വാഷിങ്ടൺ: വ്യവസായി ഗൗതം അദാനിക്കെതിരായ തട്ടിപ്പ്, കൈക്കൂലിക്കേസുകൾ തള്ളി യു.എസ്. കോടതി. കേസുകൾ പിൻവലിക്കണമെന്ന യു.എസ്. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. യു.എസ്. ജഡ്ജി നിക്കോളാസ് ഗരാഫിസാണ് കേസുകൾ തള്ളിയത്. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ അന്വേഷണരീതിക്കെതിരേ കോടതി വിമർശനം ഉന്നയിച്ചു. കോടതിവിധിയിൽ സന്തോഷമുണ്ടെന്നും നീതിന്യായവ്യവസ്ഥയെ ബഹുമാനിക്കുന്നെന്നും ഗൗതം അദാനി എക്‌സിൽ പ്രതികരിച്ചു.

To advertise here,

കേസ് അവസാനിപ്പിക്കുന്നതിനുമുൻപ് പ്രോസിക്യൂട്ടർമാരിൽനിന്ന് ജഡ്ജി വിശദീകരണം തേടിയിരുന്നു. യു.എസിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി മുൻപ് വാഗ്ദാനം ചെയ്തിരുന്നു. ഇത് കേസ് പിൻവലിക്കുന്നതിനെ സ്വാധീനിച്ചോ എന്ന് ജഡ്ജി ആരാഞ്ഞു. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥനായ ട്രെന്റ് മക്കോട്ടർ ഇത് നിഷേധിച്ചു. അദാനിയുടെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. വിദേശരാജ്യവുമായി ബന്ധപ്പെട്ട വിഷയം, തെളിയിക്കാനുള്ള ബുദ്ധിമുട്ട്, നിലവിലെ നയപരമായ മാറ്റങ്ങൾ എന്നിവയും കേസ് ഒഴിവാക്കാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അദാനിയുടെ നിക്ഷേപവാഗ്ദാനം കേസിനെ സ്വാധീനിച്ചിട്ടില്ലെന്ന വാദം കോടതി അംഗീകരിച്ചെങ്കിലും ട്രെന്റ് മക്കോട്ടർ വിഷയം കൈകാര്യംചെയ്ത രീതിയെ കോടതി വിമർശിച്ചു. കേസന്വേഷിച്ച പ്രോസിക്യൂട്ടർമാരേയും അന്വേഷണോദ്യോഗസ്ഥരേയും ഒഴിവാക്കി അദാനിയുടെ അഭിഭാഷകരുമായി നേരിട്ട് ചർച്ചനടത്തിയത് ആശങ്കാജനകമാണ്. കേസ് തള്ളിയത് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ തീരുമാനത്തിനുള്ള അംഗീകാരമല്ലെന്നും കോടതി അറിയിച്ചു. കേസിലെ മറ്റു പ്രതികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ വിവരങ്ങൾ നൽകാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ സൗരോർജ പദ്ധതികൾ സ്വന്തമാക്കാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നുമായിരുന്നു 2024-ൽ അദാനിക്കെതിരേ ചുമത്തിയ കേസ്. എന്നാൽ, അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി യു.എസിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാമെന്ന് അദാനിയുടെ അഭിഭാഷകൻ മുൻപ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിനെ അറിയിച്ചിരുന്നു. യു.എസ്. നീതിന്യായ വകുപ്പുമായി നടത്തിയ ചർച്ചകൾക്കിടയിലാണ് കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് ഈ തുക നിക്ഷേപിക്കാമെന്നറിയിച്ചത്. യു.എസ്. ഊർജസുരക്ഷാ രംഗത്തും അടിസ്ഥാനസൗകര്യ വികസന രംഗത്തുമാണ് ഈ തുക നിക്ഷേപിക്കാമെന്ന് വാഗ്ദാനംചെയ്തത്. അതുവഴി 15,000 തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. ട്രംപ് രണ്ടാമത് യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു അദാനിയുടെ വാഗ്ദാനം. 

കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദാനി ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഇത്തരം വലിയ നിക്ഷേപ വാഗ്ദാനങ്ങൾ നിയമത്തിന്റെ നിഷ്പക്ഷമായ നടത്തിപ്പിനെ എങ്ങനെ ബാധിക്കുമെന്ന വിഷയത്തിൽ താൻ അഭിപ്രായം പറയുന്നില്ലെന്ന് പറഞ്ഞ ജഡ്ജി, തീരുമാനം ജനങ്ങൾക്ക് വിട്ടുനൽകുന്നുവെന്നും കേസ് അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു.