
പാമ്പുപിടിത്തത്തിലെ പെണ്‍പുലിയെന്ന് ജി.എസ് റോഷ്‌നിയെന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറെ വിശേഷിപ്പിച്ചാല്‍ അതിനെ തെറ്റ് പറയാന്‍ കഴിയില്ല. കാരണം കുറഞ്ഞകാലത്തെ വനം വകുപ്പിലെ സര്‍വീസിനിടെ തന്നെ ആയിരത്തോളം പാമ്പുകളെ റോഷ്‌നി ഇതുവരെ തന്റെ വരുതിയിലാക്കി പുതുജീവന്‍ നല്‍കി. കഴിഞ്ഞ കുറേ ദിവസമായി സാമൂഹിക മാധ്യമങ്ങളിലെ താരമാണ് ഈ വനംവകുപ്പ് ഉദ്യോഗസ്ഥ.
പാമ്പുകളുടെ രാജാവെന്നറിയപ്പെടുന്ന രാജവെമ്പാലയെ കഴിഞ്ഞ ദിവസം റോഷ്‌നി പിടികൂടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതാണ് ഇതിന് കാരണം. 18 അടിയോളം നീളമുള്ള രാജവെമ്പാലയെ ആണ് അന്ന് റോഷ്‌നി ശാസ്ത്രീയമായി സധൈര്യം പിടികൂടിയത്. ഇതോടെ രാഷ്ട്രീയ-സിനിമ താരങ്ങള്‍ മുതല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ വരെ റോഷ്‌നിയെ പ്രശംസിച്ച് രംഗത്തെത്തി.
വിതുര പരുത്തിപ്പള്ളി റേഞ്ച് പരിധിയില്‍ വരുന്ന ആര്യനാട് പാലോട് സെക്ഷനിലെ പേപ്പാറ റോഡില്‍ അഞ്ച് മരുതന്‍മൂടില്‍ നിന്നാണ് റോഷ്നി ഉള്‍പ്പെട്ട സംഘം 18 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. പാമ്പുകളോടും മറ്റ് ജീവികളോടും ചിലര്‍ക്കൊക്കെ ഭയമാണെങ്കിലും റോഷ്‌നിക്ക് അവയോട് സ്‌നേഹമാണ്. ഏറെ ഇഷ്ടത്തോടെയാണ് താന്‍ ഈ ജോലി ചെയ്യുന്നതെന്ന് പറയുകയാണ് ഇവര്‍. പാമ്പുപിടിത്തത്തിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും തന്റെ അനുഭവങ്ങളെപ്പറ്റിയും റോഷ്‌നി മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെക്കുന്നു.
- രാജവെമ്പാലയെന്ന ശാന്തന്‍, പിടികൂടാന്‍ സാധിക്കുന്നത് ഭാഗ്യം
വിതുരയില്‍ നിന്ന് പേപ്പാറ പോകുന്ന ഭാഗത്ത് മരുതന്‍ മൂടിയിലാണ് രാജവെമ്പാലയെ കണ്ടതായി ഫോണ്‍ വരുന്നത്. ധാരാളം ആളുകള്‍ താമസിക്കുന്ന സ്ഥലമാണത്. അവിടെ ചെറിയ ഒരു അരുവിയില്‍ കുളിക്കാന്‍ വന്നവരാണ് പാമ്പ് കിടക്കുന്നതായി കണ്ടത്. പൊതുവെ ഉള്‍വനങ്ങളില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്ന പാമ്പാണ് രാജവെമ്പാല. നാട്ടിന്‍പ്രദേശത്തേക്ക് അധികം ഇറങ്ങി വരാറില്ല. ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ ഉറപ്പായും അതിനെ പിടികൂടി ഉള്‍വനത്തിലേയ്ക്ക് വിടണം. ഫോണ്‍ വരുന്ന സമയത്ത് ഞങ്ങള്‍ വേറൊരു റെസ്‌ക്യൂ മിഷനിലായിരുന്നു. പെട്ടെന്ന് തന്നെ രാജവെമ്പാലയെ കണ്ടുവെന്ന് പറഞ്ഞ സ്ഥലത്തെത്തി.
