ന്യൂഡല്‍ഹി: ഗുണ്ടാ നേതാവും സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയുമായിരുന്ന അതീഖ് അഹമ്മദും സഹോദരനും പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി സുപ്രീംകോടതി. മെഡിക്കല്‍ പരിശോധനയ്ക്കായി എത്തിച്ച ഇരുവരേയും ആശുപത്രിക്കുള്ളിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരാതെ നടത്തിക്കൊണ്ടുവന്നത് എന്തിനാണെന്ന് സുപ്രീംകോടതി ആരാഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 15-ന് പോലീസിന്റെ സുരക്ഷാ വലയത്തില്‍ ആശുപത്രിക്കുള്ളിലേക്ക് നടന്നുവരുമ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ അക്രമികള്‍ ഇരുവരേയും വെടിവെച്ച് കൊലപ്പെടുത്തിയത്.

To advertise here,

'ആ വീഡിയോ ദൃശ്യം ഞങ്ങള്‍ ടിവിയില്‍ കണ്ടിരുന്നു. അവരെ എന്തുകൊണ്ടാണ് ആശുപത്രിയിക്കുള്ളിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരാതിരുന്നത്? എന്തിനാണ് അവരെ നടത്തിച്ച് പരേഡ് നടത്തിയത്? പ്രതികളെ ആശുപത്രിയില്‍ എത്തിക്കുന്ന കാര്യം എങ്ങനെയാണ് പുറത്തറിഞ്ഞത്?', കോടതി ചോദിച്ചു.

2017 മുതല്‍ ഉത്തര്‍പ്രദേശില്‍ 183 പേരെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ ഉള്‍പ്പെടെ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിലും സുപ്രീംകോടതി ഇടപെട്ടത്. 

ഇരുവരും കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെയുള്ള അന്വേഷണം സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു. കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. അതേസമയം, അന്വേഷണത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്ന് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

അതീഖിന്റെ മകന്‍ ആസാദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തിലും കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.