ഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട വിവാദവ്യവസായി വിജയ് മല്യയുടെ 14000 കോടി ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതുവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 22,280 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയെന്നും വിവിധ ബാങ്കുകളിലേക്ക് 14000 കോടി തിരിച്ചെത്തിയെന്നും ധനമന്ത്രി പറഞ്ഞു. നീരവ് മോദിയുടെ 1053 കോടി തിരിച്ചെത്തിക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

To advertise here,

വിവിധ ബാങ്കുകളില്‍ നിന്നുള്ള 7000 കോടിരൂപ വായ്പയും പലിശയുമടക്കം 9000 കോടിരൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസിലാണ് വിജയ് മല്യ രാജ്യവിട്ടത്.ലോകസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 13,000 കോടി വെട്ടിച്ച് രാജ്യംവിട്ട മറ്റൊരു വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ ഇഡിയും ബാങ്കുകളും ചേര്‍ന്ന് മുംബൈയിലെ പ്രത്യേക കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചോസ്‌കിയുടെ ഉള്‍പ്പെടെ ഇ.ഡി കണ്ടുകെട്ടിയ 2,566 കോടിയുടെ സ്വത്ത് വകകള്‍ മൂല്യനിര്‍ണയം നടത്തി ലേലം ചെയ്ത് വില്‍ക്കാനും അത് ബന്ധപ്പെട്ട ബാങ്കുകളിലേക്ക് മാറ്റാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.