ന്യൂഡല്‍ഹി: ഔദ്യോഗികവസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരേ ഇംപീച്ച്‌മെന്റ് നടപടി വന്നേക്കും. ജൂലായില്‍ തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ജഡ്ജിക്കെതിരേ ഭരണകക്ഷി ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമെന്നാണ് സൂചന. 

To advertise here,

സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ആഭ്യന്തര അന്വേഷണസമിതി ജസ്റ്റിസ് വര്‍മ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മാര്‍ച്ച് 14-ന് ഹോളിദിനത്തില്‍ വീട്ടില്‍ തീപ്പിടിത്തമുണ്ടായപ്പോഴാണ് ജഡ്ജിയുടെ വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം സൂക്ഷിച്ചതായി കണ്ടെത്തിയത്. വിവാദത്തെത്തുടര്‍ന്ന് മാര്‍ച്ച് 20-ന് ഇദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

അന്വേഷണ കമ്മിഷന്‍

മാര്‍ച്ച് 22-നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന മുന്‍കൈയെടുത്ത് അന്വേഷണക്കമ്മിഷനെ നിയോഗിച്ചത്. പഞ്ചാബ് - ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍പ്രദേശ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ സമിതി സാക്ഷിമൊഴികള്‍ ഉള്‍പ്പെടെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

മേയ് മൂന്നിന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിക്കുള്ള ശുപാര്‍ശസഹിതം റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റിസ് അയച്ചു.

രാജിക്ക് തയ്യാറായില്ല

ജസ്റ്റിസ് വര്‍മയോട് രാജി വെക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. ഏപ്രില്‍ അഞ്ചിനാണ് അലഹബാദ് ജഡ്ജിയായി ജസ്റ്റിസ് വര്‍മ സത്യപ്രതിജ്ഞ ചെയ്തത്. പക്ഷേ, അദ്ദേഹത്തിന് ജുഡീഷ്യല്‍ ചുമതലകളൊന്നും നല്‍കിയില്ല. ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാജ്യസഭാ ചെയര്‍മാനും ലോക്സഭാ സ്പീക്കര്‍ക്കും രാഷ്ട്രപതി കൈമാറിയതായാണ് സൂചന. 

മുന്‍ ചീഫ്ജസ്റ്റിസിന്റെ റിപ്പോര്‍ട്ടില്‍ ഇംപീച്ച്‌മെന്റിന് ശുപാര്‍ശ ചെയ്തിട്ടുള്ള സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച പ്രമേയം കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയടക്കം പിന്തുണയുറപ്പാക്കാനാണ് ഭരണകക്ഷിയുടെ ശ്രമം. ജൂലായ് മൂന്നാംവാരത്തിലാകും വര്‍ഷകാല സമ്മേളനം തുടങ്ങുക.

പിന്തുണ തേടി സിപിഐ

ജസ്റ്റിസ് വര്‍മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിക്ക് കക്ഷിഭേദമെന്യേ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണ അഭ്യര്‍ഥിച്ച് സിപിഐ രാജ്യസഭാകക്ഷി നേതാവ് പി. സന്തോഷ് കുമാര്‍. ഇക്കാര്യമുന്നയിച്ച് എല്ലാ പാര്‍ട്ടികളുടെയും അധ്യക്ഷര്‍ക്ക് അദ്ദേഹം കത്ത് നല്‍കി.