ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചതിൻ്റെ കാരണം, ഇവിടുത്തെ പ്രവർത്തനങ്ങളുടെ തുടർച്ച നഷ്ടപ്പെടാതിരിക്കാനാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിൽ ഗ്രൂപ്പ് താൽപ്പര്യങ്ങളോ ഏതെങ്കിലും കോക്കസിന്റെ പ്രവർത്തനങ്ങളോ ഇല്ല. പാലക്കാട്ടെ പാർട്ടി പ്രവർത്തകരും ജനങ്ങളും രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയും എം.എൽ.എ. എന്ന നിലയിൽ സംരക്ഷണം നൽകുന്നതിൽ തെറ്റ് പറയാനാവില്ല. മകനും മകളും ജയിലിൽ കിടക്കണോ എന്ന് ചോദിച്ചാൽ പിണറായി വിജയൻ പിഎം ശ്രീയിൽ അല്ല, ഏത് ശ്രീയിലും ഒപ്പിടുമെന്നും അബിൻ വർക്കി. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ദേശീയ സെക്രട്ടറിയായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ താങ്കളുടെ ആദ്യ പ്രതികരണം കേരളത്തിൽ തുടരാൻ അനുവദിക്കണം എന്നായിരുന്നു, ദേശീയ സെക്രട്ടറിയായി പോകുമോ?

പോകും, അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. ഞാൻ എൻ.എസ്.യുവിന്റെ ഭാഗമായി ദേശീയതലത്തിൽ തിരഞ്ഞെടുപ്പ് സിസ്റ്റത്തിൽ പ്രവർത്തിച്ചിട്ടുണ്ട്, റോജി എം ജോണും ഹൈബി ഈഡനും ഉൾപ്പെടെയുള്ള കാലഘട്ടത്തിലായിരുന്നു അത്. പല സംസ്ഥാനങ്ങളിലും പോവാനും തിരഞ്ഞെടുപ്പ് നടത്താനുമെല്ലാം അവസരം ലഭിച്ചിട്ടുണ്ട്. ദേശീയതലത്തിൽ പ്രവർത്തിക്കുക എന്ന് പറയുന്നത് ഒരു അനുഭവമാണ്. അതിത്രയും ചെറിയ പ്രായത്തിൽ തന്നെ കിട്ടുക എന്ന് പറയുമ്പോൾ വലിയ അനുഭവമാണ്. ആ അനുഭവം ഞാൻ പരമാവധി വിനിയോഗിക്കും. പാർട്ടി ആവശ്യപ്പെടുന്നതെന്താണെങ്കിലും അത് ചെയ്യുക തന്നെ ചെയ്യും. അതിൽ യാതൊരു വിധത്തിലുള്ള മനോവേദനയ്ക്കും അടിസ്ഥാനമില്ല. നമുക്ക് ഒരു വലിയ പ്ലാറ്റ്ഫോം കിട്ടുക എന്നതാണ് കാര്യം. അത് എത്ര നന്നായി ഉപയോഗിക്കാൻ സാധിക്കുമോ അത്ര നന്നായി ഉപയോഗിക്കും.

യൂത്ത് കോൺഗ്രസിലെ പ്രായപരിധി എന്ന് പറയുന്നത് 35 വയസ്സാണ്. അങ്ങനെ നോക്കുകയാണെങ്കിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടോ?

ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ, ഞാനും കൂടി ഉൾപ്പെടുന്ന കമ്മിറ്റിയാണ് ഇവിടെയുള്ളത്. ദേശീയ ഭാരവാഹികൾക്ക് സ്വാഭാവികമായും സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാനും സംസ്ഥാന കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കാനും കഴിയും. പിന്നെ കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പ് പ്രായപരിധി നോക്കിയാൽ ഞാൻ ഇപ്പോഴും പ്രായപരിധിക്കുള്ളിലാണ്. ഇതിനകത്ത് തിരിച്ചുവരവിന്റെയോ അങ്ങോട്ടുപോക്കിന്റെയോ അർത്ഥമില്ല, ഞാനത് ആദ്യമേ വ്യക്തമാക്കിയതാണ്. ദേശീയതലത്തിൽ ചാർജ് തന്നാൽ സ്വാഭാവികമായും മാസത്തിൽ പത്തു ദിവസം ചാർജ് തന്ന സ്ഥലത്ത് പോകേണ്ടിവരുമ്പോൾ ഉണ്ടാകുന്ന ഒരു നഷ്ടമാണ് ഞാൻ സൂചിപ്പിച്ചത്. അതല്ലാതെ ദേശീയ സെക്രട്ടറി എന്ന നിലയിൽ പോയാൽ എന്തെങ്കിലും കുഴപ്പം പറ്റും എന്നല്ല ഞാൻ ഉദ്ദേശിച്ചത്. അതെങ്ങനെയാണ് എന്നുള്ളത് ദേശീയ നേതൃത്വം പരിശോധിച്ചു തീരുമാനമെടുക്കട്ടെ. ദേശീയ നേതൃത്വത്തിന് ഇതെല്ലാമായി ബന്ധപ്പെട്ട വ്യക്തമായ ധാരണകളുണ്ട്. അവർ ഏറ്റവും നല്ല തീരുമാനം എടുക്കും. അതല്ലാതെ ദേശീയ തലത്തിൽ പ്രവർത്തിച്ചതുകൊണ്ട് ഒരു കുഴപ്പവും പറ്റാനില്ല.

എന്നെ ഇവിടെ തുടരാൻ അനുവദിക്കണമെന്ന് അന്ന് പറഞ്ഞതിന് പിന്നിൽ ദേശീയ തലത്തിലേക്ക് പോകാനുള്ള മടിയാണോ അതല്ല അങ്ങനെ പോയാൽ കേരളത്തിലേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന തോന്നലാണോ? എന്തായിരുന്നു അതിനു പിന്നിൽ?

ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് പോയാൽ തിരിച്ചുവരാൻ പറ്റില്ല എന്ന് പറയാൻ ഇത് നമ്മളെ സോമാലിയൻ കടൽക്കൊള്ളക്കാരുടെ അടുത്തേക്കുവിടുന്ന ഏർപ്പാട് ഒന്നുമല്ലല്ലോ. കഴിഞ്ഞ അഞ്ചുവർഷമായി ഏറ്റവും അഗ്രസീവായിട്ട് കേരളത്തിൽ പ്രവർത്തിച്ചുവരുന്ന ഒരു യുവജന നേതാവാണ് ഞാൻ. ഈ സർക്കാരിനെതിരെ നിരവധി സമരങ്ങൾ നടത്തുകയും കാമ്പയിനുകൾ നയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ അതിന്റെ ഏറ്റവും പീക്കായ അവസ്ഥയാത്. മാത്രവുമല്ല അടുത്തമാസം പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്, അത് കഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ ഇപ്പോഴും ദേശീയതലത്തിലേക്ക് പോയാൽ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ച നഷ്ടമാവുമല്ലോ എന്ന് കരുതിയാണ് ഞാൻ കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന് പറഞ്ഞത്. കഴിഞ്ഞ 10 വർഷത്തെ സമരപരിപാടികളുടെ ഭാഗമായി നിരവധി കേസുകൾ എന്റെ പേരിലുണ്ട്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് അന്ന് ദേശീയ സെക്രട്ടറി സ്ഥാനം തന്നപ്പോൾ കേരളത്തിൽ തുടരാൻ അവസരം തരണമെന്ന് അഭ്യർഥിച്ചത്. അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ല.

അബിൻ വർക്കി വളരെ ശ്രദ്ധേയനും ജനപ്രീതിയും സ്വീകാര്യതയുമുള്ള നേതാവാണ്. രാഹുൽ മാങ്കൂട്ടം സ്ഥാനം ഒഴിയുമ്പോൾ ആ സ്ഥാനത്തേക്ക് ആര് എന്ന് ചോദിച്ചാൽ എല്ലാവർക്കും പറയാൻ പറ്റുന്ന ഒരു പേരും അബിൻ വർക്കിയുടെതായിരുന്നു. രാഹുൽ മാറുമ്പോൾ താങ്കളെപ്പോലൊരാൾ വന്നാൽ അദ്ദേഹത്തിന് പിന്നെ തിരിച്ചുവരാൻ കഴിയില്ല എന്നതിന്റെ അടിസ്ഥാനത്തിലാകുമോ താങ്കളെ ഒഴിവാക്കിയത്?‌‌‌

യൂത്ത് കോൺഗ്രസ് എന്നത് ഒരു രാഹുൽ മാങ്കൂട്ടത്തിലോ ഒരു അബിൻ വർക്കിയോ ഒന്നുമല്ല. ഏറ്റവും കഴിവുള്ള അനേകം ചെറുപ്പക്കാരുടെ ഒരു വലിയ സംഘടനയാണ്. ഇതിനകത്ത് ഏറ്റവും അടിത്തട്ട് മുതൽ മേൽത്തട്ട് വരെയുള്ള ആളുകളെല്ലാം നല്ല നേതൃശേഷിയുള്ളവരാണ്. ഞങ്ങൾക്ക് ഈ പ്രസ്ഥാനം തന്ന ഒരു അവസരം നന്നായി വിനിയോഗിക്കാൻ സാധിച്ചു എന്നതിനപ്പുറത്തേക്ക് ഞങ്ങൾ മാത്രമാണ് ഇതിന് യോഗ്യർ എന്നൊരഭിപ്രായം എനിക്കില്ല. എന്നെക്കാൾ യോഗ്യരായ നിരവധിയാളുകൾ ഈ പ്രസ്ഥാനത്തിലുണ്ട്. അതുകൊണ്ട് ഞാൻ വന്നില്ല എന്നതുകൊണ്ട് ഈ പ്രസ്ഥാനത്തിന് എന്തെങ്കിലും കുഴപ്പം പറ്റുമെന്ന് പറഞ്ഞാൽ അത് ശരിയല്ല.

