മുംബൈ: മഹാരാഷ്ട്രയിൽ പുതിയ ലിഫ്റ്റ് സുരക്ഷാനിയമങ്ങൾ പ്രാബല്യത്തിൽ. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇനിമുതൽ മുതിർന്നവരുടെ സഹായമില്ലാതെ ഒറ്റയ്ക്ക് ലിഫ്റ്റുകളിലോ എസ്കലേറ്ററുകളിലോ മൂവിങ് വാക്ക്‌വേകളിലോ യാത്രചെയ്യാൻ കഴിയില്ല.

To advertise here,

റെസിഡെൻഷ്യൽ കെട്ടിടങ്ങൾ, ഷോപ്പിങ് മാളുകൾ, മറ്റ് പൊതു-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഈ നിയന്ത്രണം ബാധകമാണ്. നവംബർ ഒന്നുമുതൽ നിലവിൽവന്ന പുതിയ ചട്ടങ്ങൾപ്രകാരമാണിത്.

അംഗീകൃത കരാറുകാർ എല്ലാ മാസവും ലിഫ്റ്റുകളും എസ്കലേറ്ററുകളും മൂവിങ് വാക്ക്‌വേകളും പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തണം. കൂടാതെ വാർഷിക സുരക്ഷാ ഓഡിറ്റും നിർബന്ധമാക്കിയിട്ടുണ്ട്. ഈ പരിശോധനകളുടെ രേഖകൾ കെട്ടിട ഉടമകൾ കൃത്യമായി സൂക്ഷിക്കണം. ലിഫ്റ്റ് ഓപ്പറേറ്റർമാരായി ജോലി ചെയ്യുന്നവർക്ക് കുറഞ്ഞത് 18 വയസ്സ് ഉണ്ടായിരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.

പുതുതായി സ്ഥാപിക്കുന്ന ലിഫ്റ്റുകളിൽ സി.സി.ടി.വി. ക്യാമറകൾ നിർബന്ധമാക്കിയിട്ടുണ്ട്. നിലവിലുള്ളവയിൽ സി.സി.ടി.വി. ക്യാമറകൾ, ഓട്ടമാറ്റിക് റെസ്ക്യൂ ഉപകരണങ്ങൾ, ഓവർലോഡ് പ്രൊട്ടക്‌ഷൻ ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കാൻ ഉടമകൾക്ക് ഒരുവർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ലിഫ്റ്റ്, എസ്കലേറ്റർ, മൂവിങ് വാക്ക്‌വേ എന്നിവയുമായി ബന്ധപ്പെട്ട് ഏതെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ 24 മണിക്കൂറിനുള്ളിൽ ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറെയും ലോക്കൽ പോലീസിനെയും അറിയിക്കണമെന്നും നിയമം പറയുന്നു.