പാമ്പിന്റെ വലിപ്പത്തെക്കുറിച്ചൊന്നും ധാരണയുണ്ടായിരുന്നില്ല. സ്ഥലത്തെത്തിയപ്പോഴാണ് 18 അടിയോളം നീളമുള്ള പാമ്പാണെന്ന് മനസ്സിലായത്. സുരക്ഷിതമായി പാമ്പിനെ പിടികൂടാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. പൊതുവെ രാജവെമ്പാലയെ കാണാന്‍ കിട്ടാറില്ല. രാജവെമ്പാല കടിച്ചതായും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് തന്നെ മരണവും കുറവാണ്. രാജവെമ്പാലയുടെ കടിയേറ്റാല്‍ 15 മിനിറ്റിനുള്ളില്‍ മരണം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇന്ത്യയില്‍ രാജവെമ്പാലയുടെ കടിയേറ്റാല്‍ നല്‍കാനുള്ള ആന്റി വെനം ലഭ്യമല്ല. ഞങ്ങള്‍ അന്ന് അവിടെയെത്തി രാജവെമ്പാലയെ പിടികൂടി മാറ്റുന്നത് വരെ ആളുകള്‍ക്ക് ഭയമുണ്ടായിരുന്നു.
മറ്റുള്ളവയെപ്പോലെ ആക്രമണോത്സുകതയുള്ള പാമ്പല്ല രാജവെമ്പാല. ഉള്‍വനത്തില്‍ നിന്ന് പുറത്തുവരലും കുറവാണ്. പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങളൊക്കെയാകാം ഇവയെ നാട്ടിലേയ്ക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. മറ്റ് പാമ്പുകളെ ഭക്ഷിക്കുന്നവയാണ് രാജവെമ്പാല. ഇരതേടിയും നാട്ടിലേക്ക് രാജവെമ്പാല എത്താം. തിരുവനന്തപുരത്ത് പൊതുവെ ഇവ കുറവാണ്. പത്തനംതിട്ടയിലൊക്കെ കുറെയേറെ രാജവെമ്പാലയെ റെസ്‌ക്യൂ ചെയ്യുന്നുണ്ട്.വംശനാശ ഭീഷണി നേരിടുന്ന പാമ്പ് കൂടിയാണ് ഇവ. നമ്മുടെ ദേശീയ ഉരഗവും പാമ്പുകളുടെ രാജാവും ഒക്കെയായ രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടാന്‍ സാധിച്ചതില്‍ ഫോറസ്റ്റ് ഓഫീസര്‍ എന്ന നിലയില്‍ സന്തോഷം. രാജവെമ്പാലയെ പിടികൂടുക എന്നത് പാമ്പുപിടിക്കുന്നവര്‍ക്ക് ലഭിക്കുന്ന അപൂര്‍വ അവസരവും ഭാഗ്യവുമാണ്.
- പാമ്പുകളോട് സംസാരിക്കാറുണ്ട്, അവയോടെനിക്ക് ഒരുപാട് സ്‌നേഹം
പാമ്പുകളോട് മാത്രമല്ല എല്ലാ ജീവികളോടും ഞാന്‍ സംസാരിക്കാറുണ്ട്. ഞാന്‍ പറയുന്നത് അവയ്ക്ക് മനസ്സിലാകുന്നത് കൊണ്ടല്ല, മറിച്ച് അതൊരു ശീലമായിപ്പോയതാണ്. ചില പാമ്പുകളൊക്കെ സഞ്ചിയില്‍ കയറാതെ ബുദ്ധിമുട്ടിക്കാറുണ്ട്. രാജവെമ്പാല ആറ് മിനിറ്റ് കൊണ്ട് സഞ്ചിയില്‍ കയറി. അതൊരു ചെറിയ സമയമാണ്. അന്ന് രാജവെമ്പാലയോട് ഞാന്‍ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.
രാജവെമ്പാലയെ പിടികൂടാന്‍ അവസരം ലഭിച്ചതില്‍ ഒരുപാട് സന്തുഷ്ടയായിരുന്നു ആ സമയത്ത് ഞാന്‍. മുന്‍പ് ഒന്നുരണ്ട് തവണ രാജവെമ്പാലയെ പിടികൂടാന്‍ അവസരം വന്നപ്പോള്‍ സ്ത്രീയായതിനാല്‍ എനിക്ക് തരാതെ പുരുഷന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. അതില്‍ ഞാന്‍ ഒരുപാട് മനസ്സ് വിഷമിച്ചിട്ടുമുണ്ട്. ഇത്തവണ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ ഓടിച്ചെല്ലുകയായിരുന്നു.