ജനീഷ് ഉൾപ്പെട്ട നേതൃത്വത്തിന് അത്ര നേതൃശേഷിയില്ല എന്ന വിമർശനങ്ങളാണ് ഉയരുന്നത്.

ജനീഷ് സ്വീകാര്യത കുറഞ്ഞ വ്യക്തിയാണ് എന്നതിനോട് ഞാൻ യോജിക്കുന്നില്ല. ജനീഷ് എന്റെ സഹപ്രവർത്തകനാണ്, എന്നോടൊപ്പം സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു. പുതുതായി വന്നവരെല്ലാം നേതൃശേഷിയുളളവരാണ്. ആ പദവിയിലേക്ക് വരാൻ യോഗ്യരായ ആളുകളാണ്. വ്യക്തിയധിഷ്ഠിതമായല്ല പ്രസ്ഥാനം നീങ്ങുന്നത് , കാലാകാലങ്ങളിൽ പാർട്ടി പലർക്കും അവസരം തരും ആ അവസരം കൃത്യമായി വിനിയോഗിക്കുക എന്നതാണ് നമ്മുടെ കടമ. അതിനകത്ത് ഒരാൾ വന്നില്ലെങ്കിൽ സമരപരിപാടികൾ നടക്കില്ല എന്നൊന്നും പറയുന്നതിൽ അർത്ഥമില്ല. നേതൃത്വത്തിലിരിക്കുന്നവർ മാറിമാറി വരും. എന്നാൽ പ്രസ്ഥാനം അവിടെയുണ്ട്, അതിലുപരി പ്രവർത്തകരാണ് പ്രസ്ഥാനം. പ്രസ്ഥാനം ഉള്ളിടത്തോളം കാലം സമരങ്ങളൊക്കെ നടക്കും. നല്ല നേതൃശേഷിയുള്ളവരെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. അവർ ഇതിനൊന്നും പറ്റാത്തവരാണെന്നുള്ള അഭിപ്രായം എനിക്കില്ല.

നേതൃസ്ഥാനത്തേക്ക് ആളുകളെ കൊണ്ടുവരുമ്പോൾ അല്ലെങ്കിൽ ഒരാളെ ഉയർത്തിക്കൊണ്ടു വരാൻ സാമുദായിക സമവാക്യങ്ങൾ ഒരു ഘടകമായിട്ട് ഉപയോഗിക്കാറുണ്ട്. എന്നാൽ ഒരാളെ നേതൃപദവിയിൽനിന്നും സാമുദായിക സമവാക്യം ഒരു ഘടകമാക്കുന്നത് കോൺഗ്രസിനെ പോലെ ഒരു പാർട്ടിക്ക് ഗുണകരമാണോ?

