ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ബി.ജെ.പി. ആരംഭിച്ചു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള സെക്രട്ടറി വിനോദ് താവ്‌ഡേയുടെ നേതൃത്വത്തിലാണിത്. ഭരണവിരുദ്ധ വികാരത്തിന്റെ തോതും കാരണങ്ങളും മനസ്സിലാക്കുക, സർക്കാരും പാർട്ടിയും തമ്മിലുള്ള വിടവു കുറയ്ക്കുക എന്നിവയിലൂന്നിയാണ് പ്രവർത്തനങ്ങൾ.

To advertise here,

ഭരണവിരുദ്ധവികാരത്തെ മറികടക്കാൻ സിറ്റിങ് എം.എൽ.എമാരിൽ 30 ശതമാനത്തിനെങ്കിലും സീറ്റ് ലഭിക്കാനിടയില്ല. ഇതിനുപുറമേ ദൗർബല്യങ്ങൾ മറികടന്ന് സംഘടനാ സംവിധാനം ശക്തമാക്കാനുള്ള നടപടികളും താവ്‌ഡേയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും സംസ്ഥാന പാർട്ടി അധ്യക്ഷൻ പങ്കജ് ചൗധരിയുമായും താവ്‌ഡേ ചർച്ചകൾ നടത്തി. ലഖ്‌നൗ , വാരാണസി, മീററ്റ് കേന്ദ്രീകരിച്ച് സംഘടനാ ഏകോപനം നടത്താനും നിർദേശിച്ചിട്ടുണ്ട്. സമാജ് വാദി പാർട്ടി അതിശക്തമായ പ്രചാരണം ആരംഭിച്ചിട്ടുള്ളതിനാൽ പഴുതുകൾ അടച്ചുള്ള പ്രതിരോധത്തിനാണ് ബി.ജെ.പി. ശ്രമം. സംസ്ഥാനത്തെ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തുതന്നെ ഉത്തർപ്രദേശിൽ റാലികളിൽ പങ്കെടുത്തേക്കും

കോൺഗ്രസ് സ്വാധീനം അളക്കാൻ എസ്.പി.

നിയമസഭ തിരഞ്ഞെടുപ്പ് മുൻനിർത്തി ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയും തയ്യാറെടുപ്പുകൾ ഊർജിതമാക്കി. കോൺഗ്രസുമായുള്ള സീറ്റ് വിഭജനചർച്ചകൾ പ്രാഥമികഘട്ടത്തിലാണ്. കോൺഗ്രസിന്റെ പരമ്പരാഗത സ്വാധീന മേഖലകളിൽ അവരുടെ സ്വാധീനം മനസ്സിലാക്കാൻ സർവേ നടത്താൻ സമാജ് വാദി പാർട്ടി ചില ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റായ് ബറേലി , അമേഠി മേഖലയിലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലുമാണ് തുടക്കത്തിൽ സർവേ. കേന്ദ്രസർക്കാരിനെതിരേ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽനടന്ന പ്രക്ഷോഭങ്ങളുടെ പ്രതിഫലനം രാഷ്ടീയമായി നിർണായകമായ ഉത്തർപ്രദേശിൽ പ്രതിഫലിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.

പാർട്ടി സ്വാധീനം കൂടുതൽ പ്രകടമാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. അതിനാൽ എസ്.പിയുമായുള്ള സഖ്യത്തിൽ ഇത്തവണ കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ഉറപ്പാണ്. ഇതുകൂടി മുൻകൂട്ടിക്കണ്ടാണ് ഗൗരവമായ സീറ്റ് ചർച്ചകൾ ആരംഭിക്കും മുൻപ്‌ എസ്.പി. സർവേകൾ നടത്തുന്നത്.