ന്യൂഡൽഹി: അതിർത്തിയിലെ സുരക്ഷ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യക്ക് ബംഗ്ലാദേശും പാകിസ്താനുമായുള്ള ആറായിരം കിലോമീറ്റർ വരുന്ന അതിർത്തിയിൽ അടുത്തവർഷം ‘സ്മാർട്ട് ബോർഡർ’ സംവിധാനം ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

നുഴഞ്ഞുകയറ്റമുണ്ടാകാതിരിക്കാനും പ്രദേശത്തിന്റെ ജനസംഖ്യാശാസ്ത്രത്തിൽ വ്യത്യാസം വരുത്താനുള്ള ഗൂഢാലോചനയെ പരാജയപ്പെടുത്തുകയുമാണ് സ്മാർട്ട് ബോർഡറിലൂടെ ലക്ഷ്യംവെക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ബിഎസ്എഫ് സംഘടിപ്പിച്ച റുസ്തംജി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അമിത് ഷാ. രാജ്യത്തുള്ള ഓരോ നുഴഞ്ഞുകയറ്റക്കാരെയും സർക്കാർ കണ്ടുപിടിക്കുമെന്നും അവരെ ഇന്ത്യയിൽനിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഎസ്എഫ് നിലവിൽ വന്നതിന്റെ അറുപതാം വർഷത്തിൽ സ്മാർട്ട് ബോർഡർ പദ്ധതി ആരംഭിക്കുമെന്ന് ബിഎസ്എഫ് സൈനികർക്ക് ഉറപ്പുനൽകാൻ താൻ ആഗ്രഹിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യക്ക് ബംഗ്ലാദേശും പാകിസ്താനുമായുള്ള അതിർത്തി നുഴഞ്ഞുകയറ്റം സാധ്യമാകാത്തയിടമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗ്ലാദേശ്, പാകിസ്താൻ അതിർത്തികളിൽ ശക്തമായ സുരക്ഷാ ഗ്രിഡ് സൃഷ്ടിക്കാൻ മോദി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ, ഡ്രോണുകൾ, റഡാറുകൾ, സ്മാർട്ട് ക്യാമറകൾ എന്നിവ നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കാൻ സ്മാർട്ട് ബോർഡറിനെ സഹായിക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.