എന്റെ വാർത്താ സമ്മേളനത്തിലെ ഒരു പരാമർശം ഉപയോഗിച്ച് സി.പി.എമ്മും അതുപോലെ മറ്റു രാഷ്ട്രീയ കക്ഷികളും നടത്തിയ ഒരു പ്രസ്താവനയായിരുന്നു അത്. താങ്കൾ ക്രിസ്ത്യാനി ആയതുകൊണ്ടാണോ മാറ്റിനിർത്തപ്പെട്ടത് എന്ന ചോദ്യത്തിന്, ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളില്ല മുസ്ലിം രക്തം, ഞങ്ങളിലില്ല ക്രിസ്ത്യൻ രക്തം, ഞങ്ങളിലുള്ളത് മാനവരക്തം എന്ന കെ.എസ്.യു. മുദ്രാവാക്യം വിളിച്ചാണ് ഞാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ആ മുദ്രാവാക്യം വിളിക്കുന്ന പ്രസ്ഥാനത്തിന് ഒരിക്കലും അങ്ങനെ ചെയ്യാൻ പറ്റില്ല എന്നായിരുന്നു ഞാൻ പറഞ്ഞത്. എന്നാൽ ഞാൻ പറഞ്ഞതിന്റെ അവസാന ഭാഗം കട്ട് ചെയ്ത് വലിയ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ അത് പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. കോൺഗ്രസ് മതചിന്ത മാത്രം വെച്ചാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന ഒരു അഭിപ്രായം എനിക്കില്ല. ഞാൻ കടന്നുവന്നത് തിരഞ്ഞെടുപ്പിലൂടെയാണ്, തിരഞ്ഞെടുപ്പിനകത്ത് ജാതിമത സമവാക്യങ്ങളെക്കുറിച്ചൊന്നും ചോദിക്കുകയുണ്ടായില്ല, മത-സാമുദായിക സമവാക്യങ്ങൾ കോൺഗ്രസ് പാർട്ടി സ്വാഭാവികമായിട്ടും ഒരു വിശാല അർത്ഥത്തിൽ നോക്കുമായിരിക്കും, എല്ലാ പ്രസ്ഥാനത്തിലും അങ്ങനെയൊക്കെ നോക്കുന്നുണ്ടാവാം. അതല്ലാതെ അതുമാത്രം നോക്കിയാണ് സ്ഥാനമാനങ്ങൾ നിർണയിക്കുന്നത് എന്ന തരത്തിലുള്ള ഒരു ചിന്താഗതിയും എനിക്കില്ല. കോൺഗ്രസ് എപ്പോഴും മതേതരത്വം മുന്നിൽകണ്ട് പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. ഇതിനകത്ത് മതങ്ങളിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരുമുണ്ട്. എല്ലാവർക്കും സ്പേസ് ഉള്ള ഒരു പ്രസ്ഥാനമാണ് കോൺഗ്രസ്.

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും അവരുമായി ബന്ധപ്പെട്ട കോക്കസും നടത്തിയ നീക്കമാണോ അതല്ലെങ്കിൽ ഡൽഹിയിലെ ഏതെങ്കിലും ഉന്നതന്റെ ഇടപെടലാണോ എങ്ങനെയാണ് അബിൻ വർക്കി  ശരിക്കും ഔട്ട് ആയത്?‌‌

ഞാൻ ഔട്ട് ആയിട്ടില്ലല്ലോ ഇൻ തന്നെയാണല്ലോ. ഇതിനകത്ത് തീരുമാനങ്ങൾ എടുക്കുന്നത് യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വമാണ്. അവർ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വവുമായി ഇതൊക്കെ ആലോചിക്കുന്നുണ്ട്. അതുമാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുകയാണ് നേതാക്കളുമായൊക്കെ കൂടിയാലോചിച്ചാണ് അവരത് ചെയ്യുന്നത്. അതിനകത്ത് കോക്കസ് എന്നൊന്നും പറയാനില്ല, നേതൃതലത്തിലുളള ഉണ്ടായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനങ്ങൾ ഉണ്ടായത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതായപ്പോൾ അപമാനിതനായി എന്ന് തോന്നിയിട്ടുണ്ടോ?

ഞാൻ ഒരിക്കലും ഈ പ്രസ്ഥാനത്തിൽ അപമാനിതൻ ആകുന്നില്ലല്ലോ, എന്നെ മണ്ഡലം സെക്രട്ടറി മുതൽ ദേശീയ സെക്രട്ടറിവരെയാക്കിയ പ്രസ്ഥാനം എന്നെ അപമാനിച്ചുവെന്ന് പറയുന്നത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന പാപമായിരിക്കും. ഞാനൊരിക്കലും അപമാനിതനായിട്ടില്ല, എനിക്ക് എല്ലാ മേൽവിലാസവും തന്നതും എന്നെ ഇങ്ങനെയൊക്കെയാക്കിയതും എന്റെ ഈ പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനം എനിക്ക് എന്നും അഭിമാനം മാത്രമേ തന്നിട്ടുള്ളൂ. എന്റെ ജീവിതത്തിലും അഭിമാനമേ ഉള്ളൂ.

നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റപ്പെട്ടത് പാർലമെന്ററി രാഷ്ട്രീയത്തെ ബാധിക്കില്ലേ?‌

