കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബംഗാളിലെ രാഷ്ട്രീയമായി അതിനിർണ്ണായകമായ 142 മണ്ഡലങ്ങളിലേക്കാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം 6:30 വരെ തുടരും. കൊൽക്കത്ത, ഹൗറ, നോർത്ത് - സൗത്ത് 24 പർഗാനാസ്, നാദിയ, ഹൂഗ്ലി, പുർബ ബർധമാൻ എന്നീ ജില്ലകളാണ് അവസാന ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുന്നത്. ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ് കണക്കുകളാണ് പുറത്തുവരുന്നത്. പോളിങ് ബൂത്തുകളിൽ സ്ത്രീകളുടെ നീണ്ട നിരയാണുള്ളത്.

To advertise here,

തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) ഉറച്ച കോട്ടയായാണ് ഈ പ്രദേശം അറിയപ്പെടുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 142 സീറ്റുകളിൽ 123 എണ്ണവും നേടി ടിഎംസി ഈ മേഖലയിൽ ആധിപത്യം പുലർത്തിയിരുന്നു. ബിജെപിക്ക് അന്ന് 18 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഈ കോട്ട തകർത്ത് നാലാം തവണയും അധികാരം പിടിക്കാനുള്ള മമത ബാനർജിയുടെ ശ്രമങ്ങൾക്ക് തടയിടാൻ ബിജെപിക്ക് കഴിയുമോ എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

പതിവ് രീതികളിൽ നിന്ന് വിഭിന്നമായി വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് പോളിങ് ബൂത്തുകൾ സന്ദർശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സാധാരണയായി വോട്ടെടുപ്പ് ദിവസം നേരിട്ടുള്ള സന്ദർശനങ്ങൾ ഒഴിവാക്കാറുള്ള മമത, ഇത്തവണ ഫിർഹാദ് ഹക്കിമിന്റെ വസതി സന്ദർശിക്കുകയും കൊൽക്കത്ത പോർട്ട് നിയമസഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ പര്യടനം നടത്തുകയും ചെയ്തു. വോട്ടെടുപ്പ് ദിവസം മമത ബാനർജി ഇത്തരത്തിൽ പുറത്തിറങ്ങുന്നത് ഇതാദ്യമായാണ്.

തിരഞ്ഞെടുപ്പിനിടെ ചിലയിടങ്ങളിൽ സംഘർഷാവസ്ഥയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാലിയിൽ ഇവിഎം തകരാറിനെത്തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയും രണ്ട് പേരെ സിആർപിഎഫ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എൻടലി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രിയങ്ക തിബ്രേവാളും പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി. ബൂത്തിനുള്ളിലെ സ്ഥലപരിമിതിയെച്ചൊല്ലി ബിജെപിയുടെ പോളിങ് ഏജന്റിനെ പുറത്താക്കിയതാണ് തർക്കത്തിന് കാരണമായത്.