ന്യൂഡൽഹി: കോൺഗ്രസ് സ്ഥാപിച്ച ബാങ്കുകളെ മോദി സർക്കാർ വിറ്റഴിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി നിർമലാ സീതാരാമൻ. ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കോൺഗ്രസ് എങ്ങനെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചുവെന്നത് എല്ലാവർക്കും അറിയാമെന്നും പറഞ്ഞ നിർമല, ചില ഉദാഹരണങ്ങളും എക്‌സിലൂടെ പങ്കുവെച്ചു.

To advertise here,

ഐഡിബിഐ ബാങ്ക് ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി എഴുതിയ തുറന്ന കത്തിലെ ആരോപണങ്ങൾക്ക് മറുപടിയായിട്ടാണ് നിർമലയുടെ പ്രതികരണം.

'ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സ്വന്തം സ്വകാര്യ സംവിധാനങ്ങളെന്ന പോലെ കോൺഗ്രസ് ഉപയോഗിച്ചതും, മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട്, തങ്ങളുടെ ഇഷ്ടാനുസരണം വായ്പകൾ അനുവദിക്കാൻ ബാങ്ക് ജീവനക്കാരുടെ മേൽ സമ്മർദ്ദം ചെലുത്തിയതും നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്' നിർമല എക്സിൽ കുറിച്ചു.

തുടർന്ന് 1957 മുതൽ കോൺഗ്രസ് ബാങ്കുകൾക്കുമേൽ സമ്മർദ്ദം ചെലുത്തിയെന്നാരോപിച്ച് ചില ഉദാഹരണങ്ങൾ പങ്കുവെക്കുകയും ചെയ്തു.

'-1957ൽ, കോൺഗ്രസ് നേതാക്കളുടെ സ്വാധീനം മൂലം ഹരിദാസ് മുന്ദ്രയ്ക്ക് എൽ.ഐ.സിയിൽ നിന്ന് പണം ലഭിച്ചു.

-1976-ൽ, സഞ്ജയ് ഗാന്ധിയുമായി ബന്ധമുള്ള ഒരു കമ്പനിക്ക് വായ്പാ വ്യവസ്ഥകളിൽ ഇളവ് നൽകണമെന്ന രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങാതിരുന്നതിനെത്തുടർന്ന് ഇന്ദിരാഗാന്ധി സർക്കാർ എസ്.ബി.ഐ ചെയർമാൻ ആർ.കെ. തൽവാറിനെ പുറത്താക്കി.

-മാരുതിക്ക് വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് സഞ്ജയ് ഗാന്ധി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെമേൽ സമ്മർദ്ദം ചെലുത്തി.

-ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കീഴിൽ ധനകാര്യ സഹമന്ത്രിയായിരുന്ന ബി. ജനാർദ്ദന പൂജാരി - 1980-കളിൽ വായ്പകൾ അനുവദിക്കാൻ ബാങ്ക് ജീവനക്കാരുടെമേൽ സമ്മർദ്ദം ചെലുത്തി.

-യു.പി.എയിലെ മന്ത്രിയായിരുന്ന പവൻ കുമാർ ബൻസാൽ, തന്റെ കുടുംബവുമായി ബന്ധമുള്ള ബിസിനസ്സുകൾക്ക് വായ്പ നൽകാൻ കനറാ ബാങ്കിന്റെമേൽ സമ്മർദ്ദം ചെലുത്തി' നിർമല എക്‌സിൽ കുറിച്ചു.

തുടർന്നവർ ഐഡിബിഐ ബാങ്കിന്റെ ഓഹരി വിറ്റഴിക്കലിനെ ന്യായീകരിക്കുകയും ചെയ്തു. 'വളരെ മോശമായ അവസ്ഥയിലായിരുന്നു ഐഡിബിഐ ബാങ്ക് ഞങ്ങൾക്ക് കൈമാറപ്പെട്ടത്. വീഡിയോക്കോൺ,വിൻസം, എബിജി ഷിപ്പ്യാർഡ്, കിങ്ഫിഷർതുടങ്ങിയ, കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള വൻകിട ബിസിനസ് ഗ്രൂപ്പുകൾക്ക് വായ്പ നൽകാൻ ഐഡിബിഐ നിർബന്ധിതരായിരുന്നു. ഇവ തിരിച്ചടയ്ക്കാത്ത വായ്പകളായി മാറുകയും, ഐഡിബിഐ ബാങ്കിന് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്തു. ഈ വസ്തുത ഞങ്ങൾ കണ്ടെത്തിയതാണ്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പ്രൊഫഷണലിസവും വിവേകപൂർണ്ണമായ സമീപനത്തിലൂടെ ഇടപെടൽ നടത്തിയും 25,000 കോടിയിലധികം രൂപയുടെ മൂലധന നിക്ഷേപം നടത്തി ഐഡിബിഐ ബാങ്കിനെ പുനരുജ്ജീവിപ്പിച്ചു. ഐഡിബിഐ ബാങ്ക് ഇപ്പോൾ അതിന്റെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സജ്ജമായിരിക്കുകയാണ്. ഐ.ഡി.ബി.ഐ ബാങ്കിന്റെ തന്ത്രപരമായ പുനഃസംഘടനയിൽ എല്ലാ നിയമപരമായ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്' നിർമലാ സീതാരാമൻ വ്യക്തമാക്കി.