പാർലമെന്ററി രാഷ്ട്രീയത്തിന്റെ ഒരു ഘടകമെന്നുള്ളത് യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കുക അല്ലെങ്കിൽ ഭാരവാഹിയാകുക എന്നുള്ളതാണ്. സംസ്ഥാന അധ്യക്ഷൻ ആയതുകൊണ്ട് മാത്രമല്ല ആർക്കും സീറ്റ് ലഭിച്ചിട്ടുള്ളത്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡൻ്റായിരുന്ന ഡീൻ കുര്യാക്കോസ് ഇതുവരെ നിയമസഭയിലേക്ക്  മത്സരിച്ചിട്ടില്ല. അദ്ദേഹം പാർലമെന്റിലാണ് മത്സരിച്ചത്. ശബരിനാഥായാലും ബൽറാം ആയാലും യൂത്ത് കോൺഗ്രസ് അധ്യക്ഷപദവി ഉള്ളതുകൊണ്ട് മത്സരിച്ചവരുമല്ല. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ എന്ന് പറയുന്നത് വളരെ അഭിമാനകരമായ സ്ഥാനമാണ്. കോൺഗ്രസ് ഒരു പ്രസിഡൻ്റ് ഓറിയന്റഡ് പാർട്ടിയാണ്, അതുകൊണ്ടുതന്നെ യൂത്ത് കോൺഗ്രസിന്റെ പ്രസിഡൻ്റ് ആകുക എന്നത് നമുക്ക് ഏറ്റവും നന്നായിട്ട് കാര്യങ്ങൾ ചെയ്യാൻ പറ്റുന്ന ഒരു പദവിയാണ്. അതിനെ പാർലമെന്ററിയുമായി കൂട്ടിക്കെട്ടേണ്ട ആവശ്യമില്ല. ഓരോ മണ്ഡലത്തിന്റെയും സാഹചര്യങ്ങളൊക്കെ നോക്കിയാണ് അത്തരം കാര്യങ്ങൾ തീരുമാനിക്കുക.

പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് വരികയാണെങ്കിൽ എവിടെയായിരിക്കും മത്സരിക്കുക? താങ്കളുമായി അത്തരത്തിലൊരു ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയെന്നാണല്ലോ പുറത്ത് വരുന്ന വാർത്തകൾ.

ഞാൻ എപ്പോഴാണോ ഒരു പാർലമെന്ററി രാഷ്ട്രീയത്തിന് പറ്റുന്ന ആളാണ് എന്ന് പാർട്ടിക്ക് തോന്നുന്നത് ആ ഘട്ടത്തിൽ അവരെന്നെ വിനിയോഗിച്ചാൽ ഞാൻ അവിടെ പ്രവർത്തിക്കും എന്നുള്ളത് മാത്രമാണ് എനിക്ക് പറയാനുള്ളത്. പിന്നെ ഞാനുമായിട്ട് അങ്ങനെ യാതൊരു തരത്തിലുള്ള ഒത്തുതീർപ്പ് ചർച്ചയും നടന്നിട്ടില്ല, അങ്ങനെ എന്നെ കോംപ്രമൈസ് ചെയ്യിക്കേണ്ട യാതൊരുവിധത്തിലുള്ള സാഹചര്യവും കേരളത്തിലെ പാർട്ടിക്കില്ല. ഞാനൊരു പ്രശ്നക്കാരനോ അങ്ങനെയുള്ള ഒരു വ്യക്തിയോ അല്ല, പാർട്ടി ഏതു തീരുമാനമെടുത്താലും അത് അംഗീകരിക്കുന്ന ഒരു പ്രവർത്തകൻ മാത്രമാണ് ഞാൻ. മത്സരിക്കണോ മത്സരിക്കണമെങ്കിൽ എവിടെ എന്നതിലൊക്കെ അതിന്റേതായ സമയത്ത് നേതൃത്വം കൃത്യമായ തീരുമാനം എടുക്കും. അപ്പോൾ ഉണ്ടെങ്കിൽ ഉണ്ട് ഇല്ലെങ്കിൽ ഇല്ല.‌

‌കെ.സി.വേണുഗോപാൽ കേരളത്തിൽ സജീവമാകുമെന്ന കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. നേരത്തെ കെ.എസ്‌.യുവിന്റെ അധ്യക്ഷനെ തിരഞ്ഞെടുത്തപ്പോഴും അതിന് ശേഷം മഹിളാ കോൺഗ്രസ് അധ്യക്ഷയെ തിരഞ്ഞെടുത്തപ്പോഴും കെ.സിയുമായി അടുപ്പമുള്ള ആളുകളെയാണ് ആ സ്ഥാനങ്ങളിലേക്ക് കൊണ്ടുവന്നത്. ഇപ്പോൾ യൂത്ത് കോൺഗ്രസിലും സമാനമായ സാഹചര്യം ഉണ്ടായിരിക്കുന്നു. അതിനെ എങ്ങനെ കാണുന്നു?

അങ്ങനെയൊന്നുമില്ല ഞങ്ങൾ എല്ലാവരും കെ.സി.വേണുഗോപാലുമായി വളരെ നല്ല ബന്ധം പുലർത്തുന്ന ആളുകളാണല്ലോ. അങ്ങനെയാണെങ്കിൽ ഞങ്ങൾ എല്ലാവരും കെ.സി. പക്ഷമാണെന്ന് നിങ്ങൾക്ക് പറയേണ്ടിവരും. കെ.സി.വേണുഗോപാൽ ഇന്ത്യയിൽ മുഴുവൻ കാര്യങ്ങൾ തീരുമാനിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒന്നും പിടിച്ചെടുക്കേണ്ട കാര്യമില്ല, അദ്ദേഹം ഞങ്ങളുടെയൊക്കെ നേതാവാണ്.

