ന്യൂഡല്‍ഹി: ഒരു പാലത്തിനായി വര്‍ഷങ്ങളായി കാത്തിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ ഒരു കൂട്ടം ഗ്രാമവാസികള്‍. പാലം നിര്‍മിക്കുമെന്ന് തദ്ദേശ പ്രതിനിധികള്‍ വര്‍ഷങ്ങളായി വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും അതെല്ലാം വാഗ്ദാനം മാത്രമായി ഒതുങ്ങി. ഒടുവില്‍ ഗ്രാമവാസികള്‍ തന്നെ പണം സമാഹരിച്ച് പാലം പണി ആരംഭിച്ചിരിക്കുകയാണ്.

To advertise here,

108 അടി ഉയരമുള്ള പാലമാണ് ഇപ്പോള്‍ ഗ്രാമവാസികളുടെ പ്രയത്‌നത്തിന്റെ ഫലമായി മാഗായി നദിക്കു കുറുകെ ഉയരുന്നത്. ഒരു കോടിയോളം രൂപയാണ് പാലം പണി പൂര്‍ത്തിയാക്കാന്‍ ആവശ്യമുള്ളത്. ഇതിനായുള്ള പണം ഗ്രാമവാസികള്‍ ഒന്നടങ്കം സമാഹരിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പാലത്തിന്റെ തറക്കല്ലിട്ടത്, ഇപ്പോള്‍ പണികള്‍ പുരോഗമിക്കുകയാണ്.

ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് പാലം നിര്‍മിക്കുന്നത്. അതിനാല്‍തന്നെ ഭാവിയില്‍ ഇവിടെ അപകടമുണ്ടായാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. കുറഞ്ഞത് 50 ഗ്രാമങ്ങളിലെ ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് ഈ പാലം. നിര്‍മാണം പൂര്‍ത്തിയായാല്‍ ഇവിടെ ഗ്രാമത്തില്‍നിന്ന് ജില്ലാ ആസ്ഥാനത്തേക്കുള്ള ദൂരം 25 കി.മീ ആയി കുറയും.

പാലത്തിന്റെ അഭാവം ഗ്രാമീണരുടെ വിദ്യാഭ്യാസത്തെ കൂടി ബാധിച്ചതോടെയാണ് ഇവര്‍ സ്വയം പണം സമാഹരിച്ച് പാലം പണിയാനുള്ള തീരുമാനത്തിലേക്കെത്തിയത്. പ്രദേശത്ത് കോളേജുകള്‍ ഇല്ലാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഇവിടത്തുകാര്‍ക്ക് ഗാസിപുരിലേക്ക് പോകണം. പാലമില്ലാത്തതിനാല്‍ തന്നെ യാത്രാസമയം കൂടുതലാണ്. ഇക്കാരണത്താല്‍ ഗാസിപുരില്‍ താമസ സൗകര്യം ഏര്‍പ്പാടായെങ്കില്‍ മാത്രമേ ഇവിടത്തുകാര്‍ക്ക് കോളേജില്‍ പോകാന്‍ സാധിക്കൂ. കര്‍ഷകരായ തങ്ങള്‍ക്ക് അതിന് സാധിക്കില്ലെന്നാണ് ഗ്രാമവാസികൾ പറയുന്നു.

മുന്‍ സൈനികനായിരുന്ന രവീന്ദ്ര യാദവാണ് പാലം പണിയുന്നതിനുള്ള സംരംഭത്തിന് നേതൃത്വം നല്‍കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആര്‍മിയുടെ കോര്‍പ്‌സ് ഓഫ് എഞ്ചിനീയേഴ്സില്‍നിന്ന് വിരമിച്ച ഇദ്ദേഹം പാലം നിര്‍മാണത്തിനായി 10 ലക്ഷം രൂപ സംഭാവന ചെയ്തു. അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന്റെ സാന്നിധ്യത്തിലാണ് തറക്കല്ലിട്ടത്. ഇത്തരം പദ്ധതികളില്‍ മുമ്പ് പ്രവര്‍ത്തിച്ചുട്ടുള്ളയാളാണ് രവീന്ദ്ര യാദവ്.

അതേസമയം, പാലം പണിയെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകളില്‍നിന്നാണ് ജില്ലാ ഭരണകൂടം അറിഞ്ഞതെന്നാണ് ജില്ലാ കളക്ടര്‍ ആര്യക അഖൗരി പറയുന്നത്. ഭാര വാഹനങ്ങള്‍ ഈ പാലം ഉപയോഗിക്കുമെന്നും അതിനാല്‍ തന്നെ അപകടങ്ങളൊന്നും സംഭവിക്കാതിരിക്കാന്‍ പൊതു സുരക്ഷയുടെ ഭാഗമായി നിര്‍മാണത്തിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.