കോഴിക്കോട്: കർണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന, കുടിയേറ്റ ജനതയുടെ ചിരകാല സ്വപ്നമായിരുന്നു ബൈരക്കുപ്പ പാലം. തറക്കല്ലിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും സർക്കാരുകൾ മാറിമാറി വന്നപ്പോഴും അത് യാഥാർഥ്യമാകാതെ കിടക്കുകയായിരുന്നു. ഇതിനാണ് കഴിഞ്ഞദിവസം പൊതുമാരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറും കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറും തമ്മിൽ നടത്തിയ ചർച്ചയിലൂടെ പരിഹാരമാകാൻ പോകുന്നത്.

To advertise here,

1994 സെപ്റ്റംബർ 22-ന് അന്നത്തെ കേരള മുഖ്യമന്ത്രി കെ. കരുണാകരനും കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്ലിയും ചേർന്നാണ് പെരിക്കല്ലൂർ തോണിക്കടവിൽ പാലത്തിനായുള്ള ശിലാഫലകം സ്ഥാപിച്ചത്. ആ ഫലകം മാത്രമായിരുന്നു ഇവിടെ ഇങ്ങനെയൊരു പാലം വരാനിരിക്കുന്നുവെന്നതിന്റെ സൂചകമായി ബാക്കിയുണ്ടായിരുന്നത്.

വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെവന്നതോടെയായിരുന്നു പാലത്തിന്റെ നിർമാണത്തിലേക്ക് കടക്കാനാവാത്ത സാഹചര്യമുണ്ടായത്. ഇതോടെ പരമ്പരാഗത തോണി സർവീസല്ലാതെ പെരിക്കല്ലൂരിൽനിന്ന് ബൈരക്കുപ്പയിവലെത്താൻ മറ്റൊരാശ്രയമുണ്ടായിരുന്നില്ല.

കാലാവസ്ഥ പ്രതികൂലമായാൽ തോണിയിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്. കർണാടകയിൽ കൃഷി നടത്തുന്ന നൂറുകണക്കിന് കർഷകർ, കർഷക തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരെല്ലാം ആശ്രയിച്ചുവരുന്നത് പെരിക്കല്ലൂരിലെ തോണി സർവീസിനെ തന്നെയായിരുന്നു. പാലം യാഥാർത്ഥ്യമായാൽ ഇനിയവർക്ക് അനായാസം കർണാടകയിലെത്താനാവും.

ഇതിനുപുറമെ കൽപ്പറ്റയിൽനിന്ന് മൈസൂരുവിലെത്താനുള്ള ദൂരം 110 കിലോമീറ്ററായി കുറയുമെന്നതും ഏറെ പ്രതീക്ഷയേകുന്നതാണ്. വ്യാപാര, വ്യവസായ രംഗത്തും ടൂറിസം രംഗത്തും വയനാട്ടിന്റെ ഭാവി വികസനത്തിന് വലിയൊരു കുതിച്ചു ചാട്ടവുമാകും ഇത്.

വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പദ്ധതിക്കായി കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല. നിവേദനങ്ങളും ക്യാമ്പയിനികളുമായി രാഷ്ട്രീയ സംഘടനകളടക്കം പാലത്തിനായി രംഗത്തെത്തിയെങ്കിലും ഒന്നും ഫലംകാണാത്ത അവസ്ഥയിലായിരുന്നു. ഇതിനാണ് ഒടുവിൽ പരിഹാരമാവാൻപോവുന്നത്.

കർണാടകത്തിൽ വന്ന തടസ്സങ്ങളായിരുന്നു പാലം നിർമിക്കുന്നതിന് പ്രധാനമായും വിലങ്ങുതടിയായത്. എന്നാൽ, ഇപ്പോൾ ബൈരക്കുപ്പ പാലത്തിന്റെ നിർമാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കഴിഞ്ഞദിവസം പറഞ്ഞതാണ് പ്രതീക്ഷനൽകുന്നത്. കേരളത്തിൽ യു.ഡി.എഫ്. മന്ത്രിസഭ അധികാരത്തിൽവന്നതിനുശേഷം, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കുന്നതിനാവശ്യമായ ഇടപെടൽ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കർണാടക സർക്കാരിന് കത്തുനൽകിയിരുന്നു. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉടൻതന്നെ മന്ത്രിസഭാ യോഗത്തിൽ വെക്കുമെന്നും അതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഡി.കെ. ശിവകുമാർ ചർച്ചയിൽ പറഞ്ഞിരുന്നു.

മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിലെ പെരിക്കല്ലൂർ കടവിൽനിന്ന് തുടങ്ങി കബനിനദിക്ക് കുറുകെ കർണാടക ഗ്രാമമായ ബൈരക്കുപ്പയിലേക്ക് 160 മീറ്റർ നീളമുള്ള പാലമായിരുന്നു വിഭാവനംചെയ്തിരുന്നത്. അക്കാലത്ത് രണ്ടുകോടിയോളം രൂപ ചെലവായിരുന്നു കണക്കാക്കിയിരുന്നത്. പാലം യാഥാർഥ്യമായാൽ അത് പുൽപള്ളി, മുള്ളൻകൊല്ലി മേഖലയുടെ സമഗ്രവികസനത്തിന് ഗുണംചെയ്യും. ബൈരക്കുപ്പ പാലംവഴി ബെംഗളൂരു, മൈസൂരു, ഹാസൻ തുടങ്ങിയയിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവും. വയനാടിന്റെ വ്യാപാര, വ്യവസായ രംഗത്തും ഈ പാലം ഉപകരിക്കും.

കേരളത്തിലും കർണാടകത്തിലുമുണ്ടായ ഭരണമാറ്റം പാലത്തിനുവേണ്ടിയുള്ള നടപടികൾ കൂടുതൽ സുഗമമാക്കുമെന്നാണ് കരുതുന്നത്. രണ്ടിടത്തും കോൺഗ്രസ് സർക്കാരുകളാണ് ഭരണം നടത്തുന്നത് എന്നതും ഗുണം ചെയ്യും.

ബൈരക്കുപ്പയിലെ കടത്തുതോണികൾ

ഒരുഭാഗത്ത് കേരളവും മറുഭാഗത്ത് കർണ്ണാടകയും. അതിന് നടുവിലാണ് പാലമില്ലാത്ത കബനീ നദിക്ക് കുറുകെ തോണി യാത്ര. കേരളത്തിൽ ഇന്നും ബാക്കിയുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള അന്തർസംസ്ഥാന തോണിക്കടവാണ് ബൈരക്കുപ്പ. രാവിലെമുതൽ നേരമിരിട്ടുന്നത് വരെയും ഈ തോണികൾവഴിയാണ് രണ്ടു സംസ്ഥാനക്കാരുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര.

നൂറ്റാണ്ടുകൾക്ക് മുമ്പ് ചിത്രദുർഗ്ഗയിൽനിന്ന് ടിപ്പുവിന്റെ ആക്രമണം ഭയന്ന് പലായനം ചെയ്തെത്തിയവരാണ് ബൈരക്കുപ്പയിലെ ഗ്രാമീണർ എന്നാണ് പറയപ്പെടുന്നത്. കേരള ഗ്രാമത്തിൽനിന്നു നോക്കുമ്പോൾ ബൈരക്കുപ്പയ്ക്ക് മറ്റൊരു വിലാസം കൂടിയുണ്ട്- രണ്ടു സംസ്‌കാരങ്ങളെ, രണ്ടു ഭാഷകളെ ചേർത്തുപിടിച്ചൊഴുകുന്ന കബനീനദി.

ഇരുകരകളിലേക്കുള്ള കടത്തുകൾ സജീവമാകുന്നതോടെയാണ് വനഗ്രാമങ്ങളിലെ ഏക അങ്ങാടിയായ ബൈരക്കുപ്പയ്ക്കും ജീവൻവെക്കുന്നത്. ഉപ്പ് മുതൽ കർപ്പൂരംവരെ ബൈരക്കുപ്പയിൽ കിട്ടുമെന്നാണ് പണ്ടുമുതലേ പറയുക. ഒരുകാലത്ത് കേരളക്കരയിൽ ചാരായം നിരോധിച്ചപ്പോൾ ബൈരക്കുപ്പയിലേക്ക് കടത്തുതോണികൾ കടന്നെത്താനും ധാരാളം പേരുണ്ടായിരുന്നു.