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.സി.വേണുഗോപാൽ മത്സരിക്കുമെന്നും അതോടുകൂടി രമേശ് ചെന്നിത്തലയ്ക്കും വി.ഡി.സതീശനുമൊക്കെ ഉണ്ടായിരുന്ന അപ്രമാദിത്വം നഷ്ടമാകുമെന്നുമൊക്കെ പറയുന്നുണ്ട്. അതിനെ എങ്ങനെയാണ് താങ്കൾ കാണുന്നത്?

കേരളത്തിലെ പാർട്ടിയിൽ ഒരു പ്രത്യേക ഗ്രൂപ്പ് ഉണ്ടാവുന്നുവെന്നും ആ ഗ്രൂപ്പ് പാർട്ടി മുഴുവൻ പിടിച്ചെടുക്കുകയാണെന്നുമൊക്കെയുള്ളത് മാധ്യമസൃഷ്ടി മാത്രമാണ്. വി.ഡി.സതീശനായാലും രമേശ് ചെന്നിത്തലയായാലും കെ.സി. വേണുഗോപാലായാലും എല്ലാവരും ഒരുമിച്ചാണ് നിൽക്കുന്നത്.

കോൺഗ്രസിൽ അങ്ങനെയൊരു അധികാരത്തർക്കമില്ല, എല്ലാവരും ഒറ്റക്കെട്ടാണ് എന്നാണോ താങ്കൾ പറയുന്നത്?‍

അങ്ങനെയൊരു തർക്കത്തിനുള്ള സ്കോപ്പ് ഇപ്പോൾ പാർട്ടിയിൽ ഇല്ലല്ലോ. തർക്കിച്ചുകൊണ്ടിരുന്നാൽ തർക്കിച്ചു കൊണ്ടിരിക്കുകയേയുള്ളൂ എന്ന വ്യക്തമായ ധാരണ എല്ലാവർക്കുമുണ്ട്. ഏറ്റവും സുപ്രധാനമായ തിരഞ്ഞെടുപ്പുകൾ വരുമ്പോൾ തർക്കിച്ചു കൊണ്ടിരുന്നാൽ തർക്കം മാത്രമാണ് പാർട്ടിയിലുണ്ടാവുക. അതുകൊണ്ട് എല്ലാവരും ഒത്തൊരുമിച്ച് നിന്നുകൊണ്ട് പാർട്ടിയെ വിജയത്തിലേക്ക് എത്തിക്കാൻ പ്രവർത്തിക്കുക എന്നുള്ളതാണ് ഇപ്പോൾ ചെയ്യേണ്ടത്. അതിനുവേണ്ടിയുള്ള പ്രവർത്തനമാണ് എല്ലാവരും നടത്തുന്നത്.

ഇപ്പോഴും ആരോപണങ്ങളുടെ നിഴലിൽ നിൽക്കുന്ന യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമം പാർട്ടിക്കുള്ളിൽ തന്നെ നടക്കുന്നുണ്ട്. അതിനെ താങ്കൾ എങ്ങനെയാണ് കാണുന്നത്? അത് ഗുണകരമാകുമോ?

രാഹുൽ മാങ്കൂട്ടത്തിൽ ഒരു എം.എൽ.എയാണ്. ഒരു എം.എൽ.എയുടെ എല്ലാവിധ യോഗ്യതകളും അവകാശങ്ങളും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തെ തിരഞ്ഞെടുത്ത പാലക്കാട്ടെ ജനങ്ങൾക്ക് മുന്നിലോ അദ്ദേഹത്തെ സഹായിച്ച പാലക്കാട്ടെ പാർട്ടി പ്രവർത്തകരുടെ മുന്നിലോ യാതൊരു പരാതികളും ഇല്ല. അതുകൊണ്ട് അവർ സ്വാഭാവികമായും അദ്ദേഹത്തെ പിന്തുണയ്ക്കും. അവരുടെ എം.എൽ.എയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയാൽ അല്ലെങ്കിൽ എം.എൽ.എ. വഴിയിൽ തടയാൻ ശ്രമിച്ചാൽ അവർ പ്രതിരോധിക്കും. അദ്ദേഹത്തിന് വേണ്ട എല്ലാ പിന്തുണയും അവരവിടെ കൊടുക്കുന്നുണ്ട് അതിൽ നമുക്ക് തെറ്റ് പറയാൻ പറ്റില്ല. പിന്നെ അദ്ദേഹത്തെ ഉയർത്തേണ്ട കാര്യമൊന്നുമില്ല, അദ്ദേഹം ഉയർന്നാണ് നിൽക്കുന്നത്. കേരളത്തിൽ ഈ അടുത്തകാലത്ത് ഉയർന്നുവന്ന ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ യുവജന നേതാവാണ് രാഹുൽ. അദ്ദേഹം നേരിടേണ്ടിവന്ന പല ആരോപണങ്ങളെക്കുറിച്ചും നമുക്ക് അറിയാവുന്നതാണ്. ഇതിനകത്ത് കെ.പി.സി.സിയും എ.ഐ.സി.സിയും ഒക്കെ ഇടപെട്ടാണ് അന്ന് തീരുമാനമെടുത്തത്. എന്താണോ ഈ തീരുമാനം എടുക്കാനുണ്ടായ സാഹചര്യം ആ സാഹചര്യം മാറി എന്ന് പാർട്ടിക്ക് എപ്പോൾ തോന്നുന്നുവോ അപ്പോൾ അതിനകത്ത് ഒരു പുന പരിശോധന ഉണ്ടാകും. സാഹചര്യം അത് തന്നെയാണ് എന്ന് തോന്നിയാൽ നേതൃത്വം അതിനനുസരിച്ച് തീരുമാനം എടുക്കും. അതല്ല സാഹചര്യം മാറി എന്ന് തോന്നിയാൽ അങ്ങനെയും തീരുമാനമെടുക്കും.

പിഎംശ്രീ പദ്ധതിയിൽ കേന്ദ്രത്തിനു മുന്നിലുള്ള കേരളത്തിന്റെ മുട്ടുമടക്കലിനെ എങ്ങനെയാണ് കാണുന്നത്?

പിഎം ശ്രീയിൽ മുട്ടുമടക്കി എന്നുള്ളത് തെറ്റാണ്. പിണറായി മോദിയുടെ മുന്നിൽ മൊത്തം മുട്ടുമടക്കിയാണ് അല്ലെങ്കിൽ വഴങ്ങിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. പിണറായി വിജയന്റെ ഒരു പൊളിറ്റിക്കൽ ഡയമെൻഷൻ എടുത്തു പരിശോധിച്ചാൽ അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴൊക്കെ വളരെ അഗ്രസീവായി രാഷ്ട്രീയം പറഞ്ഞിരുന്ന ഒരു വ്യക്തിയായിരുന്നു എന്ന് നമുക്ക് കാണാം. എന്നാൽ അദ്ദേഹം മുഖ്യമന്ത്രിയായശേഷം ആ ആക്രമണോത്സുകത ബിജെപിക്കെതിരെ കാണിച്ചിട്ടില്ല. അതിന് രണ്ടുമൂന്നു കാരണങ്ങളുണ്ട്. ഒന്ന് ലാവിൻ കേസുമായി ബന്ധപ്പെട്ടാണ് നൂറിലധികം തവണയ്ക്ക് മുകളിലായി ഈ കേസ് കോടതിയിൽ വരുമ്പോൾ പിണറായി വിജയന്‍റെ വക്കീലിന് അന്ന് പനി ആയിരിക്കും. മക്കൾക്കെതിരായ ആരോപണമാണ് മറ്റൊന്ന്. ഇന്ത്യയിൽ എൻ.ഡി.എ. ഇതര മുഖ്യമന്ത്രിമാരിൽ ഇത്രയും പ്രിവിലേജ് കിട്ടുന്ന ഏക വ്യക്തിയാണ് പിണറായി വിജയൻ. ഇന്ത്യയിലെ ബാക്കി എല്ലാ എൻ.ഡി.എ. ഇതര മുഖ്യമന്ത്രിമാരും അവർക്കു മുകളിൽ വന്ന ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നേരിട്ടിട്ടുണ്ട്. കോൺഗ്രസിന്റെ മുഖ്യമന്ത്രിമാരുടെ വീടുകളിലും അവരുടെ ജോലിക്കാരുടെ വീടുകളിലുമൊക്കെ റെയ്ഡ് നടന്നിട്ടുണ്ട്. ചിദംബരത്തേയും ഡി.കെ. ശിവകുമാറിനെയുമൊക്കെ ജയിലിൽ ആക്കിയത് എന്തിനാണെന്ന് പോലും പറയാൻ പറ്റില്ല. അങ്ങനെയൊരു സാഹചര്യത്തിൽ എൻ.ഡി.എ. ഇതര മുഖ്യമന്ത്രിക്ക് ഇത്രയും ആനുകൂല്യം ലഭിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹം പൂർണമായും വഴങ്ങിക്കൊടുത്തതിൻ്റെ ഫലമാണെന്ന് വ്യക്തമാണ്.

