ഗുവാഹത്തി: അസമിൽ ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരിക്ക്. പശ്ചിമബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് മിസോറാമിലെ സൈറങ്ങിലേക്ക് പോകുകയായിരുന്ന 13125 നമ്പർ എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തിൽ പെട്ടത്. ബുധനാഴ്ച രാവിലെ 06:45-ഓടെയായിരുന്നു അപകടം. എഞ്ചിനും അഞ്ച് കോച്ചുകളുമാണ് പാളം തെറ്റിയതെന്ന് റെയിൽവേ അറിയിച്ചു. ഏഴ് കോച്ചുകൾ പാളം തെറ്റിയെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

To advertise here,

അസം തലസ്ഥാനമായ ഗുവാഹത്തിക്ക് സമീപം ദിഗാരു റെയിൽവേ സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ പകരം ട്രെയിൻ ഏർപ്പെടുത്തി. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ ജനറൽ മാനേജരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

മറ്റൊരു ട്രെയിനിന് കടന്ന് പോകാൻ വേണ്ടി സൈറാങ് എക്‌സ്പ്രസ് പിടിച്ചിടാനായി ദിഗാരു സ്റ്റേഷനിലേക്ക് എത്തുമ്പോഴായിരുന്നു അപകടം. ട്രെയിനിന്റെ വേഗത നിയന്ത്രിക്കാൻ ലോക്കോ പൈലറ്റിന് കഴിയാതിരുന്നതാണ് പാളം തെറ്റാൻ കാരണമെന്നാണ് റെയിൽവേയുടെ വിശദീകരണം. അപകടത്തിൽ എഞ്ചിനും കോച്ചുകൾക്കും തകരാറുകൾ സംഭവിച്ചിട്ടുണ്ട്.