പാമ്പിനെ പിടികൂടുമ്പോള്‍ അധികമാളുകളെ ഒപ്പംകൂട്ടാന്‍ സാധിക്കില്ല. പേടിയുണ്ടെങ്കില്‍ പാമ്പിനെ പിടിക്കാന്‍ സാധിക്കില്ല. വളരെ ശാന്തമായി വേണം പാമ്പിനെ പിടികൂടാന്‍. എന്റെ റെസ്‌ക്യൂ മിഷനില്‍ അധികമാളുകളെ ഞാന്‍ ഒപ്പം കൂട്ടാറില്ല. എനിക്ക് എന്റെ മനസ്സും പാമ്പിന്റെ ചലനവും അനുസരിച്ച് നീങ്ങണം. അതില്‍ വേറൊരാള്‍ ഒപ്പമുണ്ടെങ്കില്‍ ബുദ്ധിമുട്ടാകും. ഞാന്‍ തന്നെ പാമ്പിനോട് സംസാരിച്ച് ഒരു ധാരണയിലെത്തും. എന്നിട്ട് അതിനെ വിളിച്ചുകൊണ്ടുപോകും.
- ബൂട്ടും ഗ്ലൗസും ധരിച്ചില്ലെന്നാണ് കമെന്റുകള്‍, അതിന് കാരണമുണ്ട്
പാമ്പുകളെ റെസ്‌ക്യൂ ചെയ്യാന്‍ ഒരുപാട് ആളുകളുണ്ട്. വിഷമുള്ള ജീവിയാണ് പാമ്പ്, മനുഷ്യന്റെ ജീവനെടുക്കാന്‍ കെല്‍പ്പുള്ള ജീവിയാണ്. എന്നെപ്പോലെ എല്ലാവര്‍ക്കും റിസ്‌ക് ഉള്ള കാര്യം തന്നെയാണ് പാമ്പുപിടിത്തം. വേണ്ട സുരക്ഷ നോക്കിത്തന്നെയാണ് ഞങ്ങള്‍ ഈ ജോലി ചെയ്യുന്നത്. എന്റെ വീഡിയോയ്ക്ക് താഴെ സുരക്ഷയെക്കുറിച്ച് കുറച്ച് കമെന്റുകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ബൂട്ടും ഗ്ലൗസും ഞാന്‍ ധരിച്ചിട്ടില്ലെന്നായിരുന്നു കമെന്റ്. എനിക്ക് അതൊന്നും ഒട്ടും കംഫര്‍ട്ടബിള്‍ അല്ല. കൈകൊണ്ട് പാമ്പിനെ പിടികൂടുന്നതാണ് എനിക്ക് സൗകര്യം. ഗ്ലൗസ് ഇട്ടുകഴിഞ്ഞാല്‍ ഹുക്ക് ഉള്ള സ്റ്റിക്ക് പിടിക്കാന്‍ ബുദ്ധിമുട്ടാകും. എന്നെക്കാളും ഭാരമുള്ള പാമ്പുകളെ ഞാന്‍ പിടികൂടിയിട്ടുണ്ട്. പെരുമ്പാമ്പിനെ ഒക്കെ പിടികൂടുമ്പോള്‍ എനിക്ക് ഗ്ലൗസ് ഇട്ടാല്‍ ശരിയാകില്ല. ഒരു ജീവിയേയും ഞാന്‍ ഗ്ലൗസ് ഇട്ട് പിടിച്ചിട്ടില്ല. ഞാന്‍ അതില്‍ ഓക്കെയല്ല.