പിഎംശ്രീ പദ്ധതിയിൽ ചേരില്ല എന്നുള്ളത് ഇടതുപക്ഷത്തിന്റെ നയമാണ്. സി.പി.ഐയും സി.പി.എമ്മും ഉൾപ്പെടെയുള്ള ഇടതു പാർട്ടികൾ എടുത്ത ഒരു തീരുമാനമാണ്. ആ തീരുമാനം നിലനിൽക്കെ കേരളത്തിലെ സി.പി.ഐയോട് പോലും ആശയവിനിമയം നടത്താതെയാണ് ഈ പദ്ധതിയിൽ ഒപ്പിട്ടത്. അത് മാത്രവുമല്ല ഒപ്പിട്ടു കഴിഞ്ഞുള്ള മന്ത്രിസഭാ യോഗത്തിൽ ഇത് മറച്ചുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ പ്രാവശ്യം അമിത് ഷായെ കണ്ടു കഴിഞ്ഞപ്പോൾ കേന്ദ്രത്തിനു മുഴുവനായി വഴങ്ങി കൊടുക്കാൻ പിണറായി വിജയൻ തീരുമാനിച്ചതിന്റെ അജണ്ടയുടെ ഭാഗമായിട്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. അടുത്തത് ദേശീയ വിദ്യാഭ്യാസ നയവും ഇവർ നടപ്പിലാക്കും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയാൽ കേരളത്തിലെ സിലബസുകളിൽ ഉൾപ്പെടെ കേന്ദ്രത്തിന്റെ സ്വാധീനം വരും. ഗാന്ധിജിയെ നാഥൂറാം വിനായക് ഗോഡ്സെ വെടിവച്ച് കൊന്നതാണെന്ന് നമ്മൾ പറയുമ്പോൾ ഗാന്ധിജി ഓട്ടോറിക്ഷ ഇടിച്ചു മരിച്ചതാണെന്ന് കേന്ദ്രം പറയുകയാണെങ്കിൽ പിണറായി വിജയന്റെ സർക്കാർ അതും കേരളത്തിൽ പഠിപ്പിക്കും. പിഎം ശ്രീയിൽ ആയിക്കൊള്ളട്ടെ മറ്റേത് പദ്ധതിയിലായിക്കൊള്ളട്ടെ മകനും മകളും ജയിലിൽ കിടക്കണോ അതോ പിഎം ശ്രീ ആണോ ആരോഗ്യശ്രീയാണോ വേണ്ടത് എന്ന് ചോദിക്കുമ്പോൾ പിണറായി വിജയൻ പറയുക എന്റെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടി ഞാൻ ഏതു ശ്രീയിൽ വേണമെങ്കിലും ഒപ്പിടാൻ തയ്യാറാണെന്നാണ്. മകനെയും മകളെയും രക്ഷിക്കാൻ വേണ്ടി അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിതൊക്കെ.

പിന്നെ സർക്കാരിനെ തിരുത്തിക്കാനുള്ള ശേഷിയൊന്നും എസ്.എഫ്.ഐക്കും ഡി.വൈ.എഫ്.ഐക്കും ഇല്ല. ഭരണം കിട്ടുന്ന ദിവസം ഇതിന്റെയൊക്കെ നട്ടെല്ല് ക്ലിഫ് ഹൗസിന്റെ കട്ടിലിനടിയിൽ പണയം വെക്കുക എന്നതാണ് ഇവരൊക്കെ ഏറ്റവും വലിയ ആചാരമായി കാണുന്നത്. ദേശീയതലത്തിൽ ഇവർ പിഎം ശ്രീക്കെതിരെയും ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാടെടുത്ത് വരികയാണ്. എൻഎസ് യുവുമായൊക്കെ ചേർന്നാണ് എസ്എഫ്ഐ പ്രവർത്തിക്കുന്നത്. അതേ എസ്എഫ്ഐയുടെ കേരളത്തിലെ ഭാരവാഹികൾ നടത്തുന്ന പ്രസ്താവനകൾ കാണുമ്പോൾ നമുക്ക് അവരോട് തന്നെ സഹതാപം തോന്നും. പിണറായി വിജയന്‍റെ ഏകാധിപത്യ ഭരണമാണ് സി.പി.എമ്മിലും കേരളത്തിലും നടക്കുന്നത്. പിണറായി വിജയന്റെ സന്താനങ്ങളുടെ സൗഭാഗ്യങ്ങൾക്കും 'ശുശ്രൂഷയ്ക്കും' വേണ്ടി സ്വയം ത്യാഗസന്നദ്ധരായി നിൽക്കുന്ന ഒരു കൂട്ടം സൈക്കോഫാൻസുകളുടെ സംഘടനയായി ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഒക്കെ മാറി.