ന്യൂഡൽഹി: ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാറിന് പകരം വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡ് (ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാർഡ്-ഇപിഐസി) നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. തീവ്ര വോട്ടർ പട്ടികാ പരിഷ്‌കരണവുമായി (എസ്‌ഐആർ) ഇതിന് ബന്ധമുണ്ടെന്നും രാഹുൽ പറഞ്ഞു. വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ടാൽ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

To advertise here,

കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രി രാജീവ് രഞ്ജൻ സിങ്ങിന്റെ (ലല്ലൻ സിങ്) പ്രഖ്യാപനമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. പഞ്ചായത്തിരാജ് മന്ത്രാലയത്തിന് കീഴിലുള്ള സാമൂഹികക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിയാൻ ആധാറിന് പകരം വോട്ടർ ഐ.ഡി കാർഡ് ഉപയോഗിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നിർബന്ധിത ബയോമെട്രിക് പരിശോധനയും ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സാമൂഹികമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചത്. എസ്‌ഐആറിന്റെ മറവിൽ ലക്ഷക്കണക്കിന് പേരുകളാണ് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യുന്നതെന്ന് പറഞ്ഞ രാഹുൽ, ബിജെപിയെ എതിർക്കുന്നവരുടെ പേരുകളാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ആരോപിച്ചു.

വോട്ടർ പട്ടിക തയ്യാറാക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുമായി ഒത്തുകളിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്പക്ഷമായ സംവിധാനമല്ലാതായി മാറി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ മോദി സർക്കാരിന്റെ ജീവനക്കാരനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. വോട്ട് മോഷണവുമായി ബന്ധപ്പെട്ട് ബിജെപിയുമായുള്ള അദ്ദേഹത്തിന്റെ ഒത്തുകളി തെളിവുകളോടെ പുറത്തുവന്നിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.

'വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്താൽ വോട്ട് നഷ്ടപ്പെടും. വോട്ട് നഷ്ടപ്പെട്ടാൽ അവകാശങ്ങളും നഷ്ടപ്പെടും. അങ്ങനെ മോഷ്ടിക്കപ്പെട്ട ജനാധിപത്യത്തിലെ അദൃശ്യ പൗരന്മാരായി നിങ്ങൾ മാറും. ജനങ്ങൾ സർക്കാരിനെ തിരഞ്ഞെടുക്കുന്നതിന് പകരം സർക്കാർ ജനങ്ങളെ തിരഞ്ഞെടുക്കുന്ന അവസ്ഥയുണ്ടാകും' -രാഹുൽ കുറിച്ചു.

പഞ്ചായത്തിരാജ് പദ്ധതികളിൽ ആരംഭിക്കുന്ന ഈ നീക്കം ഭാവിയിൽ മറ്റ് ക്ഷേമപദ്ധതികളിലേക്കും വ്യാപിക്കാമെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി. റേഷൻ, പെൻഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം എന്നിവ ലഭിക്കുന്നതിനും വോട്ടർ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഭവനസഹായം, സ്‌കോളർഷിപ്പ്, സംവരണം എന്നിവയുടെ കാര്യത്തിലും സമാനമായ നിയന്ത്രണങ്ങൾ വരാമെന്നും ആശങ്ക പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള വ്യവസ്ഥയാക്കരുതെന്ന നിലപാട് രാഹുൽ വ്യക്തമാക്കി.

'തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് നിങ്ങളുടെ അവകാശമാണ്. അത് ഒരു നിബന്ധനയല്ല. ഒരു പാവപ്പെട്ടയാളുടെ പെൻഷൻ അയാളുടെ വോട്ടർ ഐ.ഡി കാർഡിന്റെ നിയന്ത്രണത്തിലാകരുത്. ഇത് വോട്ട് മോഷണം മാത്രമല്ല, അവകാശങ്ങൾ കൂടി കവർന്നെടുക്കലാണ്. ഇത് അനുവദിക്കില്ല' -പ്രതിപക്ഷനേതാവ് പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പരിധി സംബന്ധിച്ച് ഇതിനകം ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് നേരിട്ട് പണം നൽകുന്ന പദ്ധതികൾ പഞ്ചായത്തിരാജ് മന്ത്രാലയം നേരിട്ട് നടപ്പാക്കുന്നില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. നിലവിൽ കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിൽ ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും പണം കൈമാറുന്നതിനും ആധാറാണ് ഉപയോഗിക്കുന്നത്. ഗ്രാമീണ ഭവന നിർമാണ സഹായ പദ്ധതി, പിഎം കിസാൻ, സാമൂഹിക സുരക്ഷാ പെൻഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുതിയ പ്രഖ്യാപനം ഈ പദ്ധതികളെ എങ്ങനെ ബാധിക്കുമെന്നതിലും വ്യക്തതയില്ല.