പാമ്പിന്റെ കടിയേല്‍ക്കാതിരിക്കാന്‍ ഷൂ ഇടുന്നുണ്ട്. മുട്ട് വരെയുള്ള ബൂട്ട് ഇട്ടുകഴിഞ്ഞാല്‍ നടക്കാനൊക്ക പ്രയാസമാണ്. ആദ്യമേ ഇട്ടുശീലിച്ചാല്‍ ഓക്കെയായിരിക്കും. പക്ഷേ എനിക്ക് ഇതാണ് കംഫര്‍ട്ട്. സേഫ് ആണെന്ന് എനിക്ക് സ്വയം ബോധ്യമുണ്ട്. ഞാന്‍ പാമ്പിന്റെ അടുത്ത് പോയി നില്‍ക്കുന്നു എന്നൊക്കെ ആളുകള്‍ പറയാറുണ്ട്. ശരിക്ക് പറഞ്ഞാല്‍ നമുക്ക് നല്‍കിയിട്ടുള്ള ഹുക്ക് ഉള്ള സ്റ്റിക്ക് മതി. നല്ല നീളമുള്ള സ്റ്റിക്ക് ആണത്. പാമ്പ് അടുത്ത് വന്നാല്‍ അത് വെച്ച് കൈകാര്യം ചെയ്യാം. ആ സ്റ്റിക്ക് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ സുരക്ഷ. ആ ബോധ്യം നമുക്ക് എപ്പോഴുമുണ്ട്. കണ്ടുനില്‍ക്കുന്നവര്‍ക്ക് ചെറിയ പേടി തോന്നുന്നതാണ്.
- പെരുമ്പാമ്പിനെ പിടികൂടാന്‍ അല്‍പം പ്രയാസം, ഭാരമാണ് പ്രശ്‌നം
പാമ്പ് കൈയില്‍ നിന്ന് വഴുതിപോകുമെന്നൊക്കെ കാണുമ്പോള്‍ തോന്നുന്നതാണ്. സത്യത്തില്‍ എല്ലാ പാമ്പുകളും അങ്ങനെ വഴുക്കലുള്ള ത്വക്ക് ഉള്ളവയല്ല. പെരുമ്പാമ്പ് ഒക്കെ ചെറുതായി വഴുക്കിപ്പോകും. ഇതുവരെ 119 പെരുമ്പാമ്പുകളെ ഞാന്‍ പിടികൂടിയിട്ടുണ്ട്. കുറച്ച് പ്രയാസമാണ് പെരുമ്പാമ്പുകളെ പിടികൂടാന്‍. വിഷം ഇല്ലെങ്കിലും ഭാരം ഒരു പ്രശ്‌നമാണ്. നമ്മുടെ തൊലി കടിച്ചുപറിച്ച് എടുക്കാനുള്ള ശേഷി അവയുടെ പല്ലുകള്‍ക്ക് ഉണ്ട്. വെള്ളത്തില്‍ നിന്നും കല്ലുകെട്ടിന് ഇടയില്‍ നിന്നൊക്കെ പെരുമ്പാമ്പിനെ പിടികൂടിയിട്ടുണ്ട്. നാട്ടില്‍ ഇപ്പോള്‍ ധാരാളമായി ഇവയെ കാണുന്നുണ്ട്. മഴയത്ത് വെള്ളത്തില്‍ ഒലിച്ച് വരാറൊക്കെയുണ്ട്. ചെറിയ തോടുകളിലൊക്കെ കാണാം. നാട്ടിന്‍പ്രദേശത്ത് ധാരാളമായി ഭക്ഷണം കിട്ടുന്നതിനാലും അവ ഇവിടെ തങ്ങാന്‍ കാരണമാകുന്നുണ്ട്.
- ദൂരദര്‍ശനില്‍ വാര്‍ത്ത വായിച്ച് തുടക്കം, പിന്നാലെ വനംവകുപ്പില്‍
2017 ലെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ തസ്തികയിലാണ് ഞാന്‍ വനം വകുപ്പില്‍ ജോലിക്ക് കയറുന്നത്. അതിന് മുന്‍പ് ഞാന്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ ന്യൂസ് റീഡറും അനൗണ്‍സറും ആയിരുന്നു. 2019 ലാണ് ശാസ്ത്രീയമായ പാമ്പിനെ പിടികൂടുന്ന ട്രെയിനിങ്ങിന് ഞാന്‍ പങ്കെടുക്കുന്നത്. ഒരു ദിവസത്തെ ക്ലാസ് ആയിരുന്നു. ആദ്യമായി അന്ന് ഞാന്‍ കൈയിലെടുത്തത് മൂര്‍ഖന്‍ പാമ്പിനെയായിരുന്നു. 2021 ലാണ് മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ ഭാഗമാകുന്നത്. പാമ്പിനെ മാത്രമല്ല, മരപ്പട്ടി, മാന്‍, മയില്‍ എന്നിവയെ ഒക്കെ പിടികൂടി സുരക്ഷിതമായി വനത്തിലേക്ക് എത്തിക്കാറുണ്ട്. നേരത്തെ വനം വകുപ്പും നാട്ടുകാരുമായി അത്രത്തോളം ബന്ധമുണ്ടായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. വനം വകുപ്പ് എന്താണെന്നും പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. അവരുമായി നല്ല ബന്ധമാണ് ഇപ്പോഴുള്ളത്. ഏത് വന്യജീവിയെ കണ്ടാലും നാട്ടുകാര്‍ വനം വകുപ്പിനെ അറിയിക്കും, അവര്‍ സഹായങ്ങള്‍ ചെയ്തുതരും.
മനുഷ്യര്‍ക്ക് ഭൂമിയില്‍ ജീവിക്കാന്‍ ഉള്ളതുപോലെ അവകാശം വന്യ ജീവികള്‍ക്കുമുണ്ട്. നാട്ടിലിറങ്ങുന്ന അവരെ സുരക്ഷിതമായി വനത്തിലേയ്ക്ക് എത്തിക്കാനുള്ള ചുമതല ഞങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഒക്കെയുണ്ട്. അത് നമ്മുടെ ദൗത്യമാണ്, അതില്‍ എല്ലാവരുടേയും സഹകരണം ഉണ്ടാകണം.
- പാമ്പിനെ ഭയമില്ല, ആസ്വദിച്ച് ചെയ്യുന്ന ജോലിയാണിത്
പാമ്പിനെ എനിക്ക് പേടിയില്ല. ഉള്ളിന്റെ ഉള്ളില്‍ എവിടെയെങ്കിലും ചിലപ്പോള്‍ ചെറിയൊരു ഭയം കാണാം, അത് മനുഷ്യസഹജമാണ്. റെസ്‌ക്യൂ ചെയ്യാന്‍ പോകുമ്പോള്‍ എനിക്ക് പേടി തോന്നാറില്ല. അങ്ങനെ തോന്നിയാല്‍ ജോലി നടക്കില്ല. എനിക്ക് അവയോട് സ്‌നേഹമാണ്. എനിക്ക് ഇഷ്ടമാണ് അവയെ പിടികൂടാന്‍. ആ ഇഷ്ടമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ആദ്യമായി പാമ്പിനെ പിടികൂടിയതിന് ശേഷം മുന്നോട്ട് ഇതുമായി പോകണമോയെന്ന ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി. ഒരു റെസ്‌ക്യൂ എന്ന് കേട്ടാല്‍ അപ്പോഴേ ചാടി പുറപ്പെടും. അത്രയ്ക്ക് ഇഷ്ടമാണ്. മനസ്സുകൊണ്ട് ആസ്വദിച്ചാണ് ഞാന്‍ ജോലി ചെയ്യുന്നത്. അറിഞ്ഞോ അറിയാതെയോ ഒരു ജീവിയേയും ഞാന്‍ ഉപദ്രവിച്ചിട്ടില്ല. അവയ്ക്ക് വേദനിക്കുന്ന രീതിയില്‍ ഇതുവരെ റെസ്‌ക്യൂ ചെയ്തിട്ടില്ല. വളരെ സേഫ് ആയാണ് പിടികൂടുന്നത്. പാമ്പിനെ പിടികൂടിയതിന് ശേഷം അതിനെ പ്രദര്‍ശിപ്പിക്കാറോ ബുദ്ധിമുട്ടിക്കാറോ ഇല്ല.
- ബുദ്ധിമുട്ടിക്കാറുള്ളത് ചേര, വീട്ടുകാര്‍ക്ക് ഭയം
ഒരുപാട് തരം പാമ്പുകളെ പിടികൂടിയിട്ടുണ്ടെങ്കിലും പലപ്പോഴും ബുദ്ധിമുട്ടിക്കാറുള്ളത് ചേരയാണ്. വിഷം ഇല്ലെങ്കിലും കുതറി മാറാന്‍ ശ്രമിക്കാറുണ്ട്. കൈയില്‍ നിന്നും രക്ഷപ്പെട്ട് പോകാനാനായി എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. മുഖത്ത് കടിക്കാനൊക്കെ ശ്രമിക്കും. അണലി കുറച്ച് അപകടകാരിയാണ്. 360 ഡിഗ്രി തിരിഞ്ഞ് കടിക്കാനും ചാടി കടിക്കാനുമൊക്കെ അണലി ശ്രമിക്കും. മൂര്‍ഖനെ പിടികൂടാനാണ് എനിക്ക് ഏറെ ഇഷ്ടം. പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖനെ കാണാന്‍ തന്നെയൊരു ഭംഗിയാണ്. ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയായതിനാല്‍ തന്നെ എനിക്ക് വല്യ ബുദ്ധിമുട്ടുകള്‍ ഒന്നും തോന്നാറില്ല.
വീട്ടില്‍ ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. ഒരാള്‍ക്ക് 17 ഉം മറ്റൊരാള്‍ക്ക് 14 വയസുമാണ് പ്രായം. വീട്ടില്‍ നിന്ന് എനിക്കുവേണ്ട പിന്തുണ ലഭിക്കാറുണ്ട്. ഇതുവരെ പാമ്പിനെ പിടികൂടാന്‍ പോകരുതെന്ന് എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ സ്വാഭാവികമായും അവര്‍ക്ക് ഭയം ഉണ്ട്. രാത്രി ഒരുമണിക്ക് ഒക്കെ പാമ്പിനെ കണ്ടെന്ന് വിളി വന്ന് പോകുമ്പോള്‍ വേറെയാരും ഇല്ലേയെന്ന് മക്കള്‍ ചോദിക്കാറുണ്ട്. പക്ഷേ അതൊന്നും ഞാന്‍ കാര്യമാക്കാറില്ല. ഭര്‍ത്താവിന്റെയും മക്കളുടേയും പിന്തുണ തന്നെയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.
- മണ്ണെണ്ണയും പെട്രോളും ഒഴിക്കരുത്, ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങളുണ്ട്
വനം വകുപ്പിന്റെ സര്‍പ്പ എന്നൊരു ആപ്പ് ഉണ്ട്. സജീവമായി ഈ ആപ്പ് പ്രവര്‍ത്തിക്കുന്നു. സര്‍പ്പയുടെ പ്രവര്‍ത്തനത്തിലൂടെ പാമ്പുകടിയേറ്റുള്ള മരണം വളരെ കുറഞ്ഞുവരികയാണ്. കേരളത്തില്‍ എല്ലാ ജില്ലയിലും ധാരാളം വോളന്റിയര്‍മാരുണ്ട്. ധാരാളം പേര്‍ ഇപ്പോഴും മുന്നോട്ട് വരുന്നുണ്ട്. വീട്ടില്‍ പാമ്പിനെ കണ്ട് കഴിഞ്ഞാല്‍ ആപ്പിലൂടെ വോളന്റിയര്‍മാരുടെ നമ്പര്‍ എടുക്കാം. അതില്‍ വിളിച്ച് അറിയിച്ചാല്‍ വോളന്റിയര്‍മാര്‍ എത്തും.
പാമ്പിനെ കണ്ടാല്‍ വെളുത്തുള്ളി ചതച്ച് ഒഴിക്കുന്നവരും പെട്രോളും മണ്ണെണ്ണയും ഒഴിക്കുന്നവരും ഒക്കെയുണ്ട്. അത് ശരിക്കും വെറുതെയാണ്. മാളത്തില്‍ ഒരു പാമ്പ് ഇരിക്കുമ്പോള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാല്‍ അത് ബുദ്ധിമുട്ടുണ്ടായി പുറത്തുചാടും എന്നതല്ലാതെ വേറെ ഗുണമൊന്നുമില്ല. പാമ്പ് വരാതെ ഇരിക്കാന്‍ ഇതൊരു മാര്‍ഗമേയല്ല.
എലിയും തവളയും ഒക്കെയാണ് പാമ്പിന്റെ ഭക്ഷണം. പാമ്പ് വരാതെയിരിക്കണമെങ്കില്‍ എലി ഉണ്ടാവാതെ ഇരിക്കണം. അതിന് ഭക്ഷണ അവശിഷ്ടങ്ങളും മറ്റും വലിച്ചെറിയുന്നത് ഒഴിവാക്കണം. പരിസരം പുല്ലൊക്കെ വെട്ടി വൃത്തിയാക്കി ഇടണം. എലിയുടെ മാളങ്ങളിലാണ് പാമ്പ് സാധാരണ കഴിയുന്നത്. പൊതുവേ സ്വന്തമായി കൂട് ഉണ്ടാക്കാറില്ല. വീടിന് ചുറ്റുമുള്ള മാളങ്ങളൊക്കെ അടയ്ക്കുക. തണുപ്പ് തേടിയും പാമ്പ് എത്തും. ശീതരക്തം ഉള്ളവയാണ് ഉരകങ്ങള്‍. തണുത്ത പ്രതലത്തില്‍ ഇരിക്കാനാണ് ഇവ താത്പര്യപ്പെടുന്നത്.
അകത്തും പുറത്തും ഒക്കെയുള്ള ചെടികളില്‍ ശ്രദ്ധവേണം. ഇടയ്‌ക്കൊക്കെ ഈ ചെടികള്‍ പരിശോധിക്കണം. അടുക്കളയില്‍ ഒക്കെ വിറക് അടുക്കി വെക്കുന്നിടത്തൊക്കെ ശ്രദ്ധവേണം. ഹെല്‍മറ്റിനുള്ളിലും ഷൂവിനുള്ളിലും ഒക്കെ പാമ്പ് വന്നിരിക്കാം. കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാമ്പിനെ ഭയക്കാതെ കഴിയാം.
- മൃഗങ്ങള്‍ എന്നെ ഉപദ്രവിച്ചിട്ടില്ല, മനുഷ്യര്‍ പക്ഷേ അങ്ങനെയല്ല
പാമ്പ് ഉള്‍പ്പടെ ഒരു വന്യജീവിയില്‍ നിന്നും എനിക്ക് ഉപദ്രവം ഉണ്ടായിട്ടില്ല. അവരെ ഉപദ്രവിച്ചാലേ അവ തിരിച്ച് ഉപദ്രവിക്കൂ. പ്രകോപനം ഉണ്ടാകുമ്പോഴാണ് തിരിച്ച് ആക്രമിക്കുന്നത്. ആനയായാലും കാട്ടുപോത്ത് ആയാലും ഇത് തന്നെയാണ് അവസ്ഥ. അവര്‍ക്കൊരു സേഫ്റ്റി ബബിള്‍ ഉണ്ട്. അതിന്റെ ഉള്ളിലേക്ക് മനുഷ്യന്‍ കടന്നുചെല്ലുമ്പോഴാണ് അവ പ്രതികരിക്കുന്നത്. അവര്‍ക്ക് താമസിക്കാന്‍ ഒരിടവും ഭക്ഷണവുമാണ് ആവശ്യം. അത് കിട്ടാതെ വരുമ്പോഴാണ് പുറത്തിറങ്ങി മറ്റ് മൃഗങ്ങളെ പിടികൂടുന്നത്. അവരുടെ ആവാസ വ്യവസ്ഥയ്ക്ക് നാശമുണ്ടാകുമ്പോഴാണ് അവര്‍ പുറത്തിറങ്ങുന്നത്. അതില്‍ ഒരുപരിധി വരെ നമ്മള്‍ തന്നെയാണ് കാരണം. വനം സംരക്ഷിക്കേണ്ടത് വനം വകുപ്പ് ഉദ്യോഗസ്ഥരുടേത് മാത്രമല്ല, നമ്മുടെ എല്ലാവരുടേയും ഉത്തരവാദിത്വമാണ്. വരുന്ന തലമുറയുടെ കൂടി കടമയാണത്.
