുകളാണ് ബിജെപിയിലേക്ക് പോയത്. ഉദാഹരണത്തിന് ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലം, അവിടെയെങ്ങനെ വി. മുരളീധരന് ഒന്നാമത് വന്നു. കാട്ടാക്കട സിപിഎം എംഎല്‍എ ഉള്ള മണ്ഡലമല്ലെ. അവിടെ ഒന്നാം സ്ഥാനം. വി മുരളീധരനും ജയിച്ച അടൂര്‍ പ്രകാശും തമ്മിലുള്ള വോട്ടുവ്യത്യാസം വെറും 16,000 മാത്രമേ ഉള്ളു. തിരുവനന്തപുരത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസവും ഇങ്ങനെയാണ്.
ആറ്റിങ്ങലില്‍ സാങ്കേതികമായി മുരളീധരന് മൂന്നാം സ്ഥാനത്തേക്ക് പോയി എന്നേയുള്ളു. ഹരിപ്പാട് സിപിഎം വോട്ടെവിടെ പോയി. അവിടെ രണ്ടാം സ്ഥാനം ശോഭാ സുരേന്ദ്രനാണ്. കായംകുളത്ത്, കെ.സി. വേണുഗോപാല്‍ മുമ്പ് ജയിച്ച കാലത്തും അവിടെ വളരെ ചെറിയ മാര്‍ജിന്‍ മാത്രമേ കിട്ടിയിട്ടുള്ളൂ. ബാക്കി നിയമസഭാ തിരഞ്ഞെടുപ്പിലൊക്കെ തോറ്റുതുന്നംപാടിയതാണ്. അവിടെ ശോഭാ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്ത് വന്നത്. അപ്പോള്‍ ആരുടെ വോട്ടാണ് ചോര്‍ന്നത്. തൃശ്ശൂരില്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടിയെങ്കില്‍ എല്‍ഡിഎഫിന്റെ വോട്ടുകള്‍ ബിജെപിയിലേക്ക് ഒലിച്ചുപോയി. ചുരുക്കി പറഞ്ഞാല്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിയുടെ സഖ്യകക്ഷിയേപ്പോലെയാണ് പിണറായി വിജയന് പെരുമാറുന്നത്.
ഇതൊക്കെ സിപിഎമ്മിന്റെ തന്ത്രം എന്നതിനേക്കാള്‍ പിണറായിയുടെ തന്ത്രമാണ്. ആ തന്ത്രമാണിപ്പോള്‍ നടക്കുന്നത്. ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? കഴിഞ്ഞ കുറച്ചു നാളുകളായി ഇത്രയധികം വിവാദങ്ങളുണ്ടായിട്ടും ബിജെപിയുടെ സമരം നിങ്ങള്‍ കണ്ടിട്ടുണ്ടോ. താമരക്കൊടിയും പിടിച്ചുകൊണ്ട് ഒരു സമരവും ഇപ്പോള്‍ കേരളത്തിലില്ല. കാരണം കേന്ദ്രത്തിലെ ബിജെപി നേതൃത്വം അവരുടെ ഒരു മുഖ്യമന്ത്രി ആയിട്ടാണ് പിണറായി വിജയനെ കാണുന്നത്. അതിന്റെ ഫലമാണിത്. ഇതിനെതിരായ പൊട്ടിത്തെറിയാണ് ഇപ്പോള്‍ അന്‍വറിലൂടെ പുറത്തുവന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് ഒരേ സമയം തിരച്ചടിയും അതേസമയം ഒരു അവസരവും നല്‍കിയില്ല. ഇപ്പോള്‍ എംപിയുടെ ഭാരമില്ല, സംസ്ഥാന രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെടാന്‍ സാധിക്കുന്ന ഒരു സാഹചര്യം ഉരുത്തിരിഞ്ഞില്ലെ.
ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മാനസികാവസ്ഥ ഇപ്പോഴെനിക്കില്ല. പാര്‍ട്ടി പ്രവര്‍ത്തനം തത്കാലം തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക എന്നതേയുള്ളൂ. ബാക്കി കാര്യങ്ങള്‍ ആ സമയത്ത് വരുമ്പോള്‍ ആലോചിക്കാം എന്നതാണ് ഇപ്പോഴത്തെ തീരുമാനം. ഇനി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോ ലോക്സഭാ തിരഞ്ഞെടുപ്പോ വരെ കാത്തിരിക്കാം. പക്ഷേ, മത്സരിക്കാനുള്ള മാനസികാവസ്ഥയിലേക്ക് വന്നിട്ടില്ല. പാര്‍ലമെന്റിലേക്ക് നാലും അഞ്ചും ടേമായവര് ഇപ്പോഴുണ്ടല്ലോ, അവരൊക്കെ മാറിയാല്‍ അപ്പോള്‍ ആലോചിക്കാം. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അജണ്ട എന്റെ മുന്നിലില്ല.
Content Highlights: It is better for Pinarayi Vijayan to resign as chief minister, says congress leader K Muraleedharan
Published: 27 Sept 2024, 02:40 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented