ചെർപ്പുളശ്ശേരി: തൂതപ്പാലത്തിനുസമാന്തരമായി നിർമാണംപൂർത്തിയാക്കിയ പുതിയപാലത്തിന്റെ ശേഷിക്കുന്നപണി അടുത്തയാഴ്ച പൂർത്തിയാക്കി ഉടൻ ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലത്തിലെയും അപ്രോച്ച് റോഡിലേയും ആദ്യഘട്ടം ഉപരിതലടാറിങ് കഴിഞ്ഞയാഴ്ച പൂർത്തിയായി. കൈവരിയുടെ ഏതാനുംഭാഗങ്ങളുടെ കോൺക്രീറ്റ്, പെയ്ന്റിങ് എന്നിവ മാത്രമാണ് പൂർത്തിയാകാനുള്ളത്.

To advertise here,

കൈവരിയുടെ കോൺക്രീറ്റുപണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയാക്കി നവീകരിക്കുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് മലപ്പുറം-പാലക്കാട് ജില്ലാ അതിർത്തിയിലെ തൂതപ്പുഴയ്ക്കു കുറുകെയുള്ള തൂതപ്പാലത്തിന് സമാന്തരമായി പുതിയപാലം നിർമിച്ചത്. 140 മീറ്റർ നീളവും 10 മീറ്റർ വീതിയും കിഴക്കുഭാഗത്ത് നടപ്പാതയുമുള്ള പാലമാണ് പൂർത്തിയാകുന്നത്.

2025 ഫെബ്രുവരിയിലാണ് നിർമാണം തുടങ്ങിയത്. തൂണുകളുടെപണി പൂർത്തിയാകുന്നതിനുമുൻപ് പുഴയിൽ വെള്ളം കൂടിയേതാടെ മേയ് അവസാനം പണി താത്കാലികമായിനിർത്തിവെച്ചു. വെള്ളം കുറഞ്ഞപ്പോൾ ഡിസംബർ അവസാനത്തോടെ ആധുനികയന്ത്രങ്ങളുടെ സഹായത്തോടെ പണി വീണ്ടുംതുടങ്ങി.

ആറുതൂണുകളിൽ വലിയ ഗർഡറുകൾ സ്ഥാപിച്ചാണ് പാലംനിർമാണം. ജനുവരി 10-നാണ് തൂണുകളിൽ ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങിയത്. പുതിയപാലം ഗതാഗതത്തിന് തുറന്നുകൊടുത്തതിനുശേഷം നിലവിലെപാലത്തിന്റെ ഉപരിതലടാറിങ് തുടങ്ങും.

തുടർന്ന് രണ്ടുപാലങ്ങളിലുമായി നാലുവരിപ്പാതയുടെ ഗതാഗതക്രമീകരണം നിലവിൽവരുന്നതോടെ വീതി കുറവായ തൂതപ്പാലത്തിൽ കാലങ്ങളായുണ്ടാകുന്ന ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമാകും. പദ്ധതിയിലുൾപ്പെടുത്തി ചെർപ്പുളശ്ശേരി കാക്കത്തോടിനും പുതിയ പാലംനിർമിച്ചിട്ടുണ്ട്.

18 മീറ്റർ വീതിയും നടുവിൽ ഡിവൈഡറുമുള്ള പാലത്തിൽ ഇരുവശത്തും നടപ്പാതയുമുണ്ട്. റീ-ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി കെ.എസ്.ടി.പി. ലോകബാങ്കിന്റെ ധനസഹായത്തോടെയാണ് തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയായി നവീകരിച്ചത് തൂതയിലെ സമാന്തര പാലംനിർമാണം ഉൾപ്പെടെ 323 കോടി രൂപയാണ് പദ്ധതിചെലവ്.

അപ്രോച്ച് റോഡുകളിലെ കൈവരികളുടെ കോൺക്രീറ്റിങ്ങും പെയിന്റിങ്ങും പൂർത്തായായുലടൻ പുതിയപാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് പി. മമ്മിക്കുട്ടി എം.എൽ.എ. പറഞ്ഞു. സമാന്തരപാലം നിർമാണം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ചെർപ്പുളശ്ശേരി നഗരസഭാധ്യക്ഷ കെ.ടി. ജംസിയ, നഗരസഭാ മുൻ ചെയർമാൻ പി. രാമചന്ദ്രൻ, പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായി.