പൊന്നാനി: തീരദേശത്തെ ഗാതാഗതരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഹൗറ മോഡൽ പാലം നിർമാണപദ്ധതി നിർദിഷ്ട കപ്പൽനിർമാണശാലയ്ക്കായി അട്ടിമറിച്ചു. പൊന്നാനിയേയും പടിഞ്ഞാറെക്കരയേയും ബന്ധിപ്പിച്ച് നടപ്പാക്കുന്ന സസ്പെൻഷൻ ബ്രിഡ്ജിനുള്ള ഭൂമിയേറ്റെടുക്കൽ നടപടികളാണ് പൊന്നാനിയിലെ കപ്പൽനിർമാണശാലയുടെ മറവിൽ അട്ടിമറിക്കപ്പെട്ടത്.

To advertise here,

ഇരുപദ്ധതികളും സ്തംഭനാവസ്ഥയിലായതോടെ പാലം നിർമാണത്തിനായി ഭൂമി വിട്ടുനൽകാൻ തയ്യാറായ ഇരുനൂറിലേറേ കുടുംബങ്ങളാണ് വെട്ടിലായത്. ഭൂമി ഏറ്റെടുക്കുന്ന കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക നൽകുന്ന നടപടികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ താത്കാലികമായി നിർത്തിവെക്കാൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ചത്. കപ്പൽ നിർമാണശാലയുടെ നിർമാണത്തിന് സസ്പെൻഷൻ പാലം തടസ്സമാകുമെന്ന് കണ്ടതോടെയാണ് സർക്കാർ ഇത്തരമൊരു നിർദേശം നൽകിയത്.

സസ്പെൻഷൻ പാലത്തിന്റെ അലൈൻമെന്റ് മാറ്റണമെന്ന നിർദേശം ഉയർന്നുവന്നു. അതിനാൽ ഭൂമി ഏറ്റെടുക്കൻ നടപടി താത്കാലികമായി നിർത്തി വെക്കണമെന്ന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ലാൻഡ് അക്വിസിഷൻ അതോറിറ്റിയോട് ആവശ്യപ്പെട്ടു. പൊന്നാനി, പടിഞ്ഞാറെക്കര ഭാഗത്ത് പദ്ധതിയുടെ ഭാഗമായി 214 കുടുംബങ്ങളാണ് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സ്ഥലം വിട്ടുനൽകാൻ തയ്യാറായിരുന്നത്. ജനുവരി 22-ന് അവസാനഘട്ട ഹിയറിങ്ങിൽ രേഖകൾ പൂർണമായും പരിശോധിച്ച് തുക കൈമാറാനായിരുന്നു തീരുമാനം. 38 കോടി രൂപയാണ് ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് കൈമാറാൻ കിഫ്ബി ഫണ്ട് അനുവദിച്ചിരുന്നത്. ഇതിനിടെയാണ് പൊന്നാനി കപ്പൽനിർമ്മാണ ശാലയ്ക്കുവേണ്ടി ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവെച്ചത്. ഹൗറ മോഡൽ പാലം നിർമാണപദ്ധതിക്കായി പൊന്നാനി കോടതിപ്പടി മുതൽ ആശുപത്രിപ്പടി വരെ 13 കുടുംബങ്ങൾ ഭൂമിയുംവീടും വിട്ടുനൽകാനിരുന്നതാണ്.

നടപടിക്രമങ്ങൾ നിർത്തിവെച്ചങ്കിലും ഈ സ്ഥലം വിൽക്കാനോ പണയത്തിൽവെയ്ക്കാനോ കഴിയാത്ത സ്ഥിതിയാണ്. നടപ്പാകുമെന്ന് ഉറപ്പില്ലാത്ത കപ്പൽനിർമാണശാല പദ്ധതിക്കായി ജനോപകാരപ്രദമായ ബൃഹദ്പദ്ധതി അട്ടിമറിക്കപ്പെട്ട രോഷത്തിലാണ് ഭൂമി വിട്ടുനൽകാൻ തയ്യാറായവരിപ്പോൾ.

ഹൗറ മോഡൽ സസ്പെൻഷൻ ബ്രിഡ്ജ് പദ്ധതി

പൊന്നാനി അഴിമുഖത്തിന് കുറുകേ 400 മീറ്ററിൽ സസ്പെൻഷൻ ബ്രിഡ്ജ് നിർമിക്കാനായിരുന്നു പദ്ധതി. അഴിമുഖത്തിന് കുറുകേ നാലുവരിയിലാണ് പാലം. 24 മീറ്ററാണ് വീതി. ഇതിൽ രണ്ടുവരി ഗതാഗതത്തിനുപയോഗിക്കും. ബാക്കി സ്ഥലത്ത് സൈക്കിൾ ട്രാക്കും വ്യൂ ഗാലറിയും ഒരുക്കും. കപ്പലുകൾക്കുവരെ കടന്നുപോകാവുന്ന തരത്തിൽ ജലനിരപ്പിൽനിന്ന് 16 അടി ഉയരത്തിലാണ് അഴിമുഖത്തിന് കുറുകേ പാലം നിർമിക്കുക. ജലഗതാഗതത്തിനായി 200 മീറ്റർ വിടവിലാണ് അഴിമുഖത്ത് പാലത്തിന്റെ തൂൺ സ്ഥാപിക്കുക. പൊന്നാനി ഭാഗത്തേക്ക് 2.5 കിലോമീറ്റർ മേൽപ്പാലമുണ്ടാകും.