മുംബൈ: മഹാരാഷ്ട്രയിലെ ഗോൻഡിയയിൽ എയർലൈൻ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്. വർഷ തുർക്കർ എന്ന 35-കാരിയാണ് കൊല്ലപ്പെട്ടത്. നവംബർ 14-ന് പുണെയിലെ സ്വന്തം ഗ്രാമത്തിനടുത്തുള്ള വനമേഖലയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് വർഷയുടെ മൃതദേഹം കണ്ടെത്തിയത്. ആൺസുഹൃത്തിനൊപ്പം പുറത്തുപോയപ്പോഴാണ് വർഷ കുത്തേറ്റ് മരിച്ചത്. ആ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച സംഘത്തെ കണ്ടെത്തിയിരിക്കുകയാണ് പോലീസ്.

To advertise here,

ദാരുണമായി ഈ സംഭവത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് അന്വേഷണത്തിൽ പുറത്തുവന്നിരിക്കുന്നത്. വർഷയും തന്റെ ഭർത്താവായ നിതേഷ് അഗർവാളും തമ്മിലുള്ള ബന്ധത്തിലുള്ള വൈരാഗ്യം കാരണം, നിതേഷിന്റെ ഭാര്യ മോന അഗർവാൾ (41) ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വർഷയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് മോന ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; പുണെ ജില്ലയിലെ ധനോരി സ്വദേശിയായ വർഷ തുർക്കർ ദീപാവലി അവധി ആഘോഷിക്കാനാണ് മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലുള്ള കിൻഹി ഗ്രാമത്തിലെ സ്വന്തം വീട്ടിലെത്തിയത്. നവംബർ 14-ന് ഇവർ സുഹൃത്തായ നിതേഷ് അഗർവാളിനൊപ്പം ഗോന്ദിയയിലെ തിരോഡയിലേക്ക് യാത്ര പോയി.

തിരികെ വരുന്ന വഴി ബോന്ദ്രാണി ഗ്രാമത്തിലെ വനമേഖലയിലുള്ള ഒരു ശിവക്ഷേത്രത്തിന് സമീപം ഇവർ വാഹനം നിർത്തി. ഇവിടെവെച്ച്, വൈകുന്നേരം 5.30-നും ആറിനും ഇടയിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘം വർഷയെ കത്തികൊണ്ട് വയറ്റിലും മുതുകിലും ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിതേഷ് പോലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചു.

ആറ് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. തിരോഡ, ഖൈർലാഞ്ചി, വാരസെയോണി, ബാലാഘട്ട്, ഗോൻഡിയ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാതകളിലെ ഇരുനൂറോളം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. യാത്രയിലുടനീളം നിതേഷ് അഗർവാൾ ഓടിച്ചിരുന്ന കാറിനെ മൂന്ന് പേർ ബൈക്കിൽ പിന്തുടരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് വ്യക്തമായി. 

സാങ്കേതിക വിശകലനത്തിന്റെയും അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ, നവംബർ 19-ന് അക്രമിസംഘത്തിൽപ്പെട്ട ഇമ്രാൻ കരീം ഷെയ്ഖ് (26) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, ഭർത്താവിന്റെ ബന്ധത്തിൽ പ്രകോപിതയായ മോന അഗർവാൾ, അയൽവാസിയായ കുനാൽ കുംഭൽക്കറിന്റെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇയാൾ വെളിപ്പെടുത്തുകയായിരുന്നു.

മോനയുടെ ആവശ്യപ്രകാരം, കുനാൽ തന്റെ പരിചയത്തിലുള്ള സ്ഥിരംകുറ്റവാളിയായ ഷാരൂഖ് പത്താനുമായി ബന്ധപ്പെട്ടു. 13 ലക്ഷം രൂപയ്ക്കാണ് അവർ ക്വട്ടേഷൻ ഉറപ്പിച്ചത്. തുടർന്ന് ഷാരൂഖ് പത്താൻ തന്റെ കൂട്ടാളികളായ ഇമ്രാൻ ഷെയ്ഖ്, നലൻ എന്ന നെയ്ലൻ ഷെയ്ഖ് (24), ക്രിഷ് റാവത്ത് (19) എന്നിവരെ കൊലപാതകത്തിനായി ചുമതലപ്പെടുത്തി.

ഭാര്യ മോനയുടെ പേരിലുള്ള കാറിലായിരുന്നു നിതേഷ് അഗർവാൾ വർഷയെ കാണാൻ ബാലാഘട്ടിലേക്ക് പോയത്. കാറിൽ ജിപിഎസ് ട്രാക്കിങ് സൗകര്യം ഉണ്ടായിരുന്നു. ഈ ജിപിഎസ് ലൊക്കേഷൻ വിവരങ്ങൾ തത്സമയം നിരീക്ഷിച്ചാണ് അക്രമികൾ കാറിനെ പിന്തുടർന്നത്. പിന്നാലെ, ആളൊഴിഞ്ഞ ശിവക്ഷേത്രത്തിന് സമീപമുള്ള വനത്തിൽവെച്ച് വർഷയെ ആക്രമിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത നാല് പ്രതികളെയും തുടർനടപടികൾക്കായി ദവാനിവഡ പോലീസിന് കൈമാറി. കേസിലെ മറ്റ് രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുള്ളതായും കേസിൽ മറ്റെന്തെങ്കിലും വശങ്ങളുണ്ടോ എന്നത് പരിശോധിച്ച് വരുന്നതായും പോലീസ് വ്യക്തമാക്കി.