ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദില്‍ നിന്ന് യു.പി സര്‍ക്കാര്‍ കണ്ടുകെട്ടിയ ഭൂമിയില്‍ പാവങ്ങള്‍ക്കായി നിര്‍മിച്ച ഫ്‌ളാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ പണിപൂര്‍ത്തിയായ 76 ഫ്‌ളാറ്റുകളുടെ താക്കോല്‍ ദാനം യോഗി ആദിത്യനാഥ് നിര്‍വഹിച്ചു. 

To advertise here,

അതിഖ് അഹമ്മദില്‍നിന്ന് കണ്ടുകെട്ടിയ പ്രയാഗ് രാജിലെ 1731 സ്‌ക്വയര്‍ മീറ്റര്‍ ഭൂമിയില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യു.പി സര്‍ക്കാര്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത്. 2021 ഡിസംബര്‍ 26ലാണ് ഇതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഒന്നര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറാനും സാധിച്ചു. 

'2017ന് മുമ്പ് ഏത് മാഫിയയ്ക്കും പാവപ്പെട്ടവരുടെയും ബിസിനസുകാരുടെയും എന്തിന് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പോലും ഭൂമി പിടിച്ചെടുക്കാന്‍ കഴിയുമായിരുന്ന അതേ സംസ്ഥാനമാണിത്. പാവപ്പെട്ടവര്‍ക്ക് അന്ന് ഇതെല്ലാം നിസ്സഹായതയോടെ നോക്കിനില്‍ക്കാനെ സാധിച്ചുള്ളു. എന്നാല്‍ ഇന്ന് ഞങ്ങള്‍ ഇതേ മാഫിയകളില്‍നിന്ന് പിടിച്ചെടുത്ത ഭൂമിയില്‍ പാവങ്ങള്‍ക്കായി വീടുകള്‍ നിര്‍മിച്ചു നല്‍കി. ഇത് വലിയൊരു നേട്ടമാണ്' - താക്കോല്‍ ദാന ചടങ്ങില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. 

41 സ്‌ക്വയര്‍ മീറ്ററിലുള്ള ഓരോ ഫ്‌ളാറ്റിലും രണ്ട് മുറി, ഒരു അടുക്കള, ഒരു ശുചിമുറി എന്നിവയാണ് ഉള്‍പ്പെടുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിന് നറുക്കെടുപ്പിലൂടെയാണ് ഫ്‌ളാറ്റുകള്‍ക്ക് അര്‍ഹരായ പാവപ്പെട്ടവരെ തിരഞ്ഞെടുത്തത്. 6030 അപേക്ഷകള്‍ പരിശോധിച്ചവയില്‍നിന്ന് 1590 പേരെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യരാണെന്ന് കണ്ടെത്തി. ഇവരില്‍നിന്നാണ് നറുക്കെടുത്ത് 76 പേരെ തിരഞ്ഞെടുത്തത്. 

നൂറിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആതിഖ് അഹമ്മദും അദ്ദേഹത്തിന്റെ സഹോദരന്‍ അഫ്‌റഫ് അഹമ്മദും ഇക്കഴിഞ്ഞ ഏപ്രിലിലാണ് പോലീസ് കസ്റ്റഡിയിലിരിക്കെ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.