167 കോടി രൂപയോളമാണ് പരസ്യങ്ങൾക്കായി ട്രംപ് ഭരണകൂടം ചെലവഴിച്ചത്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ പരസ്യങ്ങൾ റദ്ദാക്കണമെന്ന് ഫെഡറൽ കോടതി. ന്യൂയോർക്കിലെ യുഎസ് ജില്ലാ ജഡ്ജി ജെന്നിഫർ എൽ. റോക്കോൺ ഞായറാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച താത്കാലിക വിലക്ക് പുറപ്പെടുവിച്ചത്. പരസ്യങ്ങൾ നിയമവിരുദ്ധമായി സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രചാരണമാണെന്ന് ആരോപിച്ച് കോമൺ കോസ് ഉൾപ്പെടെയുള്ള സംഘടനകൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. രണ്ടാഴ്ചത്തേക്കാണ് കോടതി പരസ്യങ്ങൾ വിലക്കിയത്.
ഈ കാലയളവിൽ പുതിയ പരസ്യങ്ങൾ നിർമിക്കാനോ പ്രചരിപ്പിക്കാനോ സംപ്രേഷണം ചെയ്യാനോ പുതിയ കരാറുകളിൽ ഏർപ്പെടാനോ പാടില്ല. നിലവിലുള്ള കരാറുകൾ പുതുക്കുകയോ വികസിപ്പിക്കുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചു. ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്യാൻ നിശ്ചയിച്ചിരുന്ന പരസ്യങ്ങൾ ഉൾപ്പെടെ ശേഷിക്കുന്നവ റദ്ദാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പരസ്യങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണം അവസാനിപ്പിക്കുകയാണെന്ന് ഭരണകൂടം കോടതിയെ അറിയിച്ചിരുന്നു. എങ്കിലും ഭാവിയിൽ ഇത്തരം പ്രചാരണമുണ്ടാകാതിരിക്കാനാണ് കോടതി പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ആണ് പരസ്യങ്ങൾക്കായി രണ്ടുകോടി ഡോളർ (ഏകദേശം 167 കോടി രൂപ) നീക്കിവെച്ചത്. അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സംഭവങ്ങളും അനുസ്മരിക്കുന്നതിനുള്ള ചെലവുകൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി കോൺഗ്രസ് അനുവദിച്ച ഫണ്ടിൽനിന്നാണ് തുക കണ്ടെത്തിയതെന്ന് ഡിഎച്ച്എസ് ഉദ്യോഗസ്ഥ ഹോളി മെഹ്‌റിംഗർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. എന്നാൽ, കോൺഗ്രസ് അനുവദിച്ച പണം രാഷ്ട്രീയ പ്രചാരണത്തിനായി വിനിയോഗിക്കുന്നത് ഫെഡറൽ നിയമങ്ങളുടെ ലംഘനമാണെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
പരസ്യങ്ങൾ സർക്കാർ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പൊതുസേവന അറിയിപ്പുകൾ മാത്രമാണെന്നാണ് വൈറ്റ് ഹൗസിന്റെ വാദം. മുൻ ഭരണകൂടങ്ങളും നയങ്ങൾ പ്രചരിപ്പിക്കാൻ ഇത്തരം പരസ്യങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഭരണകൂടം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, നിലവിലെ പരസ്യങ്ങൾ പ്രത്യേക സർക്കാർ പദ്ധതികളുടെ പ്രയോജനം ജനങ്ങളിലെത്തിക്കുന്നതിനു പകരം ട്രംപിന്റെ രാഷ്ട്രീയ സന്ദേശങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്ന് വിമർശകർ ആരോപിക്കുന്നു. സെപ്റ്റംബർ അവസാനത്തോടെയാണ് പരസ്യങ്ങൾ സംപ്രേഷണം ചെയ്തു തുടങ്ങിയത്.
കമ്യൂണിസത്തിന്റെ ഭീഷണിയെക്കുറിച്ച് ട്രംപ് സംസാരിക്കുന്ന ദൃശ്യങ്ങളും അദ്ദേഹത്തിന്റെ മുൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിച്ച പരസ്യത്തിന്റെ പുനഃസംപ്രേഷണവും ഇതിലുണ്ട്. വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ ട്രംപ് ഭരണകൂടം പിടികൂടിയ സംഭവത്തെ കേന്ദ്രീകരിച്ചുള്ള അഞ്ചാമത്തെ പരസ്യം ചൊവ്വാഴ്ച സംപ്രേഷണം ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രംപിന്റെ രാഷ്ട്രീയ നിലപാടുകളുമായി യോജിക്കുന്ന സന്ദേശങ്ങളാണ് പരസ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ഹർജിക്കാരുടെ ആരോപണം.
വിവാദ പരസ്യങ്ങൾക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽനിന്നുപോലും വിമർശനം ഉയർന്നിരുന്നു. നികുതിദായകരുടെ പണം ഇതിനായി ചെലവഴിക്കരുതെന്ന് സെനറ്റർ ജോൺ ത്യൂൺ പ്രതികരിച്ചു. അതേസമയം, പരസ്യങ്ങൾക്കായി ഇനി രാഷ്ട്രീയ ഫണ്ടിൽനിന്ന് പണം ചെലവഴിക്കുമെന്ന് ട്രംപ് ഒക്ടോബർ അഞ്ചിലെ സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതുവരെ സർക്കാർ ചെലവഴിച്ച തുക തിരികെ നൽകാൻ ഉടൻ പദ്ധതിയില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഹർജിക്കാർക്കുവേണ്ടി ഹാജരായ ഡെമോക്രസി ഫോർവേഡ് സംഘടനയുടെ പ്രസ്താവനയിൽ, നികുതിപ്പണം ഉപയോഗിച്ചുള്ള കൂടുതൽ പരസ്യങ്ങൾ തടയാൻ കോടതി വേഗത്തിൽ ഇടപെട്ടതിനെ സ്വാഗതം ചെയ്തു. ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി (ഡിഎൻസി)യും ഈ പരസ്യങ്ങളെച്ചൊല്ലി ട്രംപ് ഭരണകൂടത്തിനെതിരെ വേറിട്ട കേസ് നൽകിയിട്ടുണ്ട്. വിവാദ പരസ്യങ്ങൾ നിയമവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദത്തിൽ അന്തിമവിധിയല്ല താൽക്കാലിക നിരോധന ഉത്തരവ്. കേസിലെ തുടർനടപടികളിൽ പരസ്യങ്ങൾക്കായി സർക്കാർ ഫണ്ട് ഉപയോഗിച്ചതിന്റെ നിയമസാധുത പരിശോധിക്കപ്പെടും.
Content Highlights: A US federal court issued a two-week temporary injunction against Trump's television ads funded with $20 million in taxpayer money through the DHS, ruling it a potential violation of federal election spending laws.
Published: 12 Oct 2026, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented