ന്യൂഡൽഹി : ശൈത്യത്തിലേക്ക് നീങ്ങുന്ന ഡൽഹിയിൽ ഞായറാഴ്ച പകൽ സൂര്യനെക്കാൾ തിളച്ചത് രാംലീല മൈതാനിയിലേക്കുള്ള പാതകളിലൊഴുകിയ പതിനായിരങ്ങളുടെ മുദ്രാവാക്യങ്ങളും ആരവവും.

To advertise here,

മുഖ്യതിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലടയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഇന്ത്യസഖ്യം നടത്തിയ ‘ഡൽഹി ചലോ’ മഹാറാലി പ്രതിഷേധത്തീയായി. മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളും പലനിറങ്ങളിലുള്ള കൊടികളുമായി രാവിലെ ഒൻപതുമണിയോടെ രാംലീല മൈതാനിയിൽ ജനം നിറഞ്ഞു. രാവിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ 21 പാർട്ടികളുടെ എം.പി.മാരും മറ്റു നേതാക്കളും ഒത്തുചേർന്ന് ബസിൽ മിന്റോ റോഡിലെത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ‘ഇന്ത്യ’മുന്നണി നേതാക്കൾ കൊണാട്ട് പ്ലേസിലെ മിന്റോ റോഡിൽനിന്ന് ഒന്നരയോടെ തുറന്ന വാഹനത്തിൽ മാർച്ച് തുടങ്ങി. രാംലീല മൈതാനിവരെ ഒരുകിലോമീറ്ററോളം തുറന്നവാഹനത്തിൽ സഞ്ചരിക്കാൻ ജനത്തിരക്കിനിടയിലൂടെ രാഹുലും സംഘവും ഒന്നരമണിക്കൂറോളം എടുത്തു. റോഡിലിരുവശത്തും നേതാക്കളുടെ വാഹനങ്ങൾക്കൊപ്പവും പതിനായിരങ്ങൾ മുദ്രാവാക്യവുമായി രാംലീലയിലേക്കെത്തി.

പതിനായിരത്തോളം പോലീസ് സേനാംഗങ്ങളും നിറഞ്ഞതോടെ ഡൽഹി ജനസാഗരമായി. മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ, മമതാ ബാനർജി (തൃണമൂൽ കോൺഗ്രസ്), ഫാറൂഖ് അബ്ദുള്ള (നാഷണൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പി.ഡി.പി.), അഖിലേഷ് യാദവ് (എസ്.പി.), തേജസ്വി യാദവ് (ആർ.ജെ.ഡി.), എം.എ. ബേബി (സി.പി.എം.), ഡി. രാജ (സി.പി.ഐ.), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്), ദീപാങ്കർ ഭട്ടാചാര്യ (സി.പി.ഐ.എം.എൽ.), സഞ്ജയ് റൗത്ത് (ശിവസേന), ജോസ്‌ കെ. മാണി (കേരള കോൺഗ്രസ്‌ എം.), ജി. ദേവരാജൻ (ഫോർവേഡ്‌ ­ബ്ലോക്ക്‌), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്‌.പി.), നേഹാ ബോറ (ഐസ) തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. കോൺഗ്രസ്‌ മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, ഡി.കെ. ശിവകുമാർ (കർണാടകം), രേവന്ത് റെഡ്ഡി (തെലങ്കാന), സുഖ്‌വീന്ദർ സിങ് സുഖു (ഹിമാചൽപ്രദേശ്) എന്നിവരും അണിനിരന്നു.

മൂന്നു മണിയോടെ നേതാക്കൾ വേദിയിലെത്തി. ഖാർഗെ പ്രസംഗിക്കാനെഴുന്നേറ്റതോടെ പ്രവർത്തകർ ആരവം തുടങ്ങി. ശബ്ദം നിർത്തിയാൽ പ്രസംഗം അഞ്ചുമിനിറ്റിലൊതുക്കാമെന്നും അല്ലെങ്കിൽ ഒരുമണിക്കൂർ പ്രസംഗിക്കുമെന്നും ഖാർഗെ പറഞ്ഞപ്പോൾ പ്രവർത്തകർ കൈയടിച്ചു.

ഗ്യാനേഷ് രാജിവെക്കുംവരെ പോരാട്ടം തുടരുമെന്നും ഏതു പാതാളത്തിലൊളിച്ചാലും പുറത്തെടുക്കാനുള്ള ശക്തി ജനങ്ങൾക്കുണ്ടെന്നും ഖാർഗെ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ ജയിലിലടയ്ക്കുമെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞു.

ഗ്യാനേഷ് കുമാറില്ലായിരുന്നെങ്കിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയോ അമിത് ഷാ ആഭ്യന്തരമന്ത്രിയോ ആകില്ലായിരുന്നെന്നും രാഹുൽ പറഞ്ഞു.