എനിക്ക് മനുഷ്യരെക്കാളും ഏറെയിഷ്ടം മൃഗങ്ങളെയാണ്. ഒരു ആവശ്യവുമില്ലാതെ മൃഗങ്ങള്‍ നമ്മളെ ഉപദ്രവിക്കില്ല. പക്ഷേ മനുഷ്യര്‍ അങ്ങനെയല്ല. ഒരു കാരണവുമില്ലാതെ നമ്മളെ ഉപദ്രവിക്കാന്‍ മനുഷ്യന് സാധിക്കും. മൃഗങ്ങളുടെ മനസ്സില്‍ ചതിയോ വഞ്ചനയോ ഒന്നുമില്ല. മനുഷ്യന്‍ അങ്ങനെയല്ല. നമ്മള്‍ വെറുതെ പോയാലും വാക്കിലൂടെയോ നോട്ടത്തിലൂടെയോ ഒക്കെ അവര്‍ ഉപദ്രവിക്കും. അതിനാല്‍ത്തന്നെ അന്നും ഇന്നും എനിക്ക് മൃഗങ്ങളെയാണ് ഇഷ്ടം.

- സച്ചിന്റെ പ്രശംസ, ഇത് വനംവകുപ്പിന്റെ വിജയം
പാമ്പുകളെ റെസ്‌ക്യൂ ചെയ്യാന്‍ ഒരുപാട് സ്ത്രീകള്‍ നിലവിലുണ്ട്. ധാരാളം പേര്‍ ലൈസന്‍സ് എടുക്കുന്നുണ്ട്. ഇനിയും ആളുകള്‍ മുന്നോട്ട് വരണമെന്നാണ് ആഗ്രഹം. പരിശീലനം നേടിയാലും പുറത്തിറങ്ങി പാമ്പിനെ പിടിക്കാന്‍ വിമുഖത കാണിക്കുന്നവരുണ്ട്. മനസ്സിന് ധൈര്യം വേണം. ഇഷ്ടം വന്നാല്‍ നമ്മുടെ പേടി മാറും.
ഷോ കാണിക്കാനും വൈറല്‍ ആകാനും വീഡിയോ എടുക്കുന്നു എന്നൊക്കെ കമെന്റുകള്‍ കാണാറുണ്ട്. എന്റെ ജീവന്‍ പണയംവെച്ച്, എന്റെ കുടുംബത്തെ മറന്നുകൊണ്ട് വീഡിയോ എടുക്കേണ്ട ആവശ്യമില്ല. വൈറല്‍ ആകാന്‍ വേറെയും മാര്‍ഗങ്ങളുണ്ട്. എന്റെ ജോലിയാണ് ഞാന്‍ ചെയ്യുന്നത്. ആ ജീവിയെ സംരക്ഷിക്കുക എന്നത് എന്റെ കടമയാണ്. ഒരു സ്ത്രീ ആയതുകൊണ്ട് എനിക്കൊരു അംഗീകാരം ലഭിച്ചതാണ്. അത് ഞാന്‍ സന്തോഷത്തോടെ ഏറ്റുവാങ്ങുന്നു.
എക്‌സില്‍ ധാരാളം പേര്‍ ഷെയര്‍ ചെയ്തു. അതില്‍ ഒന്ന് സച്ചിന്‍ റീ ട്വീറ്റ് ചെയ്തു. ഇതിഹാസ താരമായ സച്ചിന്‍ എന്റെ പേര് മെന്‍ഷന്‍ ചെയ്താണ് വീഡിയോ പങ്കുവെച്ചത്. കേരളത്തിലെ ഒരു നാട്ടിന്‍പുറത്തുകാരിയായ എന്നെ അദ്ദേഹം അംഗീകരിച്ചതില്‍ ദൈവത്തോട് നന്ദി പറയുന്നു. ഇത് എന്റെ മാത്രം വിജയമല്ല, വനം വകുപ്പിന്റെ വിജയമാണിത്. വനം വകുപ്പിനെ ആളുകള്‍ അംഗീകരിക്കുന്നു എന്നതിന്റെ സൂചനയാണിത്. ശശി തരൂരും ശ്രീമതി ടീച്ചറുമൊക്കെ അഭിനന്ദനം അറിയിച്ചു. എല്ലാവരോടും നന്ദി. സര്‍ക്കാരിനും ജനങ്ങള്‍ക്കും വേണ്ടി ഇനിയും ജോലി ചെയ്യാന്‍ സാധിക്കട്ടെ എന്നാണ് ആഗ്രഹം. ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുന്നോട്ട് പോകണം എന്നതാണ് പ്രാര്‍ഥന.
Content Highlights: Meet G.S. Roshni, the beat forest officer who rescued a massive King Cobra.
Published: 11 Jul 2025, 06:28 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented